എങ്ങനെയുണ്ട് മഴക്കാലം ? ഓണമെത്തിയിട്ടും മഴ മാറാനുള്ള ലക്ഷണമില്ല.
മഴയും വെയിലും കൂടിക്കലർന്ന് ആകെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. പുതിയ മാസത്തിൻ്റെ
പുതുമയും നനഞ്ഞു കുതിരുന്നു. ഏതായാലും ഈ കാലാവസ്ഥ മാറി പൂക്കാലത്തിലേക്ക് നമ്മൾ പ്രവേശിക്കുക തന്ന ചെയ്യും.
ഇനി നമുക്ക് രണ്ടു ശൈലികൾ പരിശോധിക്കാം.
1. ഓണമുണ്ടവയർ ചൂളംപാട്ടുക
വലിയ സമൃദ്ധിക്കുശേഷം ദാരിദ്ര്യം അനുഭവിക്കേണ്ടിവരുമ്പോഴാണ് ഈ ശൈലി ഉപയോഗിക്കാറുള്ളത്.
ആഘോഷത്തോടെയുള്ള ഓണ നാളുകൾക്കുശേഷം പട്ടിണി കിടക്കേണ്ട അവസ്ഥ. അനാവശ്യമായ ആഢംബരം അതിപരിതാപകരമായ താഴ്ചയിലേയ്ക്ക് വീഴ്ത്തുമെന്ന് സാരം.
വയറ്റിലൊന്നുമില്ലാതിരിക്കുമ്പോൾ വയറിൽ നിന്നുമുണ്ടാകുന്ന ശബ്ദമാണ് ചൂളംപാടുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഓണമുണ്ട വയറേ ചൂളംപാടിക്കെട എന്നുള്ള പഴമക്കാരുടെ പരിഹാസമാണ് ശൈലിയായി മാറിയത്.
ഉദാ: പൊടിപൊടിച്ച കല്യാണത്തിനു ശേഷം ഓണമുണ്ടവയർ ചൂളംപാടുന്ന അവസ്ഥയിലായി വീട്ടുകാർ.
2) ഓണം വരാതൊരു മൂലം വേണം.
എന്തു നടക്കുമ്പോഴും തീർച്ചയായും അതിതൊരു കാരണവുമുണ്ടാകണം എന്നു സൂചിപ്പിക്കുന്നതാണ് ഈ ശൈലിയുടെ അർത്ഥം.
തിരുവോണത്തിന് മൂന്നു ദിവസം മുമ്പാണ് മൂലം നക്ഷത്രമെത്തുന്നത്. ഓണത്തിനു കാരണമായി മൂലമെത്തുന്നു എന്ന് സാരം. ഓണാഘോഷത്തിൻ്റെ ഒരുക്കങ്ങളുടെ ആരംഭം മൂലം മുതലാണല്ലോ. ഈ ശൈലിയുടെ ഉറവിടം ഇവിടെ നിന്നാണ്.
ഉദാ: ഓണം വരാനൊരു മൂലം വേണമെന്നു പറഞ്ഞതുപോലെ വള്ളം മറിയുമ്പോൾ ഒരു ചെറിയ കാറ്റേ വന്നുള്ളൂ.
ഇനിയിപ്പോൾ നിങ്ങൾക്കു രുചിച്ചു നോക്കാൻ ഞാൻ എഴുതിയ ദാേശച്ചമ്മന്തി വിളമ്പുകയാണ്
ദോശച്ചമ്മന്തി
+++++++++++
ഉപ്പെട്, മുളകെട്, ഉലുവയെട്
വേപ്പിലച്ചപ്പുകൾ കൂടെയിട്,
ഉള്ളിയും തേങ്ങയും ലേശമിട്,
കല്ലിലു വെച്ചതരച്ചു കൊട്,
ചട്ടിയിലെണ്ണയിൽ കടുകുമിട്,
പൊട്ടണ നേരത്തരവുമിട്,
മൂക്കില് ചമ്മന്തി മണമടിക്കും
വായില് കൊതിക്കടൽ തിരയടിക്കും.
ദോശയൊരഞ്ചെണ്ണ
മെടുത്തു വയ്ക്ക്
ചമ്മന്തി കൂട്ടിക്കുഴച്ചടിക്ക് .
——————————————
മാഷിന്റെ ദോശച്ചമ്മന്തിക്ക് രുചിയുണ്ടോ? മനസ്സിൽ ആ രുചി തങ്ങി നില്ക്കുമ്പോൾത്തന്നെ മറ്റൊരു നല്ല വിഭവം തരാം. എന്റെ പ്രിയ സുഹൃത്തും അയൽക്കാരനുമായ ശ്രീ.പി.എൻ വിജയൻ എഴുതിയ നല്ലൊരു കഥ. മലയാളത്തിലെ പ്രസിദ്ധ കഥാകൃത്തായ അദ്ദേഹം മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള കരിക്കാട് ഗ്രാമ നിവാസിയാണ്.
മദ്ധ്യപ്രദേശ്, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ റയിൽവേ സ്ക്കൂളുകളിൽ അധ്യാപകനായിരുന്നു. വിജയന്റെ കഥകൾ തമിഴ്, കർണാടക, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതപ്പുഷ, ശ്വാസകോശത്തിൽ ഒരു ശലഭം, സിന്ദൂരപ്പൊട്ടുതൊട്ട അതിഥി
മറ്റൊരിടത്തു വീണ്ടും, തെരഞ്ഞെടുത്ത കഥകൾ, കവിതായനം, ഭാരതീയം.
തർപ്പണം, പന്ത് ഉരുളുകയാണ്. അനാഥം, സന്തുഷ്ടനിഴലുകളുടെ നടനം, ഭഗവദ്ഗീത നങ്ങേമക്കുട്ടി തുടങ്ങി ധാരാളം കഥ – കവിത – നോവൽ -വിവർത്തന – ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചന്ദ്രികാ നോവൽ അവാർഡ്, യോഗക്ഷേമം സംസ്ഥാനകഥാ അവാർഡ്,
ചെറുകാട് ട്രസ്റ്റ് കവിതാ സമ്മാനം, ബംഗ്ലൂർ മലയാളി സമാജത്തിന്റെ
കഥാരംഗം അവാർഡ്, മദിരാശി കേരളസമാജത്തിന്റെ കവിതാ അവാർഡ്,
ഊട്ടി തമിഴ് ഇലക്കിയ സമാജത്തിന്റെ തക്താ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള വിജയൻ മാഷ് കുട്ടികൾക്ക് നല്കുന്ന കഥ അദ്ദേഹം ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നപ്പോൾ എഴുതിയതാണ്. ആ കഥയാണ് താഴെ.
+++++++++++++++++++
+++++++++++++++++++++
വിചാരം ഫലിച്ചു
———————
മനസ്സിൽ വിചാരിക്കുന്നതൊക്കെ അതേപടി നടക്കുന്ന ഒരുദേശത്തെപ്പറ്റിയോ ഒരുകാലത്തെപ്പറ്റിയോ നിങ്ങൾ ആലോചിച്ചു . നോക്കിയിട്ടുണ്ടോ?. അതു വലിയ അപകടമാവാനാണ് ഏറെ സാദ്ധ്യത. അക്കാര്യം തെളിയിക്കുന്നൊരു കഥ പറയാം.
വിചാരപുരി എന്നാെരു ദേശമുണ്ടായിരുന്നു. അവിടത്തെ വിചാരവീഥിലൂടെ ഒരുപരദേശി നടന്നു വരികയായിരുന്നു. അയാൾ നടന്നുനടന്നു തളർന്നപ്പോൾ വെറുതെ വിചാരിച്ചു. അടുത്തെങ്ങാനും ഒരുതണൽമരമുണ്ടായിരുന്നെങ്കിൽ…
ഉടനെ അതാ വഴിയോരത്ത് ഒരു ആൽമരം.
ഇവിടെയൊരു ആൽത്തറകൂടി ഉണ്ടായിരുന്നെങ്കിൽ.. അയാൾ വിചാരിച്ചതേയുള്ളു ആ ആലിനുചുറ്റും നല്ലൊരു തറ.
ഒരു പുൽപ്പായകുടി കിട്ടിയിരുന്നെങ്കിൽ…..
ഉടനെ ആൽത്തറയിൽ ഒരു പുൽപ്പായ പ്രത്യക്ഷപ്പെട്ടു.
അയാൾ അതിൽ കയറിയിരുന്ന് വിശ്രമിക്കാൻ തീരുമാനിച്ചു.
ഇനി ഭക്ഷണം വല്ലതും കിട്ടിയിരുന്നെങ്കിൽ…
അതാ അയാൾക്കു മുന്നിൽ ഒരു പാത്രം നിറയെ പഴങ്ങളും പലഹാരങ്ങളും ഒരു ഗ്ലാസു നിറയെ പാലും … എല്ലാം അയാൾ വിചാരിച്ചതുപോലെ തന്നെ.
എല്ലാം കഴിച്ചു തൃപ്തിയായപ്പോൾ ഏമ്പക്കവും വിട്ട് അയാൾ അവിടെ കിടന്നു. വീശിത്തരുവാൻ അരികത്ത് ഒരു സുന്ദരികൂടി ഉണ്ടായിരുന്നെങ്കിൽ…
അടുത്ത നിമിഷം അത്ഭുതമെന്നു പറയട്ടെ അതും സംഭവിച്ചു. ഒരു വിശറിയുമായി സുന്ദരിയായ ഒരു യുവതി അടുത്തുവന്നിരുന്നു. അവൾ വീശുന്നതിന്നിടയിൽ അയാൾ വിചാരിച്ചപോലെ മുറുക്കാനുള്ള വെറ്റില നൂറുതേച്ച് അടക്കയും പുകയിലയും എടുത്ത് ഒരുക്കുന്നു.
അങ്ങനെ നർമ്മസല്ലാപവുമായി സന്തോഷത്തോടെ അയാൾ മലർന്നുകിടക്കുമ്പോൾ മുകളിലെ ആൽമരത്തിലെ ഇലകൾ കാറ്റത്ത് ഇളകാൻ തുടങ്ങി.
ഈ കാറ്റ് കനത്ത് ഈ മരമെങ്ങാൻ എൻ്റെ മേൽ വീണാൽ….
അയാൾ വിചാരിച്ചതുപോലെ അടുത്തനിമിഷത്തിൽ അതും സംഭവിച്ചു.
അയാൾ അതിനടിയിൽപ്പെട്ടു മരിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇങ്ങനെയെല്ലാം വിചാരിക്കാൻ ആർക്കും തോന്നരുതേ എന്നും വിചാരിച്ചതെല്ലാം ഫലിക്കാനിടവരരുതേ എന്നും തൽക്കാലം നമുക്ക് വിചാരിക്കാം.
……………………………………………………………………………..
വിജയൻ സാറിന്റെ വിചാരക്കഥ രസകരമാണ് അല്ലേ? ഇനി നമുക്കാെരു കുഞ്ഞിക്കവിത പാടാം. ധന്യ എം ബി യാണ് കവിതയുമായി എത്തിയിരിക്കുന്നത്.
തൃശൂരിലെ കുട്ടനെല്ലൂരി കാരിയാണ് ധന്യ.എം.ബി.
കുട്ടികൾക്കു വേണ്ടിയുള്ള ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്. പ്രിന്റ് ഹൗസ് പ്രസിദ്ധീകരിച്ച 55 എഴുത്തുകാരുടെ കഥകൾ എന്ന പുസ്തകത്തിലും ശ്രീ. എ.ബി.വി കാവിൽപ്പാട് സമാഹരിച്ച് H&C പ്രസിദ്ധീകരിച്ച
888 അക്ഷരപ്പാട്ടുകൾ എന്ന പുസ്തകത്തിലും രചനകളുണ്ട്. ഇപ്പോൾ തിരുവനന്തപുരം ഗവ. സെക്രട്ടേറിയറ്റിൽ സെക്ഷൻ ഓഫിസറായി ജോലി ചെയ്യുകയാണ്.
ചക്കക്കാലം കഴിഞ്ഞാലും നമുക്ക് ചക്ക നമുക്കെല്ലാം നല്ല മധുരമായ ഓർമ്മയാണ്. ചക്കക്കാലത്തെ നല്ലൊരു ചിത്രമുണ്ട് ധന്യ എം.ബി യുടെ ഈ കവിതയിൽ .
+++++++++++++++++++++
++++++++++++++++++++++
ചാക്കുണ്ണിയേട്ടന്റെ ചക്ക
——————————-
ചാക്കുണ്ണിയേട്ടൻ ചക്കയിട്ടു നല്ലോണം
മൂത്ത വരിക്കച്ചക്ക.
ചാക്കു വിരിച്ച് നിവർത്തിയിട്ടു..
വാക്കത്തികൊണ്ട് മുറിച്ചെടുത്തു.
പാതിയെടുത്തു വറുത്തുകോരി,
പാതിയെടുത്തെരിശ്ശേരി വെച്ചു.
ചക്കക്കുരു കൊണ്ട് തോരൻ വെച്ചു
ചക്കമടലെല്ലാം പൈക്കൾക്കിട്ടു.
ചക്കയരക്കാേ മുള്ളിൽ ചുറ്റി,
വാക്കത്തീലെണ്ണയും തേച്ചു വെച്ചു.
ചാക്കുണ്ണി ചക്ക മുറിച്ചിടത്ത്
ചക്കച്ചകിണി പോലുമില്ല.
………………………………………………
ചക്കയും ചാക്കും ചാക്കുണ്ണിയും കൂടിച്ചേർന്ന ചക്കപ്പാട്ട് നന്നായിട്ടുണ്ട്.
ചക്ക തിന്ന ഒരു സുഖമൊക്കെ തോന്നുന്നുമുണ്ട്.
മഴക്കാലമങ്ങനെ തകർക്കുകയാണ്.
ഇന്ന് മിഥുനമഴയും നനഞ്ഞു കൊണ്ട് കഥ പറയാൻ ഓടിയെത്തുന്നതാരാണ്?
തൃശ്ശൂർ ജില്ലയിലെ പാർളിക്കാട് ജനിച്ച ഹേമ ആനന്ദ് ടീച്ചറാണ്.ഇപ്പോൾ മലപ്പുറം ജില്ലയിലെ പൂങ്ങോടെന്ന ഗ്രാമത്തിലെ മരുമകളാണ് ടീച്ചർ.
വാണിയമ്പലം ഹൈസ്കൂളിലും നിലമ്പൂർ ലിറ്റിൽഫ്ലവർ ഹൈസ്കൂളിലുമായി വർഷങ്ങളോളം IT Teacher.. ആയും പിന്നീട് വാണിയമ്പലം St.Francis school ൽ Science Teacher ആയി ജോലി ചെയ്തു. .. ചില സാഹചര്യങ്ങളാൽ ജോലി വേണ്ടെന്നുവയ്ക്കേണ്ടിവന്നു.
കുട്ടികൾക്ക് അക്ഷരപ്പാട്ടുകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
ശ്രീ. ABV കാവിൽപ്പാട് മാഷിന്റെ നേതൃത്വത്തിലിറങ്ങിയ ബാലകവിതാസമാഹാരങ്ങളിലും ആകാശവാണിയിലും ആനുകാലികങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില നവീനവൃത്തങ്ങൾ ചിട്ടപ്പെടുത്തി.. നിത്യവും പ്രത്യൂഷകീർത്തനവും സന്ധ്യാവന്ദനവും എഴുതാറുള്ള ഹേമ ടീച്ചർ പറയുന്ന മഴക്കഥ കേട്ടാലോ !
