ഭക്തരെ..!
ദേവഭൂമിയാണ് ഉത്തരാഖണ്ഡ്. ക്ഷേത്രങ്ങളും വിശ്വാസങ്ങളുമില്ലാത്ത ഒരു കോണുപോലും കണ്ടെത്താൻ കഴിയാത്ത നാട്. ജ്യോതിർലിംഗങ്ങളും ചാർധാം ക്ഷേത്രങ്ങളും ഒക്കെയായി ഓരോ മണൽത്തരിയിലും വിശ്വാസങ്ങളുള്ള നാട്. മതവും ആചാരങ്ങളും എല്ലാത്തിനുമുപരിയായി മുന്നിൽനിൽക്കുന്ന ഇവിടെ നൂറുകണക്കിന് ക്ഷേത്രങ്ങൾ കണ്ടെത്താം. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണെങ്കിൽ പോലും അതിൽ ഒട്ടും കേട്ടുകേൾവിയില്ലാത്ത ഒരു ക്ഷേത്രമാണ് മുംഡ് കട്ടിയാ ഗണപതി मुंडकटिया मंदिर . (തലയില്ലാത്ത ഗണപതി ക്ഷേത്രം)
ഗണപതി ക്ഷേത്രങ്ങളില്ലാത്ത നാട് ഭാരതത്തിലില്ലെങ്കിലും ഇത്തരത്തിലൊരു ഗണപതി ക്ഷേത്രം ഇവിടെ ഉത്തരാഖണ്ഡിൽ മാത്രമേ കാണൂ. വന്നെത്തുന്ന വിശ്വാസികളെ അത്ഭുതപ്പെടുത്തുന്ന, പ്രാർത്ഥനകൾക്കുത്തരം നല്കുന്ന മുംഡ് കട്ടിയാ ഗണപതി ക്ഷേത്രം. ഇത്രയൊക്കെ പറയുവാൻ എന്താണിതിന്‍റെ പ്രത്യേകത എന്നല്ലേ… തലയില്ലാത്ത ഗണപതിയെയാണ് ഇവിടെ ആരാധിക്കുന്നത്.
അതെ, ലോകത്തിൽ വേറൊരിടത്തുമില്ലാത്ത ഒരു ക്ഷേത്രമാണ് ഉത്തരാഖണ്ഡിൽ കേദാർ വാലിയുടെ താഴ്വാരത്തിൽ ഗൗരി കുണ്ഡിലേക്ക് പോകുന്ന വഴിയിലാണ് അതിശയകരമായ ഈ ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേട്ടും വായിച്ചുമറി ഞ്ഞെത്തുന്ന വിശ്വാസികളാണ് ഇവിടുത്തെ സന്ദർശകർ. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള പഴയകാല ട്രെക്കിങ് പാതയിലാണ് ഈ ക്ഷേത്രമുള്ളത്.
മറ്റേതു ക്ഷേത്രങ്ങളെയും പോലെ കൗതുകകരമായ ഒരു ഐതിഹ്യവും ഈ ക്ഷേത്രത്തിനുണ്ട്. ശിവപുരാണത്തിലാണ് ഈ ഗണേശ ക്ഷേത്രത്തെക്കുറിച്ച് പറയുന്നത്. ഒരിക്കൽ ഗൗരി കുണ്ഡില്‍ പാർവ്വതി ദേവി കുളിക്കാനായി പോവുകയുണ്ടായി. അവിടെ വെച്ച് ദേവി മഞ്ഞളിൽ ഒരു മനുഷ്യരൂപം തീർക്കുകയും അതിന് ജീവൻ നല്കുകയും ചെയ്തു. ആ രൂപത്തെ ദേവി തന്‍റെ മകനായി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കുളിക്കാനായി പോകുന്നതിന് മുൻപ് ഇവിടേക്ക് തന്റെ സ്വകാര്യ വസതിയിലേക്ക് ആരെയും കടത്തിവിടരുതെന്നും ആവശ്യപ്പെട്ടു.
ഇങ്ങനെ കവാടത്തിൽ കാവൽ നിൽക്കുമ്പോൾ ശിവൻ വന്ന് ഉള്ളിലേക്ക് തന്നെ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടു. പാർവ്വതി ദേവിയുടെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ മകൻ ആരെയും കടത്തിവിട്ടില്ല. ദേഷ്യം വന്ന ശിവൻ തല വെട്ടിയെടുത്തു. പീന്നീട് ശിവൻ താനറുത്ത തലയ്ക്കു പകരം ആനയുടെ തല വെച്ചു ജീവൻ നല്കിയെന്നാണ് വിശ്വാസം. എല്ലാ ദേവന്മാരെയും ആരാധിക്കുന്നതിനു മുൻപായി ഗണപതിയെ ആരാധിക്കുന്ന പതിവും ഇവിടുന്നാണത്രെ വന്നത്.
ക്ഷേത്രത്തിന്റെ പേരിനും ഈ കഥയ്ക്കും ഒരു ബന്ധമുണ്ട്. മുണ്ട എന്നാൽ തല എന്നാണെന്നും കാട്ടിയ എന്നാൽ മുറിച്ചത് അഥവാ ഛേദിക്കപ്പെട്ടത് എന്നുമാണർത്ഥം. ഛേദിച്ച തല എന്ന അർത്ഥത്തിലാണ് മുണ്ട് കാട്ടിയ എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടെ തലയില്ലാതെ ഇരിക്കുന്ന ഗണേശ വിഗ്രഹം കാണാം.
2013ൽ ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിനു മുൻപ് കേദാർനാഥിലേക്കുള്ള യാത്രയിൽ ആളുകൾ ഇവിടം സന്ദർശിക്കുമായിരുന്നു. സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ യാത്രയ്ക്ക് ഇവിടെവന്ന് മുംഡ് കട്ടിയാ ഗണപതിയോട് പ്രാർത്ഥിച്ച് പോകുന്ന രീതിയും നിലനിന്നിരുന്നു, പിന്നീട് പ്രളയത്തിനു ശേഷം ഇവിടെ വന്ന മാറ്റങ്ങളായപ്പോൾ ഗണപതി ക്ഷേത്രത്തിലേക്ക് പോവുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമായി മാറി.
ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ
സോനപ്രയാഗിൽ നിന്നും വളരെ എളുപ്പത്തിൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. സോനപ്രയാഗിൽ നിന്നും മുണ്ട്കാട്ടി ക്ഷേത്രത്തിലേക്ക് മൂന്നു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. ഡൽഹിയിൽ നിന്ന് സോനപ്രയാഗിലേക്ക് നേരിട്ടു ബസുകളും സർവീസ് നടത്തുന്നു. ഡെറാഡൂണിൽ നിന്നോ ഋഷികേശിൽ നിന്നോ വരുന്നവർക്ക് ബസും ക്യാബും ലഭിക്കും. ട്രെയിനിനു വരുന്നവർക്ക് 212 കിമീ അകലെയുള്ള ഋഷികേശ് റെയിൽവേ സ്റ്റേഷനും ഡെറാഡൂൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് 251 കിലോമീറ്ററും ദൂരമുണ്ട്.