1. പ്രമാദം = തെറ്റ്
പ്രമത്തൻ തെറ്റു പറ്റിയവൻ
അപ്രമത്തൻ തെറ്റു പറ്റാത്തവൻ.
പ്രമാദം വിവാദമുണ്ടാക്കിയ എന്ന അർത്ഥത്തിൽ പ്രയോഗിച്ചു കാണാറുണ്ട്.പ്രമാദമായകേസ്….
‘ റൊമ്പ പ്രമാദം ‘ എന്ന തമിഴ് പ്രയോഗത്തിൻെറ സ്വാധീനം ഈ പദത്തിനു കൈവന്നിട്ടുണ്ടെന്നു ശങ്കിക്കുന്നു.
2 കിംവദന്തി = എന്താണ് പറയപ്പെട്ടത്. കിം =ആര് ? എന്ത്? ഏത് എന്നൊക്കെ ചോദിച്ച് ആരോപറയുന്ന കാര്യം കേൾക്കുന്നവർ പരത്തുന്നതാണ് കിംവദന്തി.
കേട്ടുകേൾവി എന്നു പറയാം.നാം മലയാളീകരിച്ച് കിമ്പദന്തിയാക്കുന്നുണ്ട്.
ചോദ്യം :വാക്യത്തിൽ പ്രയോഗിക്കുക. കിംവദന്തി
ഒരു കിംവദന്തിയെ കൊന്ന് വഴിയരികിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത് ഞാൻ കണ്ടു എന്ന്
പഴയൊരു കുട്ടി !
3 കില്ലാടി = കളിച്ചും അലഞ്ഞും നടക്കുന്നവൻ, ചട്ടമ്പി……
ഹിന്ദിയിലെ ഖേൽ എന്ന പദത്തിൽ നിന്നായിരിക്കാം ഈ പദം ഭാഷയിൽ പ്രചുരപ്രചാരം നേടിയത്.
4. തുമ്പിക്കൈ
ആനയ്ക്ക് ചേരാത്ത പല വിശേഷങ്ങൾ മലയാളത്തിലുണ്ട്.
തുമ്പത്തുള്ള കൈ,തുമ്മുന്ന കൈ എന്നൊക്കെ അർത്ഥം…
(ആനയുടെ മൂക്കിൻ തുമ്പത്ത് കോപമില്ല. കൈയുണ്ട് !)
തുമ്പിക്ക് ആന എന്ന നാനാർത്ഥ പ്രയോഗവുമുണ്ട് .തുമ്പിയുടെ കൈ എന്നു തൽപുരുഷനിൽ സമാസിക്കാം.
പദങ്ങൾ രൂപപ്പെട്ട കാലവും ചരിത്രവും രസാവഹമാണ്.
സരസൻ എടവനക്കാട്✍