നമ്മുടെ സംസ്കാരം വളർത്തിയെടുത്ത ഒരു സവിശേഷമനോഭാവം ആത്മീയവാദമാണ്. സ്വജീവിതത്തിൽനിന്നു സുഖം നേടുന്നതിന്നുപകരം, സുഖംതേടിയലഞ്ഞുപോകുന്ന മനുഷ്യന് അത് അകത്തോ, പുറത്തോ എന്ന സംശയം ഉണ്ടാവുക സ്വാഭാവികം! കുട്ടിക്കാലത്തെ പരിചിതമായ നാട്ടുവഴികളിൽ, സന്തോഷം ആത്മനിഷ്ഠമാണ് എന്ന സ്വത്വദർശനത്തിൽ വിശ്വസിച്ചിരുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
ഞങ്ങളുടെ, കുട്ട്യോളുടെ, പ്രിയങ്കരനായ ചാമി!
ധർമ്മം, കർമ്മം ഇവയ്‌ക്കെല്ലാം ചതുരംഗപ്പലകയിലേതുപോലെ നിയതമായൊരു സ്ഥാനം ചാമിയുടെ മനസ്സിലുണ്ടായിരുന്നു എന്നുവേണം കരുതാൻ.
അധ:കൃതനാണെങ്കിലും അനിഷേദ്ധ്യമായൊരു ശക്തിയുണ്ട് ആ മുഖത്ത്.എല്ലാറ്റിനും ഭൂഷണമായി വറ്റാത്ത വിനയവും!
പേരുകേട്ട,പി. ടി. ബി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന,പി. ടി. ഭാസ്‌കരപണിക്കരുടെ തറവാടായ പൊതുവാട്ടിലും, എന്റെ വാര്യേത്തും, എന്നും ചാമിക്കു ഒരില ചോറുണ്ടാകും. അമ്പലത്തിലെ വഴിപാടായി കിട്ടുന്ന നെയ്പ്പാസത്തിന്റെയും പാൽപ്പായസത്തിന്റെയും പങ്ക് ഞങ്ങൾ കുട്ട്യോള്ടൊപ്പം, അമ്മ ചാമിക്കും മാറ്റിവെയ്ക്കും, ചാമി മധുരപ്രിയനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ. ഭഗവദ്സേവയുള്ള ദിവസങ്ങളിൽ കൊട്ടത്തേങ്ങ നെയ്യിൽ വറുത്തിട്ട നെയ്പ്പായസവും, ബ്രഹ്മരക്ഷസ്സ് പൂജയുള്ള ദിവസങ്ങളിൽ പാൽപ്പായസവും അന്ന് സർവ്വസാധാരണം.
“തമ്പ്രാട്ടീ.. അട്യേന് മധുരിക്കണത് ഇത്തിരി തോനെ വേണേ..”
‘പായസം ‘ എന്ന വാക്ക് ചാമിക്ക് അറിയാഞ്ഞിട്ടല്ല. എന്നാലും “മധുരിക്കണത് ” എന്നേ ഉപയോഗിക്കൂ.
ഊണുകഴിഞ്ഞാൽ പാത്രങ്ങളെല്ലാം കുളത്തിലെ വടക്കേകടവിൽ കൊണ്ടുപോയി കഴുകി വൃത്തിയാക്കി കമിഴ്ത്തും. വിറകടുപ്പിൽ വെച്ചു പുകഞ്ഞ ഏതു കരിപ്പാത്രമായാലും തേച്ചുമിനുക്കിവെട്ടിത്തിളക്കിക്കൊണ്ടുവരാൻ ഒരു പ്രത്യേകകഴിവാണ് ചാമിക്ക്!
കിളയ്ക്കാനോ, ശാരീരികാദ്ധ്വാനമുള്ള മറ്റു പണികൾക്കോ തീരേ താല്പര്യമില്ല പുള്ളിക്ക്. അതുകൊണ്ടുതന്നെ മറ്റുള്ളവരെപ്പോലെ കൂലിപ്പണി കിട്ടാത്തതിൽ പരാതിയോ, പരിഭവമോ ഒന്നുമില്ലതാനും. മകൾ ചിന്നമ്മുവിന്റെ ആടുകളുടെ വിശേഷങ്ങളുമായി ഞങ്ങൾ കുട്ടികളുടെ മുന്നിലിരിക്കാനാണ് ചാമിക്കിഷ്ടം. ചുരുക്കിപ്പറഞ്ഞാൽ, ഞങ്ങളുടെ ബാല്യത്തിന്റെ നിറച്ചാർത്തുള്ള സ്വപ്നങ്ങളിൽ, ജീവൻ തുടിക്കുന്നകഥാപാത്രങ്ങളായി മാറി, ചിന്നമ്മുവിന്റെ ‘ഗൗന്ദരി'(‘ഗൗരി’ എന്ന ആടിനെ ചാമി അങ്ങനെയാണ് വിളിക്കുന്നത് )യും,’അമ്മിണി’യും.
ചാമിക്കു നല്ലപോലെ അറിയാവുന്ന ഒരുജോലി തെങ്ങുകയറ്റമാണ്. തെങ്ങിന്റെ ഉച്ചിയിൽക്കയറിയിരുന്ന് നാട്ടുവിശേഷങ്ങൾ വിളിച്ചുകൂവും.
“ഈ വിഷു ഒന്നാന്തി എത്രാന്ത്യാ തമ്പ്രാ?”
ഇംഗ്ലീഷ് മാസം ഏതു തിയ്യതിയിലാണ് വിഷു വരുന്നത് എന്നാണ് അന്വേഷണം.
രാഷ്ട്രീയത്തിൽ പക്കാ കമ്മ്യൂണിസ്റ്റാണ് പുള്ളി. ഇ. എം. എസ്. തമ്പ്രാനെപ്പറ്റി പറയുമ്പോൾ നൂറു നാവാണ് ചാമിക്ക്.
“പോളിംഗ് ബൂത്തില് ചെല്ലുമ്പോ
പലപല ചിഹ്നം കാണുമ്പോ
മറക്കരുതാരും നമ്മുടെ ചിഹ്നം
അരിവാൾ ചുറ്റിക നച്ചത്രം ”
എന്നു നീട്ടിവലിച്ചു പാടുന്നത് അമ്പലം വലംവെച്ച്, ‘പരമശിവനേ’എന്നുരുവിട്ട്, ദീപസ്തംഭം തൊട്ടുതൊഴുന്ന ആളുതന്നെയോ എന്നു സംശയം തോന്നാം!
“ചാമ്യേ.. നീയ്യാ തേങ്ങയിട്ട് ഇങ്ട് എറങ്ങുണ് ണ്ടോ? എന്നിട്ട് മതി, പാട്ടും കൂത്തുമൊക്കെ.”
“ദേ.. കഴിഞ്ഞു തമ്പ്രാ ”
പറയണതും, തേങ്ങാക്കുല വെട്ടിത്തള്ളണതും ഒരുമിച്ച്. അതില് മൂത്തതും, മൂപ്പാവാത്തതും ഒക്കെണ്ടാവും.
തേങ്ങ കുലുക്കിനോക്കി അച്ഛൻ സങ്കടപ്പെടും.
“എന്തിനാന്റെ ചാമ്യേ ഈ ഇളനീരൊക്കെ വെട്ടിയിറക്ക്യേ?”
“അതു മൂത്തതാ തമ്പ്രാ ”
എന്നിട്ടൊരു വിഡ്ഢിചിരിയും.
“കുട്ട്യോൾക്ക് വെട്ടിക്കുടിക്കാലോ”
ഇപ്പോൾ തോന്നുന്നു, ആ ചിരി യഥാർത്ഥത്തിൽ വിഡ്ഢിയുടേതോ, അതോ വേദാന്തിയുടേതോ? ഏതാണ് മൂത്തത്, ഏതാണ് ഇളയത് എന്നു ആത്യന്തികമായി തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്?
ഗഹനമായ ഈ വേദാന്തതത്വം ലളിതമായ ഒരു ചിരിയിലൂടെ ബോദ്ധ്യപ്പെടുത്തിത്തന്ന ആ മനുഷ്യനെ ‘വേദാന്തി’എന്നല്ലാതെ മറ്റെന്തു വിളിക്കാൻ?
കാവിലെ പൂരം മുളയിട്ടാൽപിന്നേ ചാമിയെ കണികാണാൻ കിട്ടില്ല. ചങ്കരന്നായാടിയായി മാങ്ങോട്ടു കാവിലെയും, പരിയാനമ്പറ്റക്കാവിലെയും, പൂക്കോട്ടുകാളികാവിലെയും നിറസാന്നിദ്ധ്യമായിരുന്നു അയാൾ. പുള്ളിയുടെ നായാടിവേഷത്തിനുമുണ്ടൊരു പ്രത്യേകത. ചുവപ്പും, മഞ്ഞയും, പച്ചയും കലർന്ന വർണ്ണനാടകൾ അരയ്ക്കുചുറ്റും ചാർത്തി, കുട്ടികളെ മോഹിപ്പിക്കുന്ന തരത്തിലൊരു നായാടി!
“ആരുടെ ആരുടമ്മാ ചങ്കരന്നായാടി?
മാങ്ങോട്ടു നല്ലമ്മേടെ ചങ്കരന്നായാടി..”
പാട്ട് ദൂരെ കേൾക്കുമ്പോഴേക്കും പിള്ളേരോടിക്കൂടും. കൂടുതൽ ഇഷ്ടം തോന്നുന്ന അവസരങ്ങളിൽ ഒരു “ചാമി സ്പെഷ്യൽ ” നായാട്ടു വിളിയുമുണ്ട്.
“ചാത്താ.. കോരാ..
നമ്മുടെ.. തമ്പുരാന്റെ…
കുറിക്കല്യാണം…”
എന്നു തുടങ്ങുന്ന വരികളിൽ കൂട്ടുകാരെല്ലാം ഒത്തുചേർന്നു നടത്തുന്ന ഒരു പന്നിനായാട്ടിന്റെ ഊടും പാവും ചാമി അഭിനയിച്ചു ഫലിപ്പിക്കും. നായാട്ടുകാരന്റെ ക്രര്യവും വെടിയേറ്റുവീണ വീണ പന്നിയുടെ ഞരക്കങ്ങളും ചാമിയുടെ ശബ്ദത്തിലും, ഭാവഹാവാദികളിലും നിഴലിക്കും. കുട്ടികൾ ദുഖത്തോടെ പാവം പന്നിയുടെ നിലവിളിക്കു കാതോർക്കും.
ഓണമായാൽ ചാമിക്കും ഭാര്യ കാളിക്കും ഉത്രാടപ്പാട്ടുണ്ട്. ഉത്രാടനാളിൽ സൂര്യനസ്തമിച്ചുകഴിഞ്ഞാൽ പാട്ടിനു തുടക്കം കുറിക്കും.. വീടായവീടുമുഴുവൻ ഓണപ്പാട്ടുമായി കയറിയിറങ്ങും. നാട്ടുകാർ നൽകുന്ന കോടിമുണ്ടിലും,നാഴിയിൽ നിറച്ചുവെയ്ക്കുന്ന അരിയിലും, പണത്തിലുമാണ് അവരുടെ ഓണപ്പൂക്കളം വിരിയുന്നത്.. തിരുവോണത്തിനു ഒച്ചയടച്ചു, ഉറക്കം തൂങ്ങിയ മിഴികളോടെ പാണൻകുന്നിൽ വന്നുകയറുന്ന ചാമിയും കാളിയും അവരുടെ ഓണമൊരുക്കും!
എന്തു കിട്ടിയാലും സംതൃപ്തി!
കൂടുതൽ ചോദിക്കാതെ ചിരിച്ചുകൊണ്ട് ഇഷ്ടനാകുന്ന പ്രകൃതം!
നന്മയുടെ ഇത്തരം തേജോരൂപങ്ങൾക്കായി ഒരോ നാടും കാതോർക്കുന്നുണ്ടാവില്ലേ?
“ആത്മന്യേവാത്മനാ തുഷ്ടാ
സ്ഥിത പ്രജ്ഞ: ഉവച്യതേ ”
ഇതല്ലാതെന്തു പറയാൻ?