കർക്കിടകത്തിൻ്റെ കരിമേഘങ്ങൾ ഋതു പ്രയാണം കഴിഞ്ഞു മടങ്ങി. ഒരു കൈക്കുടന്ന നിറയെ സ്നേഹപ്പൂക്കളുമായി പൊന്നോണമെത്തുകയായി. അന്നും ഇന്നും എവിടെയായിരുന്നാലും പ്രാദേശികമായ ചിലമാറ്റങ്ങളൊഴിച്ചാൽ മലയാളിയ്ക്ക് ഓണാഘോഷങ്ങൾ ഒരുപോലെയാണ്. അത്തപ്പൂക്കളം, കോടിയെടുക്കൽ, ഉടുക്കൽ ,ഓണസദ്യ ,വള്ളംകളി, കൈ കൊട്ടിക്കളി, അങ്ങനെ പലദേശങ്ങളിൽ ശൈലികളിൽ ചില വ്യത്യാസങ്ങൾ മാത്രം.
എൻ്റെ ബാല്യകാലങ്ങളിലെ ഓണത്തിന് പ്രകൃതിയുടെ സുഗന്ധവും സത്യവും പച്ചപ്പിൻ്റെ സൗന്ദര്യവുമുണ്ടായിരുന്നു. സ്കൂളുകൾ ഓണപരീക്ഷ കഴിഞ്ഞ് പത്തു ദിവസത്തെ അവധിയ്ക്കായി അടയ്ക്കും. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ തല വെട്ടിമാറ്റിയ ഉടലുകൾപോലെ കറ്റകൾ കുറ്റികളായി നിൽക്കും. ഗ്രാമീണർ പാടത്തേയ്ക്ക് തങ്ങളുടെ പശുക്കളെയും അഴിച്ചു കൊണ്ടുപോകും. ഒരു കുറ്റിയിൽ കയറു നീട്ടിക്കെട്ടി അവയെ മേയുവാൻ വിടും. പാടത്തേയ്ക്ക് അടുത്ത കൃഷിയ്ക്കാവശ്യമുള്ള കാലിവളവും അങ്ങനെ ലഭ്യമാകും.
ഞങ്ങൾ കുട്ടികളാണ് ഓണത്തിൻ്റെ താരങ്ങൾ. ഞങ്ങളുടെ ഗ്രാമത്തിൽ ധാരാളം രാഷ്ട്രീയ സാംസ്ക്കാരിക കലാവേദികളുണ്ടായിരുന്നു. ഇവയൊക്കെയുണരുന്നത് ഓണക്കാലത്താണ്. വള്ളംകളിയുടെ രസീതുപിരിവ് കഴിഞ്ഞ് പിന്നെ ഓണപ്പിരിവാണ്.കാശുതന്നെ വേണമെന്ന് യാതൊരു നിർബന്ധവുമില്ല. അരി, നാളികേരം, വാഴക്കുല, മുട്ട, വെളിച്ചെണ്ണ, സോപ്പ്, കശുവണ്ടി എന്നു വേണ്ട ഒരു മാതിരിപ്പെട്ട എല്ലാ സാമഗ്രികളും പിരിവിൻ്റെ ഭാഗമാണ്. ഉത്രാടത്തിൻ്റെയന്ന് സന്ധ്യയ്ക്കു മുൻപ് ഇവയൊക്കെ ലേലം ചെയ്യും. അതിൽ നിന്നു കിട്ടുന്ന പൈസ കൊണ്ട് ഓണാഘോഷങ്ങൾ കെങ്കേമമാക്കും.
എൻ്റെ വീടിൻ്റെയടുത്തായി ഇടതു രാഷ്ട്രീയ അനുഭാവമുള്ള ഐക്യവേദി എന്ന കലാസാംസ്കാരിക സംഘടനയാണ് ഓണപ്പരിപാടികൾ നടത്തുന്നത്. വിവിധയിനം മൽസരങ്ങൾ, ഓട്ടം, ചാട്ടം സ്പൂണിൽ നാരങ്ങ മൽസരം,തവളച്ചാട്ടം ചാക്കിൽ കയറിയോട്ടം, റൊട്ടി കടി മൽസരം, നാടൻ പന്തുകളി, കസേരകളി, കൈ കൊട്ടിക്കളി, കബഡി, അത്തപ്പൂക്കളം, വഞ്ചിപ്പാട്ടു മൽസരം,തലയിണയേറ് മൽസരം, ഉഞ്ഞാലാട്ടമൽസരം പാട്ടു മൽസരം, കടം കഥ മൽസരം, കഥയെഴുത്ത് കവിതയെഴുത്ത്, കാവ്യരചന, കാവ്യാലാപനം അങ്ങനെ ധാരാളം മൽസരങ്ങൾ കുത്തി നിറച്ചൊരു ഓണമേളം. എനിയ്ക്ക് കവിതയ്ക്കും പ്രസംഗത്തിനുമായിരുന്നു ഒന്നാം സമ്മാനം. സമ്മാനങ്ങൾ മിക്കവാറും മിഠായിയോ ഗ്ലാസ്സ് , കണ്ണാടി, ചീപ്പ് മുതലായവയോ ആകും.
വിദ്യാവിഹാർ എന്നു പേരുള്ള അക്കാലത്ത് അവിടെയുള്ള ഒരു ഭേദപ്പെട്ട ട്യൂട്ടോറിയലിലാണ് ഞാൻ ട്യൂഷൻ പഠിച്ചിരുന്നത്. അവിടെയുമുണ്ട് ഓണ പരിപാടികൾ. അത്തപ്പൂക്കള മൽസരത്തിന് ഞങ്ങൾ കുട്ടികളെല്ലാം പിരിവെടുത്ത് പൂക്കൾ മേടിച്ച് വിവിധങ്ങളായ പൂക്ക ളങ്ങൾ കൊണ്ട് മനോഹരമാക്കും. ഒന്നാം സമ്മാനം മിക്കവാറും പത്തിൽ തോറ്റ് വീണ്ടും പഠിയ്ക്കുവാൻ വരുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കുമായിരിയ്ക്കും ഒരു തവണ ഞങ്ങൾ എട്ടാം ക്ലാസ്സുകാരും സമ്മാനം വാങ്ങി. വലിയ ഒരു പാക്കറ്റ് മിട്ടായിയായിരുന്നു സമ്മാനം.
ഓണക്കോടിയൊക്കെയെടുത്ത് നേരത്തേ തന്നെ തയ്ക്കുവാൻ കൊടുക്കും. ഉത്രാടം മുതൽ ചതയം വരെ പുതിയ തുണിത്തരങ്ങളാകും ഇടുക. പട്ടുപാവാടയും ബ്ളൗസുമൊക്കെയിട്ട് പെൺകുട്ടികൾ ഊഞ്ഞാൽ ചുവട്ടിലും മൈതാനങ്ങളിലും പാറിപ്പറന്നു നടക്കും
ഓണത്തിന് ഏകദേശം നാലഞ്ചു ദിവസത്തെ അവധിയുണ്ടാകും അമ്മയ്ക്ക് ‘ ചന്തയിൽ നിന്നും കപ്പ, പച്ച നേന്ത്രക്കായ്, കറിനാരങ്ങ, ഇഞ്ചി, സദ്യയ്ക്കുള്ള മറ്റു പച്ചക്കറികൾ എല്ലാം പപ്പയും അമ്മയും കൂടി വാങ്ങിക്കൊണ്ടു വരും. അടിച്ചു വാരലും വൃത്തിയാക്കലും ഇടിയ്ക്കലും പൊടിയ്ക്കലുമൊക്കെയായി ഒരു ബഹളമാണ്. വീട്ടിൽ ജോലിയ്ക്കു വരുന്ന ചേച്ചിയും അമ്മയും കൂടി രാവിലെ മുതൽ ജോലികൾ തുടങ്ങും .പാത്രങ്ങൾ, തുണികൾ, ഇവയൊക്കെ കഴുകിയുണക്കി ജനാല വിരികളൊക്കെ മാറ്റി പുതിയത് വിരിച്ച് , വീടും പരിസരവും തൂത്തുവാരി വൃക്തിയാക്കി മറ്റു ജോലികളൊക്കെ തീർത്ത് ഉച്ചകഴിഞ്ഞ് ഏകദേശം രണ്ടു മണിയോടെ അമ്മ ഉപ്പേരികൾ വറുക്കുവാൻ ആരംഭിച്ചു തുടങ്ങും. പച്ച നേന്ത്രക്കായ തൊലികളഞ്ഞ് കഴുകിത്തുടച്ച് വട്ടത്തിൽ ചെറുതായരിഞ്ഞ് നല്ല തേങ്ങയാട്ടിയ ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തു കോരുമ്പോഴുള്ള ഒരു സുഗന്ധമുണ്ട്. വറുത്ത് കുട്ടയിൽ കോരിയിടുന്ന കായുടെ കഷണങ്ങൾ സ്വർണ്ണനാണയങ്ങൾ പോലെ മനോഹരവും അതീവ രുചികരവുമാണ്. വറുത്തുപ്പേരി തീർന്നു കഴിയുമ്പോൾ പിന്നെ കപ്പയാണ് താരം പകുതി വേവിച്ച കപ്പ ചെറുതായരിഞ്ഞ് ഇതേ പോലെ എണ്ണയിൽ വറുത്തു കോരും. യഥാക്രമം അച്ചപ്പം,കുഴലപ്പം, നെയ്യപ്പം, മധുരസേവ, ചീട, മുറുക്ക് , മിക്സച്ചർ ഇവയൊക്കെയുണ്ടാക്കി കഴിയുമ്പോൾ പാതിരാവോടടുക്കും. പിന്നെയിതൊക്കെ വെവ്വേറെയായി ബിസ്ക്കറ്റു വരുന്ന വലിയ തകരടിന്നിൽ അടച്ചു ഭദ്രമായി വെയ്ക്കും. ഏത്തയ്ക്കയുടെ തൊലി ചെറുതായരിഞ്ഞ് വെള്ളത്തിലിട്ടു വെയ്ക്കും തിരുവോണ നാളിൽ ചെറുപയറും ചേർത്ത് തോരനുണ്ടാക്കുവാൻ.
ഉത്രാട വിളക്കൊരുക്കുന്നത് പപ്പയുടെ ജോലിയാണ് ഞങ്ങളുടെ പപ്പ ഒരുക്കുന്നതു പോലെ മനോഹരമായി അവിടെയാരും ഉത്രാട്ടവിളക്കൊരുക്കുകയില്ല. ചെറിയ വൈദ്യുത വിളക്കുകൾ ഇതിനായി നേരത്തേ കരുതും പപ്പ. ചൂരൽ വളച്ച് വലിയ വൃത്തത്തിലാക്കി വിളക്കിൻ്റെ മുകളിൽ തൂക്കിയിട്ട് അതിൽ വിവിധയിനം പൂമാലകളും ചെറിയ ബൾബുകളും കൊണ്ടലങ്കരിച്ച് ചുവന്ന തെച്ചിപ്പൂവിൻ്റെയിതൾ കളഭത്തിൽ മുക്കി വിളക്കിൻ്റെ നാലു ചുറ്റും അലങ്കരിച്ച് വളരെ മനോഹരമായി പപ്പ അത് നിർമ്മിയ്ക്കും തിരുവോണത്തിൻ്റെയന്നു ഉച്ചകഴിഞ്ഞു മാത്രമേ വിളക്കിലെ തിരി കെടുത്തുകയുള്ളൂ.
തിരുവോണ ദിവസം അതിരാവിലെ അമ്മയും ഞാനുമെഴുന്നേറ്റ് കുളി കഴിഞ്ഞ് നല്ല വസ്ത്രങ്ങളണിഞ്ഞ് അമ്പലത്തിൽ പോയി വന്ന് കഴിഞ്ഞ് നേരെ അടുക്കളയിലേക്ക് കയറും. സദ്യവട്ടത്തിനുള്ള ഒരുക്കങ്ങൾക്കായി. ചെറുപയർ വറുത്ത് ഉരലിൽ കുത്തി തൊലികളഞ്ഞെടുക്കുന്ന പരിപ്പാണ് അന്ന് സദ്യയുടെ താരം. ഞങ്ങൾ തെക്കൻ നാട്ടുകാർക്ക് സദ്യയ്ക്ക് പരിപ്പുകറിയും പപ്പടവും ഒരു പ്രധാനവിഭവമാണ്. സാമ്പാറ് പുളിശ്ശേരി (പുളിശ്ശേരി തലേ ദിവസം നല്ല നാടൻ കൈതച്ചക്കയും പഴുത്ത നേന്ത്രപ്പഴവും വേവിച്ചുടച്ചു ചേർത്ത് നല്ല കട്ട തൈരുടച്ച് കുറുക്കി കാച്ചി വെയ്ക്കും) ചെറുപയറും നേന്ത്രക്കായുടെ തൊലിയും ചേർത്ത തോരൻ, അവിയൽ, ഉരുളക്കിഴങ്ങു മസാലക്കറി, നാരങ്ങാ ,മാങ്ങ ഇഞ്ചി തുടങ്ങിയ അച്ചാർ, ബീറ്റ്റൂട്ടുപച്ചടി, പച്ചമോര്, കിച്ചടി, മധുരക്കറി, അടപ്പായസം ഇത്രയുമാണ് സദ്യയുടെ വിഭവങ്ങൾ. പന്ത്രണ്ടു മണിയ്ക്ക് വിളക്കിനു മുന്നിൽ ഇലയിട്ട് മാവേലിയ്ക്കു വെയ്ക്കും അതിനു ശേഷം എല്ലാവർക്കും ഒരേ പോലെ സദ്യ വിളമ്പും. ഇതിനിടയിൽ പറയട്ടെ എൻ്റെ അമ്മ അസ്സലായി , നല്ല സ്വാദിഷ്ടമായി പാചകംചെയ്യുമായിരുന്നു.
ഉച്ചയൂണു കഴിഞ്ഞ് പുതിയ വസ്ത്രങ്ങളൊക്കെ ധരിച്ച് ,വറുത്തുപ്പേരിയുടെ ടിന്നുകൾ തുറന്ന് ഓരോ അയൽപക്കക്കാർക്കുമായി പ്രത്യേകം കടലാസുപൊതികളിലായി എൻ്റെ കയ്യിൽ തന്നുവിടും. ഞാനവയൊക്കെ കൊണ്ടു ചെന്നു കൊടുത്തിട്ട് കൂട്ടുകാർക്കൊപ്പം ( വല്യമ്മയുടെ മക്കളുമുണ്ട്) തൊട്ടടുത്ത മൈതാനത്തേയ്ക്ക് ഓണക്കളികൾക്കായി പോകും. അമ്മയും പപ്പയുമൊക്കെ അവിടേക്ക് വരും. അമ്മമാരുടെ കൈ കൊട്ടിക്കളിയുണ്ട്. എൻ്റെ അമ്മ നന്നായി തിരുവാതിരയും കൈ കൊട്ടിക്കളിയും കളിക്കുമായിരുന്നു. അയൽപക്കത്തെ അമ്മമാരെല്ലാം കൂടി പാട്ടുകൾ പാടി വട്ടത്തിൽ നിന്നുകൊണ്ട് മനോഹരമായി തിരുവാതിരയും മറ്റും കളിയ്ക്കുന്ന കാഴ്ച്ച ഇന്നുമെൻ്റെ കണ്ണിനു മുന്നിലെ ഒളിമങ്ങാത്ത ഓർമ്മമധുരങ്ങളാണ്. പിന്നീട് വലിയ ഊഞ്ഞാലിൽ (ആലാത്തൂഞ്ഞാൽ ) എന്നാണ് പറയുന്നത്) എല്ലാവരും ചെന്ന് ഊഴം വെച്ച് ഊഞ്ഞാലാടും ഇതിനിടയിൽ അടുത്തുള്ള ഏതെങ്കിലും വീട്ടിൽ നിന്ന് ചായയും പലഹാരങ്ങളുമെത്തും. എല്ലാവരും കൂട്ടം കൂടിയിരുന്ന് ചായയൊക്കെക്കഴിച്ച് പാട്ടുകൾ പാടി ഏകദേശം സന്ധ്യയോടെ അവരവരുടെ വീടുകളിലേയ്ക്ക് മടങ്ങും. പിറ്റെ ദിവസം രാവിലെയാണ് ഞങ്ങൾ കുടുംബ സമേതം തറവാട്ടിലേയ്ക്കു പോകുന്നത്. എൻ്റെ അമ്മമ്മയുടെയടുത്തേയ്ക്ക്.
ഓണം പങ്കു ചേരലുകളുടെയും പങ്കുവെക്കലുകളുടെയും ആഘോഷമാണ്.. നാനാവർണ്ണങ്ങൾ ഒത്തുചേർന്ന് ഒരൊറ്റനിറമായി മലയാൺമയുടെ നിറതെളിനിലാവായി, ഗതകാലത്തിലെ ഓണം എന്നും ഓർമ്മത്താളുകളിൽ നിറയുകയാണ്. എഴുതിയിട്ടും തീരാതെയത് ഒഴുകിപ്പടരുകയാണ്. ജീവിതനദി പോലെ.