Wednesday, December 25, 2024
Homeസ്പെഷ്യൽ'ഈ ഗാനം മറക്കുമോ' (ഭാഗം - 6) "ഞാൻ ഏകനാണ്" എന്ന സിനിമയിലേ "ഓ മൃദുലേ...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 6) “ഞാൻ ഏകനാണ്” എന്ന സിനിമയിലേ “ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ…”  എന്ന ഗാനം.

നിർമല അമ്പാട്ട്.

മലയാളിമനസ്സിൻറെ പ്രിയ വായനക്കാരേ ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് സ്വാഗതം.

1982 – ൽ നിർമ്മിച്ച “ഞാൻ ഏകനാണ്”എന്ന സിനിമയിലേ “ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ…”എന്നതാണ് ഇന്നത്തെ ഗാനം. സത്യൻ അന്തിക്കാടിൻറെ വരികൾക്ക് എം ജി രാധാകൃഷ്ണൻ സംഗീതം നൽകിയ ഗാനം പാടിയത് ഗാനഗന്ധർവ്വൻ യേശുദാസാണ്. കാപി രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഏറ്റവും ഭാവതീവ്രമായ പ്രണയഗാനം ഏതെന്ന് ചോദിച്ചാൽ ഈ ഗാനം നമുക്ക് ധൈര്യമായി ചൂണ്ടിക്കാണിക്കാം. അത്രമാത്രം വിരഹാർദ്രതയിൽ വിവശനായാണ് ഈ ഗാനം ആലപിച്ചതും അതിലേറെ ഭാവം ഉൾക്കൊണ്ട് സിനിമയിൽ നായകൻ അഭിനയിച്ചതും. അക്കാലത്തെ മറ്റേത് നടൻമാർ അഭിനയിച്ചാലും അത് മറ്റൊരു തലത്തിൽ ആവുമായിരുന്നു.

സത്യം പറഞ്ഞാൽ ഇതൊരു ഗാനമല്ല. മറിച്ച് ഇതൊരു തേങ്ങലാണ്. പ്രണയത്തിന്റെ വിങ്ങലാണ്.
“നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ മൃദുലേ”
എന്ന് വാക്കുകൾ നിർത്തിനിർത്തി പാടി പ്രണയപരവശനായി അലയുന്ന കാമുകൻറെ അഭിനയം പാട്ടിനെ കൂടുതൽ ആർദ്രമാക്കി.

“ഞാൻ ഗന്ധർവ്വൻ” എന്ന തൻറെ ടൈറ്റിൽ അർത്ഥവത്താക്കി അഭ്രപാളികളിലേക്ക് പകർത്തിയ പത്മരാജൻ തൻറെ ആത്മാവിനുള്ളിലുറങ്ങുന്ന ഗന്ധർവ്വനെ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. “ശാപകാലം കഴിഞ്ഞ് ഞാൻ സ്വർഗ്ഗത്തിലേക്ക് തിരിച്ചുപോവുന്നു” എന്ന് പറഞ്ഞപ്പോൾ നമ്മളും അത് അറിഞ്ഞില്ല. വാക്ക് പാലിച്ച് തിരിച്ച് പോയപ്പോളാണ് നമ്മൾ അറിയുന്നത് അത് സാക്ഷാൽ ഗന്ധർവ്വൻ തന്നെയായിരുന്നു എന്ന്. ഗന്ധർവ്വന്മാർ കൂട്ടത്തോടെ ഭൂമിയിലേക്കിറങ്ങി വന്ന ഒരു കാലമായിരുന്നു അത്. സ്വർഗ്ഗീയ ഗാനങ്ങൾ എഴുതാനും അതിന് ഈണം പകരാനും ഏറ്റുപാടാനുമായി വന്ന ഗന്ധർവ്വന്മാർ. സത്യൻ അന്തിക്കാടും തീർച്ചയായും ആ ഗണത്തിൽ പെടുന്നു.
ഇനി പാട്ടിന്റെ വരികളിലേക്ക് വരാം..

ഓ ..ഓ ..ഓ ..ആ
ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ
നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ ..ഹൃദയമുരളിയിലൊഴുകിവാ ..

അകലെയാണെങ്കിലും ധന്യേ (2)
നിൻ സ്വരം ഒരു തേങ്ങലായെന്നിൽ നിറയും.
(ഓ ..മൃദുലേ )

പിരിയുവാനാകുമോ തമ്മിൽ (2)
എൻ പ്രിയേ പുതു ജീവനായ് എന്നിൽ വിരിയൂ.
(ഓ ..)
ആ ഗാനം ഒന്ന് കേട്ടുനോക്കൂ

ഈ ഗാനത്തിലെ വരികൾ സ്‌കൂളുകളിലും കോളേജുകളിലും ഓട്ടോഗ്രാഫിൽ അക്കാലത്ത് നിറഞ്ഞുനിന്നിരുന്നു.
വാക്കും വരിയും തേങ്ങലായി മാത്രം നമ്മൾ അനുഭവിച്ചറിഞ്ഞ ഗാനം. ഗാനം കേട്ട് കഴിയുമ്പോൾ ഒരു തേങ്ങൽ ബാക്കി നിൽക്കുന്നു.

പ്രിയമുള്ളവരേ.. നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം

സ്നേഹപൂർവ്വം
നിർമല അമ്പാട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments