Thursday, May 30, 2024
Homeസിനിമ🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

സജു വർഗീസ് (ലെൻസ്മാൻ)

സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘പെരുമാനി’

പ്രേക്ഷക പ്രശംസ നേടിയ അപ്പന്‍ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പെരുമാനി’. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം റീലീസിന് തയാറെടുക്കുകയാണ്. പെരുമാനിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ മജുവാണ്. ഫിറോസ് തൈരിനില്‍ ആണ് നിര്‍മ്മാണം. ദീപ തോമസ്,രാധിക രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു ഫാന്റസി ഡ്രാമയാണ് പെരുമാനിയിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. സഞ്ജീവ് മേനോന്‍, ശ്യാംധര്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. മനേഷ് മാധവനാണ് ഛായാഗ്രഹണം ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍.

സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന          ‘തെക്ക് വടക്ക്’

സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പാലക്കാട് ആരംഭിച്ച ചിത്രത്തിന്റെ നിര്‍മ്മാണം സംവിധായകന്‍ വി.എ ശ്രീകുമാറും അഞ്ജന ഫിലിപ്പും ചേര്‍ന്നാണ്. എസ്. ഹരീഷിന്റെ രചനയില്‍ പ്രേം ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

‘ജയിലറിന്’ ശേഷം വിനായകന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കെഎസ്ഇബി എന്‍ജിനീയര്‍ മാധവന്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അരി മില്‍ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രമായാണ് സുരാജ് വേഷമിടുന്നത്. മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. സാം സി. എസ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും. അന്‍വര്‍ റഷീദിന്റെ ‘ബ്രിഡ്ജ്’ സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജന്‍ ആണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്റര്‍ ആയ കിരണ്‍ ദാസ് ആണ് എഡിറ്റിംഗ്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം ഈ വര്‍ഷം ഓണം റിലീസായി സിനിമ തിയേറ്ററില്‍ എത്തിക്കും.

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ‘ആവേശം’

ജീത്തുവിന്റെ പുതിയ സിനിമ എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ സിനിമയാണ് ‘ആവേശം’. ഒപ്പം ഫഹദ് ഫാസില്‍ ചിത്രമെന്ന ലേബലും. ഈ അവസരത്തില്‍ ആവേശത്തിന്റെ സെന്‍സറിംഗ് സംബന്ധിച്ച വിവരം പങ്കുവയ്ക്കുക ആണ് ജിത്തു മാധവന്‍. കുവൈറ്റിലെ സെന്‍സറിംഗ് വിവരമാണിത്. സെക്കന്‍ഡ് ഹാഫിലെ ഒരു സീന്‍ കട്ട് ചെയ്തെന്നും അതുകൊണ്ട് ചില കണ്‍ഫ്യൂഷന്‍ വരാന്‍ സാധ്യത ഉണ്ടെന്നും ജിത്തു പറഞ്ഞു. പക്ഷേ അത് ആസ്വാദനത്തെ പൂര്‍ണമായും ബാധിക്കില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. ഏപ്രില്‍ 11ന് റിലീസ് ചെയ്യുന്ന ചിത്രം ബംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിന്റെ കഥയാണ് പറയുന്നത്. ഫഹദ് ആണ് ഈ വേഷത്തില്‍ എത്തുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ബേസില്‍ ജോസഫ് നായകനായി എത്തുന്ന ‘മരണമാസ്സ്’

ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം നിര്‍മിക്കാന്‍ ടൊവിനോ തോമസ്. ‘മരണമാസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. നവാഗതനായ ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. രോമാഞ്ചത്തിലൂടെ ശ്രദ്ധേയനായ സിജു സണ്ണിയുടെ കഥയില്‍ ശിവപ്രസാദും സിജുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും, ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ടോവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ടോവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം എന്നിവരാണ്. ഇമ്തീയാസ് ഖദീറാണ് കോ പ്രൊഡ്യൂസര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ഗോകുല്‍നാഥ്.

ഷെയ്ന്‍ നിഗം നായകനാകുന്ന ‘ഹാല്‍’

ഷെയ്ന്‍ നിഗം നായകനാകുന്ന ‘ഹാല്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. സംഗീതത്തിന് പ്രാധാന്യം നല്‍കി നിര്‍മിക്കുന്ന പ്രണയകഥ സംവിധാനം ചെയ്യുന്ന പ്രശാന്ത് വിജയകുമാര്‍ ആണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ഒരേ സമയം റിലീസ് പ്ലാന്‍ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നര്‍ ആയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. മെയ് ആദ്യവാരത്തോടെ കോഴിക്കോട് വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കോഴിക്കോട്, മൈസൂര്‍, ജോര്‍ദ്ദാന്‍ തുടങ്ങിയ ലൊക്കേഷനുകളിലാണ് ഹാലിന്റെ ചിത്രീകരണം നടക്കുക. ജെവിജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കാര്‍ത്തിക് മുത്തുകുമാര്‍ ആണ് ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. നന്ദു ആണ് സംഗീതം.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കര്‍’ 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കര്‍’ ടീസര്‍ എത്തി. വെങ്കി അട്‌ലുരി സംവിധാനം ചെയ്യുന്ന സിനിമയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ആയി ദുല്‍ഖര്‍ എത്തുന്നു. കിങ് ഓഫ് കൊത്തയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്റേതായി റിലീസിനെത്തുന്ന അടുത്ത ചിത്രം കൂടിയാണിത്. ബാങ്ക് കൊളളയും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് സൂചന. എണ്‍പത് കാലഘട്ടത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. മീനാക്ഷി ചൗദരിയാണ് നായിക. സംഗീതം ജി.വി. പ്രകാശ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീന്‍ നൂലി. ജൂലൈ മാസം തിയറ്ററുകളിലെത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.

വിജയ് നായകനാകുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’

വിജയ് നായകനാകുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ചിത്രത്തിന്റെ റിലിസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുമെന്ന് നടന്‍ വിജയ് എക്‌സില്‍ കുറിച്ചു. ചിത്രത്തിന്റെ പോസ്റ്ററും താരം പങ്കവച്ചു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് റിലീസ്. എജിസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന് ശേഷം ഒരു സിനിമ കൂടി ചെയ്ത് വിജയ് അഭിനയം അവസാനിപ്പിക്കും. വിജയിന്റെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധായകനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കു സിനിമയിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും നിര്‍മാതാക്കള്‍. ചിത്രത്തിനായി വിജയ് റെക്കോഡ് പ്രതിഫലം വാങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലാണ് നിലവില്‍ ഈ റെക്കോഡ്. അവസാന ചിത്രത്തിലൂടെ വിജയ് അത് മറികടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ ജൂണില്‍ തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലൈക പ്രൊഡക്ഷന്‍സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്. ‘സേനാപതിയുടെ മടങ്ങിവരവിനായി ഒരുങ്ങിക്കോളൂ!’ എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍, റെഡ് ജെയന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. 1996-ലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യന്‍ 2’. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. രവി വര്‍മ്മന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സജു വർഗീസ് (ലെൻസ്മാൻ)✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments