Saturday, September 7, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം - 6) 'അൽപം സംഘടനക്കാര്യം'. ✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം – 6) ‘അൽപം സംഘടനക്കാര്യം’. ✍ സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

അധ്യാപക സമ്മേളനം നടക്കുന്ന കാലം….
സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എല്ലാ വിദ്യാലയങ്ങൾക്ക് മുന്നിലും സംഘടനയുടെ പതാക നാട്ടണം . സ്കൂൾ വിട്ടതും സദാനന്ദൻ മാഷും രാജേന്ദ്രൻ മാഷും സ്കൂളിന്റെ മുൻവശത്തുള്ള പെട്ടിക്കടയുടെ അടുത്തേക്ക് നീങ്ങി .പെട്ടിക്കടയിൽ നിന്നും ഈ രണ്ട് ചെറുപഴം വാങ്ങി കഴിച്ചു. ഒരു സർബത്തും കുടിച്ചു.

‘ഇക്കാ ഒരു കമ്പിപ്പാരയോ കൈക്കോട്ടോ കിട്ടുമോ? ‘

രാജേന്ദ്രൻ മാഷ് വീരാൻ ഇക്കയോട് ചോദിച്ചു .

‘അല്ല , എന്താപ്പം മാഷന്മാര് കൃഷി പണീം തുടങ്ങീക്ക്ണോ ?

മുൻവശത്തെ പൊന്തമ്പല്ല് കാട്ടി ചിരിച്ചുകൊണ്ട് ഇക്ക ചോദിച്ചു .

‘എന്താ മാഷന്മാർക്ക് കൃഷിപ്പണി ചെയ്തുകൂടെ …?

നിൽക്കുന്ന സദാനന്ദൻ മാഷേ, നാട്ടിൽ ചെന്നാൽ കൈക്കോട്ടുമായി തോട്ടത്തിലേക്ക് ഇറങ്ങും..
നല്ല കൃഷിക്കാരനാണ് പുള്ളി.

‘ആഹാ…… ങ്ള് കൊള്ളാലോ..! ‘

ഇക്ക വീണ്ടും ചിരിച്ചു.

‘ന്റെ ഇക്ക, ഞങ്ങള് മാഷന്മാരുടെ സംഘടനയുടെ സമ്മേളനം അടുത്താഴ്ച പെരിന്തൽമണ്ണയിൽ വെച്ച് നടക്കുവാ…
അതിനോടനുബന്ധിച്ച് എല്ലാ സ്കൂളിന് മുന്നിലും സംഘടനയുടെ ഒരു കൊടി നാട്ടണം .
അതിന് വേണ്ടിയാ കമ്പിപ്പാര അന്വേഷിച്ചത്..’

സദാനന്ദൻ മാഷ് പറഞ്ഞു.

‘ഓ ..ഓ..അതാ പ്പം കാര്യം ല്ലേ? ..

അപ്പോഴേക്കും നാട്ടുകാരായ കുറച്ചുപേർ അവിടേക്ക് വന്നു.

‘ന്താ മാഷന്മാരും വീരാനിക്കയും തമ്മിൽ ഒരു തർക്കം ?

കരീം ചോദിച്ചു.

‘ഏയ്.. ഒരു തർക്കോം ഇല്ലെന്നേ.. മഷന്മാരുടെ സമ്മേളനത്തിന് സ്കൂളിന്റെ മുന്നിൽ ഒരു കൊടി നാട്ടണം. ഈ വെട്ടുകല്ലിൽ കുയി ണ്ടാക്കണംച്ചാൽ കമ്പിപ്പാര തന്നെ വേണം…’

വീരാൻകുട്ടി പറഞ്ഞു.

‘അത്രയേ ഉള്ളോ
മാഷന്മാർ കഷ്ടപ്പെട്ട് കുഴി കുത്തേണ്ട. ഞങ്ങളൊക്കെ ല്ലേ ഇവിടെ…ഞങ്ങൾ കുഴികുത്തി തരാം. കമ്പിപ്പാര എന്റെ വീട്ടിൽ ഉണ്ട്.’

കരീം വേഗം പോയി കമ്പിപ്പാരയും മുള വടിയുമായി തിരിച്ചുവന്നു. രാജേന്ദ്രൻ മാഷ് പറഞ്ഞ സ്ഥലത്ത് അവർ കുഴി കുത്താൻ തുടങ്ങി .

‘ഇക്കാ… ത്ത് രി വെള്ളം വേണോല്ലോ….
താഴ്ണില്ല..’

കരീം പറഞ്ഞു.

ഇക്ക വെള്ളം ഒഴിച്ചു കൊടുത്തു.

‘എത്ര നല്ല മനുഷ്യർ!
ഇല്ലേ മാഷേ? ‘

സദാനന്ദൻ മാഷ് രാജേന്ദ്രൻ മാഷിന്റെ മുഖത്തുനോക്കി ശബ്ദം താഴ്ത്തി പറഞ്ഞു .
ഇതു കേട്ടതും മാഷ് ഒറ്റ ചിരി..

‘എന്താ മാഷേ ചിരിച്ചത്?..’

‘ഞാൻ ചിരിക്കാൻ തക്കവണ്ണം എന്തെങ്കിലും പറഞ്ഞോ?

‘ഏയ് തനിക്ക് കുറെ കഴിയുമ്പോൾ മനസ്സിലായിക്കൊള്ളും….’

പത്ത് മിനിറ്റ് കൊണ്ട് കുഴികുത്തി അവർ മുളവടി നാട്ടി.

‘മാഷേ, ഇനി കൊടി തരൂ..
ഞങ്ങൾ കെട്ടിത്തരാം. ‘

നാട്ടുകാരിൽ ഒരാൾ പറഞ്ഞു . സദാനന്ദൻ മാഷ് ബാഗിൽ നിന്നും സംഘടനയുടെ ചുവന്ന നിറമുള്ള കൊടി പുറത്തെടുത്തു.. പെട്ടെന്നാണ് അത് സംഭവിച്ചത്.!..

അവിടെ കൂടിയ നാട്ടുകാരുടെ മുഖം മങ്ങി..
തെളിഞ്ഞ ആകാശത്തിലേക്ക് പെട്ടെന്ന് കാർമേഘങ്ങൾ ഓടിയെത്തിയ പോലെ…
എല്ലാവരുടെ മുഖഭാവം വല്ലാതെ ഇരുണ്ടതായിത്തീർന്നു..
അവർ ഓരോരുത്തരായി അവിടെ നിന്നും നീങ്ങി നീങ്ങിപ്പോയി…

സംഭവിച്ചത് എന്ത് എന്ന് അറിയാതെ സദാനന്ദൻ മാഷ് അന്തം വിട്ടു നിന്നു..!

രാജേന്ദ്രൻ മാഷ് മുളയിൽ കൊടി കെട്ടിക്കൊണ്ട് വീണ്ടും ചിരിച്ചു.

‘ഞാൻ നേരത്തെ എന്തിനാണ് ചിരിച്ചത് എന്ന് മാഷിന് ഇപ്പോൾ മനസ്സിലായോ?..’

രാജേന്ദ്രൻ മാഷ് ചോദിച്ചു …

‘എനിക്കറിയാമായിരുന്നു, കൊടി കാണുമ്പോൾ അവർ വേഗം സ്ഥലം വിടും എന്ന് .
മാഷേ, മാഷ് ഇവിടെ വന്നിട്ട് കുറച്ചുനാൾ അല്ലേ ആയുള്ളൂ ? ഞാൻ പതിനഞ്ചു വർഷമായി ഈ നാട്ടിൽ വന്നിട്ട്!
ഈ നാടിന്റെ ഓരോ ചലനവും എനിക്കറിയാം..
ഒരു പത്ത് വർഷം മുമ്പ് ആയിരുന്നെങ്കിൽ ഈ കൊടി സ്കൂളിന്റെ മുന്നിൽ കെട്ടാൻ പോലും അവർ സമ്മതിക്കില്ലായിരുന്നു…
അവരെ പറഞ്ഞിട്ട് കാര്യമില്ല.
അവർക്ക് ഒരു നിറം മാത്രമേ അറിയൂ . മറ്റു നിറങ്ങൾ അവർക്ക് ഇഷ്ടമല്ല..മറ്റ് നിറങ്ങളെക്കുറിച്ച് അവർക്ക് അറിയില്ല, എന്ന് പറയുന്നതാവും ശരി ..
വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിൽക്കുന്ന പ്രദേശം ആണ് ഇവിടം. ‘

‘പത്താം ക്ലാസ് കഴിഞ്ഞാൽ നിങ്ങൾക്ക് ആരാകാനാണ് ആഗ്രഹം എന്ന് ഞാൻ കുട്ടികളോട് ചോദിച്ചു .അപ്പോൾ ആൺകുട്ടികളിൽ ഭൂരിഭാഗവും പറഞ്ഞത് ഗൾഫിൽ പോകണമെന്നാണ്…’

സദാനന്ദൻ മാഷ് ഇടയ്ക്ക് കയറി പറഞ്ഞു.

‘അതെ, പെൺകുട്ടികൾ ആണെങ്കിൽ നിക്കാഹ് കഴിയും.
പഠിക്കുവാൻ ആഗ്രഹമുണ്ടായിട്ടും പഠനം നിർത്തേണ്ടിവരുന്ന എത്രയെത്ര മിടുക്കികൾ …!
ആൺകുട്ടികളിൽ ഭൂരിഭാഗവും പത്താം ക്ലാസ് കഴിഞ്ഞാൽ എന്തെങ്കിലും ജോലി തേടി പോവുകയായി…
അവധിക്കാലത്ത് കോഴിക്കോട് ടൗണിൽ പോയി ഹോട്ടൽ ജോലി ചെയ്യുന്ന എത്ര കുട്ടികൾ ഇവിടെ ഉണ്ടെന്നോ!

‘ഹോട്ടൽ പണിക്കോ ? നമ്മുടെ കുട്ടികളോ….?

സദാനന്ദൻ മാഷിന് വിശ്വസിക്കാനായില്ല…
അതെ, ഹോട്ടൽ പണിക്ക് ….’

‘കഴിഞ്ഞ മാസം ഞാൻ കോഴിക്കോട് വരെ പോയിരുന്നു.
ഊണ് കഴിക്കാൻ ബസ് സ്റ്റാൻഡിന്റെ എതിർവശത്തെ ഒരു ഹോട്ടലിൽ കയറി .
മേശപ്പുറം ക്ലീൻ ചെയ്തിരുന്നില്ല.’

‘എടാ ആ മേശപ്പുറം വേഗം ക്ലീൻ ചെയ്യൂ…’

മാനേജർ ഉറക്കെ വിളിച്ചുപറഞ്ഞു ..

ഏതാണ്ട് പന്ത്രണ്ടു വയസ്സ് ഉള്ള ഒരു കുട്ടി ഒരു കൈ കൊണ്ട് മുഖം മറച്ചു കൊണ്ട് മേശപ്പുറം തുടച്ചു.

‘എന്താടാ നിനക്ക് ശ്വാസം മുട്ടുന്നുണ്ടോ… രണ്ടു കൈകൊണ്ടും വേഗം തുടയ്ക്കെടാ …

മാനേജർ വീണ്ടും പറഞ്ഞു.

മേശപ്പുറം തുടയ്ക്കുന്നതിനിടെ അവന്റെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി!
നമ്മുടെ ഏഴാം ക്ലാസിലെ ബഷീർ!
ഇതാണ് ഇവിടുത്തെ അവസ്ഥ!
കുട്ടികൾ ആയാലും മുതിർന്നവർ ആയാലും എന്ത് ജോലിയും ചെയ്യും …
ഇവിടെ അല്ലെങ്കിൽ ഗൾഫ് നാടുകളിൽ പോയി കൂലിപ്പണി ചെയ്തെങ്കിലും അവർ കാശുണ്ടാക്കും.

പെൺകുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയിട്ട് തന്നെ അധികം കാലം ആയിട്ടില്ല. അതും സർക്കാർ സ്കോളർഷിപ്പ് കൊടുക്കുന്നത് കൊണ്ട് മാത്രം !.’

‘ ഈ അവസ്ഥ എന്നെങ്കിലും മാറുമോ,..? ‘

‘തീർച്ചയായും മാറും…
പഠനത്തിനും ജോലിക്കും സർക്കാർ സംവരണം ഏർപ്പെടുത്തിരിക്കുന്നത് പിന്നാക്കം നിൽക്കുന്ന വിഭാഗത്തെ മുന്നോട്ട് കൊണ്ടുവരാൻ വേണ്ടി തന്നെയാണ്. ഇപ്പോൾ ആശാവാഹമായ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്.
കാലങ്ങൾ കഴിയുമ്പോൾ പത്താം ക്ലാസിലും ഉന്നത വിദ്യാഭ്യാസ രംഗത്തും ഏറ്റവും കൂടുതൽ മിടുക്കർ ഉയർന്നുവരുന്നത് ഈ ജില്ലയിൽ നിന്നും ആയിരിക്കും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല ….’

ഉയർന്ന വിദ്യാഭ്യാസം നേടിക്കഴിഞ്ഞാൽ തീർച്ചയായും അവരുടെ ജീവിത ചുറ്റുപാട് തന്നെ മാറും ഉറപ്പ്..
രാജേന്ദ്രൻ മാഷ് പറഞ്ഞു നിർത്തി.

‘സമയം കുറെ ആയി , നമുക്കു പോകണ്ടേ..?’

സദാനന്ദൻ മാഷ് ഓർമ്മപ്പെടുത്തി.

‘ങാ… ശരിയാണല്ലോ … സമയം പോയത് അറിഞ്ഞില്ല.’

അവർ മെല്ലെ നടന്നു.
രാജേന്ദ്രൻ മാഷ് മടിയിൽ നിന്നും ഒരു ദിനേശ് ബീഡി എടുത്ത് തീ കൊളുത്തി.

‘നിങ്ങൾക്ക് ഇതൊന്നു നിർത്തിക്കൂടെ മാഷേ..?’

രാജേന്ദ്രൻ മാഷ് ചുണ്ടുകൾ വിടർത്താതെ ചിരിച്ചു ..
അതിൽ ഒരു കുസൃതി കലർന്നിരുന്നു…

‘നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് ഒരു ബീഡി, അല്ലെങ്കിൽ ഒരു കട്ടൻ ചായ..
ഇതൊക്കെ ആണെടോ…
തനിക്കത് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല..

പറിങ്കിക്കാട്ടിലെ വളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലേക്ക് പ്രവേശിച്ചു കൊണ്ട് രാജേന്ദ്രൻ മാഷ് പറഞ്ഞു..

✍ സജി ടി. പാലക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments