Sunday, December 22, 2024
Homeസ്പെഷ്യൽ'ഈ ഗാനം മറക്കുമോ' (ഭാഗം - 10) 'അശ്വമേധം' എന്ന സിനിമയിലെ 'കറുത്തചക്രവാള മതിലുകൾ...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 10) ‘അശ്വമേധം’ എന്ന സിനിമയിലെ ‘കറുത്തചക്രവാള മതിലുകൾ ചൂഴും കാരാഗൃഹമാണ് ഭൂമി..’ എന്ന ഗാനം.

നിർമല അമ്പാട്ട്.

പ്രിയപ്പെട്ടവരേ….
ഈ ഗാനം മറക്കുമോ എന്ന ഗാന പരമ്പരയിലേക്ക് സ്വാഗതം. 1967-ൽ നിർമ്മിച്ച ‘അശ്വമേധം’ എന്ന പടത്തിലെ ‘കറുത്തചക്രവാള മതിലുകൾ ചൂഴും കാരാഗൃഹമാണ് ഭൂമി..’ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.

വയലാറിൻറെ വരികൾക്ക് ദേവരാജൻ മാസ്റ്റർ സംഗീതം നൽകി. ശുദ്ധസാവേരി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം പാടിയത് നമ്മുടെ വാനമ്പാടി സുശീല.

കറുത്ത ചക്രവാളത്തിൻറെ കനത്ത കന്മതിലുകൾക്കുള്ളിലെ കൂറ്റൻ കാരാഗൃഹമാണ് ഭൂമി എന്ന് പാടുന്നു. തലയ്ക്കു മുകളിൽ കാണുന്നത് വെറും ശൂന്യാകാശം. അവിടെ അവർക്ക് സ്വർഗ്ഗമില്ല ഈശ്വരനുമില്ലെന്ന് വേണമെങ്കിൽ നമുക്ക് ചേർത്ത് വായിക്കാം. താഴെ ഭൂമിയിൽ ഇഴയുന്ന കുറേ നിഴലുകളും. അതിലൊരു നിഴലായി അവളും.

ഭൂമിയിൽ വസന്തവും ഗ്രീഷ്മവും ശിശിരവും ഹേമന്തവും ഇല്ലാതില്ല. എല്ലാം മുറതെറ്റാതെ വരുന്നുണ്ട് പോവുന്നുണ്ട്. പക്ഷേ അവർക്ക് മാത്രം ഇതൊന്നുമില്ല. വർണ്ണ ചിത്രങ്ങൾ വരക്കുന്ന വൈശാഖസന്ധ്യകൾ ചിലരെ മാത്രം മനോഹരമായി വരക്കുന്നു. ഇവിടെ ഈ കാരാഗൃഹത്തിനുള്ളിൽ ഇഴയുന്ന നിഴലുകളെ മാത്രം കറുത്ത ചായം മുക്കി വരച്ചതെന്തേ എന്ന് അവൾ വിലപിക്കുന്നു.

എത്ര മനോഹരമായ പൂവാണെങ്കിലും പുഴുക്കുത്തുണ്ടെങ്കിൽ പൂജക്കെടുക്കില്ല. അതുപോലെ പുഴുകുത്തിയ പൂവായ അവരെ വാസന്തശില്പികളും മറന്നു എന്ന് വിലപിക്കുന്ന അർത്ഥവത്തായ ഗാനം.

അവൾ ….
വിവാഹത്തിന് ഇനിഏഴുദിവസം മാത്രം ബക്കിയുള്ളവൾ. എഴുനൂറ് സ്വപ്‌നങ്ങൾ കൊണ്ട് മാലകോർത്തവൾ …വിവാഹപൂർവ്വ രാത്രികളെ ഓർത്ത് വികാരതരളിതയായവൾ. …
ആ സുന്ദരനിമിഷങ്ങളിലാണ് അവൾക്ക് കുഷ്ഠരോഗത്തിൻറെ തുടക്കമുണ്ടെന്നറിയുന്നത്. ചികിത്സക്ക് വേണ്ടി ആശുപത്രിയിൽ അഡ്മിറ്റാവേണ്ടി വരുന്നത്. കുഷ്ഠരോഗം പകരുമെന്നും മാറില്ലെന്നും കരുതി അറപ്പോടെ വെറുപ്പോടെ കണ്ടിരുന്ന കാലം.

അശ്വമേധം കഥയുടെ ഉള്ളടക്കത്തിൻറെ ഒരു സംക്ഷിത്തരൂപം ഈ ഗാനത്തിലുണ്ട്. നമുക്ക് വരികളിലേക്ക് വരാം .

കറുത്ത ചക്രവാള മതിലുകൾ ചൂഴും
കാരാഗൃഹമാണ് ഭൂമി ഒരു
കാരാഗൃഹമാണ് ഭൂമി
തലക്ക് മുകളിൽ ശൂന്യാകാശം
താഴെ നിഴലുകളിഴയും നരകം.
(കറുത്ത)

വർണ്ണച്ചിത്രങ്ങൾ വരക്കുവാനെത്തുന്ന
വൈശാഖ സന്ധ്യകളേ ..
njangale മാത്രം കറുത്ത ചായം മുക്കി
എന്തിനീ മണ്ണിൽ വരച്ചൂ വികൃതമായ്
എന്തിനീ മണ്ണിൽ വരച്ചൂ …
(കറുത്ത)

വാസനപൂമ്പൊടി തൂകുവാനെത്തുന്ന
vasantha ശിൽപ്പികളേ ..
പൂജക്കെടുക്കതെ പുഴുകുത്തി നിൽക്കുമീ
പൂക്കളെ നിങ്ങൾ മറന്നു കൊഴിയുമീ
പൂക്കളെ നിങ്ങൾ മറന്നു. ..
(കറുത്ത )

കാലത്തിനോട് കലഹിക്കുന്നില്ല, അതേസമയം കാലത്തിനോട് വിലപിക്കുന്ന അർത്ഥവത്തായ വരികൾ.

അന്നേവരെ വിശ്വസിച്ചുപോന്ന വിശ്വാസങ്ങളെ തകർത്തെറിഞ്ഞുകൊണ്ട് ചരിത്രം മാറ്റിക്കുറിച്ച കഥയാണ് തോപ്പിൽ ഭാസിയുടെ അശ്വമേധം. ഇനി നമുക്ക് ആ പാട്ട് ഒന്ന് കേട്ടുനോക്കാം..

എത്ര ആർദ്രമായ ഗാനം. പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരണമില്ല. നിർജ്ജീവികളായി ജീവിക്കാതെ ജീവിക്കുന്ന കുറേ കരിനിഴൽക്കോലങ്ങളുടെ ആത്മാരോദനം വിലാപമായി പാട്ടിന് പിറകേ അകമ്പടിയായി… ഒരു തേങ്ങലായി…

ഗാനം ഇഷ്ടമായെന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും കാണാം.
മലയാളി മനസ്സിന്റെ ഗാനശേഖരണത്തിലേക്ക് ഒരു മുത്ത് ചേർത്ത് വെക്കട്ടെ.

സ്നേഹപൂർവ്വം

നിർമല അമ്പാട്ട്.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments