ആത്മാവിനെ പുഷ്ടിപ്പെടുത്തുക (റോമ.8:12-17)
“നിങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നുവെങ്കിൽ, മരിക്കും നിശ്ചയം. ആത്മാവിനാൽ, ജഡത്തിന്റെ പ്രവർത്തികളെ മരിപ്പിക്കുന്നു എങ്കിലോ, നിങ്ങൾ ജീവിക്കും” (വാ.13).
ആത്മാവും ജഡവും തമ്മിലുള്ള മല്ലയുദ്ധത്തിൽ, ആത്മാവിന്റെ വിജയം ഉറപ്പിക്കാനുള്ള മാർഗ്ഗമാണ്, ധ്യാന ഭാഗത്തു അപ്പൊസ്തലനായ വി. പൗലൊസ് രേഖ
പ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരമുള്ള ഒരു കഥ കേട്ടിട്ടുണ്ട്: ഒരു മനുഷ്യൻ,
രണ്ടു നായ്ക്കളുമായി ചന്തസ്ഥലത്തേക്കു പോകുക പതിവായിരുന്നു. ഒന്നു കറുത്ത നിറമുള്ളതും; മറ്റേതു വെളുത്ത നിറമുള്ളതും. നായ്ക്കളുമായി ചന്തസ്ഥലത്തു എത്തിയശേഷം, അവയെ കടിപിടി കൂടുവാൻ അയാൾ അനുവദിക്കും. അതിൽ ആരു ജയിക്കുമെന്നതു സംബന്ധിച്ചു അവിടെ കൂടാറുള്ള ചില ആളുകളുമായി അയാൾ മുന്നമേ പന്തയം വെച്ചിരുന്നിരിക്കും. പന്തയ ദിനം അയാൾ പറയുന്ന നായ് തന്നെ ജയിക്കും. അതിന്റെ രഹസ്യം ഇതായിരുന്നു: ജയിക്കണം എന്നു ആയാൾ ആഗ്രഹിക്കുന്ന നായക്ക് അയാൾ നല്ല ആഹാരവും പരിചരണവും കെടുക്കും. മറ്റേതിനെ പട്ടിണിക്കിടും. ആത്മാവും ജഡവും ആയി മനുഷ്യ ജീവിതത്തിൽ നടക്കുന്ന പോരാട്ടത്തിലും ഇതുതന്നെയാണു സംഭവിക്കുക.
പഴയ ജഡമനുഷ്യനും,പുതിയ ആത്മമനുഷ്യനും തമ്മിലുളള പോരാട്ടമാണ് നടക്കുക. വിജയ സാദ്ധ്യത ആർക്കാണെന്നു മുന്നമേ പറയാൻ കഴിയും? കാരണം, ആർക്ക് അധികം പരിചരണം ലഭിക്കുന്നുവോ അയാൾ വിജയിക്കും. ആത്മ മനുഷ്യനാണു കൂടുതൽ പരിചരണം ലഭിച്ചു പുഷ്ടിപ്പെടുന്നതെങ്കിൽ, അവന്റെ വിജയം ഉറപ്പാണ്. മറിച്ചു ജഡമനുഷ്യനാണു കൂടുതൽ പരിചരണം ലഭിച്ചു പുഷ്ടിയുള്ളവനായി
തീരുന്നതെങ്കിൽ, അവനായിരിക്കും വിജയം.
പഴയ മനുഷ്യന്റെ പോഷണം പാപമാണ്. അതിർ വരമ്പുകളില്ലാതെ, ജഡത്തിന്റെ ആഗ്രഹങ്ങളെ പൂർത്തീകരിക്കാൻ നാം അനുവദിച്ചാൽ, നമ്മുടെ ജീവിതത്തിൽ അവനായിരിക്കും വിജയിക്കുന്നത്. എന്നാൽ, ആത്മാവിനാൽ ജഡത്തിന്റെ പ്രവർത്തികളെ നാം മരിപ്പിക്കുമെങ്കിൽ, നമ്മി ലെ ആത്മീക മനുഷ്യൻ ശക്തനും ഉർജ്ജസ്വലനും ആയിരിക്കും? പരിശുദ്ധാത്മാവിനു മാത്രമേ ജഡത്തിന്റെ ശക്തികളെ മരവിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. പരിശുദ്ധാത്മാവിനെ അനുസരിച്ചു ജീവിക്കുന്ന വിശ്വാസികൾ, അവരിലുള്ള പാപാവയങ്ങളെ മരിപ്പിക്കും. അവർ തങ്ങളുടെ ശരീരാത്മ ദേഹികളെ പരിശുദ്ധാത്മ ശക്തിക്കു വിധേയപ്പെടുത്തിക്കൊടുത്തിരിക്കും.
പാപത്തിന്റെ ശക്തികൾ നമ്മെ അടിപ്പെടുത്തുവാൻ തക്കം പാർത്തിരിക്കുകയാണ്. ജാഗ്രതയോടെ അവയെ എതിർത്തു തോൽപ്പിക്കുക; ജഡത്തിന്റെ പ്രലോഭനങ്ങളെ അതിജീവിച്ചു മുന്നേറുവാൻ ശ്രമിക്കുക. ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: പാപം പഴയ മനുഷ്യന്റെ പോഷണമാണ് ; നീതിയും വിശുദ്ധിയും പുതി
യ മനുഷ്യന്റേതും!