Friday, July 26, 2024
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 28) അവതരണം: കടമക്കുടി മാഷ്

നക്ഷത്രക്കൂടാരം – (ബാലപംക്തി – 28) അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷ്

സ്നേഹം നിറഞ്ഞ കൂട്ടുകാരേ,

മെയ് മാസം അവസാന ആഴ്ചയിലേക്കാണ് നാമിപ്പോൾ കടന്നിരിക്കുന്നത്. മുന്നിൽ പുതിയ സ്ക്കൂൾ വർഷാരംഭത്തിൻ്റെ അലയൊലികൾ മുഴങ്ങുന്നുണ്ട്. പുതിയ പുസ്തകങ്ങൾ, പുതിയ പെന്നും പെൻസിലും നോട്ടുബുക്കുകളും, പുതിയ ബാഗ്, പുത്തൻ യൂണിഫോം തുടങ്ങിയവ വാങ്ങി തയ്യാറാകുന്ന ദിവസങ്ങൾ. എല്ലാവരും അത്തരം തിരക്കുകളിലാവും.

ഈ ആഴ്ചയിൽ പ്രധാനപ്പെട്ടൊരു ദിവസമുണ്ട്. മെയ് – 27.കുഞ്ഞുങ്ങൾ ചാച്ചാജിയെന്ന ഓമനപ്പേരിട്ടു വിളിച്ചിരുന്ന ജവാഹർലാൽ നെഹ്റുവിൻ്റെ ചരമദിനമാണത്.
ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാണ് നെഹ്റു. ഇന്ത്യൻസ്വാതന്ത്ര്യ സമരനേതാവ്, രാഷ്ട്രീയതത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു ഭരണകാലത്ത് രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു.

രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായി മാറിയ ജവാഹർലാൽ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964 മെയ് 27 ന് മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌.

കുട്ടികളോട് വളരെയേറെ ഇഷ്ടവും സൗഹൃദവും ഉണ്ടായിരുന്ന അദ്ദേഹത്തിൻ്റെ ജന്മദിനമായ നവംബർ പതിനാല് നാം ശിശുദിനമായി ആഘോഷിച്ചു വരുന്നു.

ഇനി മാഷ് നിങ്ങൾക്കായി എഴുതിയ ഒരു കവിത ചൊല്ലാം. പച്ചക്കറികളുടെയാത്ര വിവരിക്കുന്ന ഒരു ഫാൻ്റസി കവിതയാണത്

🫑🍈🥒🌶️🍒🍎🥦🍍🍍🍎🍍

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പച്ചക്കറികളുടെ യാത്ര_
++++++++++++++++

കോലൻപയറും മത്തങ്ങായും
കോഴിക്കോട്ടിനു പോകുന്നേ.
കോവയ്ക്കായും ചീരേം വെണ്ടേം
കോളീഫ്ലവറും കാബേജും
മുരിങ്ങാക്കായും തക്കാളികളും
മുളകും ചേമ്പും കാരറ്റും
കാച്ചില് ചേനകൾ പാവയ്ക്കായും
പീച്ചിലുമുള്ളീമെത്തുന്നു.
മാങ്ങേമിഞ്ചിം മല്ലീം കായും
തേങ്ങയുമൊപ്പം കൂടുന്നു.
ബസ്സിൽക്കേറണ നേരത്തവരെ
ശങ്കുമ്മാവൻ കാണുന്നു.
തട്ടിക്കൂട്ടി കൂട്ടരെ വേഗം
കൊട്ടേലാക്കിപ്പോവുന്നു.
വീട്ടിൽ നല്ലൊരു സദ്യയൊരുക്കാൻ
വട്ടംകൂട്ടി ശങ്കുമ്മാൻ.

==========================================

ശങ്കുമ്മാവൻ്റെ സദ്യയും കൂടി രസിച്ചിരിക്കുന്ന നിങ്ങളോട് കഥ പറയാനൊരു മാമനെത്തുന്നുണ്ട്. കുഞ്ഞുങ്ങളുടെ പ്രിയ ബാലസാഹിത്യകാരൻ, കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രസിദ്ധനായ ശ്രീ.വയലാർ ഗോപാലകൃഷ്ണൻ സാർ ഒരു കഥയുമായി എത്തിയിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ വയലാറിലാണ് അദ്ദേഹം ജനിച്ചത്. ഉഴുവ യു പി സ്കൂൾ പട്ടണക്കാട് ഹൈസ്കൂൾ, ചേർത്തല എൻ എസ്സ് എസ്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്റ്റാറ്റിസ്റ്റിക്ക് ഡിപ്പാർട്ടുമെന്റിൽ നിന്നും സീനിയർ ഇൻസ്പക്ടറായി വിരമിച്ചു.

സിനിമ-സീരിയൽ – ഏ ഐ ആർ ദൂരദർശൻ . വിവിധ ആൽബങ്ങൾ എന്നിവയിലൂടെ ആയിരത്തിനുമേൽ ഗാനങ്ങളും ബാലസാഹിത്യമുൾപ്പടെ 17 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ദ്രുതകവന പുരസ്കാരം – ചിക്കൂസ് കളിയരങ്ങ് അവാർഡ് – കുട്ടനാട് ചിന്താവേദിയ വാർഡ്. അന്താരാഷ്ട്ര ശിശുവർഷപുരസ്കാരം.
ജീ .ശങ്കരപ്പിള്ള സ്മാരക അവാർഡ് – തുടങ്ങിയ അംഗീകാരങ്ങൾ നേടി.
ശ്രീ. വയലാർ ഗോപാലകൃഷ്ണൻ സാർ എഴുതിയ കഥയാണ് താഴെ.

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

കുട്ടിക്കാവിന്റെ കുറിഞ്ഞിപ്പൂച്ച വയലാർ ഗോപാലകൃഷ്ണൻ

കുട്ടിക്കാവ് പറഞ്ഞു “മുത്തശ്ശീ ഒരു പൂച്ചക്കുഞ്ഞ് കരയുന്നു.”
മുത്തശ്ശി ശ്രദ്ധിച്ചു. “ങാഹ നേരാ.. വാ നമുക്ക് നോക്കാം. ” കുട്ടിക്കാവും മുത്തശ്ശിയും ഇല്ലത്തിന് പിറകിലുള്ള കുറ്റിക്കാ ട്ടിൽച്ചെന്നു.

ഇവിടെയെവിടെയോ നിന്നാണ് കരച്ചിൽ കേട്ടത്.. “ദേ മുത്തശ്ശീ, ഇവിടെയുണ്ട്.”

കുട്ടിക്കാവ് ആ കുറിഞ്ഞിപ്പൂച്ചയെ വാരിയെടുത്തു.

മുത്തശ്ശി പറഞ്ഞു.
“വേണ്ട കുട്ടിക്കാവേ, അത് മാന്തും. മാന്തിയാൽ ആശുപത്രി യിൽപ്പോണം.” മുത്തശ്ശി ആ പൂച്ചക്കുഞ്ഞിനെ പൊക്കിനോക്കി

“ങ്ഹാ പെൺപൂച്ചയാണ്. ആരോ ഈ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചതാവാം. “

കുട്ടിക്കാവിന്റെ നെഞ്ചിലെ ചൂടേറ്റപ്പോൾ ആ പൂച്ചക്കുഞ്ഞ് മയങ്ങി.

മുത്തശ്ശി പറഞ്ഞു.
“പാവം മുലകുടി മാറിയിട്ടില്ല.”

“മുത്തശ്ശീ നമുക്കിതിനെ വളർത്താം “

“ആവാം. പക്ഷെ . അച്ഛൻ സമ്മതിക്കുമോ ? ഇത്തരത്തിലുള്ള മൃഗങ്ങളിൽ നിന്നും പലരോഗങ്ങളുമുണ്ടാകാം”.

കുട്ടിക്കാവ് ഒന്നും പറഞ്ഞില്ല. അവൾ ആ പൂച്ചക്കുഞ്ഞിനെ തഴുകിക്കൊണ്ടിരുന്നു.. അവൾക്ക് എല്ലാ മൃഗങ്ങളെയും പക്ഷികളെയും ഇഷ്ടമാണ്. പൂച്ചക്കുഞ്ഞുങ്ങളുടെ കുസൃതികൾ ഏറെയി ഷ്ടം. പെട്ടെന്നവളുടെ ചിന്തയിലേക്ക് വല്യേട്ടൻ കടന്നുവന്നു.

” മുത്തശ്ശീ, വല്യേട്ടന് പൂച്ചക്കുട്ടികളെ വെറുപ്പാണ് എന്ത് ചെയ്യും?

“അതാണ് ഞാനും വിചാരിക്കണത്. ഉണ്ണി കണ്ടാൽ നമ്മളെ വഴക്കു പറയും. ങ്ഹാ. സാരമില്ല. മോള് വാ.”

അമ്മയും എതിർപ്പു പറഞ്ഞപ്പോൾ കുട്ടിക്കാവിന് ദുഖമായി.

മുത്തശ്ശി പറഞ്ഞു
“ എന്തായാലും ഇതിനിത്തിരി പാല് കൊടുക്കണം ”

*ഞാൻ കൊടുക്കാം മുത്തശ്ശി. ”

അവൾ ഗ്ലാസിലെ പാല് പൂച്ചക്കുഞ്ഞിൻ്റെ ഇത്തിരിവായിലേക്ക് പകർന്നു. അമ്മയുടെ മുലകുടിക്കുന്നതുപോലെ ആ പൂച്ചക്കുഞ്ഞ് ഗ്ലാസ്സിലെ പകുതിയോളം പാലും കുടിച്ചു.എന്നിട്ടു കുഞ്ഞുചെവി മടക്കി. പുച്ചൂല് പോലുള്ള ഇത്തിരി വാലിളക്കി. കുഞ്ഞു കൈകൾ കുട്ടിക്കാവിന്റെ നെഞ്ചിൽ ചേർത്തുമയങ്ങി.

ഉണ്ണിക്കുട്ടൻ പറഞ്ഞു.

“കണ്ട പൂച്ചയെയും പട്ടിയെയും പിടിച്ചു വളർത്തിയാൽ അപ കടമാ കുട്ടിക്കാവേ. അതിനെ എവിടെങ്കിലും കൊണ്ടുപോയി കള”

കുട്ടിക്കാവ് കരഞ്ഞു. അതുകണ്ടപ്പോൾ ആ പൂച്ചക്കുഞ്ഞും കരഞ്ഞു.

മ്യാവൂ. മ്യാവു……

അമ്മ പറഞ്ഞു
“കാവേ നീ… കരയണ്ട ഉണ്ണി പറഞ്ഞത് ശരിയാ. ഇതൊക്കെ പല രോഗങ്ങളുമായാണ് വരുന്നത്. ഇപ്പോൾ കേൾക്കുന്നില്ലേ. എലിപ്പനി ഡങ്കിപ്പനി. – വവ്വാൽപ്പനി എന്നൊക്കെ അതു പോലൊരുപൂച്ചപ്പനിയും വന്നു കൂടെന്നില്ലല്ലോ.”

അമ്മ അതുംപറഞ്ഞ് പോയപ്പോൾ കുട്ടിക്കാവ് മുത്തശ്ശി യെ നോക്കി. മുത്തശ്ശി പതിയെ കണ്ണിറുക്കി. അവൾക്കറിയാം മൂത്ത ശ്ശിക്ക് സ്നേഹമുണ്ടെന്ന്.

രാത്രി കൂട്ടിക്കാവും മുത്തശ്ശിയും ഒന്നിച്ചാണുറങ്ങുന്നത്. അവർ രണ്ടുപേരും മാത്രമുണ്ടായിരുന്ന മുറിയിൽ ഇപ്പോൾ കുറിഞ്ഞിയും കൂടി. അവൾ കുട്ടിക്കാവിനെയും മുത്തശ്ശിയെയും പൂവിന്റെ ഇതളുപോലുള്ള കുഞ്ഞുനാക്ക് കൊണ്ട് നക്കും . കുട്ടിക്കാവ് കോരിത്തരിക്കും. അതുകാണുമ്പോൾ കുറിഞ്ഞികരയും .ന്നിട്ട് കുഞ്ഞിക്കൈകൊണ്ട് തപ്പിനോക്കും. പിന്നെ അവർക്കിടയിൽക്കിടന്നുറങ്ങും. വായിൽ കുഞ്ഞുവിരൽ വച്ചുറങ്ങുന്ന ഒരു മനുഷ്യക്കുഞ്ഞിനെപ്പോലെ.
വല്യേട്ടൻ അടുത്ത മുറിയിൽ ഉറങ്ങാതെ കിടക്കുകയാണെന്നവൾക്കറിയാം.

പിറ്റേന്ന് കുട്ടിക്കാവ് സ്കൂൾ വിട്ടുവന്നപ്പോൾ കുറിഞ്ഞിയെ കണ്ടില്ല. അവൾ മുത്തശ്ശിയുടെ അടുത്തുചെന്നു. അവർ വിഷാദത്തോടെ അവളെ തഴുകിക്കൊണ്ട് പറഞ്ഞു

“ആ പൂച്ചക്കുഞ്ഞിനെ ഉണ്ണി എവിടെയോ കൊണ്ടക്കളഞ്ഞു കാവേ . അച്ഛൻ പറഞ്ഞിട്ടാണെന്നാണ് പറഞ്ഞത്. കൊന്നില്ല.”

കുട്ടിക്കാവ് സ്തംഭിച്ചു പോയി. അവളുടെ ഏങ്ങലടികൾ നാലുകെട്ടിൽ തുളുമ്പിനിന്നു. അവൾ കുറിഞ്ഞിയെ ഓർത്ത് ഒരുപാട് കരഞ്ഞു.

പിറ്റേന്ന് കുട്ടിക്കാവ് കിടക്കയിൽക്കിടന്ന് എന്തൊക്കെയോ പറഞ്ഞു. ഉറക്കത്തിലെ പിച്ചും പേയും പോലെ. അവൾ നന്നേ
വിറയ്ക്കുന്നുമുണ്ട്.. മുത്തശ്ശിയും അമ്മയും അച്ഛനും ചേട്ടനും അവളെ തലോടി. അച്ഛൻ നെറ്റിയിൽ കൈവച്ചു.

”നന്നായി പനിക്കുന്നുണ്ട്. ” അഛൻ പറഞ്ഞു.

“ ഉണ്ണീ – പൂച്ചക്കുഞ്ഞ് പോയതിലുള്ള മനോവിഷമമാണ് മോൾക്ക് . നീ പോയി അതിനെ കൊണ്ടു വാ”

ഉണ്ണി സ്കൂട്ടറിൽ പാഞ്ഞു. അല്പം കഴിഞ്ഞ് അവൻ വളരെ ദുഃഖത്തോടെ തിരിച്ചുവന്നു. കുറ്റബോധത്തോടെ പറഞ്ഞു.

“അതിനെ എങ്ങും കാണുന്നില്ല.”

കുട്ടിക്കാവ് വീണ്ടും തളർന്നുകിടന്നു. അന്നു രാത്രി നല്ലമഴ പെയ്തു . ഉറക്കത്തിലെപ്പഴോ ഉണർന്നപ്പോൾ അവൾ പ്രാർത്ഥിച്ചു

“ഭഗോതി. എന്റെ കുറിഞ്ഞിക്ക് ഒന്നും സംഭവിക്കല്ലേ. അവൾ വരണേ.”

മുത്തശ്ശീ പേരക്കുട്ടിയെ തഴുകിക്കൊണ്ട് പറഞ്ഞു. “മോളുറങ്ങ്. പൂച്ചക്കുഞ്ഞ് വരും.”

അവൾ പതിയെ ഉറക്കത്തിലേക്ക് വീണു. നേരം പുലർന്നു. മഴതോർന്നു. പുറത്തൊരു കരച്ചിൽ. മുത്തശ്ശി വാതിൽ തുറന്നു. മഴനനഞ്ഞ് പരവശയായ കുറിഞ്ഞി മൂത്തശ്ശിയുടെ കാലുനക്കി. അതിനെയെടുത്ത് മുത്തശ്ശി കുട്ടിക്കാവിനടുത്തു ചെന്ന് അവളെ തട്ടിക്കൊണ്ട് പറഞ്ഞു.

“മോളെ – കൂട്ടിക്കാവേ ദേ പൂച്ചക്കുഞ്ഞ് “. അവൾ കണ്ണു തുറന്നു.. മുത്തശ്ശിയുടെ നെഞ്ചോട് ഒട്ടിച്ചേർന്നിരിക്കുന്ന കുറിഞ്ഞി അവളെ കണ്ടപ്പോൾ മ്യാവൂ മ്യാവൂ എന്നു കരഞ്ഞു. കുട്ടിക്കാവ് കുറിഞ്ഞിയെ മുത്തശ്ശിയുടെ കൈയ്യിൽനിന്നു വാങ്ങി നെഞ്ചോടുചേർത്ത് തെരുതെരെ ഉമ്മവച്ചു.
അപ്പോൾ കുറിഞ്ഞിയും കരഞ്ഞു.
”മ്യാവൂ മ്യാവൂ”

സങ്കടം കൊണ്ടെന്ന പോലെ കൂറുഞ്ഞി കരഞ്ഞു കൊണ്ടി

രുന്നു

മ്യാവൂ മ്യാവു…

🐱🐱🐱🐱🐱🐱🐱🐱🐱🐱🐱

നല്ല കഥയല്ലേ! കുട്ടിക്കാവും മുത്തശ്ശിയും കുറിഞ്ഞിയും നമ്മുടെ മനസ്സിലങ്ങനെ തെളിഞ്ഞു നില്ക്കുന്നു. കുട്ടിക്കാവിൻ്റെ സ്നേഹത്തിൻ്റെ കഥ രസകരയാണ്.

കഥകേട്ട് മയങ്ങിയോ?ഇതാ ഒരു കുഞ്ഞിക്കവിതയുമായി ഒരു ടീച്ചർ വരുന്നു. നമുക്കത് പാടി നോക്കിയാലോ ?

കോട്ടയം ജില്ലയിലെ രാമപുരംകാരിയാണ് മീനാകുമാരി ടീച്ചർ ആണ് .
മലപ്പുറം ജില്ലയിലെ തൃപ്പനച്ചി ഏ.യു.പി സ്കൂളിൽ അദ്ധ്യാപികയായ മീനാകുമാരി തളിര്, കളിക്കുടുക്ക, മിന്നാമിന്നി തുടങ്ങിയ ബാലമാസികകളിൽ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്. കുഞ്ഞിച്ചിറകുകൾ, പൊൻ തൂവലുകൾ എന്നീ കുട്ടിക്കവിതാസമാഹരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടീച്ചർ ഇപ്പോൾ
മഞ്ചേരി,മുളളമ്പാറ, ‘ശ്രീകൃഷ്ണാമൃത’ത്തിൽ താമസിക്കുന്നു.
ശ്രീമതി മീനാകുമാരി ആർ. മഞ്ചേരി എഴുതിയ കവിതയാണ് താഴെ കൊടുക്കുന്നത്.

🌷🔥🌷🔥🌷🔥🌷🔥🌷🔥🌷


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അണ്ണാറക്കണ്ണൻ

മുറ്റത്തെ പ്ലാവിലിരുന്നു ചൊല്ലി
അണ്ണാറക്കണ്ണനും കൂട്ടുകാരും
ഈ മരച്ചില്ലകൾ വെട്ടിടല്ലേ
ഞങ്ങൾ തൻ വാസം കളഞ്ഞീടല്ലേ
ഫലവർഗ്ഗം ഞങ്ങൾക്കു ജീവനാണേ
ഞങ്ങളെ പട്ടിണിയാക്കരുതേ
ജീവിതം കണ്ണീരിലാഴ്ത്തരുതേ
പാവങ്ങൾ ഞങ്ങളും ജീവിച്ചോട്ടെ!

———————————————-

അണ്ണാറക്കണ്ണൻ ഇഷ്ടമായില്ലേ? പരിസ്ഥിതി താറുമാറിക്കുന്നവരാേടുള്ള അപേക്ഷയാണ് ഇക്കവിത

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
ഇനിയൊരു കഥ കേൾക്കാം. ഉറുമ്പുകളുടെ കഥ. കഥയുമായി എത്തുന്നത് ശ്രീമതി ബീന മേലഴി എന്ന ബാലസാഹിത്യകാരിയാണ്.

മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് സ്വദേശിയായ ബീന ഇപ്പോൾ തിരൂരിലാണ് സ്ഥിരതാമസം. ബാലമാസികകളിൽ എഴുതുന്നു. മുത്തുമണിയുടെ സ്ലേറ്റ്, അമ്മിണിക്കുട്ടിയ്ക്ക്, സിൻഡ്രല്ല പൂമ്പാറ്റ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

തിരൂർ തുഞ്ചൻ സ്മാരകത്തിൽ തുഞ്ചൻ ബാലസമാജം വായനശാല, മലയാള സാഹിത്യ മ്യൂസിയം എന്നിവയുടെ ചുമതല വഹിക്കുന്നു.
ശ്രീമതി. ബീന മേലഴി എഴുതിയ കഥയാണ് താഴെ.

🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

ചോണനുറുമ്പുകളുടെ കൂട്

കുറെദൂരം നടന്നുനടന്നു ക്ഷീണിച്ച രണ്ടു ചോണനുറുമ്പുകൾ എത്തിപ്പെട്ടതൊരു പുഴക്കരയിലാണ്.

“ഹായ് നല്ല ഭംഗിയുള്ള സ്ഥലം. സുഖമുള്ള തണുപ്പും കാറ്റൂ മെല്ലാമുണ്ട് “.

പുതിയ സ്ഥലം രണ്ടു പേർക്കും വളരെ ഇഷ്ടമായി. ചുറ്റുവട്ടത്തുള്ള കാട്ടിലാണെങ്കിലോ ഭക്ഷണത്തിന് ഒരു ബുദ്ധിമുട്ടുമില്ല. കുടിക്കാനും കുളിക്കാനും പുഴനിറയെ വെള്ളവും.

“നമുക്കിവിടെ കൂട് വെച്ചാലോ… മണ്ണ് മാന്തിക്കൂട്ടാനും എളുപ്പമാണ്. നല്ല ഒന്നാന്തരം കൂട് ഉണ്ടാക്കാം “. ഒരാൾ മറ്റെയാളോട് പറഞ്ഞു.

അങ്ങനെ അവർ കൂടുണ്ടാക്കാൻ തീരുമാനിച്ചു. രണ്ടാളും മണ്ണൊക്കെമാന്തി പുഴവക്കിൽ വീട് പണിയാൻ തുടങ്ങി. ഇതിനിടയിൽ കൂട്ടിന് പല ചങ്ങാതിമാരുമെത്തി. കുഞ്ഞിക്കുരുവികൾ, അണ്ണാന്മാർ, കുഞ്ഞിത്തവളകൾ തുടങ്ങിയവർ. കുഞ്ഞിക്കുരുവികൾ ഉറുമ്പുകളുമായി എപ്പോഴും നല്ലകൂട്ടായി. അവരും ഉറുമ്പുകളെ കൂടുണ്ടാക്കാൻ സഹായിച്ചു.

കൂടുണ്ടാക്കിയ ചോണനുറുമ്പുകൾ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. കുരുവികളെപ്പോലെ അണ്ണാന്മാരും മറ്റു കുഞ്ഞിക്കിളികളുമെല്ലാം അവരുമായി നല്ല അടുപ്പത്തിലായി. പകലെല്ലാം ആഹാരംതേടലും കളികളുമെല്ലാം എല്ലാവരുമൊന്നിച്ചായി. രാത്രിയായാൽ എല്ലാവരും അവരവരുടെ കൂടുകളിൽ പോവും. ഒരു ദിവസം രാത്രി ചോണനുറുമ്പുകൾ കൂട്ടിൽ നല്ല ഉറക്കമായിരുന്നു. പെട്ടെന്നവർക്ക് ആകെ ഇളകി മറിയുന്നതുപോലെ തോന്നി. രണ്ടു പേരും ഞെട്ടിയുണർന്നു. മനുഷ്യന്മാരുടെ സംസാരം പുറത്തുനിന്ന് കേൾക്കുന്നു.

“അയ്യോ ഞങ്ങളെ ഉപദ്രവിക്കല്ലേ “ ഉറുമ്പുകൾ കരഞ്ഞു. എന്നാൽ അവരുടെ ശബ്ദം പുറത്തു വന്നില്ല. രാത്രിയിൽ പുഴയിൽ മീൻപിടിക്കാൻ വന്നവർ ചവിട്ടിനിന്നിരുന്നത് ഉറുമ്പിൻ കൂടിനു പു റത്താണ്.

ഉറുമ്പുകൾ വീണ്ടും കരയാൻ തുടങ്ങി. അപ്പോഴും അവരുടെ ഒച്ച പുറത്തുവന്നില്ല. പിന്നെ ഒന്നും ആലോചിച്ചില്ല. ഉറുമ്പുകൾ അയാളുടെ കാലിൽ ആഞ്ഞുകടിച്ചു. അയാൾ വേദനകൊണ്ട് കാൽ വലിച്ചു. പക്ഷെ അയാൾക്ക് ദേഷ്യമൊന്നും വന്നില്ല എന്നു മാത്രമല്ല ഉറുമ്പിനോട് ദയയും തോന്നി. “ അയ്യോ … ഇവിടെ ഉറുമ്പിന്റെ കൂടുണ്ട്. കണ്ടില്ലായിരുന്നു. ചവിട്ട് തട്ടി കൂട് കേടായല്ലോ. പാവം ഉറുമ്പുകൾ …. എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയതാവും”.

എല്ലാവർക്കും സങ്കടംതോന്നി. മീൻപിടിക്കാൻ വന്നവരെല്ലാം ചേർന്ന് ഉറുമ്പിൻകൂട് പതുക്കെപ്പതുക്കെ ശരിയാക്കിക്കൊടുത്തു. ആദ്യം ഉറുമ്പുകൾക്ക് അതിശയം തോന്നി. പിന്നെ അവർക്ക് വളരെ സന്തോഷമായി.

ഒരുറുമ്പ് മറ്റേ ഉറുമ്പിനോട് പറഞ്ഞു. “നമ്മൾ ഇത്രനല്ല മനുഷ്യന്മാരെ കണ്ടിട്ടേയില്ല, അല്ലേ?”

ശരിയാണെന്ന് മറ്റേ ഉറുമ്പും തലയാട്ടി സമ്മതിച്ചു.

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
കഥ വളരെ നന്നായി. ഉറുമ്പുകളും കൂട്ടുകാരും കൂടെ ഉണ്ടാക്കിയ കൂട് അറിയാതെ തകർത്തു കളഞ്ഞ മനുഷ്യൻ കൂടു വീണ്ടുമുണ്ടാക്കാൻ സഹായിക്കുന്നു. ഇങ്ങനെ ലോകത്തിലെ എല്ലാ ജീവികളോടും സ്നേഹമുള്ളവരായി ജീവിക്കുന്നവരാണ് നന്മയുള്ളവർ. നിങ്ങളും നല്ലവരാണ്, നന്മയുള്ളവർ.

ഇപ്പോൾ നന്മ നിറഞ്ഞവരായ നിങ്ങൾക്കു വേണ്ടി ഒരു പ്രാർത്ഥനാ ഗാനവുമായി വരുന്നുണ്ടൊരു അധ്യാപിക.

മലപ്പുറം ജില്ലയിലെ രാമപുരംകാരിയായ പ്രസന്ന അമൃതലയം. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ജോലി ചെയ്തിട്ടുള്ള പ്രസന്ന ടീച്ചർ ഇപ്പോൾ മങ്കട സബ്ജില്ലയിലെ പലകപ്പറമ്പിൽ GLP സ്കൂളിലെ അധ്യാപികയാണ്.

തുവ്വൂർ കൃഷ്ണകുമാറിന്റെ കീഴിൽ സംഗീതം അഭ്യസിച്ചു. സംഗീതത്തിൽ സ്വരപൂർണ, ഗാനപൂർണ എന്നീ ഡിപ്ലോമകൾ കരസ്ഥമാക്കിയിട്ടുണ്ട്. ധാരാളം കവിതകളും പാട്ടുകളും എഴുതുന്നു. സ്വന്തം രചനകൾക്കും മറ്റുള്ളവരുടെ രചനകൾക്കും ഈണം നല്കുകയും പാടുകയും ചെയ്യുന്നു.
പ്രസന്ന അമൃതലയത്തിൻ്റെ ഈ കവിത കൂട്ടുകാർക്ക് ഇഷ്ടമാവാതിരിക്കില്ല.

🎀🎀🎀🎀🎀🎀🎀🎀🎀🎀🎀

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

..ജഗദീശ്വരനോട്…

ജഗദീശ്വരാ നിൻ്റെ ദിവ്യകാരുണ്യം
എന്നെന്നും ഞങ്ങളിൽ
വർഷിച്ചിടേണേ.
ചെയ്യുന്ന കർമ്മങ്ങൾ നന്മയായ്
മാറുവാൻ
എന്നും നീ എന്നുള്ളിൽ
വർത്തിച്ചിടേണേ.
എന്നിച്ഛയെല്ലാം നിന്നിച്ഛയാകേണം
എൻ ചിന്തയെല്ലാം നിൻ
ചിന്തയാകേണം.
ബാലപാഠങ്ങൾ പഠിക്കുമീ ഞങ്ങളെ
സത്യത്തിൻ പാതയിൽ മാത്രം
നയിക്കൂ.
ജഗദീശ്വരാ നിന്റെ ദിവ്യകാരുണ്യം
എന്നെന്നും ഞങ്ങളിൽ
വർഷിച്ചിടേണേ!

നല്ല പ്രാർത്ഥനാ ഗാനം. ജീവിതത്തിൽ നന്മയും ഐശ്വര്യവുമുണ്ടാകുവാൻ ഈശ്വരനോട് എന്നും നിങ്ങളും പ്രാർത്ഥിക്കാറില്ലേ?

ഈ ആഴ്ചയിലെ കഥകളും കവിതകളും കുഞ്ഞു കൂട്ടുകാർക്ക് ഇഷ്ടമായിട്ടുണ്ടാവും – ഇല്ലേ? പുതിയ കഥകളും പുതിയ കഥകളുമായി പുതിയ എഴുത്തുകാർ വരുന്നുണ്ട് നിങ്ങളെ കാണാനും രസിപ്പിക്കാനും. എങ്കിൽ നമുക്കിനി അന്ന് ഒരുമിച്ചുചേരാം.

സ്നേഹത്താേടെ,
നിങ്ങളുടെ.. സ്വന്തം

കടമക്കുടി മാഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments