Saturday, October 19, 2024
Homeസ്പെഷ്യൽകർവ ചൗത്ത് (ലഘു വിവരണം) ✍ജിഷ ദിലീപ്, ഡൽഹി

കർവ ചൗത്ത് (ലഘു വിവരണം) ✍ജിഷ ദിലീപ്, ഡൽഹി

ജിഷ ദിലീപ്, ഡൽഹി

വിവാഹിതരായ സ്ത്രീകൾ ആഘോഷിക്കുന്ന കർവ ചൗത്ത് ഒരു പ്രധാന ഹൈന്ദവോത്സമാണ്. ഭർത്താക്കന്മാരോടുള്ള സ്നേഹവും ഭക്തിയും പ്രകടമാക്കുന്നതിന് വേണ്ടി ഒരു ദിവസം മുഴുവനുമുള്ള ഉപവാസമാണിത്. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ചതുർത്തിയിലാണ് കാരക ചതുർത്തി എന്നും അറിയപ്പെടുന്ന കർവ ചൗത്ത് ആഘോഷിക്കുന്നത്. ദസറക്കും ദീപാവലിക്കും ഇടയിലാണ് പ്രധാന ആഘോഷമായ കർവ ചൗഥ് വരുന്നത്.

വിവാഹിതരായ ഹിന്ദു സ്ത്രീകൾ സൂര്യോദയം മുതൽ ചന്ദ്രോദയം വരെ ഉപവാസമനുഷ്ടിച്ചു കൊണ്ട് ഭർത്താക്കന്മാരുടെ ദീർഘായുസ്സിനായി പാർവതീ ദേവിക്ക് പ്രത്യേക പ്രാർത്ഥനകൾ അർപ്പിക്കുന്നു.

കാർത്തിക മാസത്തിലെ അമാവാസിയുടെ നാലാം ദിവസം ആഘോഷിക്കുന്ന കർവ ചൗത്ത് (ഹിന്ദിയിൽ) കർവ എന്നാൽ ‘മൺ പാത്രത്തിലെ വെള്ളം’ എന്നും ‘ചൗഥ് ‘ ഹിന്ദു ചാന്ദ്ര മാസമായ കാർത്തിക നാലാം ദിവസത്തെ സൂചിപ്പിക്കുന്നു. കർവ ചൗത്തിൽ ‘സർഗി’ കഴിക്കുന്ന ഒരു പാരമ്പര്യം നിലനിൽക്കുന്നു.

അതിരാവിലെ വ്രതാരംഭത്തിനു മുമ്പ് അമ്മായിയമ്മ മരുമകൾക്ക് നൽകുന്ന പ്രഭാത ഭക്ഷണമാണ് സർഗി. കർവാ ദിനത്തിൽ വിവാഹിതരായ സ്ത്രീകൾ വീട്ടുജോലികളിൽ നിന്ന് വിട്ടു നിന്നിരുന്നു. വൈകുന്നേരങ്ങളിൽ പൂജകളിൽ പങ്കെടുക്കുന്നു. കുങ്കുമം, വിവാഹ വസ്ത്രവും ആഭരണവും ധരിക്കുകയും കൈകളിലും കാലുകളിലും മൈലാഞ്ചി ഇടുകയും ചെയ്യുന്നു.

ഉച്ചയ്ക്ക് പകൽ സമയത്ത് വിവാഹിതരായ സ്ത്രീകൾ ശിവനെയും പാർവതി ദേവിയും അവരുടെ പുത്രനായ ഗണപതിയേയും ആരാധിക്കുന്നു.

വൈകുന്നേരം ചന്ദ്രനുദിക്കുമ്പോൾ കർവ എന്നറിയപ്പെടുന്ന പാത്രത്തിൽ ‘ആരോഗ്യ’ ജലം സമർപ്പിച്ച സ്ത്രീകൾ ചന്ദ്രനെ ആരാധിച്ചതിന് ശേഷം നോമ്പ് തുറക്കുന്നതോടൊപ്പം പാനീയവും മധുരപലഹാരങ്ങളും കഴിക്കുന്നു. കൂടാതെ വിവാഹിതരായ സ്ത്രീകൾക്കിടയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ഒരു വിഭവമാണ് ബയ്ന അഥവാ ബായ.

കർവ ചൗത്തുമായി ബന്ധപ്പെട്ട കഥകൾ ഏറെയുണ്ട്. കർവ എന്നറിയപ്പെടുന്ന ഒരു സ്ത്രീയുടെ യഥാർത്ഥ കഥക്ക് അടിസ്ഥാനമാക്കിയാണ് ഈ സംഭവം. കർവയുടെ ഭർത്താവ് കുളിക്കുന്നതിനിടെ ഒരു മുതല ആക്രമിക്കുകയും തുടർന്ന് ഭർത്താവിനെ രക്ഷിക്കാൻ ഓടുകയും മുതലയെ കെട്ടിയിട്ട് ഭർത്താവിനെ രക്ഷിക്കുകയും ചെയ്തു ആ സമയം യമൻ അവിടെ എത്തുകയും മുറിവേറ്റ മുതലയെ കണ്ടപ്പോൾ കർവയുടെ ധൈര്യത്തിൽ സംപ്രീതനായ അദ്ദേഹം അവളുടെ ഭർത്താവിന് ദീർഘായുസ്സ് നൽകിക്കൊണ്ട് അനുഗ്രഹിക്കുകയും മുതലയെ നരകത്തിലേക്ക് അയക്കുകയും ചെയ്തു.

മറ്റൊന്ന് വീർവതി രാജ്ഞി തന്റെ ഭർത്താവിന്റെ ദീർഘായുസ്സും ക്ഷേമത്തിനും വേണ്ടി കർവാ ദിനത്തിൽ കഠിനമായ ഉപവാസം അനുഷ്ഠിച്ചു. തന്റെ ബലഹീനത കാരണം ആ ഉപവാസം പൂർത്തിയാക്കാൻ കഴിയാതെ വരികയും ഈ അവസ്ഥയിൽ രാജ്ഞിയുടെ വിഷമാവസ്ഥ മാറ്റാൻ അവരുടെ സഹോദരന്മാർ ചന്ദ്രോദയത്തിന്റെ മിഥ്യ സൃഷ്ടിച്ചു. നോമ്പ് തുറന്ന സമയം അവളുടെ ഭർത്താവ് മരിച്ചു. ഏറെ ദുഃഖിതയായ വീർവതി നിരാശ വെടിഞ്ഞ് ദൃഢനിശ്ചയത്തോടെ ഏറെ ഭക്തിയോടുകൂടി പ്രാർത്ഥിക്കുകയും ആചാരങ്ങളിലൂടെയും അചഞ്ചലമായ വിശ്വാസത്തിലൂടെയും അത്ഭുതകരമായി ഭർത്താവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

കർവ ചൗത്ത് ദിനത്തിൽ പ്രഭാത പ്രാർത്ഥനകൾക്കായുള്ള ഒത്തുകൂടൽ സ്ത്രീകളിലെ കൂട്ടായ്മ വർദ്ധിപ്പിക്കുകയും കഥകൾ പങ്കിടുന്നതിനും നോമ്പ് ദിനത്തിൽ പരസ്പരം പിന്തുണയ്ക്കുന്നതിനും
കാരണമാകുന്നു.

സ്നേഹത്തിന്റെയും ഭക്തിയുടെയും വിശുദ്ധമായ വിവാഹ ബന്ധത്തിന്റെയും ആഘോഷമായ കർവാ ചൗത്ത് ഏറെയും ഇന്ത്യയുടെ വടക്കൻ മേഖലയിലാണ് ആചരിക്കുന്നത്. പഞ്ചാബ് ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് കൂടുതലായും ഈ ആചാരങ്ങൾ നടന്നു വരുന്നത്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഈ സമയം അലങ്കാരവസ്തുക്കളും മധുര പലഹാരങ്ങളും പരമ്പരാഗത വസ്തുക്കളും കൊണ്ട് നിറയുന്നു.

മറ്റൊരു പ്രത്യേകത കർവാ ചൗത്ത് ദിവസം തന്നെയാണ് ഗണപതിക്ക് സമർപ്പിതമാകുന്ന വ്രത ദിനമായ സങ്കുഷ്ട ചതുർത്തിയുടെ ദിവസവും. കർവാ ചൗത്ത് ആഘോഷങ്ങൾ ഏറെ ആഴത്തിലുള്ള വിശ്വാസങ്ങളുടെയും, മനോഹരമായ വസ്ത്രധാരണങ്ങളുടെയും സന്തോഷത്തിന്റെയും പ്രതീകം കൂടിയാണ്.

ജിഷ ദിലീപ്, ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments