Logo Below Image
Wednesday, April 9, 2025
Logo Below Image
Homeകഥ/കവിതമറിയുമ്മേടെ പെട്ടിക്കട (ചെറുകഥ) ✍ ഉണ്ണി ആവട്ടി

മറിയുമ്മേടെ പെട്ടിക്കട (ചെറുകഥ) ✍ ഉണ്ണി ആവട്ടി

ഉണ്ണി ആവട്ടി

രാത്രിയുടെ അന്ത്യയാമത്തിൽ വന്ന ഒരുഫോൺവിളികേട്ട് എസ്സ്.പി അശ്വിൻകുമാർ എഴുന്നേറ്റുചെന്നു ഫോണെടുത്തു. അമ്മ കുട്ടിയമ്മയായിരുന്നു, ലൈനിൽ. ഗദ്ഗദകണ്ഠയായി അവർ പറഞ്ഞു
“മോനേ… അച്ചൂ… നമ്മുടെ മൊയ്തു പോയി… ”

കേട്ടത് ഉൾക്കൊള്ളാനാവാതെ, ഞെട്ടിത്തരിച്ച് കൂടുതലൊന്നും ചോദിക്കാനാവാതെ അശ്വിൻ ഫോൺവെച്ചു. അയാളുടെ മനസ്സ് വല്ലാതെകണ്ട് പതറാൻ തുടങ്ങി. ശരീരം വിറച്ചു. കണ്ണുകൾ നിറഞ്ഞുതുടങ്ങി.

അശ്വിൻ ഉടൻതന്നെ തൻ്റെ പി.എ യെ വിളിച്ചു.
” എൻ്റെ ഉപ്പ കുറച്ചുമുമ്പേ മരണപ്പെട്ടു. ഞാൻ ഇപ്പോൾത്തന്നെ നാട്ടിലേക്കു പുറപ്പെടുകയാണ്. ഒരാഴ്ചത്തെ എൻ്റെ എല്ലാ ഔദ്യോഗിക പരിപാടികളും പ്രൈം മിനിസ്റ്റരുടെ അടക്കം ക്യാൻസൽ ചെയ്തേക്കൂ. പി എം – ൻ്റെ ഓഫീസിലേക്ക് ഞാൻ തന്നെ നേരിട്ടു വിളിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിക്കൊള്ളാം. ”

മിസോറമിലെ തൻ്റെ താമസസ്ഥലത്തുനിന്നും തലസ്ഥാനമായ ഐസ് വാളിലേക്കുള്ള ഇരുപത്തിയഞ്ചുകിലോമീറ്റർ ദൂരം, ഗതാഗത കുരുക്കുകാരണം കാറിൽ വേഗം കുറച്ച് പിന്തുടരുമ്പോഴും അശ്വിൻ്റെ ചിന്തകൾ അതിവേഗം നാട്ടിലേക്കു പറക്കുകയായിരുന്നു. മൊയ്തുക്ക ശരിക്കും തനിക്കാരായിരുന്നു ? അച്ഛനോ അല്ല ബാപ്പയോ?

നാട്ടിലെ അറിയപ്പെടുന്ന ഒരു ജന്മിയും ഉഗ്രപ്രതാപിയുമായിരുന്നു രാജശേഖരൻ നമ്പ്യാർ. പക്ഷേ അതിനൊപ്പം അയാൾ മുൻകോപിയും തന്നിഷ്ടക്കാരനും ദുർവാശിക്കാരനുമായിരുന്നു. കുടിയാൻ നിയമം പ്രാബല്യത്തിൽ വന്നതോടെ നമ്പ്യാരുടെ ഭൂരിഭാഗം സ്വത്തുവകകളും കുടിയാൻമാരുടെ അധീനത്തിലായി. വാക്കും വാക്കാണവും കോടതിക്കേസും ഒക്കെയായി കുറച്ചു ബാക്കിയുള്ളതുകൂടെ വിറ്റുതുലച്ച്, ഇളയകുട്ടിയായ താൻ ജനിച്ചപ്പോഴേക്കും നമ്പ്യാർ ഏതാണ്ട് പാപ്പരായി കഴിഞ്ഞിരുന്നു. ഒടുവിൽ കടക്കെണിയിൽപെട്ട് അപമാനഭാരം താങ്ങാനാവാതെ രാജശേഖരൻനമ്പ്യാർ ഒരുമുഴം കയറിൽ ജീവൻ അവസാനിപ്പിച്ചപ്പോൾ, പറക്കമുറ്റാത്ത അഞ്ചുകുട്ടികളെയും തൻ്റെ മാറോടുചേർത്ത്, എന്തുചെയ്യണമെന്നറിയാതെ കുട്ടിയമ്മ നിലവിളിച്ചു കൊണ്ടിരുന്നപ്പോൾ,ഒരാളൊഴിച്ച് ഒരു കുടിയാനും ഒന്നു സമാശ്വസിപ്പിക്കാൻപോലും അവരുടെ ഏഴയലത്തേക്കുവന്നില്ല.

ഗത്യന്തരമില്ലാതെ ഭർത്താവിൻ്റെ വഴിയേ ഒരുകൂട്ട ആത്മഹത്യയ്ക്കൊരുങ്ങിയ, കുട്ടിയമ്മയെയും കുടുംബത്തെയും അതിൽനിന്നും പിന്തിരിപ്പിച്ച്, അവർക്ക് പിന്നീട് എല്ലാറ്റിനും ഒരു കൈത്താങ്ങായിനിന്ന ആ ഒരേ ഒരാൾ ആയിരുന്നു, മൊയ്തുക്ക. തനിക്കു നാലുവയസ്സു തികയുന്നതിന്നുമുമ്പേ ജീവനൊടുക്കിയിരുന്ന അച്ഛനെപ്പറ്റി ഭീതിദമായ ഓർമ്മകൾ മാത്രമെ തനിക്കുണ്ടായിരുന്നുള്ളൂ. തൊട്ടതിനും പിടിച്ചതിനും മുഖം കറുപ്പിക്കുന്ന ശകാരിക്കുന്ന ചൂരൽ പ്രയോഗിക്കുന്ന അച്ഛൻ്റെ ആ ക്രൂരരൂപം മരിച്ചതിനു ശേഷവും പേടിസ്വപ്നം കണ്ട്, പലരാത്രികളിലും താൻ ഞെട്ടിയുണർന്ന് നിലവിളിച്ചിട്ടുണ്ട്. പക്ഷേ മൊയ്തുക്ക രക്ഷകനായി വന്നതിന്നുശേഷം പതുക്കെ – പതുക്കെ അച്ഛൻ്റെ മുഖത്തിനുപകരം മൊയ്തുക്കയുടെ സ്നേഹം വഴിഞ്ഞൊഴുകുന്ന പുഞ്ചിരിക്കുന്നമുഖം കണ്ടുതുടങ്ങിയപ്പോൾ, താൻ മധുരസ്വപ്നങ്ങൾ കാണാൻതുടങ്ങി. അങ്ങനെ തനിക്ക് സുഖനിദ്ര പകർന്നുതന്ന ഒരുദേവദൂതൻ കൂടിയായിരുന്നു, മൊയ്തുക്ക.

മലപ്പുറം കൊണ്ടോട്ടിയിൽനിന്നും ജീവനത്തിനുവേണ്ടി തീരേ കുട്ടികളായ ആറുപിള്ളേരുമായി ഉത്തര മലബാറിലെ മട്ടന്നൂരിലേക്ക് കുടിയേറി വന്നവരായിരുന്നു മൊയ്തുവും മറിയയും. നിഷ്ഠൂരനും ക്രൂരനും അററകൈയ്ക്ക് ഉപ്പുതേക്കാത്തവനുമൊക്കെ ആയിരുന്നുവെങ്കിലും, രാജശേഖരൻ നമ്പ്യാർ, എന്തോ മൊയ്തുവിനോടും കൂടുംബത്തിനോടും ദയാവായ്പ് കാട്ടി. അന്യമതസ്ഥരായിരുന്നിട്ടുകൂടെ, അവർക്ക് സ്വന്തമായി ഒരു കൂരകെട്ടാൻ പത്തുസെൻ്റ് സ്ഥലം തുറന്ന മനസ്സോടെ തൻ്റെ പുരയിടത്തിനോട് ചേർന്നുതന്നെ, സൗജന്യമായിനല്കി. അവർക്ക് ജീവനത്തിനുവേണ്ടി ഒരു ചായക്കടയിടാൻ ആവശ്യമായ സാമ്പത്തികസഹായവും നല്കി. അങ്ങനെയാണ് മട്ടന്നൂരിൽ ആദ്യമായി ഒരു പെട്ടിക്കട’മറിയുമ്മേടെ പെട്ടിക്കട’,നമ്പ്യാരുടെ കൈകൾകൊണ്ടുതന്നെ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

മറിയുമ്മേടെ കൈപ്പുണ്യവും മൊയ്തുക്കയുടെ ഖൽബിലെ മൊഹബത്ത് ചേർത്ത സുലൈമാനിയും കൂടിച്ചേർന്നപ്പോൾ പെട്ടിക്കട ശരിക്കും ഒരു ഉസ്താദ് ഹോട്ടലായി മാറി. അന്യനാടുകളിൽനിന്നുപോലും അവിടേക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. ചുരുങ്ങിയ നിരക്കിൽ സ്വാദിഷ്ടമായ കൊതിയൂറും വിഭവങ്ങൾ കഴിച്ച് അവരെല്ലാം നിറഞ്ഞ മനസ്സോടെതന്നെ മടങ്ങുകയും ചെയതു.

കുട്ടിയമ്മയും മൊയ്തുവിനോടും മറിയത്തിനോടും മക്കളോടും വളരെ അടുപ്പത്തിലും സ്നേഹത്തിലുമായിരുന്നു. ‘മറിയുമ്മേടെ പെട്ടിക്കട’ ഒന്നു പച്ചപിടിക്കുന്നതുവരെ അവരുടെ അടുക്കള പുകയ്ക്കാനും മററു കാര്യങ്ങൾക്കും ഒരുകൈ സഹായം കുട്ടിയമ്മ മനസ്സറിഞ്ഞ് ചെയ്തുകൊടുത്തിരുന്നു. അയൽപക്കത്തെ അടുക്കളയിൽനിന്നും പുക ഉയരുന്നില്ലെന്ന സംശയം തോന്നുന്ന ചില ദിവസങ്ങളിൽ, തൻ്റെ അടുക്കളയിൽ നിന്നൊരുപങ്ക് അവിടെ എത്തിക്കാനും കുട്ടിയമ്മ സുമനസ്സു കാണിച്ചു.

അതിൻ്റെയൊക്കെ ഉപകാരസ്മരണകൊണ്ടു തന്നെയാകാം അച്ഛൻ്റെ മരണത്തിനു ശേഷം, ഒരച്ഛൻ്റെ സ്ഥാനത്തുനിന്നു കൊണ്ടുതന്നെ എല്ലാകാര്യങ്ങളും മൊയ്തുക്ക നിർവ്വഹിച്ചു. സഹോദരിമാരുടെ വിവാഹം, തൻ്റെ പഠനം എല്ലാ കാര്യത്തിനും തന്നാലാവുന്ന സഹായം അങ്ങോട്ടു ചോദിക്കാതെതന്നെ മൊയ്തുക്ക സ്വയം അറിഞ്ഞ്
ചെയ്തുകൊണ്ടിരുന്നു.

മട്ടന്നൂർ ടൌണിൽ എത്തിയപ്പോൾ
അശ്വിൻ്റെ കണ്ണുകൾ പഴയ ഒരോർമ്മയിൽ അറിയാതെ
മറിയുമ്മേടെ പെട്ടിക്കട കാണാൻവേണ്ടി കുറച്ചുസമയം അലഞ്ഞു തിരിഞ്ഞു നടന്നു. പക്ഷെ കണ്ടത് വേറൊരു വലിയഹോട്ടലായിരുന്നു. അപ്പോൾ മനസ്സുതന്നെ അയാളെ ഓർമ്മപ്പെടുത്തി.
” എല്ലാം അത്രയ്ക്കു പെട്ടെന്നു മറന്നോ? ഇവിടെയുണ്ടായിരുന്ന പെട്ടിക്കട ഇല്ലാതെയാകാൻ കാരണക്കാരൻ നീ തന്നെയല്ലേ?”

അതെ, ശരിയാണ്. ഐ.പിഎസ്സിന് സെലക്ഷൻ കിട്ടിയ സന്തോഷമെല്ലാം ഡെറാഡ്യൂണിൽ താമസിച്ചു പഠിക്കാൻ ആവശ്യമായ മുന്നൊരുക്ക ചെലവുകൾക്കുള്ള പണം കണ്ടെത്താനാവാതെ സങ്കടത്തിനു വഴിമാറിപ്പോയ സമയം. ഇതിനകം പല കാര്യങ്ങൾക്കും മൊയ്തുക്കയെ പലവട്ടം ആശ്രയിച്ചതുകൊണ്ട് വീണ്ടും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ മനസ്സുമടിച്ചു. കൂടാതെ പെൺമക്കളുടെ വിവാഹം, രണ്ടാൺമക്കളെ ഗൾഫിലേക്കയക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി വലിയ ഒരു തുക ചെലവഴിച്ചതുകൊണ്ട്, മൊയ്തുക്കയും
കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നുവെന്നുള്ള കാര്യം തനിക്ക് നേരിട്ടറിയാവുന്നതുമായിരുന്നു. പക്ഷെ പരിശീലനത്തിനു പോകേണ്ടുന്നതിൻ്റെ ഒരാഴ്ചമുമ്പേ മൊയ്തുക്ക വീട്ടിലേക്ക് വന്ന്, പോകുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി ചോദിച്ചതിന്നുശേഷം, നിർബ്ബന്ധപൂർവ്വം തൻ്റെ കൈയ്യിൽ ഒരു കവർ പിടിപ്പിച്ചു. താൻ ഡെറാഡൂണിലെത്തി ഒരാഴ്ച കഴിഞ്ഞ്, അമ്മയെ ഫോൺ വിളിച്ചപ്പോഴാണ്, പെട്ടിക്കട വിറ്റിട്ടാണ്, കവറിന്നുള്ളിലെ പണം മൊയ്തുക്ക കണ്ടെത്തിയതെന്നുള്ള വിവരം അറിയുന്നത്.

അഞ്ചുവർഷംമുമ്പ് ജോലിക്കു കയറുന്നതിന്നുമുമ്പേ അനുഗ്രഹം വാങ്ങാൻവേണ്ടി, ട്രെയിനിംഗ് സമയത്തു കിട്ടിയ സ്റ്റൈപ്പൻ്റിൽനിന്നും മിച്ചം പിടിച്ച കുറച്ചു പണവുമായി താൻ മൊയ്തുക്കയെ കാണാൻചെന്നു. അപ്പോൾ, പണം നിരസിച്ചുകൊണ്ട്, മൊയ്തുക്ക പറഞ്ഞത്
“ഒരു ഉപ്പ തൻ്റെ മോനുബേണ്ടി ചെലബാക്കിയ കായി, മൂപ്പര് തിരിച്ച് ബാങ്ങിച്ചാ പിന്നെ അയാള് ആ മോൻ്റെ ഉപ്പയാണോ മോനേ… അല്ലെലും ഞമ്മള് തന്ന കായി, കുട്ടിയമ്മ ഓറ്ടെ അടുക്കളേന്ന് ഞമ്മക്കും കുടുംബത്തിനും അനത്തി തന്നിര്ന്ന കഞ്ഞിബെള്ളത്തിൻ്റെ ബെലേടെ ഏയകലത്തേക്ക്പോലും ബരീല്ലാന്ന്… അതുപോട്ടെ. മോൻ ഒടനന്നെ നച്ചത്രങ്ങള് പിടിപ്പിച്ച യൂനിഫോമും തലേല് തൊപ്പീം ഇട്ടിറ്റ് ബരണം. ഞമ്മക്ക് മോനെ നോക്കി അപ്പോളൊരു ബല്യ സല്യൂട്ടടിക്കണം…” എന്നാണ്.

പക്ഷെ മിസോറാമിലെ തിരക്കുപിടിച്ച, കുഴപ്പം പിടിച്ച ക്രമസമാധാനപാലന ചുമതലയിൽ കിടന്നു നട്ടംതിരിയുകയായിരുന്ന തനിക്ക് പിന്നീട് നാട്ടിലേക്കു പോവാനോ മൊയ്തുക്കയെ കാണാനോ കഴിഞ്ഞില്ല. മൊയ്തുക്കയുടെ നാട്ടിലെസ്ഥിതി തീരെ പരുങ്ങലിലാണെന്ന്, അമ്മ പറഞ്ഞറിഞ്ഞപ്പോൾ, താൻ ഒരിക്കൽ കുറച്ചുപണം, അദ്ദേഹത്തിന് മണിഓർഡർ ചെയ്തു കൊടുത്തുവെങ്കിലും ആ പണം, അതേപോലെത്തന്നെ തിരിച്ച് അമ്മയെ ഏല്പിക്കുകയാണ് മൊയ്തുക്ക ചെയ്തത്.

അശ്വിൻ മൊയ്തുക്കയുടെ വീട്ടിലെത്തുമ്പോഴേക്കും, മതപരമായ കാരണങ്ങൾമൂലം, മൃതദേഹം ഖബറടക്കിക്കഴിഞ്ഞിരുന്നു. മറിയുമ്മയോടും മക്കളോടും മറ്റും സംസാരിച്ച് കഴിയുന്നത്ര അവരെ ആശ്വസിപ്പിച്ചതിന്നുശേഷം, അശ്വിൻ മൊയ്തുക്ക കിടന്നിരുന്ന മുറിയിലേക്കു കടന്നു. മുറിമൊത്തം ഒന്നു കണ്ണോടിച്ചു. അപ്പോൾ കിടക്കയുടെ അടിയിൽനിന്നും ഒരു നോട്ടുപുസ്തകം പുറത്തേക്കു തളളിനില്ക്കുന്നതും, ആ പുസ്തകം പൊതിഞ്ഞിരുന്ന കവറിൻ്റെ പുറത്ത്, അശ്വിൻകുമാർ ഒമ്പതാം സ്റ്റാൻഡേർഡ് എഫ്, എന്ന സ്റ്റിക്കറും കണ്ടപ്പോൾ, ആകാംക്ഷാപൂർവ്വം അയാൾ ആ പുസ്തകം കൈയ്യിലെടുത്തു.

ഓ! താൻ ഹൈസ്ക്കൂളിലും കോളേജിലും മറ്റും പഠിക്കുന്ന സമയത്ത്, പരീക്ഷകൾ കഴിഞ്ഞാൽ എഴുതിയിരുന്ന ചില നോട്ടുപുസ്തകങ്ങൾ മൊയ്തുക്കയ്ക്ക് കൊടുക്കാറുണ്ടായിരുന്നുവല്ലോ? അതിലെ എഴുതാത്ത ചിലപേജുകൾ മൊയ്തുക്ക, പെട്ടിക്കടയുടെ പറ്റ് കണക്കുകൾ എഴുതിവെക്കാനും മറ്റും ഉപയോഗപ്പെടുത്തുമായിരുന്നു.

അശ്വിൻ പുസ്തകം തിരിച്ച് കട്ടിലിൽതന്നെവെച്ചു. പക്ഷെ പെട്ടെന്നടിച്ച കാറ്റിൽ പുസ്തകത്തിൻ്റെ ചില താളുകൾ മറിഞ്ഞപ്പോൾ, അതിൽ ഒരു മിന്നായംപോലെ, മൊയ്തുക്കയുടെ ചില കൈയ്യക്ഷരങ്ങൾ കണ്ടപ്പോൾ, പുസ്തകം വീണ്ടും കൈയ്യിലെടുത്ത്, ആ പുസ്തകത്തിൻ്റെ പിന്നിത്തുടങ്ങിയ താളുകൾ, അയാൾ മെല്ലെ മറിച്ചുനോക്കി.
അതിലെ ഒരുപേജിലെ കുറച്ചു വരികളിൽ അശ്വിൻ്റെ കണ്ണുടക്കി.

പക്ഷെ വായിച്ചുകഴിഞ്ഞപ്പോൾ അയാളുടെ ഹൃദയത്തിൻ്റെ ആഴങ്ങളിലേക്ക് ഒരു കഠാര കുത്തിയിറങ്ങുന്നതുപോലെ തോന്നി.
” ഇന്ന് ഞമ്മളെ കൽബ് നീറിപ്പൊകഞ്ഞ ദെവസേനും. എല്ലാ കൊല്ലോം എളേമോൻ അശ്വിൻ്റെ പെറന്നാള് ദെവസം ഓൻ്റെ പേരില് ഞമ്മള് യത്തീംഖാനയിലെ അന്തേവാസികൾക്ക് ഒരു ദെവസത്തെ ഭച്ചണം കൊടുക്കല് പതിവുണ്ടേനും. കയിഞ്ഞകൊല്ലം കൊട്ത്തതന്നെ ബേറെ ബയീലാഞിറ്റ്, മറിയേൻ്റെ കെട്ട്താലി പണയപ്പെടുത്തീറ്റേനും. സാതാരണ ഒരായ്ച്ചയ്ക്ക് മുമ്പേ ഓറെ ഓപ്പീസില് കായി കൊണ്ട്കൊട്ക്കലാന്ന് പതിവ്. പക്കെങ്കില് ഇക്കൊല്ലം ഒരു ബയീം കണ്ടില്ല. ഓറ് ഇന്ന് ഈട ബന്ന് പൈസക്ക് ചോയിച്ചു. അപ്പം ഞമ്മക്ക് കൈയ്യില് ഇല്ലാന്ന് പറയേണ്ടി ബന്നു. ബെറും കയ്യോടെ ഓറ് തിരിച്ചു പോന്നത് കണ്ടപ്പം ഞമ്മളെ നെഞ്ചിൻ കൂടൊന്നാകെ തകർന്നു വീഴുമ്പോലെ തോന്നി. ”

“ഹെൻ്റീശ്വരാ… ഇത് ഇന്നലെ എഴുതിയ എഴുത്താണല്ലോ… അപ്പോൾ ഇതിനു ശേഷമാണ്… ഉപ്പ… ”

പുസ്തകവും കൈയ്യിലെടുത്ത്, ഒരു കൊച്ചുകുട്ടിയെപ്പോലെ വാവിട്ടു കരഞ്ഞുകൊണ്ട്, അശ്വിൻ മറിയുമ്മയുടെ അടുത്തേക്കോടി. അവരെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

” ഉമ്മാ… എന്നോട് ഈ ചെയ്ത്ത് ബേണ്ടാർന്നു. ങ്ങക്ക് മക്കളെപ്പാ അന്യൻമാരായിപ്പോയേ.. ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലാ… ”

കരഞ്ഞുകൊണ്ടുതന്നെ മറിയുമ്മ പറഞ്ഞു.
” ആ പെട്ടിക്കട കൊടുത്തേന് ശേശം സംഗതികള് തീരേ അബദം തന്നേനും. ഞമ്മള് ബീട്ടീന്ന് കൊറച്ച് എണ്ണക്കടി ഇണ്ടാക്കും. മൂപ്പരത് ചായക്കടേലും ബേക്കറീലും കൊട്ത്തിറ്റ് കിട്ട്ന്ന ചെറ്യ ബരുമാനംകൊണ്ട്, തട്ടീം മുട്ടീം അങ്ങനെ കയിഞ്ഞ് പോയീന്ന് മാത്രം. പക്കെങ്കില് മൂപ്പരുടെ തലേതൊട്ട് ഞമ്മളെക്കൊണ്ട് സത്യം ചെയ്യിച്ചിക്ക്. കായീൻ്റെ ഒരു ബെശമോം പിള്ളേരോട് പറയൂലാന്ന്. ഇന്നലെ യത്തീംകാനക്കാര് പോയേന് ശേശം മുറീല് പോയി ഒറ്റയിരുപ്പേനും. അർത്തരാത്രി ആയപ്പം നെഞ്ച് ബേദന കൂടി. ആശുപത്രീലെത്തുമ്പേക്കും തീർന്ന്ക്ക്.”

അശ്വിൻ ഒന്നുംപറയാതെ പുറത്തിറങ്ങി. യത്തീംഖാനയിൽ ചെന്ന് അവർക്ക് ഒരു ബ്ലാങ്ക്ചെക്കുനല്കി. പിന്നീട് വീട്ടിൽപോയി, പോലീസ് യൂണിഫോം ധരിച്ച് മൊയ്തുക്കയുടെ ഖബറിൽ ചെന്നു. മുട്ടുകുത്തി പ്രാർത്ഥിച്ചു. അതിനുശേഷം അറ്റൻഷനായി നിന്ന്, വിതുമ്പിക്കൊണ്ടു പറഞ്ഞു.
” ഉപ്പാ… സാതാരണ അന്തിമോപചാരം ചെയ്യുമ്പോ തൊപ്പി അയിച്ചു ബെക്കണന്നാന്ന്. പക്ഷെ.. ഞാൻ തൊപ്പി അയിച്ച് ബെച്ചാല് ഉപ്പയ്ക്കെങ്ങിനെ എൻ്റെ തൊപ്പി നോക്കി സല്യൂട്ട് ചെയ്യാൻ കഴിയും… ”

നല്ല യാത്രാക്ഷീണമുണ്ടായിട്ടും മടക്കയാത്രയിൽ, അശ്വിന് ഒന്നു കണ്ണടയ്ക്കാൻപോലും കഴിഞ്ഞില്ല. കാരണം എസ്സ്.എസ്സ്.എൽ.സി പോലെയുള്ള പ്രധാനപ്പെട്ട പരീക്ഷാക്കാലങ്ങളിലൊക്കെ, ഉറക്കമൊഴിച്ച് പഠിച്ചുകൊണ്ടിരുന്ന സമയത്ത്, അറിയാതെ അയാൾ ഉറങ്ങിപ്പോകുന്നുണ്ടോ എന്നറിയാൻ, പാതിതുറന്ന ജനൽപാളിയും പിടിച്ച്, ഒരുപോള കണ്ണടക്കാതെ, പുറത്തു കാവൽനില്ക്കുമായിരുന്ന മൊയ്തുക്ക! ഇന്നയാൾ തിരിച്ചുപോകുമ്പോഴും അയാൾക്കൊരു കൂട്ടിനുവേണ്ടി കാറിൽ കയറിയിരുന്നു. കൂടാതെ മൊയ്തുക്ക ഉറക്കെയുറക്കെ അയാളോട് പറയുന്നുമുണ്ടായിരുന്നു.
“മോനെ… ഒറങ്ങല്ലെ മോനെ…ഇക്കൊല്ലം പത്താം ക്ലാസാ… അത് പടിപ്പിൻ്റെ തറയാ… പത്തിൽ തോറ്റാ പരക്കെത്തോറ്റൂന്നാ… ഇത് കൊറച്ച് സുലൈമാനിയാ…നല്ല ചൂടുണ്ട്. പിന്നെ റംസാൻ നോമ്പിന് മറിയു ഇണ്ടാക്കിയ കൊറച്ച് തൊണ്ടക്കൊരളും. രണ്ടും നെനക്ക് ബല്യ ഇഷ്ടല്ലേ…
ഒറക്കം വരുമ്പോം സുലൈമാനി ഊതിയൂതി കുടിച്ചാ മതി. പിന്നെ അയിൻ്റെ ഒപ്പരം ഒരുകടി തൊണ്ടക്കൊരളും. ഒറക്കം പമ്പ കടക്കും…സുലൈമാനി ഓരോ മണിക്കൂറെടബിട്ട് ഞമ്മള് ബേറെ ബേറെ ഇണ്ടാക്കി കൊണ്ടത്തരാ… തണ്ത്തത് കുടിക്കണ്ടാ….”

ഉണ്ണി ആവട്ടി✍

RELATED ARTICLES

6 COMMENTS

  1. വളരെ നന്നായി പ്രസിദ്ധീകരിച്ചു വന്നതിൽ അതിയായ സന്തോഷം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