നമുക്ക് ഗാനം കേൾക്കേണ്ട?
1979-ൽ ഭരതൻ സംവിധാനം ചെയ്ത ‘തകര’ എന്ന പടത്തിലെ ‘മൗനമേ’ എന്ന ഗാനമാണ് നമ്മൾ ഇന്ന് കേൾക്കുന്നത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് എം ജി രാധാകൃഷ്ണൻ ഈണം പകർന്നു. ശുഭ പന്തുവരാളി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനത്തിന് എസ് ജാനകിയുടെ മാസ്മരികപ്രഭാവമുള്ള ശബ്ദം.
മൗനമേ എന്ന് തുടങ്ങുന്ന ഗാനം. മൗനത്തിനോളം മനോഹരമായ ഒരവസ്ഥ ഇല്ല. “മൗനമേ നീയെത്ര മനോഹരം മൗനമായിരിക്കുമ്പോൾ. മൗനം ചിലപ്പോൾ പാടാറുണ്ട്. മൗനം ചിലപ്പോൾ നീലാകാശങ്ങളെ തൊട്ടുനോക്കാറുണ്ട് ” അങ്ങിനെ ഒട്ടനവധി സമാനവാക്യങ്ങൾ കവികൾ മൗനത്തിനെപ്പറ്റി പാടിയിട്ടുണ്ട്.
നമുക്ക് പൂവച്ചൽ ഖാദർ എന്ത് പറയുന്നു എന്ന് നോക്കാം.
മൗനമേ …നിറയും മൗനമേ ..ഇതിലേ പോവുന്ന കാറ്റിൽ ഇവിടെ വിരിയുന്ന മലരിൽ കുളിരായി നിറമായി ഒഴുകുന്ന ദുഃഖം നിന്നെ തേടിയാണ് വരുന്നത്. ഒരിക്കലും നിന്നെ വിട്ടുപിരിയില്ലഎന്ന്. . നമുക്ക് അദ്ദേഹത്തിന്റെ ലളിതമധുരമായ വരികളിലേക്ക് വരാം.
മൌനമേ നിറയും മൌനമേ………
ഇതിലേ പോകും കാറ്റിൽ…….
. ഇവിടെ വിരിയും മലരിൽ……….
കുളിരായ് നിറമായ് ഒഴുകും – ദു:ഖം……….
എന്നും നിന്നെ തേടി വരും…….
മൌനമേ നിറയും മൌനമേ…………
കല്ലിനു പോലും ചിറകുകൾ നൽകീ
കന്നി വസന്തം പോയീ
കല്ലിനു പോലും ചിറകുകൾ നൽകീ
കന്നി വസന്തം പോയീ
ഉരുകും വേനലിൽ മോഹദലങ്ങൾ
എരിഞ്ഞടങ്ങുകയായീ
മൌനമേ നിറയും മൌനമേ
ആയിരം നാവാൽ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞും
ആയിരം നാവാൽ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞും
തളരും നേരിയൊരോർമ്മയുമായി
ഇന്നും തീരമുറങ്ങും
മൌനമേ നിറയും മൌനമേ….
ആർക്കും എളുപ്പം മനസ്സിലാക്കാവുന്ന മനോഹരമായ സാഹിത്യം. അത് ആ കാലഘട്ടത്തിലെ എഴുത്തുകാരുടെ സാഹിത്യത്തിന്റെ നൈർമല്യം ആണെന്ന് അല്പം അഹങ്കാരത്തോടെ തന്നെ പറയാം.
മൗനമേ ..നിറയും മൗനമേ എന്ന ഒരൊറ്റ ആലാപനത്തിലൂടെത്തന്നെ ഈ ഗാനത്തിന് മാർക്ക് വീണു. ജാനകി പാടുമ്പോൾ ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് നമുക്കറിയില്ല. അനക്കമില്ലാതെ അങ്ങിനെ നിർവൃതിയിൽ ഒരു നിൽപ്പാണ്. ഒരു ധ്യാനം പോലെ !
നമുക്ക ഗാനത്തിന്റെ മാസ്മരലോകത്തിലേക്ക് വരാം.
ഗാനം കേട്ടില്ലേ… ഹൃദയത്തിൽ ചുറ്റി വരിഞ്ഞുമുറുക്കുന്നില്ലേ നമ്മളെ?
ഒരു മൗനഗീതമായി ഈ ഭൂമിയിൽ നിന്ന് മാഞ്ഞുപോയ ഗന്ധർവ്വൻ പകർന്ന ഈണമാണിത്
ഇത്തിരി നേരം നമ്മളെ സ്നേഹിക്കാൻ.. സന്തോഷിപ്പിക്കാൻ വേണ്ടി ഭൂമിയിൽ പിറന്ന എം ജി രാധാകൃഷ്ണൻ എന്ന ഗന്ധർവ്വ രാജകുമാരൻ..!
പാദപ്രണാമം 🙏🏾
കൂട്ടുകാരേ..
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.🌹