++++++++++++++++++++++
++++++++++++++++++++++
അമ്മയും കുഞ്ഞും
————————–
മഴ പെയ്തുതോർന്ന ഒരു വൈകുന്നേരം സ്കൂളിൽനിന്ന് അവനും കൂട്ടുകാരും മടങ്ങിവരുകയായിരുന്നു. പാടത്ത് നിറച്ചും വെള്ളമുണ്ടായിരുന്നു. അമ്മയുടെയും കൂട്ടുകാരുടെയുംകൂടെ,മരപ്പെയ്ത്തുകൊണ്ട്, കാറ്റടിക്കുമ്പോൾ തണുത്തുവിറച്ച്, ചീവീടുകളുടെ കച്ചേരിയാസ്വദിച്ച് നടക്കുന്ന നേരം….
പെട്ടെന്നാണ് ഒരു കരച്ചിലവൻ കേട്ടത്. ചുറ്റിലും നോക്കിയെങ്കിലും ഒന്നും കണ്ടില്ല..
തോന്നിയതായിരിക്കുമെന്നു കരുതി. നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും ഒരു ശബ്ദം കേട്ടു. ഇത്തവണ അവനത് അമ്മയോടു പറഞ്ഞു. അമ്മയും ആ ശബ്ദം കേട്ടിരുന്നു. കൂട്ടുകാരുമൊത്തു തിരഞ്ഞപ്പോഴാണ്, അവരതു കണ്ടത്. ഒരു പക്ഷിക്കുഞ്ഞ് തോട്ടിലെ വെള്ളത്തിൽ വീണു ചിറകിട്ടടിക്കുന്നു… അവരതിന്റെ അടുത്തേക്ക് ചെന്നു. ആ പാവം കൂടുതൽ പേടിച്ചു, കുറച്ചുകൂടെ ഉറക്കെക്കരയാൻ തുടങ്ങി. എന്താണു ചെയ്യേണ്ടതെന്നവർ ഒരു നിമിഷം സംശയിച്ചു. .
“മോനേ, അതു കൂടുതൽ പേടിച്ചുകരയുന്നതു കണ്ടോ ? കരയിക്കണ്ട”
“അമ്മേ.. ഇങ്ങനെയാണെങ്കിൽ കുറച്ചു കഴിഞ്ഞാലതു ചത്തുപോകും നമുക്കെങ്ങനെയെങ്കിലും രക്ഷിക്കാം.”
കുട്ടന്റെ വാക്കുകൾകേട്ട്, അവന്റെ അമ്മ അരയ്ക്കൊപ്പം ആഴമുള്ള തോട്ടിലേക്ക് പതിയെയിറങ്ങി. മെല്ലെ രണ്ടുകൈകൊണ്ടുമതിനെയെടുത്തപ്പോഴാണ്, അതിന്റെ ശരീരത്തിലെ മുറിവുകണ്ടത്. സൂക്ഷിച്ച്, ..പതുക്കെ അതിനെയും കൊണ്ടവർ വീട്ടിലേക്കുപോയി.
ഉണങ്ങിയ തുണികൊണ്ടു തുടച്ചു, മുറിയിൽ മരുന്നു വച്ചു. ഭക്ഷണം കൊടുത്തു…. കുറച്ചു കഴിഞ്ഞപ്പോൾ അതിന്റെ അമ്മയാണെന്നു തോന്നുന്നു, അവിടെ വന്നൊച്ചയുണ്ടാക്കി …. കുറച്ചുകഴിഞ്ഞു തിരിച്ചുപോയി.
കുട്ടൻ ചെറിയ ചില തുണികളെടുത്തു, കിടയ്ക്കയുണ്ടാക്കി, ഒരു കുട്ടയ്ക്കടിയിലതിനെയിരുത്തി..
രാവിലെയുണർന്ന കുട്ടൻ പല്ലുതേയ്ക്കാതെ, അതിന്റെയടുത്തേക്കോടി. കുറച്ചുനേരമതിന്റെ കാര്യങ്ങൾ നോക്കി. പിന്നെ സ്കൂളിലേക്കുപോയി.
സ്കൂളിൽനിന്നു വന്നിട്ട് വീണ്ടും കുറച്ചുനേരം പക്ഷിക്കുഞ്ഞിന്റെയടുത്തേക്കവൻ ചെന്നു. ശുശ്രൂഷിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കിളിക്കുഞ്ഞ് ഉഷാറായി.
അതിനെ പിരിയാൻ വിഷമമുണ്ടെങ്കിലും അമ്മ പറഞ്ഞതു സമ്മതിച്ച്, അതിനെ മുറ്റത്തേക്കു കൊണ്ടുവച്ചു. അതിന്റെയമ്മ അകലെ കരഞ്ഞപ്പോൾ അവൻ വീട്ടിലേക്കു കയറി. കുറച്ചു കഴിഞ്ഞപ്പോൾ വേറൊരെണ്ണം വന്നു.. രണ്ടുപേരും കൂടി അതിനെ കൊണ്ടുപോയപ്പോൾ സങ്കടമായെങ്കിലും, അച്ഛനമ്മമാരുടെ അടുത്താണെന്ന സന്തോഷത്താലവൻ തന്റെ അമ്മയെ കെട്ടിപ്പിടിച്ചുനിന്നു.
++++++++++++++++++++++
ഇനിയൊരു കവിതയാണ്. നാടക കലാകാരനായ
ശ്രീ.എം.എസ്.ജബ്ബാർ കുട്ടികൾക്കു വേണ്ടി എഴുതിയ ഒരു കുഞ്ഞു കവിത.
ആലുവ സ്വദേശിയായ ജബ്ബാറിന്റെ പിതാവ് ആദ്യകാല ചലച്ചിത്രനടനും കഥാകൃത്തുമായ എസ്.എ.ഫരീദ് ആണ്. ഓതേഴ്സ് ബുക്സ് പ്രസിദ്ധീകരിച്ച അഗതിമന്ദിരത്തിലെ അതിഥിയാണ് ആദ്യകൃതി.
ക്രിസ്മസ് കഥകൾ (ബാലസാഹിത്യം ), ഒന്നരദൈവം, നാണിയമ്മയുടെ മുലപ്പാൽ, ഇസ്രായേൽ (നാടക സമാഹാരം) എന്നിവയാണ് രചനകൾ.
ഏറ്റുമാനൂർ കാവ്യവേദിയുടെ കഥാപുരസ്കാരം ലഭിച്ചിട്ടുണ്ട്.,.
നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ള ശ്രീ. ജബ്ബാർ കുട്ടികളുടെ നാടകവേദിയിൽ സജീവമാണ്.അക്ഷരവെളിച്ചം കൾച്ചറൽ സൊസൈറ്റി, തംബ് ചിൽഡ്രൻസ് തിയറ്റർ എന്നിവയുടെ സംഘാടകനുമാണ്. ജബ്ബാർ സാറിന്റെ കവിതയാണ് അടുത്ത വിഭവം.
++++++++++++++++++++
++++++++++++++++++++++
കാഴ്ച.
———-
കണ്ണുകളെന്തിനു കുട്ട്യോളേ കാഴ്ചകൾ
കാണാൻ മാത്രമതോ?
കാണാസത്യം കാണാനല്ലോ കണ്ണുകൾ
നമുക്കെന്നറിയേണം. മനസ്സുണ്ടായാൽ
പോരാ,കാണണം
കണ്ടാൽ പോരാ, അറിയേണം
അറിഞ്ഞാൽ പോരാ,പഠിക്കേണം
പഠിച്ചാൽ പോരാ,പകർത്തേണം.
കഥകളും കവിതകളും രസകരമായി നിങ്ങൾക്ക് അനുഭവപ്പെട്ടില്ലേ? പുതിയ പുതിയ എഴുത്തുകാരെ പരിചയപ്പെടുവാൻ കഴിയുന്നതു തന്നെ വലിയ കാര്യമല്ലേ ?, . അണിയറയിൽ നിങ്ങൾക്കു വേണ്ടിയുള്ള രുചികരമായ വിഭവങ്ങളങ്ങനെ നിരനിരന്നിരിക്കുകയാണ്. എല്ലാം നമുക്ക് രുചിച്ചു നോക്കണം.
നമുക്ക് ഇനി അടുത്ത ആഴ്ചയിൽ കണ്ടുമുട്ടാമല്ലോ.
സ്നേഹത്താേടെ,
നിങ്ങളുടെ.. പ്രിയപ്പെട്ട