ഞാൻ
ഇതുവരെ
കണ്ടിട്ടില്ലാത്ത
ഒരു ചിലന്തിയോട്
ഇരപ്പിടിക്കുന്നതിന്റെ
സൂത്രവാക്യങ്ങൾ
തിരക്കുന്നു.
ചിലന്തിയൊരുക്കിയ
വലയിൽപ്പെട്ട
ഒരു ശലഭം രക്ഷപ്പെടാനുള്ള
അവസാന ശ്രമത്തിലാണ്
ദൈവത്തിൻറെ
പേര് വിളിച്ചത്,
ദൈവം ചിലന്തിവല
മുറിക്കാതെ
ശലഭത്തിന്റെ
ചെവിയിലിങ്ങനെ
പറഞ്ഞു.
പൂർവ്വജന്മത്തിൽ
ഞാനൊരു
ആകാശഗന്ധർവ്വനായിരുന്നു.
നീയാകട്ടെ വസന്തത്തെ
ഒറ്റ വർണ്ണത്തിൽ
കവിതയാക്കിയ
എന്റെ കാമുകിയും,
പറഞ്ഞു തീരും മുൻപേ
ചിലന്തിയൊരുക്കിയ
വല പിന്നെയുമൊന്ന് കുലുങ്ങി.
ആരോ കരയുന്നുണ്ട്.