Saturday, May 18, 2024
Homeസ്പെഷ്യൽചിരിക്കാം!😀 ചിരിപ്പിക്കാം!😀 (23)

ചിരിക്കാം!😀 ചിരിപ്പിക്കാം!😀 (23)

ഷിജിത് പേരാമ്പ്ര

ചിരിക്കാം! ചിരിപ്പിക്കാം! എന്ന പംക്തിയിലേക്ക് ഏവർക്കും സ്വാഗതം..!
നർമ്മരസപ്രധാനമായ സംഭവങ്ങളെ കോർത്തിണക്കി ഇന്നത്തെ ചിരിവിരുന്നൊരുക്കുന്നത് ..

ഷിജിത് പേരാബ്ര

🌹കയ്യബദ്ധം🌹

വൈകുന്നേരം അങ്ങാടിയിൽ പോയി വരുമ്പോഴാണോർത്തത് മുടി വെട്ടിയില്ലാലോന്ന്. പെട്ടെന്ന് അടുത്തു കണ്ട ബാർബർ ഷോപ്പിന് മുമ്പിൽ ഞാൻ ആക്ടീവ നിർത്തിയിറങ്ങി. വണ്ടിയുടെ പ്ലാറ്റ്ഫോമിൽ വെച്ചിരുന്ന മീനും ബേക്കറി സാധനങ്ങളും വാങ്ങിയ കവറുകൾ എടുത്ത് വണ്ടിയുടെ സീറ്റ് പൊക്കി വണ്ടിക്കുള്ളിൽ വെച്ചു. സീറ്റമർത്തി ലോക്കാക്കി താക്കോലെടുത്തു പോക്കറ്റിലിടാൻ നോക്കുമ്പോൾ അടുത്തു നിന്ന ആൾ പറഞ്ഞു.

“ചേട്ടാ താക്കോല്  എഞ്ചിൻ സ്വിച്ച് ൽ  തന്നെ വെച്ചേക്ക് കടയുടെ പുറകിൽ പിക്കപ്പ് വണ്ടിയിൽ വെട്ടുകല്ല് ഇറക്കുന്നുണ്ട്. അവിടെ വണ്ടി തിരിക്കാൻ സൗകര്യമില്ല. ഇവിടെ കടയുടെ മുൻവശത്ത് വന്നാലെ തിരിക്കാൻ പറ്റൂ അപ്പോ ചേട്ടൻ വണ്ടി ലോക്കാക്കി പോയാൽ ഞങ്ങൾ ബുദ്ധിമുട്ടും .ഇനി കുറച്ച് കല്ലും കൂടെയേ ഇറക്കാനുള്ളൂ. ചേട്ടൻ മുടിവെട്ടാനിരുന്നാൽ പിന്നെ അവിടുന്ന് എഴുന്നേറ്റ് വന്ന് വണ്ടി മാറ്റേണ്ടി വരില്ലേ . വണ്ടി സ്റ്റാർട്ട് ചെയ്ത് തന്നെ മുന്നോട്ടാക്കി വെയ്ക്കേണ്ടിവരും ചേട്ടാ . തള്ളിക്കയറ്റാനാവൂല .

അയാൾ പറഞ്ഞ് കേട്ട് ഞാൻ മുറ്റത്തേയ്ക്ക് നോക്കി. ലോറി കുറെ പ്രാവശ്യം തിരിയ്ക്കാൻ ശ്രമിച്ചത് കൊണ്ടാണെന്ന് തോന്നുന്നു. മുറ്റം നിറയെ ചെളിയും വെള്ളവും കൂടെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നു. അത് കണ്ടതോടെ . താക്കോൽ വണ്ടിയുടെ എഞ്ചിൻ സ്വിച്ചിൽ തന്നെയിട്ട്  ഞാൻ ബാർബർ ഷോപ്പിലേക്ക് കയറി.

കടയുടെ മുമ്പിൽ വേറെയും ബൈക്കും ആക്ടീവയുമൊക്കെ പാർക്ക് ചെയ്തിരിക്കുന്നതും എല്ലാ വണ്ടിയിലും താക്കോലു വെച്ചിരിക്കുന്നതുമെല്ലാം ഞാൻ കണ്ടു.

കടയിലെ ബംഗാളി ബാർബർ തൊഴിലാളികൾ ഊർജ്വസ്വലരായി കസേരയിൽ ഇരിക്കുന്നവരുടെ മുടി വെട്ടിക്കൊണ്ടിരിക്കുന്നു. ചെവിയിലെ ഹെഡ് സെറ്റിലെ പാട്ടിന്റെ താളത്തിനനുസരിച്ച് മുടി വെട്ടുകയും തലയാട്ടുകയും .. ചിലരുടെ തലയിൽ മാസാജ് ചെയ്യുകയും ചെയ്യുന്നുണ്ട്..

അടുത്ത് കാലിയായി കണ്ട ഒരു കസേരയിൽ ഞാൻ കയറിയിരുന്നു.
ബംഗാളി പയ്യൻ ഹിന്ദിയിൽ ലോഹ്യം പറഞ്ഞ് എന്റെ മുടിയിൽ കുത്തബ് മിനാർ പണിയാൻ തുടങ്ങി.. മുടി കുറവായത് കൊണ്ട്. കുത്തബ് മിനാറ് പോയിട്ട്  പള്ളിക്കാട്ടിലെ മീസാൻ കല്ലു പോലും ഓന് എന്റെ തലയിൽ പണിയാൻ പറ്റിയില്ല…

ഇടയ്ക്ക് തലയുയർത്തി ഞാൻ അടുത്ത കസേരയിലിരിക്കുന്ന ചേട്ടനെ നോക്കി.
ചേട്ടൻ ,ബംഗാളി പയ്യന്റെ തലമസാജിങ്ങിൽ മയങ്ങിക്കിടക്കുന്നു

അൽപ സമയത്തിന് ശേഷം അടുത്ത കസേരയിലെ ചേട്ടൻ മുടി വെട്ടലും കഴിഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി. പുറത്തു നിന്നും ഒരു വണ്ടി സ്റ്റാർട്ടു ചെയ്യുന്ന സ്വരവും കേട്ടു.

എന്റെ മുടി വെട്ടി കഴിഞ്ഞ് ഞാൻ ബംഗാളി പയ്യന് കാശും കൊടുത്ത് പുറത്തിറങ്ങിയതും കറന്റ് പോയി . കടയ്ക്ക് മുമ്പിൽ നിർത്തിയ വണ്ടി നോക്കി നടന്നു. അത് മിനി വണ്ടി തിരിക്കാൻ വേണ്ടി അപ്പുറത്തേക്ക് മാറ്റി വെച്ചത് റോഡിൽ കൂടെ പോകുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ കണ്ടു.

അവിടെ ചെന്ന് ആക്ടീവയും സ്റ്റാർട്ടാക്കി വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തി വണ്ടി പോർച്ചിൽ കയറ്റി വെച്ചു. ഉമ്മറത്തിരുന്നു ഫോൺ നോക്കുകയായിരുന്ന
മോളോട് ഞാൻ വിളിച്ചു പറഞ്ഞു.

“മോളെ വണ്ടിയേൽ സാധനങ്ങളുണ്ട് എടുത്ത് അകത്ത് വെയ്ക്ക് , മീനെടുത്ത് അമ്മയുടെ കയ്യിൽ കൊടുക്ക് കറി വെക്കാൻ പറ , ഞാൻ മുടി വെട്ടി വന്നതാ കുളിച്ചിട്ട് അകത്ത് കയറാംന്ന് പറഞ്ഞ്. ഞാൻ നേരെ പുറകുവശത്തെ കുളിമുറി യിലേക്ക് നടന്നു.

അല്പസമയം കഴിഞ്ഞ് കുളിച്ച് അകത്ത് കയറി അലമാരയിൽ നിന്നും ഉടുക്കാനുള്ള മുണ്ടും ഷർട്ടും തപ്പി ക്കൊണ്ടിരിക്കുമ്പോഴാണ് തലയ്ക്കു മുകളിൽ കൂടെ ഡ്രോണ് പറക്കുമ്പോലെ ഒരു സ്വരം കേട്ടത്. പെട്ടെന്ന് ” ഠപ്പേ ” എന്നൊരു ശബ്ദത്തിൽ എന്തോ അലമാരയിൽ വന്നടിച്ച് എന്റെ മുമ്പിൽ വീണു.

ഞാനത് എടുത്ത് നോക്കുമ്പോഴേക്കും ഓള് വന്നത് ചവിട്ടിത്തെറിപ്പിച്ചു.

പിന്നൊരു ആക്രോശവും ..
“അപ്പോ ഇതായിരുന്നല്ലേ ഞാനറിയാത്തൊരു പരിപാടി..സത്യം പറഞ്ഞോ മനുഷ്യാ!!! ഇതാർക്ക് വാങ്ങിയ താ .
“എന്ത് വാങ്ങിയതാന്ന് ..ഞാൻ കണ്ണും മിഴിച്ച് ചോദിച്ചു..

“എന്താന്നോ ?നിങ്ങൾക്കറിയില്ലാല്ലേ .. എത്ര കാലമായി നിങ്ങളീ കൃഷി തുടങ്ങിയിട്ട്.
ഒരു മുടി വെട്ടാൻ പോക്കും , ഒരു സുന്ദരനാവലും .മോളെ കെട്ടിക്കാനായല്ലോ കെളവാ !!ഇനീം നിർത്താനായില്ലേ ?

“നീ എന്തൊക്കെയാ പറയുന്നത്. എന്ത് നിർത്താനായില്ലേന്നാ പറയുന്നത്.

“ഓ ഒന്നുമറിയാത്ത പാവം .കണ്ണടച്ച് പാലുകുടിച്ചാൽ ആരും അറിയില്ലാന്നാ വിചാരം ..ഞാൻ പോയി വണ്ടിയുടെ ഡിക്കി തുറന്നതുകൊണ്ട് സാധനം കയ്യോടെ എന്റെ കയ്യിൽ തന്നെ കിട്ടി. നിങ്ങളുടെ തോന്ന്യാസം എനിക്ക് കയ്യോടെ കണ്ടുപിടിക്കാനും പറ്റി.

“നിനെക്കെന്താ വട്ടായോ നീ എന്തൊക്കെയാ വിളിച്ച് പറയുന്നത്.

“ഓ ഞാൻ പറയുന്നതാണ് കുറ്റം നിങ്ങക്ക് ചെയ്യുന്നതിന് ഒരു കുറ്റവുമില്ല. ഉളുപ്പില്ലേ മനുഷ്യനിങ്ങൾക്ക്.

അവളുടെ കത്തിക്കയറൽകണ്ടപ്പോ ഞാൻ പറഞ്ഞു.

“നീ മനുഷ്യന് മനസ്സിലാവുന്ന പോലെ പറയുന്നുണ്ടോ … ഓരോ പ്രാന്തും കൊണ്ട്.

“പ്രാന്ത് എനിക്കല്ല നിങ്ങൾക്കാ . കാമപ്രാന്ത്..

അത്രയും കേട്ടപ്പോ എന്റെ കൺട്രോള് പോയി.
“എന്താന്ന് വെച്ചാൽ പറഞ്ഞ് തൊലയ്ക്കെടീ നീ… ഞാൻ കയ്യോങ്ങിക്കൊണ്ട് പറഞ്ഞു.

“അപ്പോ നിങ്ങൾക്ക് ഒന്നും അറിയില്ലല്ലേ ?

അവൾ ചവിട്ടി തെറുപ്പിച്ചിട്ട് കട്ടിലിനടിയിലേക്ക് പോയ കവർ അവൾ കുനിഞ്ഞെടുത്ത്  കട്ടിലിലേക്ക് കുടഞ്ഞിട്ടു.
അവൾ കുടഞ്ഞിട്ട സാധനങ്ങൾ കണ്ടു ഞാൻ ഞെട്ടി.

രണ്ടു മൂന്നു ജോഡി പുതിയ “ലേഡീസ് ഇന്നർ വെയറുകൾ

“ഇത് നിനക്കെവിടുന്നു കിട്ടി.

“എനിക്കു കിട്ടും .കാരണം പടച്ചോൻ എന്റെ കൂടെയാ ഇല്ലെങ്കിൽ നിങ്ങളുടെ കള്ളത്തരം എനിക്ക് കണ്ടുപിടിക്കാൻ പറ്റൂലായിരുന്നു… ഇതിപ്പോ കയ്യോടെ കണ്ടുപിടിക്കാൻ പറ്റി… മോള് ഓൺ ലൈൻ ക്ലാസിലായത് കൊണ്ട് ഞാനാ പോയി വണ്ടിയിൽ നിന്നും സാധനങ്ങൾ എടുത്തത്. അപ്പോ വണ്ടിയുടെ ഡിക്കിയിൽ നിന്ന് കിട്ടിയതാ ഇത് .

ഇത്രയും കേട്ടപ്പോ ഞാൻ വിക്കിക്കൊണ്ട് പറഞ്ഞു.

“ഇതെന്റെയല്ല,. – എന്റെ ഇന്നർ വെയർ ഇങ്ങനല്ലാ

“ഓ…. നിങ്ങടുതല്ലല്ലേ . അതിന് നിങ്ങള് ലേഡീസ് ഇന്നർ വെയറുകളാണോ ഇടാറ്

“അതല്ല ഞാൻ മേലെ പറമ്പിൽ ആൺവീട് സിനിമയിലെ ജഗതിയുടെ ഡയലോഗ് വെപ്രാളത്തിൽ പറഞ്ഞ് പോയതാ .

“ഓ…ഇവിടിപ്പോ സിനിമാ ഡയലോഗും അന്താക്ഷരിയും കളിക്കാൻ പറ്റിയ സമയമാണല്ലോ .. മേലെ പറമ്പിലല്ല. നിങ്ങടെ തറവാട്ടിൽ ,നിങ്ങടെ വീട്ടിലുള്ളോർക്കും ഇത് തന്നെയാണല്ലോ പണി…
“നീ എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ പക്ഷേ വീട്ടിലുള്ളോരെ പറയരുത്. ഞാൻ കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു.

“നിങ്ങള് കണ്ണുരുട്ടുകയൊന്നും വേണ്ടാന്ന് പറഞ്ഞു കൊണ്ട് ഓള് വേഗം കയ്യിലുള്ള ചപ്പാത്തി കോലുകൊണ്ട് കവറിലുള്ള സാധനങ്ങൾ തോണ്ടി പുറത്തിട്ടു.

അതു നോക്കിക്കൊണ്ടവൾ പറഞ്ഞു.

“ഓഹോ അപ്പോ വില കൂടിയ സാധനങ്ങൾ തന്നെയാ വാങ്ങിയത് ല്ലേ ..അതും  കമ്പനിയുടെ സാധനം ..ഒന്നിനു തന്നെ മുന്നൂറ്റി ഇരുപത് രൂപാ …ഞാൻ വല്ലപ്പോഴും ഇതൊക്കെ വാങ്ങി കൊണ്ടുവരാൻ പറഞ്ഞാൽ റോഡ് സൈഡിൽ വിൽക്കുന്ന ലോക്കൽ സാധനം ,അമ്പത് രൂപയ്ക്ക് രണ്ടെണ്ണം കിട്ടുന്നത് വാങ്ങിക്കൊണ്ട് വരും. അത് ഇട്ടാൽ ചൊറിഞ്ഞിട്ട് നടക്കാനും മേലെ . കാമുകിക്ക് വാങ്ങിയത് റോഷ്നി കമ്പനിയുടെ സാധനം തന്നെ .
“എന്നാലും മനുഷ്യാ നിങ്ങൾക്കിതെങ്ങനെ തോന്നി എന്നും പറഞ്ഞ് ചപ്പാത്തിക്കോല് ഉയർത്തിക്കൊണ്ട് നിൽക്കുമ്പോഴാണ് അവൾടെ ഫോൺ റിംഗ് ചെയ്തത്.

“ഹലോ .. പ്രിയയല്ലേ .

“അതേ ആരാണ് ..

“ഇത് പോലീസ് സ്റ്റേഷനിൽ നിന്നാണ് .

അവൾ വേഗം ഫോൺ പൊത്തിപ്പിടിച്ചു കൊണ്ട് എന്നോട്പറഞ്ഞു.

“ദേ പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്. നിങ്ങളുടെ കാമുകിയുടെ കെട്ടിയോൻ കേസ് കൊടുത്തു കാണും
വേഗം സ്റ്റേഷനിലേക്ക് ചെല്ല്.

“നീ ഫോണിൽ സംസാരിച്ച് എന്താ സംഭവം ന്ന് ചോദിക്ക്.

അവൾ ഫോണിൽ സംസാരിച്ചു കൊണ്ട് ഉമ്മറത്തേക്ക് നടന്നു.

അപ്പോൾ ഞാൻ സ്വയം ചിന്തിച്ചു നോക്കി.

“എന്നാലും ഇതെവിടുന്ന് വന്നു. മനുഷ്യന്റെ സമാധാനം കളയാനായിട്ട്.

പെട്ടെന്നവൾ ഓടിക്കൊണ്ട് വന്നു പറഞ്ഞു.

“ചേട്ടാ .. എസ്.ഐ യാ വിളിച്ചത്.

അതു കേട്ടതും എന്റെ ഉള്ളൊന്നു കാളി.
ഇനി ഇതിന്റെ ബാക്കി അവിടുന്നും കേൾക്കണല്ലോ പടച്ചോനെ .
“നീ കാര്യം പറ എന്താ സംഭവം

“അതേ ചേട്ടാ .. ചേട്ടൻ കൊണ്ടുവന്നത് നമ്മുടെ ആക്ടീവയല്ല. മറ്റാരുടെയോ ..ആണ് അയാൾ മുടി വെട്ടിക്കഴിഞ്ഞ് ബാർബർ ഷോപ്പിൽ നിന്നും ആദ്യം ഇറങ്ങി വണ്ടിയുമെടുത്ത് പോയതാണ്. വീട്ടിലെത്തിയപ്പോഴാണ് അയാൾക്ക് വണ്ടി മാറിപ്പായ വിവരം മനസ്സിലയത് .നമ്മുടെ വണ്ടി അയാൾ സ്റ്റേഷനിൽ കൊണ്ടു കൊടുത്തിട്ടുണ്ട് ..അയാൾ സ്റ്റേഷനിൽ കാത്തുനിൽപ്പുണ്ട്. ചേട്ടനോട് വേഗം വണ്ടിയുമായി സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. വണ്ടിയുടെ ആർ.സി ബുക്ക് എന്റെ പേരിലായത് കൊണ്ട് രജിസ്ട്രേഷൻ നോക്കി ആളെ മനസ്സിലാക്കി സ്റ്റേഷനിൽ നിന്നും എന്നെ വിളിച്ചതാണ്.
ഞാനവളെ തറപ്പിച്ച് ഒന്നു നോക്കി. എന്നിട്ട് വേഷം മാറി വേഗം സാധനങ്ങളും വണ്ടിയുമെടുത്ത് സ്റ്റേഷനിലേക്ക് പോയി.
പോകുന്ന വഴി ഞാനോർത്തു.

സ്റ്റേഷനിൽ നിന്നും അപ്പോ അവർക്ക് വിളിക്കാൻ തോന്നിയത് നന്നായി. ഇല്ലേൽ ചപ്പാത്തിക്കോല് എന്റെ തലയിൽ ഇരുന്നേനെ..
വണ്ടി രണ്ടും പുതിയതായത് കൊണ്ട് മാറിപ്പോയത് മനസ്സിലായതുമില്ല.

ഞാൻ സ്റ്റേഷനിലെത്തിയപ്പോൾ എസ് ഐ എന്നെ വിളിപ്പിച്ചു. പെട്ടെന്ന് അയാളും വന്നു. അയാൾ ഒരു പാട് സോറി യൊക്കെ പറഞ്ഞു. .എസ് ഐ രണ്ടു പേരോടും പരാതിയുണ്ടോന്ന് ചോദിച്ചു. ഇല്ലാന്ന് എഴുതി ഒപ്പിട്ടു കൊടുത്ത് ഇറങ്ങുമ്പോഴാണ് ഞാനയാളുടെ നെറ്റി ശ്രദ്ധിച്ചത്. പണ്ടത്തെ ഫാർഗോ വണ്ടിയുടെ ബോണറ്റിൻ മേലെയുള്ള ഉരുണ്ട ഫോഗ് ലൈറ്റ് പോലെ നെറ്റിയിൽ മുഴച്ചിരിക്കുന്നു.

ഞാൻ ചോദിച്ചു “ഇതെന്ത് പറ്റിയതാ . ചേട്ടാ.
അയാൾ പറഞ്ഞു.
” ഞാൻ വണ്ടി പോർച്ചിൽ വെച്ച് നേരെ പുറകുവശത്തെ കുളിമുറിയിൽ കുളിക്കാൻ പോയി ..പോകുന്ന വഴി ഭാര്യയോട് പറഞ്ഞു..

“വണ്ടിയിൽ സാധനങ്ങളുണ്ട് എടുത്ത് വെക്കണേന്ന് .

അവൾ സീറ്റ് പൊക്കി വണ്ടിയിൽ നിന്നും സാധനങ്ങളെടുത്തപ്പോ അതിൽ നിന്നും അവൾക്കൊരു .. ഒരു പായ്ക്കറ്റ് കിട്ടി. ഞാൻ കുളിച്ച് വന്നതും ചപ്പാത്തിക്കോലിനിട്ട് ഒറ്റ താങ്ങലായിരുന്നു. അതിന്റെ പാടാണത്.

പോരാത്തതിന് ചിട്ടി പൈസ കൊടുക്കാത്തതിന് ചിട്ടിക്കാരി മേരിക്കുട്ടി അവളെ വൈകീട്ട്  വിളിച്ച്
“ചേട്ടനവിടുണ്ടോ ഉണ്ടെങ്കിൽ വൈകീട്ട് ഈ വഴി വരാൻ പറയണേന്നും പറഞ്ഞിരുന്നു… മേരിക്കുട്ടിയാണെങ്കിൽ ഒരു പോക്കു കേസും .

“അത് ചേട്ടാ മോള് വലുതായി വരുന്നു. ഇനി ഒരു കുഞ്ഞും കൂടെ വേണ്ടാലോന്ന് കരുതിയാ… ഞാനാ പായ്ക്കറ്റ് വാങ്ങിയത് .ചേട്ടനിത്രയല്ലേ പറ്റിയുള്ളൂ – ഇതിലും വലിയത് എന്തോ വരാനിരുന്നതാ.

“ഇതിലും വലിയത് ഇനി എന്തു
വരാനാന്നും പറഞ്ഞ് അയാൾ നെറ്റിയിലെ ഫാർഗോ വണ്ടിയുടെ ഫോഗ് ലൈറ്റ് തടവിക്കൊണ്ടിരുന്നു .

✍️ഷിജിത് പേരാമ്പ്ര🌹

**************************************************************

നിത്യജീവിതത്തിൽ അമളി പറ്റാത്തവരായി ആരെങ്കിലുമുണ്ടോ? ഉണ്ടാവില്ല അല്ലെ..!! നിങ്ങളുടെ ജീവിതത്തിലും ഇത്തരം രസകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം..!

താല്പര്യമുള്ളവർ നിങ്ങളുടെ ഫോട്ടോയും അഡ്രസ്സും അടക്കം mmcopyeditor@gmail.com എന്ന ഇമെയിലിൽ വിലാസത്തിലോ, 8547475361 എന്ന വാട്ട്സാപ്പിലോ അയച്ചുതരിക. തെരഞ്ഞെടുക്കുന്നവ മലയാളി മനസ്സ് പ്രസിദ്ധീകരിക്കുന്നതാണ്.

മേരി ജോസി മലയിൽ

കോപ്പി എഡിറ്റർ
മലയാളി മനസ്സ് (U. S. A.)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments