പേരുകേട്ട ആശുപത്രിയിലേക്ക് പെരുമയുള്ള ഡോക്ടർ കടന്നു വരുന്നത് ഒരു കാഴ്ചയാണ്. മൊത്തത്തിൽ ഒരു ഇളക്കമുണ്ടാവും. ഒരാൾക്കൂട്ടം ഡോക്ടർക്കു പിന്നിലായി പതിയേ നീങ്ങും. പലയിടത്തും കൂടി നിൽക്കുന്നവർ ഒരരിക് മാറി നിൽക്കും. അറിയാത്തവർ ചോദിക്കും
“ആരാ ഇത്? ”
അറിയുന്നവർ പറഞ്ഞു കൊടുക്കും
“അയ്യോ..അറിയില്ലേ… അതാണ്……”
“ആണോ ധാരാളം കേട്ടിട്ടുണ്ട് കണ്ടിട്ടില്ല.”
ഈ രീതിയിൽ തന്നെയാണ് ഡോ: എൻ ആർ ആശുപത്രിയിലെത്തുന്നത്. രോഗികളുടെ ‘ ബന്ധുക്കളുടെ ഒരു പട കാത്തു നിൽക്കുന്നുണ്ടാവും.
രാവിലെ പത്ത് മണിയോടെയാണ് ആ വരവ്. പത്ത് മണിയോടടുത്താൽ കൺസൾട്ടിങ്ങ് റൂമിനു സമീപം ഡ്യൂട്ടിയിലുള്ള നഴ്സുമാർ പരസ്പരം പറയും.
“പത്ത് മണിയാവാറായിട്ടൊ. ഇപ്പൊ വരും”
അന്നും സിസ്റ്റർ രാജി സിസ്റ്റർ സുമയോട് പറഞ്ഞു.
“സുമേ നിർത്തിക്കോ വായാടിത്തം . പത്ത് മണിയാവുന്നു .”
“ഈശ്വരാ … രാജീ ഫയൽ ഒക്കെ നീ ക്ലിയർ ചെയ്തു വെച്ചില്ലേ.വിവരങ്ങൾ പറയാൻ അനൂപ് സാർ വരില്ലേ ?”
“ഉവ്വ്.”
” മറ്റന്നാൾ മൂന്ന് കേസല്ലേ ?”
“അതെ. ”
“അതാ വരുന്നു സുമേ.”
പറഞ്ഞു തീർന്നതും എൻ.ആർ ധൃതിയിൽ നടന്നുവന്ന് കൺസൾട്ടിങ്ങ് മുറിയിലേക്ക് കയറി.കൂടെ ഡോക്ടർ അനൂപ് ജോസഫും.
തന്റെ സീറ്റിലിരുന്നതും എൻ.ആർ അനൂപിനോടിരിക്കാൻ പറഞ്ഞു.
പിന്നെ ഓരോ ഫയലും എടുക്കുന്നു.
അനൂപ് ഓരോന്നും വിവരിച്ചു കൊടുക്കുന്നു എൻ.ആർ ഓരോ ഫയലിലൂടേയും കണ്ണുകൾ ചലിപ്പിക്കുന്നു .വിശദമായ വായന. ചർച്ചകൾ അനൂപാണ് നിർത്താതെ സംസാരിക്കുന്നത്. ശ്രദ്ധയോടെ കേൾക്കുന്നു എൻ.ആർ.
ഓകെ. യേസ് എന്നിങ്ങനെയുള്ള ചുരുങ്ങിയ മറുപടികൾ.
ഫയലുകൾ നോക്കി കഴിഞ്ഞ ശേഷം .അനൂപിനോടായി പറയുന്നു.
“ശരി നമുക്ക് പോയി നോക്കാം. ആദ്യം ഞാൻ കാണട്ടെ .ശേഷം ഫിക്സ് ചെയ്യാം. എന്നിട്ട് മറ്റ് ടെസ്റ്റുകൾ ചെയ്യാൻ പറയൂ. റിസൽട്ട് സെന്റ് ചെയ്യണം. എല്ലാം ഓകെയാണെങ്കിൽ മറ്റന്നാൾ .അല്ലെങ്കിൽ ബുധനാഴ്ച.”
“സാർ. ഒരാൾ വളരെ വറീഡ് ആണ്. ”
” അതില്ലാതിരിക്കുമോ.കല്യാണമൊന്നുമല്ലല്ലോ നടക്കുന്നത്.
പക്ഷേ നമ്മൾ വറീഡ് ആവുന്നതെന്തിന്.”
ശ്രീകുമാറും അനൂപും രോഗികളുടെ സമീപത്തേക്ക് നീങ്ങി.കൂടെ ഫയലുകളുമായി സുമയും രാജിയും. മുന്ന് പേർക്കാണ് ശനിയാഴ്ച ഓപ്പറേഷൻ നിശ്ചയിച്ചിരിക്കുന്നത്. അവർ ഓരോരുത്തരേയും ശ്രീകുമാർ നേരിൽ കാണും. വിശദമായി പരിശോധിക്കും. സംസാരിക്കും.
കാര്യങ്ങൾ കുറഞ്ഞ വാക്കിൽ പറഞ്ഞ് ധൈര്യമായിരിക്കാൻ ആവശ്യപ്പെടും. പ്രശ്നങ്ങളൊന്നുമില്ലെന്നറിയിച്ച് ധൈര്യം കൊടുക്കും. ബന്ധുക്കളെ വിളിപ്പിക്കും.അവരോട് കാര്യമായി സംസാരിക്കും. വിവരങ്ങൾ എല്ലാം ധരിപ്പിക്കും.
പിന്നെ അനൂപിന്റെ പൂർണ്ണ ശ്രദ്ധ ഓരോരുത്തരിലും വേണം എന്ന നിർദ്ദേശം നൽകും. എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അറിയിക്കണം എന്നും അല്ലെങ്കിൽവൈകീട്ട് താൻ വിളിക്കുമ്പോൾ പറഞ്ഞാൽ മതി എന്നും പറയും .ഇതൊക്കെ സ്ഥിരമാണ്.
തന്റെയടുത്തേക്ക് എത്തുന്ന രോഗിയുടെ കാര്യത്തിൽ പുലർത്തുന്ന ശ്രദ്ധ.ഓപ്പറേഷനു മുമ്പും ശേഷവും അവരുടെ പരിചരണം. ഒക്കെ കൃത്യതയോടെ നടക്കണമെന്നതിൽ വിട്ടുവീഴ്ചയില്ല. കൊടുക്കുന്ന നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതിൽ അപാകത വന്നാലോ. അങ്ങനെ വരില്ല. വന്നിട്ടില്ല അതു തന്നെ.
ഓരോ രോഗിക്കായും എൻ.ആർ. നിർദ്ദേശങ്ങൾ ആവർത്തിക്കും.
ശനിയാഴ്ച ഓപ്പറേഷൻ നിശ്ചയിച്ച രണ്ട് പേരെ കണ്ട് മൂന്നാമത്തെയാളുടെ അടുത്തേക്ക്.
മുറിയിലേക്ക് പ്രവേശിച്ചതും സുമ ഫയൽ കൈമാറി.
വലതുകാൽ മുട്ടിനു മുകളിൽ വെച്ചു മുറിച്ചു മാറ്റാനുള്ള രോഗിയാണ്. കാൽപഴുപ്പ് ബാധിച്ച അവസ്ഥയിൽ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗ്ഗമില്ല. കടുത്ത പ്രമേഹരോഗി. പരിശോധനാ റിസൽട്ടുകൾ എല്ലാം അടങ്ങിയ ഫയലിലേക്ക് തന്നെ നോക്കിക്കൊണ്ട് മുഖമുയർത്താതെ ശ്രീകുമാർ വായിച്ചു .
“ശങ്കരൻ കിഴക്കേതിൽ .
ഇപ്പോൾ എങ്ങനെയുണ്ട് ശങ്കരൻ? ”
ചോദിച്ച് ആ മുഖത്തേക്ക് നോക്കിയതും ശ്രീകുമാർ ഞെട്ടി പോയി.
ശങ്കരേട്ടൻ
തന്റെ …. ശങ്കരേട്ടൻ
ശ്രീകുമാറിനെ കണ്ടതും ശങ്കരനും വല്ലാത്തൊരവസ്ഥയിലായി.
“ശ്രീക്കുട്ടാ ” എന്നൊരു വിളി സ്നേഹവും വാത്സല്യവും കലർന്നിരുന്നുവെങ്കിലും അതൊരു ദയനീയമായ ശബ്ദമായിരുന്നു.. ഒരു യാചനാഭാവം കൂടെ കലർന്നിരുന്നു അതിൽ.
ശങ്കരേട്ടനൊപ്പം നിന്നിരുന്ന സ്ത്രീയുടെ “ശ്രീയേട്ടാ “എന്ന വിളിയിൽ ഉഷയേയും അയാൾ തിരിച്ചറിഞ്ഞു.അമ്മയുടെ മരണസമയത്ത് വന്നപ്പോഴാണ് ശങ്കരേട്ടനെ അവസാനമായി കണ്ടത്. ഞവരക്കാട്ട് വെച്ച്. വർഷങ്ങൾ കഴിഞ്ഞു. അന്ന് എന്താവശ്യമുണ്ടെങ്കിലും വരണം ചോദിക്കണം എന്നൊക്കെ പ്രത്യേകം പറഞ്ഞതാണ് താൻ. ജീവിതത്തിൽ ഒരാളോടു മാത്രമേ താനതു സത്യസന്ധമായി പറഞ്ഞിട്ടുള്ളൂ. ഒരാളോടേ തനിക്കങ്ങനെ പറയാനുമുള്ളൂ.
ഒടുവിൽ ആ ആളാണ് ഇന്ന് ഈ അവസ്ഥയിൽ തന്റെ മുന്നിൽ …..
ആഗുരുതരാവസ്ഥയിലുള്ള വലതു കാലിലേക്ക് നോക്കി നിൽക്കേ അയാളുടെ മനസ്സിലേക്ക് നൂറുനൂറുചിത്രങ്ങൾ കടന്നു വന്നു.ഞവരക്കാട്ടെ സന്തോഷം നിറഞ്ഞ ബാല്യം. എന്നും ഏതിനും ശങ്കരേട്ടൻ എന്ന രക്ഷകൻ.
“എന്തേ ഉഷേ മുമ്പൊന്നും വന്നു കണ്ടില്ല. എന്നെ അറിയിച്ചില്ല.”
“അറിയാലോ ശ്രീയേട്ടാ അച്ഛന്റെ സ്വഭാവം.”
ശരിയാണ് തന്റേതായ ഒരു കാര്യത്തിനും ആരേയും സമീപിക്കില്ല. ഒന്നും ചോദിക്കില്ല തന്റെ കാര്യം പറയില്ല. ഒരു സഹായവും ആവശ്യപ്പെടില്ല. അത്ര വേണ്ടപ്പെട്ടവർ ആരെങ്കിലും അറിഞ്ഞു സഹായിച്ചാൽ തന്നെ സ്വീകരിക്കാൻ മടിയും.
അത്തരമൊരാൾ…. സ്വാഭാവികമാണ്.
“ഈ നിമിഷം വരെ ശ്രീയേട്ടനായിരുന്നു ഇവർ പറയുന്ന ഡോക്ടർ എന്ന് പോലും ഞങ്ങൾ അറിഞ്ഞില്ല ശ്രീയേട്ടാ. വേറൊരു പേരാ എല്ലാവരും പറഞ്ഞത്.ശ്രീയേട്ടൻ ഈ ഹോസ്പിറ്റിലാണ് എന്നു പോലും അറിയില്ലായിരുന്നു.”
തന്നെ ഏത് സമയത്തും എവിടേയും വന്നു കാണാനും ചീയേട്ടാ എന്ന് വിളിക്കാനും സ്വാതന്ത്ര്യമുള്ള ഏക വ്യക്തി. ആ അവകാശമുള്ള പെങ്ങൾ എന്ന സ്ഥാനം അമ്മ പതിച്ചു നൽകിയ ഉഷ. ഓർമ്മകൾ തെളിയും മുമ്പേ ചീയേട്ടാ എന്ന് വിളിച്ചുതുടങ്ങിയ അവളും തന്റെ ജീവിതത്തിന് ഏറ്റവും താങ്ങും തണലുമായി നിന്ന ഞവരക്കാട് തറവാടിനു വേണ്ടി ജീവിച്ച ശങ്കരേട്ടനുമാണ് പറയുന്നത് വേറൊരു പേരിൽ ശ്രീക്കുട്ടനെ അവർ തിരിച്ചറിഞ്ഞില്ലെന്ന് .സത്യം അവർക്ക് തിരിച്ചറിയാൻ കഴിയാത്തതിൽ അത്ഭുതമുണ്ടെന്നല്ല. ഒട്ടും ഇല്ല.എന്നാൽ അവർക്ക് തിരിച്ചറിയാൻ കഴിയാതെ ആ പേര് ശ്രീക്കുട്ടനേക്കാൾ അവരുടെ ഹൃദയത്തിൽ പതിഞ്ഞു കിടക്കുന്നതാണല്ലോ.
എൻ.ആർ.
ഞവരക്കാട്ടിൽ രാമാനന്ദൻ.ശങ്കരേട്ടനും ഉഷയ്ക്കും തിരിച്ചറിയാൻ കഴിയാത്ത പേരായി മാറിയ എൻ.ആറിന്റെ വളർച്ചയിൽ ആദ്യമായി ശ്രീക്കുട്ടന് ഒരു വിഷമം തോന്നി. തന്നെ തേടി വന്നില്ലെങ്കിലും തനിക്കന്വേഷിക്കാമായിരുന്നു. അവസ്ഥകൾ അറിയാമായിരുന്നു. ചെയ്തില്ല.ഒരു കുറ്റബോധം മനസ്സിൽ നീറി തുടങ്ങുന്നു.
ശങ്കരേട്ടനെ നോക്കുമ്പോൾ ക്ഷീണിച്ച ആ ദയനീയ രൂപം കാണുമ്പോൾ മനസ്സിനൊരു തളർച്ച അനുഭവപ്പെടുന്നു.
“എന്റെ കാല് മുറിക്കാതിരിക്കാൻ പറ്റുമോ ശ്രീക്കുട്ടാ.”
ശങ്കരേട്ടൻ കണ്ണിൽ വെള്ളം നിറച്ച് ചോദിച്ചു.
ആ ചോദ്യം ശ്രീകുമാറിന്റെ ഉള്ളുലച്ചു.
ശങ്കരേട്ടനാണ് ചോദിക്കുന്നത്. ഒരു കാര്യം ശങ്കരേട്ടൻ ഒരാളോട് ആവശ്യപ്പെടുന്നത് ആദ്യമായിട്ടായിരിക്കണം.അതും അയാളുടെ ശ്രീക്കുട്ടനോട് .
പ്രതാപിയായ പ്രഗത്ഭനായ എൻ. ആർ പതറി നൽക്കുന്ന കാഴ്ച ആദ്യമായി കാണുകയായിരുന്നു സഹപ്രവർത്തകർ.
അവർ വിശ്വസിക്കാനാവാതെ പരസ്പരം നോക്കി.
ശങ്കരേട്ടന്റെ കട്ടിലിനു സമീപം കൈയ്യിൽ ചികിത്സാ റിപ്പാർട്ടുകളുമായി, ആ സ്ഥാപനത്തിലെ അവസാന വാക്കുകളിലൊന്നായ ഡോക്ടർ ഞവരക്കാട് രാമാനന്ദൻ ശ്രീകുമാർ തല താഴ്ത്തി നിന്നു.