Thursday, December 26, 2024
Homeസ്പെഷ്യൽആകാശത്തിലെ പറവകൾ -21- 'ഒട്ടകപക്ഷി' ✍റിറ്റ ഡൽഹി

ആകാശത്തിലെ പറവകൾ -21- ‘ഒട്ടകപക്ഷി’ ✍റിറ്റ ഡൽഹി

റിറ്റ ഡൽഹി

ഒട്ടകപക്ഷി

ലോകത്തിൽ ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും വലിയ പക്ഷിയാണ് ഒട്ടകപക്ഷിയെന്ന് സ്‌കൂളിൽ പഠിച്ചിട്ടുള്ളവരാണ് നമ്മൾ.

നല്ല നീളമുള്ള കാലുകളും കഴുത്തുമുള്ള ജീവികളാണ് ഒട്ടകപക്ഷികൾ. പറക്കാൻ സാധിക്കില്ലെങ്കിലും വളരെ വേഗത്തിൽ ഓടാൻ ഇവർക്കാകും. മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ വരെ ഇവ സഞ്ചരിക്കും.

ഒട്ടകപ്പക്ഷിക്ക് നീളമേറിയ കഴുത്തും നീണ്ട കൺപീലികളാൽ നിഴലിച്ച വലിയ കണ്ണുകളും ഉള്ളതിനാൽ  ഒട്ടകത്തോട് ഉപമിച്ചിരിക്കുന്നു. ഒട്ടകങ്ങളെ പോലെ ഒട്ടകപ്പക്ഷികൾക്ക് ചൂടുള്ള താപനിലയെ നേരിടാനും വെള്ളമില്ലാതെ ദീർഘനേരം പോകാനും കഴിയും. സാധാരണയായി അവർ കഴിക്കുന്ന ചെടികളിൽ നിന്ന് ആവശ്യത്തിന് ഈർപ്പം ലഭിക്കും.

ആൺ പക്ഷികൾക്ക് കറുത്ത തൂവലുകളും പെൺ പക്ഷികൾക്ക് ചാരനിറത്തിലും കാപ്പിപ്പൊടി നിറത്തിലുമുള്ള തൂവലുകളുമാണുണ്ടാവുക. ഇരുവരുടേയും ചിറകുകളിൽ വെള്ളത്തൂവലുകൾ ഉണ്ടായിരിക്കും.

മികച്ച കാഴ്ച ശക്തിയും കേൾവി ശക്തിയുമുള്ള ഇവർക്ക് ഏറെ ദൂരെ നിന്നുതന്നെ ശത്രുക്കളെ തിരിച്ചറിയാനാകും. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ കണ്ണുള്ള ജീവിയും ഒട്ടകപ്പക്ഷി തന്നെയാണ്. അതുപോലെ ഒറ്റച്ചവിട്ടിന് സിംഹത്തെവരെ കൊല്ലാൻ കെൽപ്പുണ്ട് ഇക്കൂട്ടർക്ക്.

ഉഷ്ണ രക്തമുള്ള ജീവികളായ ഇവർക്ക് സ്വന്തം ശരീര താപനില നിയന്ത്രിക്കാൻ സാധിക്കും. മിശ്രഭുക്കുകളായ ഇവ വിത്തുകൾ, ചെറുപ്രാണികൾ എന്നിവയെ ഭക്ഷിക്കും. ഇവയ്ക്ക് ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ പല്ലുകളില്ല. ഇത് മറികടക്കാനായി ഇവ കല്ലുകൾ വിഴുങ്ങാറുണ്ട്. ഈ കല്ലുകൾ ഇവരുടെ വയറിന് തൊട്ടുമുൻപുള്ള അറയിലാണ് സൂക്ഷിച്ചിരിക്കുക.

ചിറകുകൾ ഓടുന്നതിനിടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനാണ്  സഹായിക്കുന്നത്. ഇണയെ കണ്ടെത്താനുള്ള നൃത്തത്തിനിടയിലും അവർ ചിറകുകൾ ഉപയോഗപ്പെടുത്താറുണ്ട്.

രണ്ടു മുതൽ നാലു വർഷം വരെ പ്രായമാകുമ്പോഴേക്കും ഇവർ മുട്ടയിടാൻ തുടങ്ങും. ഈ മുട്ടയ്ക്ക് 1.4കിലോഗ്രാം വരെ ഭാരമുണ്ടാകും. ഒരു കൂട്ടത്തിലെ എല്ലാ പെൺപക്ഷികളും ഇടുന്ന മുട്ടയ്ക്ക് അടയിരിക്കുക കൂട്ടത്തിലെ പ്രധാന ആൺ-പെൺ പക്ഷികളാകും.

35 മുതൽ 45 ദിവസം വരെയാണ് ഈ മുട്ട വിരിയാനെടുക്കുന്ന സമയം. മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് പൂർണ വളർച്ചയെത്തിയ കോഴിയുടെയത്ര വലിപ്പമുണ്ടാകും. ആൺ-പെൺ പക്ഷികൾ ചേർന്നാണ് കുട്ടികളെ വളർത്തുന്നത്. ഓരോ മാസവും 30 സെന്റിമീറ്റർ (1 അടി) വളരുകയും ചെയ്യുന്നു! ആറുമാസം കൊണ്ട്, ഒട്ടകപ്പക്ഷികൾ അവരുടെ മാതാപിതാക്കളെപ്പോലെ ഉയരത്തിൽ വളർന്ന് ഒരു മാസം പ്രായമാകുമ്പോൾ കുഞ്ഞുങ്ങൾക്ക് മണിക്കൂറിൽ 55 കിലോമീറ്റർ (35 മൈൽ) വേഗതയിൽ ഓടാൻ കഴിയും.

കുതിര സവാരിയും ഒട്ടക സവാരിയും പോലെ ഒട്ടകപക്ഷി സവാരി ചെയ്യാവുന്നതാണ്. ഏകദേശം  50 കിലോഗ്രാം വരെ ഭാരമുള്ള കുട്ടികളെ ഇരുത്തി സവാരി നടത്താനാവുമെന്നാണ് പറയുന്നത്.

ഒരു ഒട്ടകപക്ഷിയുടെ മുട്ട ഓംലൈറ്റ് എന്നുവെച്ചാൽ ഏകദേശം

പതിനേഴ് കോഴിമുട്ടയ്ക്ക് സമമായ രണ്ടായിരത്തോളം കലോറി നമ്മുടെ  ശരീരത്തിന് നൽകാനാവും.

മുട്ടയുടെ  തോട് പെയിന്റ് ചെയ്ത് വീട്ടിൽ വയ്ക്കാൻ പറ്റിയ നല്ലൊരു അലങ്കാര വസ്തുവാക്കി മാറ്റാറുണ്ട്.വിദേശത്തുള്ള പല souvenir കടകളിലും ഇത് ലഭ്യമാണ്. എന്റെ കയ്യിലും അത്തരമൊരു ‘ ഷോ പീസ്’ ഉണ്ട്.

ഒട്ടകപക്ഷിയുടെ മുട്ട പൊട്ടിക്കണമെങ്കിൽ മിനിമം ഒരു ആക്‌സോ ബ്‌ളൈഡെങ്കിലും വേണമെന്നുമാത്രം.

മറ്റ് പക്ഷികളെ അപേക്ഷിച്ച് നല്ല ആയുസുള്ളവരാണ് ഒട്ടകപക്ഷികൾ.

പതിനെട്ടാം നൂറ്റാണ്ടിൽ, ഒട്ടകപ്പക്ഷികളെ വേട്ടയാടി ഏതാണ്ട് വംശനാശം സംഭവിച്ചിരുന്നു. അതിനു കാരണം സ്ത്രീകളുടെ വസ്ത്രങ്ങളിൽ അവയുടെ തൂവലുകൾ ഉപയോഗിക്കുന്നത് വളരെ ഫാഷനായിരുന്നു. എന്നാൽ 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആളുകൾ ഒട്ടകപ്പക്ഷികളെ വളർത്താൻ തുടങ്ങി. കർഷകർ അവരുടെ വളർത്തു പക്ഷികളെ കൊല്ലാതെ തന്നെ തൂവലുകൾ പറിച്ചെടുക്കാൻ തുടങ്ങി.

കാണാൻ വലിയ ഭംഗിയൊന്നും എനിക്ക് തോന്നിയിട്ടില്ല.എങ്കിലും ഞാനും മോശമല്ല എന്ന മട്ടിലാണ് അവരുടെ വിശേഷങ്ങൾ അല്ലേ?

Thanks

റിറ്റ ഡൽഹി ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments