Sunday, December 22, 2024
Homeകഥ/കവിത'ബീ പ്രാക്ടിക്കൽ' (നോവൽ - അദ്ധ്യായം രണ്ട്) ✍ സുരേഷ് തെക്കീട്ടിൽ

‘ബീ പ്രാക്ടിക്കൽ’ (നോവൽ – അദ്ധ്യായം രണ്ട്) ✍ സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

അദ്ധ്യായം രണ്ട് .
…………….

ശ്രീകുമാർ പൂമുഖത്തേക്ക് കയറി ടി.വി ഓൺ ചെയ്ത് സെറ്റിയിൽ വന്നിരുന്ന സമയമാണ് ദേവകിയേടത്തി എത്തിയത്.ചായ ടീപ്പോയിൽ വെച്ച ശേഷം ഒരു നിമിഷം കഴിഞ്ഞാണ് അവരിൽ നിന്ന് ആ ചോദ്യമുയർന്നത്.

“എന്തു പറ്റി. ”

“എയ് ഒന്നുമില്ല.”

വെറുമൊരു ജോലിക്കാരിയല്ലാത്തതു കൊണ്ടു തന്നെ ദേവകിയേടത്തിക്ക് ചോദിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ശ്രീകുമാറിനറിയാം. അതിനേക്കാൾ ഏറെ ആ മുഖത്ത് ഒരു വാട്ടം വന്നാൽ അവർക്കത് തിരിച്ചറിയാൻ കഴിയും എന്നതും പ്രധാനം.

കൂടുതൽ ഒന്നും ദേവകിയേടത്തി ചോദിച്ചില്ല. ഒരു പാട് വലിയകാര്യങ്ങൾ ഉള്ള വലിയ മനുഷ്യർക്ക് സാധാരണക്കാരേക്കാൾ വലിയപ്രശ്നങ്ങൾ കാണുമെന്ന്
അവർക്കുമറിയാതിരിക്കില്ലല്ലോ.

“ലക്ഷ്മി രണ്ട് ദിവസം ഉണ്ടാവില്ലട്ടൊ. അനിയൻ്റെ മകന്റെ കല്യാണാണ്. ”

എന്തെങ്കിലും പറയണ്ടേ എന്ന് കരുതിയായിരിക്കണം ദേവകിയേടത്തി അത് പറഞ്ഞത്.

“അറിയാം,ജയ മുമ്പ് പറഞ്ഞിരുന്നു.”

“ഉം ..ലക്ഷ്മി ഇന്ന് വന്നിരുന്നു.”

“ജയ വല്ലതും കൊടുത്തോന്ന് അറിയാമോ?”

“ഉവ്വ്.പതിനയ്യായിരം .
എന്റെ കൈയിൽ തന്നിരുന്നു ഞാനാ കൊടുത്തത്. റിസപ്ഷന് വരാം എന്ന് പറയാനും പറഞ്ഞിരുന്നു.”

” ഉം. ”

ശ്രീകുമാർ കൂടുതൽ ഒന്നും ചോദിച്ചില്ല.ലക്ഷ്മി വീട് അടിച്ചു വാരി തുടയ്ക്കാനും പാത്രം കഴുകാനുമൊക്കെ വരുന്ന സ്ത്രീയാണ്. അടുത്തു തന്നെയാണ് വീട്. വെളുത്തു മെലിഞ്ഞ് അറുപത് വയസ്സിനോടടുത്ത് പ്രായമുള്ള അവർ വിവാഹിതയല്ല .
സഹോദരൻമാർക്കൊപ്പമാണ് താമസം. പറഞ്ഞുറപ്പിച്ച ശമ്പളത്തിൽ നിന്നും കൂടുതലായി ആവശ്യമറിഞ്ഞ് ജയകൊടുക്കുമെന്നും എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും ശ്രീകുമാറിനറിയാം.
അക്കാര്യത്തിലൊന്നും അയാൾ ഇടപെടാറില്ല.
ദേവകിയേടത്തി അല്പനേരം അവിടെ തന്നെ നിന്നത് ശ്രീകുമാർ ചായ കുടിച്ച് ഗ്ലാസ്സ് തിരിച്ചു നൽകും എന്ന പ്രതീക്ഷയിലാണ്.
അതുണ്ടാവില്ല എന്ന് ബോദ്ധ്യം വന്നതിനാലാവണം അവർ
തിരിഞ്ഞു നടന്നു.

അറുപത്തഞ്ച് വയസ്സുള്ള ദേവകിയേടത്തിക്ക് ഏറ്റവും അടുത്ത ബന്ധുക്കൾ എന്നു പറയാൻ ഇപ്പോൾ ആരുമില്ല.ജയയുടെ അമ്മയുടെ വീടിനയൽപക്കമായിരുന്നു അവർ.മൂന്ന് പ്രസവിച്ചു .രണ്ട് കുട്ടികളും പ്രസവത്തിൽ മരിച്ചു.ഒരു കുട്ടിയുണ്ടായിരുന്നത് നന്നേ ചെറുപ്പത്തിലും. വീടിനടുത്തുള്ള കുളത്തിൽ വീണായിരുന്നു ആ മരണം .
ഒരുപെരുമഴക്കാലത്താണ് ആ ദുരന്തമുണ്ടായത്. ഭർത്താവ് നാരായണൻ നായർ ഒന്നാന്തരം കള്ളുകുടിയനും തല്ലുകൊള്ളിയുമായതിനാൽ ഒരുപാട് അനുഭവിച്ച ജീവിതം.
ജയയുടെ വീട്ടിൽ സ്ഥിരം സാന്നിദ്ധ്യവും സഹായവുമായിരുന്നു ദേവകിയേടത്തി.
സ്വന്തം വീട്ടിൽ ദേവകിയേടത്തിയും നാരായണൻ നായരും മിക്കവാറും തമ്മിൽ തല്ലും ബഹളവും തന്നെ. ഒത്തുതീർപ്പാക്കുന്നത് എന്നും ജയയുടെ അമ്മാവൻ അപ്പുക്കുട്ടൻ മാഷ്. മാഷ് ചെന്ന് പറഞ്ഞാൽ ഏത് ലഹരിയിലും നാരായണൻ നായർ താണു വണങ്ങും.

“ഇനി ഉണ്ടാവില്ല മാഷേ” എന്നും പറയും. അല്ലെങ്കിലും അയാൾ ദേവകിയേടത്തിയോടൊഴികെ എല്ലാവരോടും വിനീതവിധേയനാണ്. മര്യാദാ പുരുഷോത്തമനാണ്.
ഒരിക്കൽ അപ്പുട്ടൻ മാഷ് ദേവകിയേടത്തിയോട് പറഞ്ഞു

“ദേവകി ഒന്നും നോക്കണ്ട ഇനി കൈയ്യുയർത്തിയാൽ തിരിച്ചും നന്നായി കൈകാര്യം ചെയ്തോ. എന്നാൽ ഈ ദ്രോഹം അവിടെ നിൽക്കും. അല്ലാതെ തീരില്ല.”

“അത് എന്നെ കൊണ്ട് പറ്റില്ല മാഷേ .”എന്ന്
ദേവകിയേടത്തി പറഞ്ഞതിന് മാഷ് തിരിച്ചു പറഞ്ഞതിങ്ങനെ.

”എന്നാൽ നീ കൊണ്ടോ…. അത് നിൻ്റെ തലവിധി. അതന്നെ. അത്രന്നെ .”

ഒരിക്കൽ ശരീരം പതിവിലധികം വേദനിച്ചപ്പഴോ അതോ അപ്പുട്ടൻ മാഷ് പറഞ്ഞത് ഒന്ന് പരീക്ഷിച്ച് നോക്കിയാലോ എന്ന് കരുതിയിട്ടോ എന്തോ ദേവകിയേടത്തി തിരിച്ചടിച്ചു.
മടക്കനത്തണ്ടു കൊണ്ടായിരുന്നു ആ പ്രയോഗം. അടി കൊള്ളാൻ കാത്തു നിന്ന പോലെ നാരായണൻ നായരുടെ ഉണക്ക ശരീരം ഉമ്മറത്തെ മുറിത്തിണ്ണ കടന്ന് മുറ്റത്തെത്തി.മുഷിഞ്ഞു നാറിയ വരയൻ ഡ്രോയർ പുറത്തു കാണിച്ചു കൊണ്ടുള്ള ആ കിടപ്പ് കണ്ടതും ദേവകിയേടത്തിക്ക് പാവം തോന്നുകയല്ല മറിച്ച് കലി കൂടുകയാണുണ്ടായത്. ഏതായാലും ചീത്ത പേരായി എന്നാൽ ഇതും കൂടിയിരുന്നോട്ടെ എന്ന മട്ടിൽ ദേവകിയേടത്തി നിലംകൂട്ടി തന്നെക്കൊണ്ട് കഴിയുംപോലെ രണ്ടടി കൂടെ കൊടുത്തു. രംഗം കണ്ടു കൊണ്ട് ഓടിച്ചെന്ന അപ്പുട്ടൻ മാഷോട് നാരായണൻ നായര് പറഞ്ഞതിങ്ങനെ.

“ഏയ് ഒന്നൂല്യ മാഷേ ഒന്ന് കാല് തെറ്റി വീണതാ …മാഷ് പൊയ്ക്കോളൂ.
ദേവക്യേ….. ന്നാ ഒന്ന് ൻ്റെ കയ്യ് പിടിച്ചാ. ഞാൻ കാല് തെറ്റി വീണ് കിടക്കുമ്പഴാ നിന്റെ മടക്കന കൊത്തിച്ചീന്തി വിറകുണ്ടാക്കല് .”

ഭാര്യയ്ക്ക് മുന്നിൽ വീരനായകനും ,ഉശിരനും ധീരപോരാളിയുമായിരുന്ന നാരായണൻ നായരുടെ ശാരീരിക പരാക്രമങ്ങൾ അന്നത്തോടെ നിന്നു. എന്നാൽ അതിനുപകരം കൂടി തെറി വിളിയുടെ ശക്തി കൂട്ടി ബഹളം തുടർന്നു. ഒടുവിൽ നാരായണൻ നായർ മരിച്ചതോടെ ഒരർത്ഥത്തിൽ ദേവകിയേടത്തി രക്ഷപ്പെട്ടു എന്ന് തന്നെ പറയാം.പിന്നെ ശ്രീകുമാറും ജയയും പട്ടണത്തിൽ വീടുവെച്ചു താമസം തുടങ്ങിയപ്പോൾ കൂടെ പോന്നു. ഇപ്പോൾ എട്ടുവർഷമാവുന്നു. നാട്ടിലെ ചെറിയ വീടും പറമ്പും അതുപോലെ തന്നെയുണ്ട്. മാസത്തിലൊരിക്കൽ പോയി അടിച്ചു വാരിയിട്ട് പോരും. ആർക്കെങ്കിലും വാടകക്ക് കൊടുക്കാൻ പറഞ്ഞാൽ നാട്ടിൽ ആരെ കിട്ടാനാ എന്നല്ല ചോദിക്കുക.
“ഏയ് അതൊന്നും ശരിയാവില്ല. വാടകക്കാര് വീട് നോക്കില്ല നശിപ്പിക്കും.” എന്നാണ് പറയുക. ഒരിക്കൽ അങ്ങനെ പറഞ്ഞപ്പോൾ ശ്രീകുമാർ പൊട്ടിച്ചിരിച്ചാണ് ചോദിച്ചത്.

“ദേവകിയേടത്യേ…. ആ തല്ലിപ്പൊളി വീട് ഇനി എന്ത് നശിപ്പിക്കാൻ. എങ്ങനെ നശിപ്പിക്കാൻ .”

ശ്രീയേട്ടാ എന്ന് ഒരു വിളിയും നോട്ടവും വഴി ജയ ആ സംസാരം അവിടെ നിർത്തിക്കു കയാണുണ്ടായത്.
ദേവകിയേടത്തിക്ക്
നാരായണൻ നായരുടെ പെങ്ങളുടെ മക്കൾ ആണ് ബന്ധുക്കൾ എന്ന് പറയാനുള്ളത്. അവർ ഇടയ്ക്ക് വരും. ദേവകിയേടത്തിക്കും അവരെ വലിയ കാര്യം തന്നെ.അവർക്ക് നല്ല സഹായവും ചെയ്യും. ഇനി ബന്ധുക്കളായി അവരല്ലേ ഉള്ളൂ എന്ന തോന്നൽ കൊണ്ടാകാമത്.

തണുത്തു തുടങ്ങിയ ചായ എടുത്ത് ഒറ്റ വലിക്ക് കുടിച്ച് ശ്രീകുമാർ കപ്പ് ടീപ്പോയിൽ തന്നെ വെച്ചു.പിന്നെ സിറ്റൗട്ടിൽ വന്ന് ഔട്ട് ഹൗസിലേക്ക് നോക്കി.
തിരക്കൊഴിഞ്ഞിട്ടില്ല. എഴര മണിയേ ആയിട്ടുള്ളൂ. വീണ്ടും അകത്തു കയറി ടി.വി.ഓഫ് ചെയ്തു.ബെഡ് റൂമിലെത്തി. പേന്റ് മാറ്റി ലുങ്കിയുടുത്തു. പിന്നെ ആ സമയം പതിവില്ലാത്ത വിധം കട്ടിലിൽ കയറി കിടന്നു.

ബുധനാഴ്ചയാണ് ശ്രീകുമാറിന് ഓപ്പറേഷൻ ദിവസം. അതിരാവിലെ പോയാൽ തിരിച്ചെത്താൻ നട്ടപ്പാതിരയാവും. അന്ന് ഭൂരിഭാഗം സമയവും തിയേറ്ററിലാവും.മൂന്നും നാലും കേസുകൾ കാണും. വളരെ അടിയന്തിര കേസുകളേ മറ്റ് ദിവസങ്ങളിൽ ഉണ്ടാവൂ. അതും ശനിയാഴ്ചയാണ് പതിവ്.ബാക്കി ദിവസങ്ങളിൽ പത്ത് മണിയോടെയേ ആശുപത്രിയിലെത്തൂ.ഓപ്പറേഷൻ കഴിഞ്ഞ രോഗികളേയും,
ഓപ്പറേഷൻ നിശ്ചയിച്ച രോഗികളേയും നോക്കും. മിക്കവാറും നാലു മണിയോടെ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തും.പിന്നെ നൂറു കൂട്ടം ഇടപാടുകൾ ഉണ്ട് പലതും ഓൺലൈനിലാണ്. പിന്നെ നാല് മെഡിക്കൽ ഷോപ്പുകൾ ,ടൗണിൽ ഷോപ്പിങ്ങ് കോംപ്ലക്സ്,തിയേറ്ററിൽ പാർട്ണർഷിപ്പ് തുടങ്ങി ഒട്ടേറെ തിരക്കുകൾ.അതിൽ പല കാര്യങ്ങൾക്കുമായി ചിലപ്പോൾ പുറത്തു പോവും . അത്തരം ദിവസങ്ങളിൽ തിരിച്ചു വരാനും വൈകും. ഇന്നിപ്പോൾ വ്യാഴാഴ്ചയാണ്. പതിവിനു വിപരീതമായി ഹോസ്പിറ്റലിൽ നിന്നാണ് വരുന്നത്.പതിവില്ലാത്ത വിധം ടെൻഷനിലുമാണിന്ന്.
മനസ്സാകെ എന്തൊക്കെയോ … അങ്ങനെ
പതിവുള്ളതല്ല. വളരെ പ്രാക്ടിക്കലാണ് . അനാവശ്യചിന്തകൾ ആകുലതകൾ അലട്ടാറില്ല. അലട്ടാൻ സമ്മതിക്കാറില്ല. എന്നാൽ ഇന്നിപ്പോൾ….

ജീവിതത്തിൽ എന്നും ആശ്വാസമായ ജയ ഒന്നു വന്നിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിക്കുന്നു ണ്ടയാൾ.
ഹോസ്പിറ്റലിൽ വെച്ച് ഉഷയുടെ “ശ്രീയേട്ടാ ” എന്ന വിളി.ശങ്കരേട്ടന്റെ ദയനീയ മുഖം.”ശ്രീക്കുട്ടാ “എന്ന കണ്ണുനിറച്ചുകൊണ്ടുള്ള വിളി. തളർന്നു പോയി. ഓർമ്മകൾ പുറകോട്ട് കുതിക്കുന്നു. പതിവുകൾ തെറ്റിച്ച് .അവണിക്കര പാലം കടന്ന് പച്ചപ്പു നിറഞ്ഞ പാടാക്കരയിലേക്ക്. ശ്രീകുമാർ കണ്ണുകൾ അടച്ചു കിടന്നു. ചിത്രങ്ങൾ തെളിയുകയാണ് ഇതുവരെ മനസ്സിൽ ഒരിക്കൽ പോലും കൂടുകൂട്ടാൻ അനുവദിച്ചിട്ടില്ലാത്ത പഴയ കാല ചിത്രങ്ങൾ.

സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments