Monday, November 18, 2024
Homeസ്പെഷ്യൽമലയാളി മനസ്സിന്റെ 'സ്ഥിരം എഴുത്തുകാർ' (11) 'ദീപ നായർ, ബാംഗ്ലൂർ.' ✍ അവതരണം: മേരി ജോസി...

മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ’ (11) ‘ദീപ നായർ, ബാംഗ്ലൂർ.’ ✍ അവതരണം: മേരി ജോസി മലയിൽ

മേരി ജോസി മലയിൽ തിരുവനന്തപുരം

മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ’ എന്ന പംക്തിയിലേക്ക് എല്ലാവരേയും സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു

ദീപ നായർ, ബാംഗ്ലൂർ 

മലയാളി മനസ്സിലെ ‘പാചകപംക്തി’ യിലൂടെ  നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും അറിയുന്ന ശ്രീമതി ദീപ നായർ ആണ് ഇന്നത്തെ അതിഥി.

FB യിലെ ശ്രീ രാജു ശങ്കരത്തിൽ ൻ്റെ പോസ്റ്റിലൂടെയാണ് ‘മലയാളി മനസ്സ്’ പത്രം തുടങ്ങുന്ന വിവരം അറിഞ്ഞതെന്നും ഉടൻ തന്നെ അദ്ദേഹത്തിനോട് പാചകപംക്തി ചെയ്യാനുള്ള തൻ്റെ താൽപര്യം അറിയിക്കുകയായിരുന്നുവെന്നും അങ്ങനെ പത്രത്തിന്റെ ആദ്യദിനം മുതൽ പ്രത്യേക പാചകപംക്തി  ചെയ്തുപോരുന്നു എന്നും ശ്രീമതി ദീപ നായർ പറയുകയുണ്ടായി. പാചകകലയോടുള്ള തൻ്റെ ഇഷ്ടമാണ് പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് FB യിൽ ഒരു പേജ് തുടങ്ങിയത് എന്നും അതേ ഇഷ്ടവും കൂടെ തൻ്റെ പാചകക്കുറിപ്പുകൾ കൂടുതൽ ആളുകളിലേക്ക് എത്തണമെന്നുള്ള ആഗ്രഹവും ആണ്  മലയാളി മനസ്സിലേക്ക് എത്തിച്ചതെന്നും സൂചിപ്പിക്കുകയുണ്ടായി. അതിന് മലയാളി മനസ്സ് കുടുംബം നൽകിയ പ്രോൽസാഹനത്തെക്കുറിച്ചും അവർ വാചാലയായി. ആദ്യകാലത്ത് ആഴ്ചയിൽ രണ്ടു പാചകക്കുറിപ്പുകൾ വീതം ആയിരുന്നുവെന്നും കൂടുതൽ ആളുകളുടെ രചനകൾ ഉൾപ്പെടുത്താനായി ഇപ്പോളത് ആഴ്ചയിൽ ഒന്നാക്കിയിട്ടുണ്ട് എന്നും അവർ ഓർമ്മിക്കുന്നു. മലയാളി മനസ്സിനൊപ്പം അവരേയും ചേർത്തു നിർത്തുന്നതിലും, കുടുംബാംഗമായി കാണുന്നതിലും  സന്തോഷം അറിയിച്ചു. പത്രത്തിന്റെ വളർച്ചയ്ക്കൊപ്പം എന്നും എപ്പോഴും  ദീപ നായരുണ്ടാകും എന്ന ഉറപ്പു നൽകിക്കൊണ്ട്  ‘മികച്ച പാചകപംക്തി’ ക്കുള്ള സ്മരണിക നൽകി ആദരിച്ചതിലുള്ള അതിയായ സന്തോഷം അവർ പങ്കു വച്ചു.

പാചകം പോലെതന്നെ എഴുത്തിലും താൽപര്യം ഉള്ള ശ്രീമതി ദീപ നായർ പത്രത്തിന്റെ ആദ്യവർഷത്തെ ഓണത്തിനും ക്രിസ്തുമസിനും സംഘടിപ്പിച്ച മത്സരങ്ങളിൽ പങ്കെടുത്ത് വിജയി ആയി എന്നുള്ളതും കോട്ടയം കുരിശുപള്ളിയിൽ വച്ചു നടത്തിയ അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാനും ക്യാഷ് അവാർഡും സ്മരണികയും സ്വീകരിക്കാൻ കഴിഞ്ഞു എന്നുള്ളതും അവരുടെ എഴുത്തുവഴിയിലെ നാഴികക്കല്ലായി കരുതുന്നു.

സമൂഹമാധ്യമങ്ങളിലും ആനുകാലികങ്ങളിലും കഥകൾ, കവിതകൾ, ലേഖനങ്ങൾ, പാചകക്കുറിപ്പുകൾ എന്നിവ എഴുതാറുള്ള തനിക്ക് പാചകത്തിലും എഴുത്തിലും  മത്സരങ്ങളുടെ ഭാഗമായി ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കാര്യം സൂചിപ്പിക്കുകയുണ്ടായി. മലയാള മനോരമയിൽ കവിതകളും പാചകക്കുറിപ്പുകളും, വനിതയിലും, ടൈംസ് ഓഫ് ഇന്ത്യ (ഇംഗ്ലീഷ്) യിലും പാചകക്കുറിപ്പുകളും വരാറുണ്ട് എന്നും പറഞ്ഞു. 2020 ൽ വനിത സംഘടിപ്പിച്ച ‘ബാൽക്കണി ഫാഷൻ’ ൽ വിജയികളിൽ ഒരാളാകാനും 2022 ൽ വനിതയുടെ ‘പാചകറാണി’ മത്സരത്തിലെ സെമി ഫൈനലിസ്റ്റ് ആകാനുമുള്ള ഭാഗ്യം ലഭിച്ചത് അവർ അത്യധികം സന്തോഷത്തോടെ ഓർമ്മിക്കുന്നു. ബ്രാഹ്മിൻസ്, നിറപറ, ഡബിൾ ഹോഴ്സ് എന്നീ ഫുഡ് ബ്രാൻ്റുകൾ വിശേഷാവസരങ്ങളിൽ നടത്തിയ മത്സരങ്ങളിൽ നിരവധി തവണ സമ്മാനാർഹയായിട്ടുള്ള സന്തോഷവും അവർ പങ്കു വച്ചു. ദീപ നായരുടെ 41 കവിതകൾ അടങ്ങുന്ന ആദ്യകവിതാസമാഹാരം  ‘എൻ്റെ കുത്തിക്കുറിക്കലുകൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കവിതകൾക്ക് മാമ്പഴം പുരസ്കാരം അടക്കം ചില പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ശ്രീമതി ദീപ നായർ പറഞ്ഞു. ബിസിനസ്സും എഴുത്തും പാചകവും ഫോട്ടോഗ്രാഫിയും മനസ്സിൽ താലോലിച്ചു കൊണ്ടു ചെയ്യുന്ന ഇഷ്ടങ്ങളാണ് എന്ന് അവർ പുഞ്ചിരിയോടെ പറയുന്നു.

പാലക്കാട് ജില്ലയിലെ പുതുനഗരം എന്ന സ്ഥലത്ത് ശ്രീമതി ബേബിയുടെയും ബാലകൃഷ്ണൻ്റെയും മൂത്ത മകളായി ജനിച്ച ദീപയ്ക്ക് ഒരു സഹോദരി ഉണ്ട്. ചിറ്റൂർ ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ, ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇക്കണോമിക്സ് ബിരുദം. വിവാഹശേഷം കുറെയേറെ വർഷങ്ങൾ ഉത്തരേന്ത്യയിൽ ആയിരുന്നു. ഇപ്പോൾ ബാംഗ്ലൂരിൽ സ്ഥിരതാമസം. ഓൺലൈൻ ബൊട്ടീക് നടത്തുന്ന ദീപ നായരുടെ ഭർത്താവ് ഗിരീഷ് കാളഞ്ചാത്ത് BHEL ൽ ജോലി ചെയ്യുന്നു. മൂത്ത മകൻ അർജുൻ TCS ലും മരുമകൾ ശ്രീദേവി ഒരു സ്റ്റാർട്ടപ്പ് കമ്പനിയിലും ജോലി ചെയ്യുന്നു. ചെറിയ മകൻ അനിരുദ്ധ് MBA ചെയ്യുന്നു.

ഒരുപാടൊരുപാട് എഴുത്തുകാർക്ക് പ്രോൽസാഹനവും പിന്തുണയും നൽകി വിജയവീഥിയിലൂടെ മുന്നോട്ടു കുതിക്കുന്ന മലയാളിമനസ്സിനും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് ശ്രീമതി ദീപ നായർ പറഞ്ഞവസാനിപ്പിച്ചു.

ഓരോ ആഴ്ചയും വ്യത്യസ്തവും രുചികരവുമായ പാചകക്കുറിപ്പുകൾ കൊണ്ട് വായനക്കാരെ ആകർഷിക്കുന്ന പാചകരത്നം ദീപ നായർ എന്നും മലയാളി മനസ്സിനൊപ്പം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. നന്ദി നമസ്കാരം.

മേരി ജോസി മലയിൽ തിരുവനന്തപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments