ഉത്തർ പ്രദേശിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു നന്ദകി.
പ്രതീക്ഷ മങ്ങിയ കണ്ണുകളോടെ സൈഡ് സീറ്റിൽ വിദൂരതയിലേക്ക് നോക്കി അവളിരുന്നു. എണ്ണമയമില്ലാത്ത അവളുടെ മുടിയിഴകൾ ഇടയ്ക്കിടയ്ക്ക് മുഖത്തേക്ക് പാറി വീണു. കണ്ണുനീർ ഒഴുകുന്ന ഒരു സ്ത്രീശിൽപ്പം പോലെയായിരുന്നു അവളുടെ രൂപം.
ഇടയ്ക്ക് ഏതോ സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ തന്റെ ഹാൻഡ്ബാഗിൽ നിന്നും പോലീസ് നൽകിയ അഡ്രസ് ഒന്നുകൂടി വായിച്ചു.
സ്റ്റേഷൻ ബോർഡ് വായിച്ചപ്പോൾ വണ്ടി കേരളത്തിൽ എത്തിയിരിക്കുന്നു എന്ന് മനസ്സിലായി
കയ്യിലുള്ള കർച്ചീഫ് കൊണ്ട് മുഖം നന്നായി അമർത്തി തുടച്ചു.
ഫോണിൽ കിഷോറിന്റെ ഫോട്ടോയിൽ മിഴിയുടക്കിയപ്പോൾ ഒരു തേങ്ങൽ തൊണ്ടയിൽ കുരുങ്ങി.
പെട്ടന്ന് അവൾ ഏതോ നമ്പർ തിരഞ്ഞു.
ആ നമ്പറിന്റെ ഉടമയോട് എന്തോ സംസാരിച്ചിട്ട് സീറ്റിലേക്കു ചാരി കണ്ണടച്ചിരുന്നു.
നേരം ഉച്ചയോടടുത്തപ്പോഴാണ് നന്ദകി എറണാകുളത്തെത്തിയത്. അവിടുത്തെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചെന്ന് ഹാർട്ട് സ്പെഷ്യലിസ്റ്റ് അനന്ത കൃഷ്ണനെ കാണാൻ അപ്പോയ്ന്റ്മെന്റ് എടുത്തു.
ഡോക്ടറെയും ഹോസ്പിറ്റൽ എം ഡി യെയും നേരിട്ട് കണ്ടു സംസാരിച്ചിട്ടാണ് അവളവിടെ നിന്നും ഇറങ്ങിയത്. കഠിനമായ തലവേദന അനുഭവപെട്ടപ്പോൾ ഡോക്ടറെ കൊണ്ട് കുറിപ്പിച്ചു മേടിച്ച ടാബ്‌ലെറ്റ് അവൾ വാങ്ങി കഴിച്ചു.
സ്കാനിംഗ് ഡിപ്പാർട്മെന്റിൽ ഒരുജോലിയും ഹോസ്പിറ്റലിന്റെ വക ഹോസ്റ്റലിൽ താമസവും മുന്നേ അനുവദിച്ചിരുന്നതിനാൽ നന്ദകിക്ക് ഒരുപാട് അലയേണ്ടി വന്നില്ല.
🌹🌹
അന്നൊരു ഞായറാഴ്ചയായിയിരുന്നു. നന്ദകിക്ക് ഡ്യൂട്ടിയുണ്ടായിരുന്നില്ല.
ഒരോട്ടോറിക്ഷയിൽ,.. കൈയ്യിൽ സൂക്ഷിച്ചിരുന്ന ഫോട്ടോയും അഡ്രസ്സും തേടി അവളിറങ്ങി. മനോഹരമായ പൂച്ചെടികൾ നിറഞ്ഞ രണ്ട് നില വീടിനു മുൻപിൽ ഓട്ടോ ചെന്നു നിന്നു.
ഒരു നെഞ്ചിടിപ്പോടെയാണ് നന്ദകി കോളിങ്ങ് ബെൽ അടിച്ചത്.
ഇറങ്ങി വന്നത് ഒരു സ്ത്രീ ആയിരുന്നു.
ആരാ….?
ജയദേവ്….
നന്ദകി ആ പേര് പതിയെപ്പറഞ്ഞു.
ഓ… ഏട്ടനേക്കാണാനാണോ. ഇരിക്ക് ഞാൻ വിളിക്കാം .
ആ സ്ത്രീ അകത്തേക്ക് പോയപ്പോൾ നന്ദകിക്ക് പെട്ടന്ന് ഒരുത്സാഹം തോന്നി. പ്രീയപ്പെട്ടവരെ ആരെയോ കാണാൻ പോകുന്ന പോലെയുള്ള ആത്മ ഹർഷം
വാതിലിൽ കാൽ പെരുമാറ്റം കേട്ട് അവൾ തലയുയർത്തി നോക്കി.
സുമുഖനായ ഒരു ചെറുപ്പക്കാരൻ. ഓഫീസിലേക്ക് പോകാൻ ഇറങ്ങിയ വേഷമായിരുന്നു.
ആരാ… എന്നെക്കാണാൻ വന്നതാണോ.
ആ.. ചോദ്യം കേട്ടപ്പോൾ നന്ദകിയുടെ ഉത്സാഹം പെട്ടന്ന് കുറഞ്ഞു. അവളെഴുന്നേറ്റ് ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
അവളുടെ മുഖത്തെ ദുഃഖത്തിന്റെ പൊരുളറിയാതെ ജയദേവനും ഭാര്യ ശാലിനിയും അമ്പരപ്പോടെ നിന്നു.നന്ദകി അയാളുടെ കൈകൾ പിടിച്ചുയർത്തി അവളുടെ ചുണ്ടോടു ചേർത്തു. കുറച്ചു നേരം അയാളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.
ഏയ്… നീയാരാ.?
എന്തായീ… കാണിക്കുന്നത്.? ജയദേവ് അവളുടെ കൈ തട്ടി മാറ്റി.
ഒന്നുമില്ലയെന്ന അർത്ഥത്തിൽ അവൾ മുഖം ചലിപ്പിച്ചു. പെട്ടന്നിറങ്ങുകയും ചെയ്തു.
ശാലിനിയുടെ മനസ്സിലൂടെ ആയിരം കടന്നലുകൾ മൂളിപ്പറന്നു. ജയദേവൻ ആകെ അസ്വസ്ഥനായി..
പിന്നീടങ്ങോട്ട് ജയദേവൻ ചിന്തിച്ചത് മുഴുവൻ നന്ദകിയെക്കുറിച്ചായിരുന്നു.
ആരണവൾ എന്തിനാണ് തന്നോടങ്ങനെ പെരുമാറിയത്.
ശാലിനിയുടെ മനസ്സിലക്കും ഒരു ഭാരം കയറ്റിവെച്ചിട്ടാണ് അവൾ പോയത്.
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായ് ദിവസങ്ങൾ കടന്നു പോയി.
🌹🌹
ജയദേവൻ പോലുമറിയാതെ ദൂരെ എവിടെയെങ്കിലും നിന്ന് നന്ദകി അയാളെ നോക്കാറുണ്ടായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത മനോവിഷമത്താൽ അവളെപ്പോഴും മൂകയായിരുന്നു.
ഒരുദിവസം ക്ഷേത്രദർശനം കഴിഞ്ഞിറങ്ങുമ്പോൾ പെട്ടന്നാണ് നന്ദകി ജയദേവന്റ മുന്നിലേക്ക് വന്നത്. ശാലിനിയുടെ മുഖം ഇരുളുകയും പോകാമെന്ന അർത്ഥത്തിൽ അയാളുടെ കൈകൾ മുന്നോട്ട് വലിക്കുകയും ചെയ്തു.
നന്ദകി പെട്ടന്ന് കയ്യെടുത്തു വിലക്കി അവൾ ജയദേവന് നേരെ ഒരു കവർ നീട്ടി.
എ ഗിഫ്റ്റ് ഫോർ യൂ..
ഗിഫ്റ്റോ…
ശാലിനി അതിൽ കയറിപ്പിടിച്ചു.
നീയാരാ…
എന്തിനാണ് എന്റെ ഭർത്താവിന് നീ ഗിഫ്റ്റ് കൊടുക്കുന്നത്. എന്ന് തുടങ്ങി ഈ ബന്ധം.
നിങ്ങൾക്ക് വേണ്ടി രാപ്പകലില്ലാതെ വഴിപാടും പ്രാർത്ഥനയുമായി നടന്നവളാണ് ഞാൻ. എന്നിട്ടിപ്പോ.
ശാലിനി ഉള്ളിൽ തികട്ടി വന്ന ദേഷ്യമെല്ലാം പരിസരം മറന്നു പറയാൻ തുടങ്ങി
എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.
നന്ദകി ഹിന്ദിയിലാണ് സംസാരിച്ചത്.
ശാലിനിക്ക് സങ്കടവും ദേഷ്യവും പെരുകി.
ശാലിനീ ..നീയൊന്നടങ്ങ്.കാര്യമെന്താണെന്ന് ഞാനൊന്നു ചോദിയ്ക്കട്ടെ
.
ഇനി എന്ത് ചോദിക്കാൻ. സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാവും.
ഞാൻ പോകുന്നു. കാര്യങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ നടക്കട്ടെ
.ദേഷ്യത്തോടെ ശാലിനി ഒരോട്ടോയിൽ കയറി പോയി.
ജയദേവ് രൂക്ഷമായി നന്ദകിയെ നോക്കി.
നന്ദകി ശാലിനി പോയ ഭാഗത്തേക്ക് വേദനയോടെ നോക്കിയിട്ട്
ബാഗിൽ നിന്നും ഒര് ഫോട്ടോയും കുറച്ചു മെഡിക്കൽ ഡേറ്റയും എടുത്തു ജയദേവനെ കാണിച്ചു.
ഇതെന്റെ ഹസ്ബന്റാണ്. കിഷോർ ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു. എന്റെ നാട് ഉത്തർപ്രദേശാണ്. ഞങ്ങൾ എന്റെ നാട്ടിൽ സെറ്റിൽഡായിരുന്നു. പക്ഷേ കിഷോറിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ അവൻ ഇവിടേയ്ക്ക് തിരിച്ചു വന്നു. പെട്ടന്ന് മടങ്ങി വരാമെന്നു പറഞ്ഞുപോയതാ..ഇവിടെ വെച്ച് ഒരാക്സിഡന്റിൽ……. കിഷോർ മരിച്ചു
വിതുമ്പലോടെയാണ് അവളത് പറഞ്ഞത്
എന്റെ കിഷോറിന്റെ ഹൃദയം ദാനം നൽകിയത് നിങ്ങൾക്കാണെന്നറിഞ്ഞു.
എന്നോടുള്ള പ്രണയമായിരുന്നു അവന്റെ ഹൃദയം നിറയെ.
ഇപ്പോൾ ഈ ഭൂമിയിൽ അതു മറ്റൊരാൾ സൂക്ഷിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഒന്നുകാണനും ആഹൃദയത്തുടിപ്പൊന്നു കേൾക്കാനും കൊതിച്ചാണ് ഞാൻ ഈ നാട്ടിലേക്ക് വന്നത്. നിങ്ങൾക്ക് ബുദ്ധിമുട്ടാകും എന്നോർത്തില്ല ക്ഷമിക്കണം.ഞാൻ നിങ്ങളുടെ ഭാര്യയോട് മാപ്പ് ചോദിക്കാം .
ഇത് കിഷോറിന്റ ഷർട്ടാണ്. ഞാൻ ഗിഫ്‌റ്റു കൊടുക്കാൻ വാങ്ങിയതാണ്. പക്ഷേ അതിനു കഴിഞ്ഞില്ല. ഒരു കാര്യമുറപ്പാണ്. എനിക്കുകിഷോറില്ലാതെ ജീവിക്കാൻ കഴിയില്ല.
ജയദേവൻ വല്ലാത്തൊരു മാനസിക സംഘാർഷത്തിൽ പെട്ടു. അവളെ ഒന്നു അശ്വസിപ്പിക്കണമെന്നുണ്ട്. തനിയ്ക്ക് ജീവൻ നൽകിയ ദൈവമാണ് കിഷോർ. നന്ദകി അവന്റെ ഭാര്യയണ്.
പെട്ടന്ന് ഫോൺ വന്നപ്പോൾ അയാൾ ഹലോ പറഞ്ഞു.
ശലിനിക്ക് ആക്സിഡന്റെ. തലയ്ക്ക് പരുക്കോടെ അവളെ ഹോസ്പിറ്റലിലേക്ക് മാറ്റി. ജയദേവൻ ശാലിനിയുടെ കൂടെ തന്നെ നിന്നു.കണ്ണിന്റെ കാഴ്ച്ചയ്ക്ക് തകരാറുണ്ട് ഉടനെ സർജറി ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അയാൾ വിഷമത്തിലായി…
നന്ദകി വന്നു ശാലിനിയെ കണ്ടു. താൻ ആരാണെന്നുള്ള സത്യം അവൾ ശാലിനിയോട് പറഞ്ഞു. ശാലിനിയുടെ ചുണ്ടുകൾ വിറയലോടെ പറഞ്ഞു മാപ്പ്.
നന്ദകി ശാലിനിയുടെ കൈകളിൽ മുറുകെ പിടിച്ചു ഹോസ്പിറ്റലിൽ എന്തൊക്കയോ ഡീറ്റൈയിൽസിൽ ഒപ്പിട്ടിട്ടാണ് അവൾ പോയത്.
🌹🌹🌹
രണ്ട് ദിവസം കഴിഞ്ഞു.
ശാലിനിക്ക് കണ്ണുകൾ ദാനം നൽകാൻ ഒരു ഡോണർ ഉണ്ട്.
ഡോക്ടർ പറഞ്ഞു.. പെട്ടന്ന് തന്നെ സർജറിക്കുള്ള ഒരുക്കങ്ങൾ തുടങ്ങണം. ഇപ്പോൾ ആക്സിഡന്റിൽപ്പെട്ട ഒരു പെൺകുട്ടി ഡെത്തായിട്ടുണ്ട് . നേരുത്തേ തന്നെ ആ കുട്ടി സമ്മതപത്രത്തിൽ ഒപ്പിട്ടിരുന്നു..
ആ കുട്ടിയുടെ ബോഡി ഇപ്പോൾ എത്തും അവളുടെ നാട്ടിൽ അറിയിച്ചിട്ടുണ്ട്. എല്ലാം പെട്ടന്ന് വേണം ഡോക്ടർമാരും സിസ്റ്റർമാരും തിരക്കിട്ടോടി.
🌹🌹
ശാലിനിയുടെ ഒപ്പറേഷൻ കഴിഞ്ഞ് ദിവസങ്ങൾ കടന്നുപോയി.
കിഷോറിന്റെ ഹൃദയവും നന്ദകിയുടെ കണ്ണുകളുമായി ജയദേവനും ശാലിനിയും ജീവിതം
തുടർന്നു. ഒരിക്കൽ അവർ ഉത്തർ പ്രദേശിലേക്ക് യാത്ര തിരിച്ചു. തങ്ങൾക്ക് ജീവിതവും ജീവനും നൽകിയ കിഷോറിന്റെയും നന്ദകിയുടെയും നാട്ടിലേക്ക്. അവർ ഒരുമിച്ചു കഴിഞ്ഞ വീട്ടിലേക്ക്.
ശുഭം