പൊതുപ്രവർത്തകൻ, അഭിഭാഷകൻ സ്വാതന്ത്ര്യ സമര സേനാനി, ഭരണതന്ത്രജ്ഞൻ, ഉജ്വല വാഗ്മി, സാഹിത്യാസ്വാദകൻ, സാംസ്കാരിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, പത്രാധിപർ, ഭരണഘടനാ വിദഗ്ദ്ധൻ തുടങ്ങി സമസ്ത മേഖലകളിലും വിരാജിച്ച വിസ്മയ വ്യക്തിത്വത്തിന്റെ ഉടമയായ പനമ്പിള്ളി ഗോവിന്ദമേനോൻ .
ഒക്ടോബർ 1 ന് ചാലക്കുടിയ്ക്കടുത്ത് കല്ലൂർ വടക്കും മുറിവില്ലേജിൽ കക്കാട് ഗ്രാമത്തിൽ ‘കളത്തിൽ പനമ്പിള്ളി ‘എന്ന കർഷക കുടുംബത്തിൽ മാധവിയമ്മയുടെയും കുമ്മരപ്പിള്ളി കൃഷ്ണ മേനോൻറെയും മകനായാണ് ഗോവിന്ദമേനോൻ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസ കാലത്ത് ഗാന്ധിജിയുടെ വിദേശവസ്ത്ര ബഹിഷ്ക്കരണാഹ്വാനങ്ങളിൽ ആകൃഷ്ടനായി സഹപാഠികളേയും കൂട്ടി സ്കൂളിന് മുന്നിലുള്ള റോഡിൽ വിദേശവസ്ത്രങ്ങൾ കൂടിയിട്ട് കത്തിച്ചു.
ചാലക്കുടി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മഹാകവി രവീന്ദ്രനാഥ ടാഗോർ ആലുവയിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ ചാലക്കുടി വഴി വരുന്നതായി അറിഞ്ഞ് ചാലക്കുടി റയിൽവേ സ്റ്റേഷ നിൽ സുഹൃത്തുക്കളേയും കൂട്ടി ടാഗോറിനെ
കാണാൻ പോയതിനെ തുടർന്ന് സ്കൂളിൽ നിന്ന് പുറത്ത് നിൽക്കേണ്ടി വരികയും ചെയ്തത് പനമ്പിള്ളിയുടെ സ്കൂൾ ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളാണ്.
തൃശൂർ സെൻറ് തോമസ് കോളേജ്, തൃശ്ശിനാപ്പിള്ളി സെൻറ് ജോസഫ്സ് കോളേജ് മദിരാശി ലോ കോളേജ് എന്നിവിടങ്ങളിലെ പഠനം പൂർത്തിയാക്കിയതിന് ശേഷം പനമ്പിള്ളി ഇരിങ്ങാലക്കുടയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുകയും തൊഴിൽ മേഖലയിൽ നിരവധി ഇടപെടലുകൾ നടത്തി തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിച്ചത് ഭാരതചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായിരുന്നു .ബാങ്ക് ദേശസാൽക്കരണം. പാർലമെന്റിൽ വിജയകരമായി ബിൽ പൈലറ്റു ചെയ്തത് പനമ്പിള്ളി ഗോവിന്ദമേനോനായിരുന്നു.
നിരവധി ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് താങ്ങും തണലുമായി അദ്ദേഹം പ്രവർത്തിച്ചു. ലോകം ശ്രദ്ധിച്ച നിയമമന്ത്രിയായിരുന്നു പനമ്പിള്ളി. ദേശീയ തലത്തിൽ പ്രവർത്തിക്കുമ്പോഴും കേരളത്തോടും മലയാളികളോടും സവിശേഷമായ സ്നേഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര നിയമമന്ത്രിയായിരിക്കെ ലാ മിനിസ്ട്രിയിൽ വന്ന ബഹുഭൂരിപക്ഷം ഒഴിവുകളിൽ മലയാളികളെ നിയമിച്ചത് ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയിട്ടും അദ്ദേഹം കാര്യമാക്കിയില്ല.
മൂന്നു മാസക്കാലം റെയിൽവേ വകുപ്പിന്റെ ചുമതല പനമ്പിള്ളി വഹിച്ച അവസരത്തിലാണ് ബോബെ, ഡൽഹി, കൽക്കത്ത എന്നീ വൻ നഗരങ്ങളിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് തീവണ്ടി സർവ്വീസ് തുടങ്ങിയത്. ‘ വ്യവസായങ്ങളുടെ പാർലമെൻററി കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച അവസരത്തിൽ കേരളത്തിൽ ഇന്ന് തലയെടുപ്പോലെ നിൽക്കുന്ന പല വ്യവസായ സംരംഭങ്ങളും കൊണ്ടുവരാൻ അദ്ദേഹം പ്രവർത്തിച്ചു. മൂന്നാം ധനകാര്യ കമ്മീഷനിൽ അംഗമായിരിക്കെ, കേരളത്തിന്റെ കേന്ദ്രവിഹിതം ഒന്നരയിരട്ടി വർദ്ധിപ്പിച്ചത് രാഷ്ട്രീയത്തിൽ പനമ്പിള്ളിയുടെ ബദ്ധവൈരിയായ ഇ.എം.എസ്.നമ്പൂതിരിപ്പാട് നന്ദിയോടെ അനുസ്മരിച്ചിട്ടുണ്ട്.
ഗ്രന്ഥശാല സംഘം പ്രസിഡൻറായിരുന്നു പനമ്പിള്ളി. സംഘത്തിന്റെ സുവർണ കാലഘട്ടമായിരുന്നു ഇക്കാലമെന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം ശ്രദ്ധേയമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരുന്നു.
ഇച്ഛാശക്തിയുടെയും കര്‍മ്മകുശലതയുടെയും പര്യാപ്തമായി മാറിയ പനമ്പള്ളി ഗോവിന്ദമേനോൻ 1970 മേയ് 23ന് 64ആം വയസ്സിൽ അന്തരിച്ചു. ചരിത്രവഴികളിൽ വെളിച്ചമായ് നിന്ന ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🙏
അവതരണം: അജി സുരേന്ദ്രൻ✍