Monday, November 25, 2024
Homeകഥ/കവിതബീ പ്രാക്ടിക്കൽ .... (നോവൽ - അദ്ധ്യായം പത്ത്) ✍സുരേഷ് തെക്കീട്ടിൽ

ബീ പ്രാക്ടിക്കൽ …. (നോവൽ – അദ്ധ്യായം പത്ത്) ✍സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

കല്യാണമണ്ഡപങ്ങൾ നാട്ടിൽ വ്യാപകമായിട്ടില്ലാത്ത കാലം.വീടുകളിൽ കല്യാണങ്ങൾ നടന്നിരുന്ന, നടത്തിയിരുന്ന കാലം.ആ കാലഘട്ടത്തിലെ കല്യാണത്തലേന്നുകൾ എത്ര സുന്ദരമായ ഓർമ്മകളാണ് . ഇനിയൊരിക്കലും ആവർത്തിക്കാനിടയില്ല. അതൊരു തരത്തിൽ ഗ്രാമങ്ങളുടെ ആഘോഷങ്ങൾ തന്നെയായിരുന്നു. കല്യാണ പന്തലിൽ വിവിധ കറികൾക്കായുള്ള കഷണം നുറുക്കലുകൾ. അതിൽ ഓലൻ, കാളൻ, അവിയൽ, തോരൻ, കൂട്ടുകറി, എന്നിവയ്ക്കെല്ലാം കഷണങ്ങൾ വെവ്വേറെ രൂപത്തിൽ വേണം. ഇളവൻ, വെള്ളരി, മത്തൻ,ചേന, കായ വെണ്ടയ്ക്ക, പയർ, മുരിങ്ങക്കാ തുടങ്ങി പച്ചക്കറികൾ പന്തലിൽ നുറുക്കലുകാർക്ക് മുന്നിൽ നിറയും,അത് കൂടാതെ നാളികേരം ചെരകൽ,
നാളികേരപ്പാൽ പിഴിയൽ, അതിൽ തന്നെ ഒന്നാം പാൽ രണ്ടാം പാൽ, മൂന്നാം പാൽ അങ്ങനെ. ക്രമേണ ഇടിച്ചു പിഴിഞ്ഞപായസം, പരിപ്പ് പ്രഥമനും ,പിന്നെ പാലട പ്രഥമനും വഴി മാറിയപ്പോഴും കല്യാണതലേന്നുകൾ ശബ്ദമുഖരിതമായി തന്നെ തുടർന്നു. ചെറുപ്പക്കാരുടേയും, കൗമാരക്കാരുടേയും ഉത്സാഹം. ജന്മനാ തടിയനക്കാൻ മടിയുള്ള അഭിപ്രായ സിംഹങ്ങൾ. വെടിപറച്ചിലുകാർ, ബഡായിക്കാരുടെ വെറുപ്പിക്കലുകൾ. ”കട്ടൻ എത്തിയില്ലേ?” എന്നന്വേഷിക്കുന്ന ചീട്ടുകളി വിദഗ്ധർ അങ്ങനെയങ്ങനെ.

ആര്യയുടെ കല്യാണത്തലേന്നും ഞവരക്കാട്ട് ഉത്സവം തന്നെയായിരുന്നു. മുറ്റത്തോട് ചേർന്ന കളത്തിനു സമീപം സദ്യയ്ക്കായി ഒരുക്കിയ വലിയ പന്തൽ .തൊട്ടപ്പുറത്ത്
ദെഹണ്ഡപ്പുര. ഉമ്മറ മുറ്റത്ത് ചടങ്ങുകൾക്കായി മറ്റൊരു വലിയ പന്തൽ .നാട്ടിലും അത്യാവശ്യം പുറന്നാട്ടിലും അറിയപ്പെടുന്ന പാചകക്കാരനായ ഗംഗാധരൻ നായരും സംഘവും ഉച്ചമുതലേ സജീവം.രാത്രിയിൽ പന്തലുകളിലും മുറ്റത്തും നിറയെ വെളിച്ചം. ഉമ്മറമുറ്റത്തൊരുക്കിയ പന്തലിൽ അലങ്കാര പണികൾ നാട്ടുകൂട്ടക്കാർ ഏറ്റെടുത്തിരിക്കുന്നു.

സതീശനും സംഘവും അവിടെ സജീവമാണ്. അവർ ഈന്തപ്പനയുടെ പട്ട, വിവിധ തരം മാലകൾ. നിറമുള്ള സാരികൾ എല്ലാം ധാരാളമായി ഉപയോഗിച്ച് പന്തലിനു ചന്തംകൂട്ടുന്നു. ദർശന യിലെ കൗമാരക്കാരുടെ വലിയ നിരയും പന്തലിലുണ്ട്.ശ്രീധരൻ, അലി.സുര, നാരായണൻ പ്രകാശ് ,പുരുഷ, രാജൻ, ജയൻ തുടങ്ങി ഒട്ടേറെ പേർ .രാമാനന്ദൻ മാഷുടെ സൗഹൃദവലയം എല്ലായിടത്തും നിറഞ്ഞിരിക്കുന്നു.

പത്മനാഭ പണിക്കരും, രാമാനന്ദനും , ദേവാനന്ദനും ഓരോരോ കാര്യങ്ങൾക്കായി ഓടി നടക്കുന്നു. ശങ്കരനാണെങ്കിൽ തിരക്കോട് തിരക്ക് . “ശങ്കരനെവിടെ, ശങ്കരനെ വിളിക്ക്, ശങ്കരൻ വന്നോട്ടെ, ശങ്കരൻ പോയിട്ടുണ്ട് ” എന്നിങ്ങനെ പലയിടത്തു നിന്നും ആ പേരങ്ങനെ എല്ലായിടത്തും മുഴങ്ങികൊണ്ടേയിരിക്കുന്നു

” അവിടെ ലൈറ്റില്ല. ഒരു ബൾബ് കൊണ്ടു വാ ,രാത്രി ടൗണിൽ പാല് വരും . അതിനാരാ പോണത്. വണ്ടി പറഞ്ഞിട്ടുണ്ടോ, മുല്ലപ്പൂവ് എവിടെയാ വെച്ചത്. ഇത് തികയുമോ, എന്ത് കരണ്ടും ജനറേറ്ററും ണ്ടെങ്കിലും രണ്ട് പെട്രോമാക്സ് ആവായിരുന്നു, അതിനിപ്പൊ ഒട്ടു ചെലവുണ്ടോ, ആ വെള്ള ഷർട്ടിട്ട ആളെ എനിക്ക് മനസ്സിലായില്ലല്ലോ. ഇതൊക്കെ ഞാനപ്പഴേ പറഞ്ഞതാ, ഇല മുറിച്ച് തുടയ്ക്കണ്ടേ, ഇപ്പഴക്ക് ഉപ്പേരി റെഡി, കായത്തോല് തന്നെ,രാവിലെ എത്രാളുണ്ടാവും കഴിക്കാൻ, പാർട്ടി അവര് എപ്പഴക്ക് വരും. അവരെത്രാളാ? അപ്പൊ നമ്മളോ? പാലടയുണ്ടെങ്കിൽ പിന്നെ പരിപ്പും ,പഴവുമൊക്കെ പേരിനാ, ഒരൊറ്റ ട്രിപ്പിന് മുന്നൂറ് പേര് കഴിക്കും. വിളമ്പലുകാര് അവസാനം വരെ എടുത്ത അതേ സാധനം തന്നെ എടുക്കണം .അത് തീർത്ത് പറയണം, കുറവ് വരും എന്നന്നെ കണക്കാക്കണം. വെള്ളം അടുപ്പത്ത് തിളച്ച് കിടക്കണം അരിയിടാൻ പാകത്തില്. പ്രധാനായിട്ട് അതാ ശ്രദ്ധിക്കണ്ടത്.എൻ്റെ ചെരിപ്പ് എവിടെ ഇട്ടതെന്നാപ്പൊ നോക്കണത്, അതാപ്പൊ നന്നായേ, ൻ്റെ ടോർച്ച് ഒരു കുട്ടി വന്ന് വാങ്ങികൊണ്ടോയീലോ അതിപ്പൊ ആരാ ?ന്നാൽ രാവിലെ . നേരത്തെയെത്തണംട്ടൊ ,എന്നാ അങ്ങനെ, ഇനി ഒരു ആളില്ലായ ഉണ്ടാവും കുറച്ചീസത്തിന്, ടീച്ചർക്ക് മനസ്സിലായോ, പിന്നെയറിയാതെ, ടീച്ചറ് റിട്ടയറ് ചെയ്തിട്ടിപ്പൊ പത്ത് കൊല്ലായോ, അസ്സലായി ,ഞങ്ങള് ഒന്നിച്ച് താലൂക്ക് ആപ്പീസില് മൂന്നു കൊല്ലം ഒന്നിച്ചുണ്ടാർന്നു, ഇത് മൂത്തയാള്,മഴ ചതിക്കാഞ്ഞാൽ മതിയാർന്നു. ദേവാനന്ദനും കഷണ്ടിയായോ? സദ്യ കഴിഞ്ഞാ പിന്ന പെയ്തോട്ടെ ,ഏയ്പ്പൊ പഴേ പോലെ ഒന്നും കഴിക്കാൻ വയ്യ, വൈകുന്നേരം ഒട്ടും വയ്യ, ഒരു ദോശ അതേ ഉള്ളൂ, ദേവാനന്ദൻ്റെ അളിയൻ അല്ലേ എനിക്കറിയാം, അയ്യപ്പൻക്കാവിലേക്ക് ള്ള നാളികേരം മറന്നിട്ടില്ലല്ലോ, കാളനിലേക്ക് നല്ലോണം അരയണം, സിഗരറ്റെവിടെ ?വെറ്റില സൂപ്പറാണ് ട്ടൊ.. ആ പുകയിലഞ്ഞെട്ടി ഇങ്ങട്ട് എടുത്തേ, കളിയടയ്ക്ക ഇവിടെ ഉണ്ടാക്കിയതാണോ, ഇസ്തിരിയിടൽ കഴിഞ്ഞോ, താലിമാല, മോതിരം ഒക്കെ റെഡിയല്ലേ എല്ലാം ഒന്നുകൂടി നോക്കിക്കേ. ആരുടെ കയ്യിലാ ? ഇനി അപ്പൊ നിന്നു തിരിയരുത്, ന്നാകുറച്ച് നേരം ഉറങ്ങിക്കോളാൻ പറയൂ ”
പല ഭാഗത്തു നിന്നും പല പല സംസാരങ്ങൾ. ശ്രീക്കുട്ടന് എല്ലാം കൗതുകമായിരുന്നു. ആ കൗതുകം നിറഞ്ഞ കണ്ണുകളുമായി അവൻ പന്തലിൽ കാതു കൂർപ്പിച്ചിരുന്നു.

മാലിനി എത്തി അവനോട് വന്നു കിടക്കാൻ പറഞ്ഞതും ഞാൻ ഹരിയേട്ടന്റൊപ്പം കിടന്നോളാം എന്നായി അവൻ.

“എന്നാൽ ശരി താഴത്ത് തെക്കേമുറിയിൽ കിടക്ക വിരിച്ചിട്ടുണ്ട്. കുറച്ചു കഴിഞ്ഞാൽ പോയി കിടന്നോളണം ട്ടൊ.ഹരീ ഇവനെ ശ്രദ്ധിക്കണം ട്ടൊ. ഞാൻ കുറച്ചു കഴിഞ്ഞു വന്ന് നോക്കാം. ”

മാലിനി അകത്തേക്ക് തന്നെ പോയി.ഹരിഗോവിന്ദനും ഹരിശ്രീയും രണ്ട് മക്കളാണ് ദേവാനന്ദന്.ഭാര്യ ശൈലയും മക്കളുമായി ദേവാനന്ദൻ രണ്ട് ദിവസം മുമ്പേ എത്തിയിട്ടുണ്ട്. ദേവാനന്ദൻ്റെ അളിയനും ഭാര്യയുമൊക്കെ വൈകീട്ടെത്തി .ഹരിഗോവിന്ദന് പന്ത്രണ്ട് വയസ്സായി .ഹരിശ്രീയ്ക്ക് എട്ടും. രണ്ട് പേരും പന്തലിലെ കഷണം നുറുക്കലും ബഹളവും ആസ്വദിച്ചിരിക്കുകയാണ് .കുട്ടികളോട് പോയി കിടക്കാൻ ഇടയ്ക്കിടയ്ക്ക് വന്നു പറയാൻ വീട്ടുകാർ ഓരോരുത്തരെത്തും. ഒടുവിൽ ശങ്കരൻ ഇടപെട്ടു.
” ഞാൻ ശ്രദ്ധിക്കാം രാമേട്ടാ.കുറച്ച് കഴിഞ്ഞാൽ പോയി കിടന്നോളും.”
ശങ്കരൻ പറഞ്ഞാൽ പിന്നെ അപ്പീലില്ലല്ലോ. ശ്രീക്കുട്ടനും സന്തോഷമായി.

പന്തലിൽ വലിയ ചെരുവത്തിലെ വെള്ളത്തിൽ നിന്നെടുത്ത് വെണ്ടയ്ക്ക കൊട്ടയിലേക്ക് നുറുക്കിയിടുകയാണ് അരവിന്ദനും കൂട്ടരും. കൂട്ടത്തിൽ ചിരിയും സംസാരവും മുഴങ്ങുന്നു.

“വെണ്ടയ്ക്കയും മുരിങ്ങക്കായയുമൊക്കെ തോന്നിയപോലെ കൊത്തി മുറിക്കല്ലെടാ കുരുത്തം കെട്ട ചെക്കൻമാരേ .ഒക്കെ ഒരേ വലിപ്പം വേണം. അതിനൊക്കെ ഒരു കണക്കുണ്ട്.”

നിർദ്ദേശം കേട്ടതും ആ കണക്കിസ്റ്റ് ആരെന്നു പോലും നോക്കാതെ അരവിന്ദന്റെ മറുപടിയെത്തി.

“പിന്നേ..വെണ്ടയ്ക്കയേയും,മുരിങ്ങക്കായയേയും ഒക്കെ പട്ടാളത്തിലെടുക്കുകയല്ലേ അളവും തൂക്കവുമൊക്കെ നോക്കീട്ട് ”

പറഞ്ഞ ശേഷം അരവിന്ദൻ നിർദ്ദേശം നൽകിയ ആളെ ശ്രദ്ധിച്ചു.
കരുതിയ പോലെ തന്നെ കോയിക്കരമട്ടുള്ളശ്ശേരി വല്ലത്തൊടി വീട്ടിൽ അപ്പുഞ്ഞൻ നായർ. പേരൊക്കെ ബഹു കേമം. എന്നാൽ നാട്ടിൽ പ്രത്യേകിച്ചൊരു ഉപയോഗവുമില്ലാത്ത ഒരാൾ .എന്നാൽ എവിടേയും ആളാവാൻ മുന്നിൽ. തേഞ്ഞു തീർന്ന് നീലപ്പാടു വന്ന ഹവായ് ചെരിപ്പും, നാറിയ ഒരു ഒറ്റമുണ്ടും, എച്ച്.എം ടി. കമ്പനി തുടങ്ങിയ കാലത്തുണ്ടാക്കിയ ഒരു വാച്ചും കെട്ടി, ഒന്നരക്കൊല്ലം മുമ്പ് അലക്കിയ ഒരു നാറത്തോർത്ത് തോളിലുമിട്ട് .ഒണങ്ങി മെലിഞ്ഞ് മൊളിപിടിച്ച ശരീരവും, വായിൽ ബാക്കി നിൽക്കുന്ന മുറുക്കാൻ ക്കറപിടിച്ച മൂന്നു
കോന്ത്രമ്പല്ലുകളും കാട്ടി ആ നിൽപ്പ് കണ്ട് അരവിന്ദൻ പ്രതികരിച്ചു

“അങ്ങനെ വരട്ടെ
അപ്പൊ നാട്ടിൽ പരക്കെ ക്ഷണമുണ്ട് അല്ലേ.
ഞവരക്കാട്ട്കാര് കാര്യായിട്ട് തന്നെയാണ്.ഒരു ദരിദ്രവാസിയേയും ഒഴിവാക്കിയിട്ടില്ല. കണ്ടില്ലേ വന്നു നിക്കണത്. ”

“യ്യ് പോടാ എരപ്പാ ഞങ്ങള് അടുത്ത ബന്ധുക്കളാ”

“പതുക്കെ പറയ് .അവര് കേട്ടാൽ ഇതിലും വലിയ അപമാനം ഇനി വരാൻണ്ടോ .ങ്ങളെ തല്ലിക്കൊന്ന് ഞവരത്തോട്ടില് താത്തും.”

“ന്നെ തൊടാനൊന്നും ധൈര്യള്ള ആങ്കുട്ട്യോള് ഒന്നും ഈ പാടാക്കരയിലില്ല .അതി നിണ്ടായിട്ട് വേണം .”

“അത് നേരാ തൊട്ടാൽ തൊട്ടവൻ അകത്താ.ഇതല്ലേ കോലം.”

“അല്ല അപ്പുഞ്ഞൻ നായരേ ങ്ങള് ഇവരടെ ഇത്ര സ്വന്തക്കാരനായിട്ട് കല്യാണ നിശ്ചയത്തിന് ങ്ങളെ കണ്ടില്ലല്ലോ .രാമേട്ടൻ എൽപ്പിച്ച ഒരു കാര്യത്തിന് ഞാനന്ന് ഇവടെ വന്നേർന്നു”
വാസുവിൻ്റെ സംശയം.

“ഞാനന്ന് നാട്ടിലുണ്ടാർന്നില്ല. വേറൊരു പരിപാടിയുണ്ടാർന്നു ”

“അതെവിടെയായിരുന്നു അന്ന് പ്രോഗ്രാം അമേരിക്കയിലോ ?”
വീണ്ടും വാസു.

“അമേരിക്കയിലോ കൊണ്ടോട്ടിയിലോ എവിടെയായാ അണക്കെന്താടാ .
അന്നെ ബോധിപ്പിക്കണോ?”

“ഏയ് അതല്ല ങ്ങടെ സൗകര്യം നോക്കാതെ കല്യാണം നിശ്ചയിച്ചത് എന്തായാലും ശരിയായില്ല. അതോണ്ടാ ”
പറഞ്ഞ് വാസു ചിരിച്ചു.

” അത് ഞാൻ സഹിച്ചോളാം.അതിന് ഇന്നലത്തെ മഴയ്ക്ക് മുളച്ചങ്ങളൊന്നും വല്ലാതെയങ്ങട്ട് വിഷമിക്കണ്ടട്ടൊ ”

“എന്ന് ജനിച്ചിട്ടെന്താ ഈ പാടാക്കര പാടത്തിനപ്പുറം ങ്ങള് കണ്ടിട്ടുണ്ടോ ? അതെങ്കിലുംഒന്ന് നേര് പറയിൻ”
അരവിന്ദൻ്റ ആ ചോദ്യം അപ്പുഞ്ഞൻ നായരെ ശരിക്ക് ദേഷ്യം പിടിപ്പിച്ചു.

“അന്റെ തന്ത കുട്ടൻ നായര് പറയില്ലന്നോട് ഇമ്മാതിരി ചൊറിയണ വർത്താനം. അറിയോ അണക്ക്.”

“അത് ശരിയാ മൂപ്പര് പറയില്ല.മൂപ്പര് ഇമ്മാതിരി ചണ്ടി പണ്ടാറങ്ങളോടൊന്നും മിണ്ടാനേ പോവില്ല.”

“ങ്ങള് നായരേ ഇവനോട് തർക്കിക്കാൻ നിക്കാതെ അങ്ങട്ട് ചെല്ലിൻ .അവടെ സാധനം കൊടുക്ക്ണ് ണ്ട് കണ്ടമാനം. വേണ്ടോർക്ക് വേണ്ടത്ര. പല ഐറ്റം ഏതാ വേണ്ടത് എന്നു വെച്ചാ അത് ”
പ്രകാശ് ഗൗരവഭാവം വിടാതെ പറഞ്ഞപ്പോൾ
നായരടെ ഉണ്ടക്കണ്ണ് വിടർന്നു. ആകാംക്ഷയോടെ
“എവടെ “എന്ന ചോദ്യമുയർന്നു.

“അതാ വീടിന്റെ പുറകില് .ദേവാനന്ദേട്ടൻ രണ്ട് കെയ്സ് സാധനം കൊണ്ടന്നുണു. മുന്തിയ ഐറ്റങ്ങൾ”

ദേവാനന്ദൻ എന്ന് കേട്ടപ്പൊ നായർക്ക് ഒരു സംശയം വന്നു. സന്തോഷത്താൽ വിടർന്ന ആ ഉണ്ടക്കണ്ണുകൾ വീണ്ടും സാധാ നിലയിലായി.

“ഓനോ….തേങ്ങേടെ മൂടാ. കണക്കന്നെ. പച്ചവെള്ളം തരില്ല .ലക്ഷണം കെട്ടോൻ. ഭൂലോക എരപ്പൻ .രാമാനന്ദൻ
ഭേദാണ്. വല്ലപ്പോഴും എന്തെങ്കിലുമൊക്കെ ചായ കുടിക്കാനായി തരും. ചോദിക്കണം .ന്നാലും തരും. മറ്റോൻ എവിടെന്നെങ്കിലും കണ്ടാൽ കണ്ട ഭാവം നടിക്കില്ല.”

“അതെങ്ങനെ നടിക്കും നാലാള് കൂടിയാൽ നിങ്ങള് അവരുടെ കുടുംബക്കാരനാ, വല്യമ്മാവനാന്നൊക്കെ പറഞ്ഞാൽ നന്നോ. കേട്ടാൽ ആർക്കും പിരാന്ത് വരില്ലേ ” എന്നായി അരവിന്ദൻ.

”യ്യ് പോടാ ഞാൻ എടുത്തു നടന്നതാ ആ ചെക്കൻമാരെ. ട്രൗസറിട്ട് നടക്കണ കാലത്ത് .” പ്പൊ ഒക്കെ വല്യ നിലേലായിച്ചിട്ട്….. ന്നോട് കളിക്കാൻ വന്നാണ്ടല്ലോ…. ”

“ഏയ്…ങ്ങളോട് കളിക്കാനൊന്നും ധൈര്യണ്ടാവില്ല ”
എന്ന് ചിരിച്ചു കൊണ്ട് വാസു.

ട്രൗസറിട്ട് നടക്കണ കാലത്ത് ഏറ്റി നടന്നിട്ടുണ്ടെങ്കിൽ അത് ട്രൗസറിന്റെ പോക്കറ്റില് വല്ലതും ണ്ടോന്ന് നോക്കാനാവും ” എന്ന് അരവിന്ദൻ.

“ങ്ങളെ ഗംഗാധരൻ നായര്
ചോദിച്ചേർന്നു .അങ്ങട്ട് ചെല്ലിൻ.”
പ്രകാശ് ഗൗരവഭാവം വരുത്തി പറഞ്ഞപ്പോൾ അത് നായര് വിശ്വസിച്ചു.

“ആണോ?”

“പിന്നല്ലേ കാര്യങ്ങള് നോക്കാൻ .ങ്ങള് വന്നാൽ എല്ലാറ്റിനും ഒരു ധൈര്യായി എന്ന് പറഞ്ഞു. ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ തിരിയണമെങ്കില് വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റിയ ഒരാള് വേണ്ടേ.”

“പിന്നെന്താ … അത് വേണം.ന്നാ ..ഞാൻ പോയി നോക്കട്ടെ”
.അപ്പുഞ്ഞൻ നായർ ദെഹണ്ഡപുരയുടെ ഭാഗത്തേക്ക് നീങ്ങി.

പോകുന്നത് നോക്കി അരവിന്ദൻ വിളിച്ചു പറഞ്ഞു.

“അതേയ് രാത്രി വൈകിയാല് വീട്ടിൽ കൊണ്ടു പോയാക്കാൻ എന്നെ കാക്കണ്ട. ഞവരക്കാട്ടെ വല്യമ്മാവൻ അവിടെയെവിടെയെങ്കിലും മൂലക്ക് ചുരുണ്ടോളേണ്ടൂ.”

“യ്യ് പോടാ അവിടന്ന്. യ്യൊക്കെ എന്നേണ്ടായത് ചെള്ക്കേ.. ”

കാലിൽ മുളയുള്ളതിനാൽ കൊക്കിച്ചാടിയുള്ള ആ മെല്ലെപോക്കു കണ്ട്
ചിരിച്ചു കൊണ്ട് സതീശൻ പറഞ്ഞു.

“ചെല്ലട്ടെ അങ്ങട്ട്.
ഗംഗാധരൻ നായർക്ക് കണ്ണെടുത്താ കണ്ടു കൂടാ.”

:അതിപ്പൊ ഗംഗാധരൻ നായർക്കെന്നല്ല പരിചയമുള്ള എല്ലാവർക്കും ”
പറഞ്ഞ് സതീശൻ ഉറക്കെ ചിരിച്ചു.

” അത് സത്യം എന്നാൽ ഗംഗാധരൻ നായരുടെ ദേഷ്യം അതുപോലെയല്ല. നല്ല കടുപ്പത്തിലാ .അതിന് തക്കതായ കാരണമുണ്ട് അറിയില്ലേ” അരവിന്ദന്റെ ചോദ്യം

“പിന്നെ അറിയാതെ അതു കൊണ്ടു കൂടിയാ ഞാനങ്ങോട്ട് കയറ്റി വിട്ടത് ”
പ്രകാശ് പറഞ്ഞപ്പോൾ അതെന്താണെന്ന് സതീശനാണ് ചോദിച്ചത്.

കഷണം നുറുക്കന്നതിനിടെ തന്നെ വാസു ആ സംഭവം വിവരിച്ചു.

“കഴിഞ്ഞ കൊല്ലം ഓണാേഘോഷത്തിന് സ്കൂളിൽ വെച്ച് ഗംഗാധരൻ നായര് പായസംണ്ടാക്കുമ്പോ അവിടെ ഉണ്ടായിരുന്നു മെയിനായിട്ട്, തൊള്ളേക്കൊളളാത്ത
ബിടലും വിട്ട്. വേണ്ട എന്ന് പറഞ്ഞാലും കേൾക്കാതെ പായസം ഇളക്കാൻ ഒക്കെ മുന്നിൽ. ഇപ്പാൾ തോളിലുള്ള ആ തോർത്തില്ലേ അതിലും നാറിയ ഒരു തോർത്തും ണ്ട് തോളില് .അതോണ്ട് കക്ഷം തുടയ്ക്കും ‘തല തുടയ്ക്കും മൂക്ക് തുടയ്ക്കും,ദേഹം തുടയ്ക്കും.തോളിലിടും എന്തിന് പറയുന്നു ഒടുവില് അത് ആ പായസത്തിൽക്ക് അങ്ങട്ട് വീണു. ആ സെക്കൻ്റില്…. സെക്കൻ്റില് ന്ന് പറഞ്ഞാൽ സെക്കൻ്റിൽ തന്നെ ഗംഗാധരൻ നായര് തിളക്കണ പായസ ചെമ്പിൽ നിന്ന് തോർത്ത് കോരി അടുപ്പിലേക്കിട്ടു.. ഭാഗ്യത്തിന് തോർത്ത് പായസത്തിൽ അധികനേരം കിടന്ന് തിളച്ചില്ല . അധികമാരും കണ്ടതുമില്ല .അന്ന് ഗംഗാധരൻ നായര് അവിടെയിട്ട് കൊന്നില്ലാന്നേ ഉള്ളൂ.”

ഒരു കൂട്ടച്ചിരി ഉയർന്നു. “ഈ തെറി വിളിയും വല്യർത്താനവുമൊക്കെ വീടിനു പുറത്തിറങ്ങിയാൽ മാത്രം .വീട്ടിൽ ചെന്നാൽ മൂക്കിലെ ശൂള പുറത്ത് കേൾക്കില്ല. നാണിയേടത്തിയെ കണ്ടാൽ വിറയ്ക്കും.. അവിടെ ആകെ മൂന്ന് വാക്കേ മൂപ്പർക്ക് ഉള്ളൂ. “ശരി നാണിക്കുട്ടി, അയ്ക്കോട്ടെ നാണിക്കുട്ടി ,പിന്നല്ലാതെ നാണിക്കുട്ടി ” പ്രത്യേകഭാവം വരുത്തി അരവിന്ദൻ അഭിനയിച്ചു കാണിച്ചപ്പോൾ വീണ്ടും കൂട്ടച്ചിരി.

അത് കേട്ട് “പാവം ”
എന്ന് വാസു പറഞ്ഞത് അരവിന്ദനിഷ്ടമായില്ല.

“പാവമൊന്നുമല്ല. വർത്താനം കേട്ടാ കൈയില്ലാത്തവൻ കൈ വെച്ചു കെട്ടി തല്ലും. പൂത്ത കാശ്ണ്ട് കാരണോരടെ കയ്യില് .പത്ത് പൈസ ചെലവാക്കില്ല. എരന്നേ തിന്നൂ. മോന്തണങ്കിൽ വരെ ഓസിനു കിട്ടണം.ന്നാൽ സാധനം ത്തിരി അകത്തു ചെന്നാലോ പിന്നെ നാലാളാ. രണ്ട് തവണ ഞാനനുഭവിച്ചതാ. സാധാരണ ഗതിയിൽ പത്ത് മണി കഴിഞ്ഞാൽ മരണ പേടിയാ .പിന്നെ വീട്ടിൽ കൊണ്ടു പോയാക്കണം. ആ സമയം മര്യാദയ്ക്ക് കൂടെ പേരും .പുതുതായി കല്യാണം കഴിഞ്ഞവര് നടക്കണ പോലെ നമ്മളോട് ഒട്ടി നടക്കും. വീടിന്റെ പടി കടന്നാൽ മട്ടുമാറി പിന്നെ കമാണ്ടായി .”ഇനി യ്യ് പൊയ്ക്കോ. നോക്കി പോണം ചെക്കാ ” എന്നൊക്കെയാവും ഡയലോഗ്. എങ്ങനെണ്ട്. ഒരു തവണ നമ്മടെ എടവത്തൊടിയിലെ കുഞ്ഞുട്ടേട്ടൻ്റെ മകൻ വേണൂൻ്റെ കല്യാണതലേന്ന് നല്ലോണം വലിച്ചു കയറ്റി അവടെ ഇരിക്ക്ണ് ണ്ട്. ഒടുവിൽ ബാദ്ധ്യത എന്റെ തലേലായി.
“ഒന്ന് വീട്ടില് എത്തിക്ക് അരവിന്ദാ ” എന്ന് കുഞ്ഞുട്ടേട്ടൻ.
ഇതിന്ണ്ടോ വല്ല ബോധോം. ഒടുവിൽ പഴയ സിനിമാ പാട്ടൊക്കെ പാടി എൻ്റെ കൂടെ. ആ പാട്ടൊക്കെ ഒന്നു കേൾക്കണം എൻ്റീശ്വരാ. എന്താ താളം എന്താ ഈണം, എന്താ ഭാവം സ്വരശുദ്ധിയാണെങ്കിൽ പറയുകയും വേണ്ട.എഴുതിയവരും പാടിയവരും ഒക്കെ അത് കേട്ടാൽ അവിടെയിട്ട് തല്ലി കൊല്ലും. സമയമാണെങ്കിൽ പതിനൊന്നു കഴിഞ്ഞു.മേലേക്കാട്ടെ ഇടവഴി ഇറങ്ങി അവരുടെ ആ വലിയ കണ്ടത്തിന്റെ മുന്നിൽ മൂത്രമൊഴിക്കാൻ നിന്നു. എത്ര നേരംന്നോ .ആ നിർത്തമങ്ങനെ നിന്നു. എന്തിനു പറയുണു നിന്നാടിയാടി ഒടുവിൽ ആ കണ്ടത്തിൽക്കങ്ങട്ട് മറിഞ്ഞുവീണു.നന്നായില്ലേ. എന്നിട്ട് ഞാൻ ആ ചേറിൽ നിന്ന് വലിച്ചു കയറ്റി താങ്ങി പിടിച്ച് വീട്ടിൽ കൊണ്ടുപോയി ഉമ്മറത്ത്കിടത്തി. ആകെ ചെളിയിൽ പുതച്ച് കൂടെ ആ ചെരിപ്പും, തോർത്തും, ബീഡിക്കെട്ടും, ഒരു വിളക്കും ഒക്കെക്കൂടി ഒന്നും പറയണ്ട….. നാണിക്കുട്ടിയമ്മ വാതിൽ തുറക്കും മുമ്പേ ഞാൻ സ്ഥലം വിട്ടു. ഇല്ലേൽ ചീത്ത പറഞ്ഞ് കണ്ണ് പൊട്ടിക്കും. എല്ലാം കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ വാതിൽ തുറന്ന എന്റെ അമ്മയുടെ ചോദ്യം എവിടന്നാടാ രാത്രി കാളപൂട്ടും കഴിഞ്ഞ് എന്ന്. ”

സംസാരിച്ചും കട്ടൻ ചായ കുടിച്ചുമെല്ലാം സമയം പോയി കൊണ്ടിരുന്നു. ഒടുവിൽ കഷണം നുറുക്കൽ തീർത്ത് എല്ലാവരും എണീറ്റു.
ശങ്കരേട്ടൻ വന്ന് ശ്രീക്കുട്ടനേയും ഹരിഗോവിന്ദനേയും വിളിച്ചു കൊണ്ടുപോയി. പന്തലിൽ നിന്നും ഓരോരുത്തരായി പിരിഞ്ഞു കൊണ്ടിരുന്നു.

അകത്ത് സ്ത്രീകളും ഓരോരുത്തരായി കിടക്കാൻ തുടങ്ങി. നേരത്തേ എണീക്കാനുള്ളതാണ്.

” ഏടത്തിയമ്മ ഇന്ന് എന്റെയടുത്ത് കിടക്കണം ട്ടൊ ”
ആര്യ ആദ്യമേ പറഞ്ഞിരുന്നു. മാലിനി ആര്യയുടെ അടുത്ത് അവളെ ചേർത്തു പിടിച്ച് കിടന്നു. നാളെ ഇവൾ കൂടെയില്ല. ഇങ്ങനെ ചേർന്ന് കിടന്നുറങ്ങുന്ന ഞവരക്കാട്ടെ അവസാന രാത്രി .
“ഈശ്വരാ എല്ലാം ഭംഗിയായി നടക്കണേ” മാലിനി മനസ്സിൽ നന്നായി പ്രാർത്ഥിച്ചു.

✍സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments