Monday, November 18, 2024
Homeസ്പെഷ്യൽ'ഈ ഗാനം മറക്കുമോ' (ഭാഗം - 7) 'ചമയം' എന്ന പടത്തിലെ "രാജഹംസമേ"  എന്ന...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 7) ‘ചമയം’ എന്ന പടത്തിലെ “രാജഹംസമേ”  എന്ന ഗാനം.

നിർമല അമ്പാട്ട്.

മലയാളിമനസ്സിൻറെ പ്രിയ വായനാർക്കായി ഇന്ന് സമർപ്പിക്കുന്നത് “രാജഹംസമേ” എന്ന ഗാനമാണ്.

1993 ൽ നിർമ്മിച്ച ‘ചമയം’ എന്ന പടത്തിലേതാണ് ഈ ഗാനം. കൈതപ്രത്തിൻറെ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം നൽകി. ഹിന്ദോളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം ചിത്രയുടെ ശബ്ദത്തിൽ വജ്രശോഭയോടെ തിളങ്ങി. ഭരതൻ ചിത്രങ്ങളിൽ മനോഹരമായ ഒരു ചിത്രം .

ഏറെ നൊമ്പരങ്ങൾക്കിടയിൽ അവൾ സ്നേഹപൂർവ്വം രാജഹംസത്തിനെ വിളിക്കുകയാണ്. താനുറങ്ങുന്ന മഴവിൽ കുടിലിലേക്ക്. പ്രിയപ്പെട്ടവൻറെ ഒരു
സ്നേഹ സന്ദേശത്തിന് വേണ്ടി. ഹൃദയരേഖപോലെ താനെഴുതിയ ഈ നൊമ്പരങ്ങൾ വായിച്ചപ്പോൾ അവന്റെ മിഴികൾ നിറഞ്ഞുവോ എന്ന് അവൾ ചോദിക്കുന്നു. അത്രമാത്രം നൊമ്പരങ്ങളാണ് അവൾ എഴുതിയിട്ടുള്ളത്.

സാഗരങ്ങളേ നിങ്ങളെങ്കിലും എൻ്റെ ഈ നൊമ്പരങ്ങൾക്ക് മറുമൊഴി പറയുമോ?

പ്രണയവും പ്രണയനൊമ്പരവും പങ്കിടാൻ സഗരങ്ങളോളം വലുതായി മറ്റെന്താണുള്ളത് ഈ ലോകത്തിൽ ?

ഇനി പാട്ടിന്റെ വരികളിലേക്ക് വരുമ്പോൾ..

രാജഹംസമേ മഴവില്‍ കുടിലില്‍
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ
എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ….രാജ ഹംസമേ

ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2)
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന്‍ വരുമോ പറയൂ ( രാജഹംസമേ…)

എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍ (2)
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍ (രാജഹംസമേ..)

പ്രണയവും വിരഹവും ഹിന്ദോളത്തിന്റെ ഓളങ്ങളിൽ മുങ്ങിനീരാടിയ വരികൾ.

എന്റെ ഈ ജീവനഗാനം നിനക്ക് ബന്ധനമാണ്. എങ്കിലും ഒരു നിമിഷമേഘമായി ഞാൻ നിന്നിൽ പെയ്തിറങ്ങും. ആ നിമിഷം നൂറായിരം ഇതളുകളായി നീ വിരിയുക.
ഒരു ജന്മം ഒരു യുഗമായി നമുക്ക് നിറഞ്ഞു നിൽക്കാം.

അതായത് യുഗങ്ങളോളംപ്രണയബന്ധിതരായി അവർ ഈ ലോകം നിറഞ്ഞു നിൽക്കും എന്ന്.
. അത്ര മനോഹരമാണ് കൈതപ്രത്തിന്റെ ഗാനസാഹിത്യം.
സാഹത്യവും സംഗീതവും ഒന്നിനൊന്ന് മെച്ചമായി നിൽക്കുന്ന ഈ ഗാനം കൂടി കേട്ടുനോക്കൂ…

നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം.

സ്നേഹപൂർവ്വം
നിർമല അമ്പാട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments