Saturday, January 11, 2025
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 37) അവതരണം: കടമക്കുടി മാഷ്

നക്ഷത്രക്കൂടാരം – (ബാലപംക്തി – 37) അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷ്

പ്രിയ കൂട്ടുകാരേ,

മഴക്കോളിൽ നനഞ്ഞും കുളിർന്നുമാണ് നിങ്ങളുടെ സ്കൂൾ യാത്രയെന്നറിയാം. എങ്കിലും പഠനത്തിന് ഒരു വിട്ടുവീഴ്ചയുമില്ല.
ജൂലൈ മാസം വിടപറയുന്നു. പുതിയ മാസത്തിലേക്കു പ്രവേശിക്കുന്നു.

ഇന്ന് ഭാരതം കാർഗിൽ വിജയ ദിനമായി ആചരിക്കുകയാണ്. ‘കാർഗിൽ യുദ്ധവിജയത്തിൻ്റെ ഓർമ്മ പുതുക്കുന്ന ദിവസമാണ് ജുലൈ 26.

കാശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം എന്നു വിളിക്കുന്നത്. രണ്ടു രാജ്യങ്ങളും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താൻ സേനയും തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. യുദ്ധം കശ്മീർ കലാപകാരികളുടെ സൃഷ്ടിയാണെന്നു പാക്കിസ്ഥാൻ ആരോപിച്ചിരുന്നെങ്കിലും ആ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയുടേയും പട്ടാളമേധാവിയുടേയും പ്രസ്താവനകൾ പാകിസ്താന്റെ അർദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വ്യക്തമാക്കി. ഇന്ത്യൻ വ്യോമസേനയുടെ പിൻബലത്തോടെ  കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി. അതോടെ 1999 ജൂലൈ 26 ന് യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. യുദ്ധത്തിൽ, ഇന്ത്യൻ സായുധ സേനയിലെ 527 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. കാർഗിൽ യുദ്ധ വീരന്മാരുടെ ബഹുമാനാർത്ഥം എല്ലാ വർഷവും ജൂലൈ 26 നാണ് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നത്.

ഇനി മാഷെഴുതിയ ഒരു കവിതയാവാം.
ഈ കവിതയുടെ പേര് മഴയെന്നാണ് ‘

💧💧💧💧💧💧💧💧💧💧💧💧💧💧

🌨️🌨️🌧️🌧️🌧️🌧️🌧️🌨️🌧️🌨️🌧️🌨️🌧️🌨️

മഴ വന്നേ
+++++++

തക്കിട തരികിട താളം
കടമക്കുടി
തക്കിട തരികിട താളം തുള്ളിയൊ –
രിത്തിരി മഴ വന്നേ

തട്ടണു മുട്ടണ് വീടിൻ മുകളിൽ
പൊടിപൂരം തന്നെ

ചട്ടീം കലവും തട്ടിമറിച്ചേ
ചക്കിപ്പൂച്ചമ്മ.

മുത്തും പവിഴോം മുറ്റത്തങ്ങനെ
മുറ്റിത്തുള്ളുന്നേ

പയ്യും കാക്കേം നായും കോഴീം
പാഞ്ഞു നടക്കുന്നേ

താളംതുള്ളിപ്പാഞ്ഞു വരുന്നു
മേളത്തോടെ മഴ

കൂട്ടരേ ഓടിച്ചാടാം മഴയിൽ
കൂത്താടാം വാ ……വാ

🪵🪵🪵🪵🔥🪵🪵🪵🪵🪵🔥🪵🪵🪵

മാഷിൻ്റെ കവിത എങ്ങനെയുണ്ട്. നിങ്ങൾക്ക് ഇഷ്ടമായോ?
ഇനി നമുക്ക് മറ്റാെരു കവിത കൂടെ പാടാം. ബാലസാഹിത്യരംഗത്തെ ഏറെ പ്രശസ്തനായ എഴുത്തുകാരനാണ് ശ്രീ.മുരളീധരൻ ആനാപ്പുഴ.
അദ്ദേഹത്തിൻ്റെ വളരെ ഹൃദ്യമായ ഒരു കവിതയാണ് അടുത്ത വിഭവം.

തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലെ ആനാപ്പുഴയിൽ പൊയ്യത്തറ കൃഷ്ണന്റെയും തിരുത്തോളി കുമാരിയുടെയും ഏകമകനായ മുരളീധരൻ, ആനാപ്പുഴ മിത്രാലയത്തിലാണ് താമസിക്കുന്നത്.

പാലിയംതുരുത്ത് വിദ്യാർത്ഥദായിനി യു. പി. സ്കൂളിൽ അദ്ധ്യാപകനും ഹെഡ്മാസ്റ്ററുമായി 36 വർഷം ജോലി ചെയ്തു.
ബി.എ (മലയാളം), എം.എ. (മലയാളം) ബിരുദധാരിയാണ്. കേരളത്തിലെ വിദ്യാലയങ്ങളിൽ 1500-ൽ പരം കഥാ – കവിത ബോധവത്ക്കരണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ആകാശവാണിയിലും ഏഷ്യാനെറ്റ്, സൂര്യ, ജീവൻ, കെ.സി.വി. തുടങ്ങിയ ടി.വി.ചാനലുകളിലും പരിപാടികൾ നടത്തിയിരുന്നു. കൊടുങ്ങല്ലൂർ ആസ്ഥാനമായി ഇരുപത്തിയഞ്ചു വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന ബാലസാഹിത്യ സമിതിയുടെ ആദ്യകാലം മുതലുളള സെക്രട്ടറിയാണ്. സമിതിയുടെ മുഖപത്രമായ ബാലശ്രീ മാസികയുടെ ചീഫ് എഡിറ്ററാണ്. അക്ഷരച്ചെപ്പ്, ഒറ്റയിരട്ട, നാടൻ ക്രിക്ക റ്റ്, പുതുമഴത്തുള്ളികൾ, 108 കുട്ടിക്കവിതകൾ, ഉണ്ണീടെ ചേച്ചി. കിഞ്ചന വർത്തമാനം, മാന്ത്രികവടി, ചിന്നുവും കൂട്ടുകാരും, രാമുവും രാക്ഷസനും, നല്ല നല്ല കഥകൾ, കുസൃതിക്കുരുന്നുകൾ, സുന്ദരിപ്പാവ, പാലിയംതുരുത്തും പരിസരപ്രദേശങ്ങളും അന്നും ഇന്നും എന്നീ കൃതികൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. ജി.കെ.കുറുപ്പ് മാസ്റ്റർ അവാർഡ്, അദ്ധ്യാപക പ്രതിഭ അവാർഡ്, ഗുരുശ്രേഷ്ഠ അവാർഡ്, ഗുരു ചൈതന്യ അവാർഡ്, സഹൃദയ അവാർഡ്, മഹാത്മാ ഫൂലെ നാഷണൽ അവാർഡ്, ശ്രീവേൽമുരുക അവാർഡ്, വായനശ്രീ സമഗ്രസംഭാവനാ പുരസ്കാരം, പ്രതീക്ഷ എക്സലൻ്റ് പുരസ്കാരം, ബാലമിത്ര പുരസ്കാരം, നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം, പുല്ലാർക്കാട്ട് ബാബു പുരസ്കാരം, കേരള ബാലസാഹിത്യ അക്കാദമി പുരസ്കാരം, എം. ടി.ജൂസ കാവ്യസായാഹ്നം അവാർഡ്, വിരൽ സാഹിത്യവേദി കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ : സാവിത്രി എം.കെ., മക്കൾ: മിൽസ ശിരാജ്, മിത്രൻ.
മുരളീധരൻ ആനാപ്പുഴ എഴുതിയ മനോഹരമായ കവിതയാണ് താഴെ കൊടുക്കുന്നത്.

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓

സ്വപ്ന മോഹങ്ങൾ
+++++++++++++++

നീലരാവിൽ പുഞ്ചിരിച്ചു പാലൊഴുക്കും
തിങ്കളേ,
വന്നിതെൻ്റെ നെറ്റിയിൽ നീ
പൊൻ തിലകമാകുമോ?

ഭൂമിദേവിക്കിന്നുചാർത്തും
പട്ടുപാലൊളിപ്പുടവ –
യൊന്നെനിക്കുനൽകുമോ
നിലാവേ നീയുടുക്കുവാൻ?

നീലനീരദാഭചൂടി നീങ്ങിടുന്ന വാനമേ,
എൻ്റെ മുടിയിഴകളിൽനീ
-യൊളിചിന്നിനിൽക്കുമോ?

മിന്നി മിന്നിപ്പാറിടുന്ന
മിന്നാമിനുങ്ങുകളേ,
എൻ്റെ കാതിൽ കമ്മലിൻ്റെ
കല്ലുകളായ്ത്തീരുമോ?

ആകാശനീലിമയിൽ തങ്ങിടുന്ന
താരകളേ,
എൻകഴുത്തിൽ മാല കോർക്കും
മുത്തുകളായ് മാറുമോ?

വാനിടത്തിൽമിന്നിമായും
മഴവില്ലേ,നീയെനിക്ക്
സപ്തവർണ്ണശോഭയാർന്ന
കൈവളകൾ തീർക്കുമോ?

കളകളങ്ങൾ പാടിടുന്ന നദികൾ
നിങ്ങളെൻ്റെ കാലിൽ
കിലുകിലാരവംപൊഴിക്കും
പാദസരമാകുമോ?

കാടിറങ്ങി മേടിറങ്ങി വന്നിടുന്ന
തെന്നലേ,
എൻ്റെ കാതിലിമ്പമൂറും പാട്ടിനീണം
ചേർക്കുമോ?

എൻ്റെ സ്വപ്നമെന്നുമെൻ്റെ
ചിന്തകൾക്കുമീതെയായ്
എൻമനസ്സിൽ മിന്നലിൻ
വെളിച്ചമായ് വിളങ്ങുമോ!

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ആനാപ്പുഴയുടെ സുന്ദരമായ കവിതയിൽ രസിച്ചിരിക്കുന്ന നിങ്ങളോട് കഥ പറയുവാൻ എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് ശ്രീമൂലനഗരംകാരനായ
സുരേന്ദ്രൻ ശ്രീമൂലനഗരം എന്ന എഴുത്തുകാരനാണ് എത്തിയിരിക്കുന്നത്.
ഒരു ബിസിനസ്സുകാരനായിട്ടാണ് അദ്ദേഹം ജീവിതം മുന്നോട്ടു നീക്കുന്നത്.
എഴുത്തിന്റെ വഴിയിലേക്ക് വന്നിട്ട് വളരെ കുറച്ചു വർഷങ്ങളേ ആയിട്ടുള്ളൂ.

80-ൽ പരം കവിതകൾ 50 ഹാസ്യ കവിതകൾ, 300 ബാലകവിതകൾ ഇരുപതിൽപരം ഭക്തി ഗാനങ്ങൾ തുടങ്ങിയവ രചിച്ചു. ഭക്തി ഗാനങ്ങളുടെ രണ്ടു ആൽബങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കവിതകളുടേയും ആക്ഷേപഹാസ്യ കവിതകളുടേയും ഒരോ സമാഹാരങ്ങളും ബാലകവിതകളുടെ അഞ്ചും ചേർത്ത് മൊത്തം ഏഴിൽപരം പുസ്തകങ്ങൾ രചിച്ചു.

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ വിനോദ് നീലാംബരിയും സത്താർ പട്ടേപ്പാടവും അനേകം കവിതകൾക്ക് ജീവൻ നൽകി.

2021 ൽ മലയാള സാഹിത്യ പുസ്തക പ്രവർത്തകസംഘം ഏർപ്പെടുത്തിയ സാഹിത്യപ്രഭാ പുരസ്ക്കാരത്തിൽ കവിതക്ക് സംസ്ഥാന ഫെലോഷിപ്പും
2022 ലെ എഴുത്തച്ഛൻ സാഹിതി പുരസ്ക്കാരത്തിൽ ഹാസ്യസാഹിത്യത്തിലും ബാലസാഹിത്യത്തിലും ജൂറിയുടെ സ്പെഷ്യൽ പുരസ്ക്കാരങ്ങളും
കേരള ബാലസാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.

ഭാര്യ സരളയാേടും മക്കളോടുമൊപ്പം ശ്രീമൂലനഗരത്ത് താമസിക്കുന്നു.
സുരേന്ദ്രൻ ശ്രീമൂലനഗരം എഴുതിയ ഒരു കുഞ്ഞുകഥയാണ് താഴെ.

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

മഴ
+++

സ്ക്‌കൂൾ തുറന്നു. കോരിച്ചൊരിയുന്ന മഴ. പരമുവിന് കുടയില്ല. മഴ മാറുന്നത് നോക്കി നിന്നിട്ടൊരു കാര്യവുമില്ല. മാനം കറുത്തു തന്നെ നിൽക്കുന്നു. കാറ്റുണ്ടായിരുന്നെങ്കിൽ മഴക്കാറ് ഒഴിഞ്ഞു പാേയേനെ. ആകെ ഒരു നിക്കറും ഷർട്ടുമാണുള്ളത്. അതുകഴിഞ്ഞ വർഷം വാങ്ങിയതുമാണ്.

ഭാഗ്യത്തിന് പുസ്തകം പഴയത് കിട്ടി. തെക്കേതിലെ അംബിക ഈ വർഷം ഒമ്പതിലേക്ക് ജയിച്ചപ്പോൾ അവളു തന്നതാണ്. കുട മേടിക്കാൻ പറഞ്ഞുമില്ല. ആരും ചോദിച്ചുമില്ല. അച്ഛൻ രണ്ടു വർഷമായി തളർച്ച ബാധിച്ച് കിടപ്പിലാണ്. മരുന്നിന് വേണം കാശ് ഒരു വക . വീട്ടുവാടക തന്നെ കുടിശ്ശിഖയാണ്. അവസ്ഥ അറിയാവുന്നതിനാൽ അവരൊന്നും പറയാറില്ലെന്ന് മാത്രം.

അമ്മ അതിരാവിലെ വീട്ടുപണിക്ക് പോകും. വരുമ്പോൾ സന്ധ്യയാകും. രാവിലെ കഞ്ഞിവയ്ക്കുന്നതും അച്ഛന്റെ പരിചണവുമെല്ലാം പരമുവിനാണ്. പ്രാഥമിക കാര്യങ്ങൾ ചെയ്യിക്കാനുള്ള പാട് ചെറുതൊന്നുമല്ല. മൂത്രസഞ്ചിയിൽ നിന്ന് മൂത്രം ഊറ്റിക്കളയണം. മുറി തുടച്ച് മരുന്നുതളിക്കണം. കിടപ്പു രോഗികളുടെ മുറിയിൽ അല്ലെങ്കിൽ ഒരു പ്രത്യേക മണമായിരിക്കും. അച്ഛന് പൊടിയരിക്കഞ്ഞി കോരിക്കൊടുത്ത് മരുന്നും കൊടുത്തിട്ടു വേണം ക്ലാസ്സിൽ പോകാൻ .

ഇടയ്ക്ക് അച്ഛന്റെ സ്നേഹിതൻ കവലയ്ക്കടുത്ത് താമസിക്കുന്ന ശങ്കരമാമൻ വരും. എഴുന്നേൽപ്പിച്ചു ചാരിയിരുത്തി വർത്തമാനം പറഞ്ഞിരിക്കും. ഉച്ചക്കഞ്ഞിയും മരുന്നും ശങ്കരമാമൻ കൊടുത്തുകൊള്ളും.

പിന്നീട് പുസ്തകം പ്ലാസ്റ്റിക്പേപ്പറിൽ പൊതിഞ്ഞ് തലയിൽ ഒരു പ്ലാസ്റ്റിക്കവറും വച്ചു ഒരൊറ്റ ഓട്ടമാണ്, സ്ക്‌കൂളിലേക്ക്. മഴയൊന്നും പ്രശ്ന‌മാക്കാറില്ല. വഴിയിൽ കൂട്ടുകിട്ടിയാലും നനഞ്ഞിരിക്കുന്നതിനാൽ കുടയിൽ കേറാൻപറ്റില്ല. പലരും മടിക്കും. കാരണം അവരും നനയും. അതുകൊണ്ട് അതിനൊന്നും നില്ക്കാറില്ല.

ഓടി സ്കൂൾ വരാന്തയിൽക്കേറി കൈയ്യിൽ കരുതിയിട്ടുള്ള തുണിക്കഷണം കൊണ്ട് കൈയ്യും, കാലും മുഖവും തുടച്ച്, ഷർട്ട്
പിഴിഞ്ഞിടും. നിക്കറ് നനഞ്ഞു തന്നെയിരിക്കും. എന്നാലും അടിവശം കൈകൊണ്ടു് പതുക്കെപ്പിഴിയും.

ഒരു ദിവസം അവൻ കുറെ വൈകിയാണ് ക്ലാസ്സിലെത്തിയത്. അന്നും മഴനനഞ്ഞു. ഷർട്ട് പിഴിഞ്ഞിട്ട് കൈയ്യും കാലും മുഖവും തുടച്ച് അവൻ മാഷിനോട് ക്ലാസ്സിൽ കയറിക്കോട്ടെ എന്നു ചോദിച്ചു.

ക്ലാസ്സ് ടീച്ചർ ദേവസ്സി മാഷ് അവനെ സൂക്ഷിച്ചു നോക്കി. എന്തിന്…

മാഷ് ദേഷ്യത്തിലാണ്.

ഒരുദിവസം പോലും മഴനനയാതെ നീ വരാറില്ല. അശ്രീകരം. നിനക്ക് തോന്നുന്ന സമയത്ത് പോകാനും വരാനും ഇതെന്താ …. സർക്കാർ ഓഫീസോ?

നീ പുറത്തുനിന്ന് ഇവിടെ പറയുന്നതുകേട്ട് പഠിച്ചാൽ മതി.
പരമു ഒന്നും മിണ്ടിയില്ല.

മാഷേ…
ഒരു വിളി കേട്ട് മാഷ് തിരിഞ്ഞു നോക്കി. ബഞ്ചിൽ പരമുവിൻ്റെ അടുത്തിരിക്കുന്ന നാസറാണ്.

എന്താടാ …?
മാഷ് നാസറിനോട് ചോദിക്കുന്നു.
നാസർ മാഷിൻറെ അടുത്തേക്ക് വന്നു.

മാഷേ.. മാഷിന് അറിയാമോ ഇവൻ്റെ ചരിത്രം? . ഇവൻ തന്നെ ഒരു വലിയ ചരിത്രമാണ് മാഷേ.

നാസർ മാഷിനോട് എല്ലാ കാര്യങ്ങളും പറഞ്ഞു.മാഷിന് വല്ലാത്ത വിഷമമായി.

പരമു… നീ എന്തുകൊണ്ടിത് ഇപ്പോഴും പറഞ്ഞില്ല. ക്ലാസ്സിൽ കയറിയിരിക്കൂ.

ക്ലാസ്സ് തുടങ്ങുന്നതിനു മുൻപ് നാസർ വീണ്ടും എണീറ്റു.
മാഷേ… എനിക്കൊരു കാര്യം പറയാനുണ്ട്. അതിന് മാഷിന്റെ പിന്തുണ എനിക്കു വേണം.

എന്താണ് നാസറേ…
മാഷ് ജിജ്ഞാസയോടെ നാസറിനെ നോക്കി.

മാഷേ .. എന്റെ കുട ഞാൻ പരമുവിന് കൊടുക്കുകയാണ്. ഞാനിന്ന് സാബുവിന്റെ കുടയിൽ പൊയ്കൊള്ളാം. വീട്ടിൽ വേറെ കുടയുണ്ട്. നാളെ ഞാൻ അതും കൊണ്ട് വന്നുകൊള്ളാം. ഞാൻ ഒരിക്കൽ കൊടുക്കാൻ ശ്രമിച്ചതാണ്. അന്നവൻ വാങ്ങിയില്ല.

ഉച്ചഭക്ഷണം കഴിക്കാൻ വിളിച്ചാൽ പങ്കുചേരില്ല. അവനു് വിശപ്പില്ലത്രേ. അതുകൊണ്ടാണ് ഞാൻ മാഷിൻ്റെ സഹായം തേടുന്നത്. ഇവന് ഒരു നിക്കറും ഷർട്ടും മാത്രമേയുള്ളു മാഷേ,

ഞാൻ എന്റെ ബാപ്പയോട് ഇവന്റെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടു്. നാളെ ഇവനുള്ള ഡ്രസ്സുമായി ഞാൻവരും. ഇവനോട് വാങ്ങാൻ പറയണം .

നാസറിന്റെ കണ്ണു നിറയുകയാണ്.

മാഷ് അവന്റെ അരികത്തു ചെന്ന് തോളിൽ കൈ വച്ചു. നാസർ വിഷമിക്കാതിരിക്കു. എല്ലാത്തിനും തീരുമാനമുണ്ട്.

മാഷ് പരമുവിനെ വിളിച്ചു. മാഷിൻ്റെ മുന്നിൽ വച്ച് നാസർ പരമുവിന് കുടകൈമാറി. പരമുവിൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവർ നാസറിനെ നെഞ്ചോടു ചേർത്തു.

ആ സുന്ദരനിമിഷത്തിൽ സഹപാഠികളെല്ലാവരും കരയുകയായിരുന്നു. കൂട്ടത്തിൽ മാഷും.
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

നല്ല കഥ. എങ്ങനെയാണ് സഹപാഠിയെ സ്നേഹിക്കേണ്ടതെന്നും എങ്ങനെയാണ് അവരെ സഹായിക്കേണ്ടതെന്നും വ്യക്തമാക്കുന്ന കഥ. പരമുവിൻ്റെ അഭിമാനവും നാസറിൻ്റെ കാരുണ്യവും വിളക്കിച്ചേർക്കാൻ ദേവസ്സി സാർ ഒരു നിമിത്തമാവുന്നു.

‘കഥയ്ക്കു ശേഷം ഒരു കുഞ്ഞിക്കവിതയുമായി മലപ്പുറംകാരനായ കവി എത്തിപ്പോയി. ശ്രീ.ജി.കെ റാം മോഹൻ

പരേതരായ പി.ആർ.ഗോപാലകൃഷ്ണൻ നായരുടെയും ജഗദമ്മയുടെയും മകനായ
റാം മോഹൻ മലപ്പുറം മുണ്ടുപറമ്പ് നിവാസിയാണ്. മലപ്പുറം കലക്ടറേറ്റിൽ
ധനകാര്യവകുപ്പിൽ ഫിനാൻസ് ഓഫീസറായിരിക്കേ സർവ്വീസിൽ നിന്ന് പിരിഞ്ഞു.

സാമൂഹ്യ ശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും സൈക്കോളജിക്കൽ കൗൺ സലിംഗിലും മാസ്റ്റർ ബിരുദങ്ങൾ.സൈക്കോളജിക്കൽ കൗൺസിലറും മോട്ടിവേഷൻ ട്രെയിനറുമാണ്. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസ സൗകര്യം ഏർപ്പെടുത്തുന്നതിനുമുള്ള ചൈൽഡ് വെൽഫെയർ കമ്മറ്റി മെമ്പറായിരുന്നു. ആകാശവാണിയിലും ദൂരദർശനിലും ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട അബൂ , ‘മൊഴിപ്പൂക്കൾ ‘ സബർമതി (കവിതകൾ)
വട്ടോളിക്കുഞ്ഞനും ഒറ്റവരയും (ബാല കവിതകൾ)
എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു

കവിതാ രചനയ്ക്കും ആലാപനത്തിനും ഇൻഡ്യാ പോപ്പുലേഷൻ പ്രൊജക്ട്, ഖുറാൻ ഫൗണ്ടേഷൻ, സമീക്ഷ, സർഗ്ഗമാനസം, പച്ചമഷി,ഇൻഡ്യൻ യൂത്ത് അസോസിയേഷൻ,
റീ എക്കോ എന്നീ സംഘടനകൾ നൽകിയ അംഗീകാരങ്ങളും
‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി കവിതാലാപനത്തിനു കേരള അസംബ്ലി ലൈബ്രറി നൽകിയ അവാർഡും നേടിയിട്ടുണ്ട്. കോഴിക്കോട് രേവതി പട്ടത്താന സമിതിയുടെ 2017 ലെ കൃഷ്ണഗീതി പുരസ്കാരം റാം മോഹന്റെ സബർമതിക്കാണ് ലഭിച്ചത്.

ഭാര്യ മീനാകുമാരിയും മക്കളും പേരമക്കളുമൊത്ത് വിശ്രമ ജീവിതം ആസ്വദിക്കുന്നു.
ശ്രീ.ജി.കെ. റാം മോഹന്റെ കുഞ്ഞിക്കവിത പാടിയാലോ കൂട്ടുകാരേ…!

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

.പ്രാർത്ഥന
+++++++++

ചിന്തകൾക്കും മനസ്സിന്നുമപ്പുറം
നമ്മൾ കാണും പ്രപഞ്ചത്തിനപ്പുറം
ഒക്കെയും കണ്ടുനില്പുണ്ടു ദൈവമാം
ശക്തി, നമ്മളെ കാക്കും പരംപൊരുൾ.
എന്റെനാടിനെ സത്യവും ധർമ്മവും
കൈവിടാതെ നയിക്കണം ദൈവമേ.
ഏതു വിഘ്നങ്ങൾ വന്നെതിർത്തീടിലും
നേരിടാനുള്ള ശക്തി നൽകേണമേ.
എന്റെനാടു സമൃദ്ധമായ്ത്തീരണേ
എന്റെനാടിന്നിരുട്ടു മാച്ചീടണേ
കോടിപുണ്യമായ്
നമ്മൾതൻനെഞ്ചിലീ-
പൂർണ്ണ സ്വാതന്ത്ര്യദീപം വിളങ്ങണേ.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

കൂട്ടുകൂടി ഭാരതത്തിൻ്റെ ഭാവി സുരക്ഷിതമാകുവാനുള്ള പ്രാർത്ഥനാപ്പാട്ടു പാടിയങ്ങനെ നടക്കുമ്പോഴേക്കും കഥ പറയുന്നൊരു ടീച്ചറിതാ എത്തിപ്പോയി. കഥ കേൾക്കാൻ ഓടിവന്നോളൂ. ശ്രീമതി.സഹീറ.എം എന്നാണ് ടീച്ചറുടെ പേര്..

കൊല്ലം ജില്ലയിലെ പോരുവഴിയിൽ മുഹമ്മദ് റാവുത്തറുടെയും സൈനബാ ബീവിയുടെയും മകൾ. പോരുവഴി ജി.യു.പി സ്കൂൾ,ജെ.എം.എച്ച്. എസ് ഭരണിക്കാവ് ,
ഡി. ബി.കോളേജ് ശാസ്താംകോട്ട, എസ്.എൻ ട്രെയിനിങ് കോളേജ് നെടുങ്ങണ്ടം എന്നിവിടങ്ങളിലാണ് ടീച്ചർ പഠിച്ചത്. . മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കി വിരമിച്ചു. കഥയും കവിതയും ലേഖനങ്ങളും നിരൂപണങ്ങളും കുട്ടിക്കവിതകളും കഥകളും എഴുതാറുണ്ട്.

“പടികടന്നെത്തുന്ന ഗന്ധങ്ങൾ” എന്ന കവിത സമാഹാരവും “മുത്തി” എന്ന ബാലനോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്റെ മിന്നാമിന്നികൾ (കുട്ടിക്കവിതകൾ) അച്ചടിയിലാണ്.

ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണറായി വിരമിച്ച ഭർത്താവ് ശ്രീ.കെ.ബഷീറിനൊപ്പം ഏറ്റുമാനൂരിലാണ് ടീച്ചറിപ്പോൾ താമസിക്കുന്നത്.
ശ്രീമതി.സഹീറ എം.. എഴുതിയ കഥയാണ് ചുവടേ കൊടുക്കുന്നത്.

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
മഴക്കാലമല്ലേ?മഴക്കാലവുമായി ബന്ധപ്പെട്ട ഒരു കഥയാണ്
സഹീറ ടീച്ചർ പറയുന്നത്

മൂന്നുപേർ
+++++++!

നിർത്താതെ പെയ്യുന്ന മഴകർക്കിടകമഴ. തുള്ളിക്കൊരുകുടം വെച്ച് പെയ്തു നിറയുകയാണ്.
നാലഞ്ചു ദിവസമായി ഒരേ പെയ്ത്ത്. വെള്ളം ഉയർന്നുകൊണ്ടിരിക്കുന്നു. ആദ്യം താഴ്ന്നപ്രദേശങ്ങളും പാടവും പിന്നെ പറമ്പും റോഡുകളും വെള്ളത്തിൽ മുങ്ങി.മഴ മുന്നറിയിപ്പും കേട്ടുതുടങ്ങി. ഒപ്പം സുരക്ഷിത സ്ഥലത്തേക്ക് മാറാനുള്ള അറിയിപ്പും ഉണ്ടായിരുന്നു.
പതുക്കെപ്പതുക്കെ വെള്ളം മുറ്റവും കടന്ന് വീടിൻ്റെ നടവാതുക്കൽ എത്തിയപ്പോൾ ടോംവില്ലയിൽ വീട്ടുകാർ ഉണർന്നു.

“മഴയിങ്ങനെ തുടർന്നാൽ ഇനിയുമൊരു വെള്ളപ്പൊക്കമുണ്ടാകും.
അതിനുമുമ്പ് വിലപിടിപ്പുള്ളതെല്ലാം വീടിൻ്റെ മുകളിലത്തെ നിലയിലേക്ക് തൽക്കാലം മാറ്റിയിടാം.”

അതും പറഞ്ഞ് സ്വന്തം സുരക്ഷ ഉറപ്പാക്കി കുട്ടികളെയും സ്ത്രീകളെയും മകനേയും കൂട്ടി ബന്ധുവീടുകളിലേക്ക് വിട്ടു. വീട്ടിൽ അവശേഷിച്ചത് ടിം എന്നപട്ടിയും അറുപത്തഞ്ച് കഴിഞ്ഞ അപ്പച്ചനും മാത്രം. രണ്ടുപേരും വീടിൻ്റെ മുകളിലേക്ക് താമസം മാറ്റി. ടിമ്മിനെ മുകളിലത്തെ പോർച്ചിലേക്ക് നീണ്ട തുടലുകൊണ്ട് ബന്ധിച്ചു.രണ്ടുമൂന്ന് പാത്രത്തിലായി അവനുള്ള ഭക്ഷണം എടുത്ത് വച്ച് അപ്പച്ചനും പിറ്റേന്ന് വീട്ടുകാരുടെ അടുത്തേക്ക് പോയി.
പുറത്തെ മഴയിലേക്ക് നോക്കി മുൻകാലുകൾ നീട്ടി തലവച്ച് അപ്പച്ചൻ വിരിച്ചു കൊടുത്ത ചാക്ക് കഷണത്തിൽ മൗനമായി ആലോചനയോടെ കിടക്കുകയാണ് ടിം .രണ്ടുദിവസമായി അവൻ ഒറ്റയ്ക്കായിട്ട്. ഒന്നു കുരയ്ക്കാൻ പോലും അവന് തോന്നിയില്ല. അപ്പോഴാണ് മഴ നനയാതിരിക്കാൻ എവിടെനിന്നോ ഒരു കാക്ക അവിടേക്ക് പറന്നുവന്നത്. ടിമ്മിനടുത്തിരുന്ന് അവൾ കാ..കാ..എന്ന് വിളിച്ച് ഒച്ചയുണ്ടാക്കി.
അപ്പോഴും ടിം കണ്ണുതുറന്നു നോക്കിയതല്ലാതെ ഒന്നു മുരളുക പോലും ചെയ്തില്ല. വിശന്നു വന്ന കാക്ക അവൻ്റെ അടുത്തിരുന്ന പാത്രങ്ങളിലേക്ക് നോക്കി. ബിസ്കറ്റും പെല്ലറ്റുകളും ചിതറിക്കിടക്കുന്നു. അതൊന്നും അവളും തൊട്ടില്ല. മഴ എന്നാണ് തീരുകയെന്ന് അറിയില്ലല്ലോ…

എന്നിട്ടും അവൾ ടിമ്മിനോട് പറഞ്ഞു
“മഴ ഉടനെ കുറയുമെന്ന് തോന്നുന്നില്ല വെള്ളം മുകളിൽ എത്തിയാൽ നീ എങ്ങനെ രക്ഷപ്പെടും? നിൻ്റെ ഭക്ഷണവും വെള്ളവും തീരാറായല്ലോ?”

ടിം വിഷമത്തോടെ കറുമ്പിക്കാക്കയെ നോക്കി ..
“കാണുന്നവരോടൊക്കെ നീ കുരച്ചു ചാടുന്നത് കൊണ്ടല്ലേ നിന്നെയവർ പൂട്ടിയിട്ടിട്ട് പോയത് . നിൻ്റെ കൂട്ടുകാരൻ ആൽഫിമോൻ പോയപ്പോൾ നീയില്ലാതെ അവൻ കുറേ കരഞ്ഞല്ലേ ?അവൻ്റെ സമാധാനത്തിനാണ് അപ്പച്ചൻ രണ്ടുദിവസം ഇവിടെ നിന്നതും. അല്ലേ? ഞാനാ മരത്തിലിരുന്ന് എല്ലാം കാണുന്നുണ്ടായിരുന്നു.”

കറുമ്പിക്കാക്ക അതും പറഞ്ഞു പറന്നുപോയി. വൈകുന്നേരമായപ്പോൾ എവിടുന്നാേ ഒരു പൂച്ച മഴ നനഞ്ഞൊട്ടി ടിമ്മിന്റെ അടുത്തെത്തി.ശരീരം ഒന്നുകൂനിക്കുടഞ്ഞ് വെള്ളം തെറിപ്പിച്ചുകളഞ്ഞു .
കുറച്ചുനേരം മിണ്ടാതിരുന്ന അവനും പറഞ്ഞു ,

“പുറത്ത് നല്ല മഴയാ .ഈ വീടിൻ്റെ മുക്കാൽ ഭാഗവും വെള്ളത്തിലായി. നീ ഇതു വല്ലതും അറിയുന്നുണ്ടോ?ഇപ്പോൾ വിശപ്പാണ് ഏറ്റവും വലിയ കാര്യം. എന്തെങ്കിലുമൊക്കെ വഴിയിൽ നിന്നും പുഴക്കരയിൽ നിന്നും കിട്ടാറുണ്ട് .ഞാൻ അതുകൊണ്ട് ജീവിച്ചു പോകുന്നു.നിൻ്റെ കാര്യമോ? ഇനി വരുമ്പോൾ എന്തെങ്കിലും നിനക്കുവേണ്ടിക്കൂടി കരുതാം. ഇന്ന് രാത്രി ഞാനും ഇവിടെ കൂടട്ടെ.എൻ്റെ കൂട്ടുകാരെല്ലാം പലവഴിയായി ആരെയും കാണുന്നില്ല .”

മഴ ഏറ്റക്കുറച്ചിലോടെ പെയ്ത്ത് തുടരുന്നതല്ലാതെ തോരുന്ന ലക്ഷണങ്ങൾ ഒന്നും കാണിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ കറുമ്പിക്കാക്ക അതുവഴി വന്നു. അവളുടെ ചുണ്ടിൽ പഴകിയ റൊട്ടിയുടെ തുണ്ടുകൾ ഉണ്ടായിരുന്നു. ടിമ്മിന്റെ മുന്നിലേക്ക് അവളത് ഇട്ടുകൊടുത്തു . അത്രയും പഴകിയത് തിന്ന് ശീലമില്ലാത്ത ടിം ദയനീയമായി അവരെ നോക്കി. കറുമ്പിക്കാക്ക പൂച്ചയോട് അകലം പാലിച്ചിരുന്നു പറഞ്ഞു.

“ഇവന് നമ്മൾ കൊടുക്കുന്ന ചത്ത എലിയെയോ കിട്ടുന്ന പഴയ ആഹാരമോ ഒന്നും തിന്നാൻ അറിയില്ല . ഇവൻ്റെ യഥാർത്ഥ ശീലങ്ങളൊന്നും മനുഷ്യർ ഇവനെ പഠിപ്പിച്ചിട്ടില്ല ..”

ചാരക്കണ്ണൻ പൂച്ച പറഞ്ഞു ,

“അവസരം വന്നാൽ അതും ഇവൻ പഠിക്കും. സാഹചര്യത്തിനൊത്ത് ജീവിക്കാൻ തനിയെ പഠിച്ചോളും .”

“നേരം പോയതറിഞ്ഞില്ല , എനിക്ക് പുളിമരത്തിലേക്ക് പോകണം . നനയുമെങ്കിലും അവിടെയാണ് സുഖം.നാളെ കാണാം.”
അതും പറഞ്ഞു കറുമ്പിക്കാക്ക പറന്നു പോയി .
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

കഥ ഇഷ്ടമായില്ലോ. വെള്ളപ്പൊക്കത്തിൽ ഒറ്റയ്ക്കായിപ്പോയ ടിമ്മിന് സാന്ത്വനവും സന്തോഷവുമായി വരുന്ന കൂട്ടുകാരെ മറക്കാനാവുമാേ? ആപത്തുകാലത്ത് കൂട്ടുകാരെ സഹായിക്കാൻ നമുക്ക് കഴിയണം.

ഇത്തവണത്തെ വിഭവങ്ങൾ എല്ലാം രസകരമല്ലേ? ഇനിയും പുതിയ എഴുത്തുകാരും നല്ല രസകരമായ വിഭവങ്ങളുമായി അടുത്ത ആഴ്ചയിൽ കാണാം.

സ്നേഹത്താേടെ,
നിങ്ങളുടെ.. പ്രിയപ്പെട്ട

കടമക്കുടി മാഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments