പുളിങ്കുന്ന് വലിയ പള്ളി- (സെന്റ് മേരീസ് ഫോറോനാ പള്ളി പുളിങ്കുന്ന്)
അതി മനോഹരവും ബൃഹത്തുമായ ഈ പുണ്യ പുരാതന ദേവാലയം നൂറ്റാണ്ടുകളായി കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ അഭിമാനമായി നിലകൊള്ളുന്നു
🌻പുളിങ്കുന്ന്
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് പുളിങ്കുന്ന്. കിഴക്കുഭാഗത്ത് പുത്തൻതോടും തെക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ മണിമലയാറും, വടക്കുഭാഗത്ത് മണിമലയാറിന്റെ കൈവഴിയായ കാവാലം ആറും സ്ഥിതി ചെയ്യുന്നു. പമ്പാ നദിയുടെ ഡെൽറ്റയിലാണ് പുളിങ്കുന്ന് കിടക്കുന്നത്. പുളിങ്കുന്ന് കുട്ടനാട്ടിലെ താഴ്ന്ന പ്രദേശമാണ്. ഒരു ദ്വീപാണിത്. അടുത്തകാലത്ത് റോഡുകൾ വന്നുവെങ്കിലും, പുഴയ്ക്കു കുറുകെ കടന്നു പോകുവാൻ പുളിങ്കുന്ന് ആശുപത്രി പാലവും, മംഗബിൽ നിന്നും ഉള്ള പുതിയ പാലവും, കിടങ്കരയിൽ നിന്നും ഉള്ള റോഡും പണ്ടുമുതലേ ഉള്ള ഒരു ജംഗർ സർവിസും ഉപയോഗിക്കുന്നു . ആലപ്പുഴ , തിരുവല്ല, കോട്ടയംതുടങ്ങിയ സ്ഥലങ്ങളിൽ നിന്നും KSRTC ബസ് സൗകര്യം ഇപ്പോൾ ലഭ്യമാണ്.
🌻പുളിങ്കുന്ന്- പെരുമയും പതനവും
ആദ്യകാല സിനിമ തീയേറ്റർ “കുൻകോ “പുളിങ്കുന്നിലായിരുന്നു.
ഒരുകാലത്ത് പ്രതാപത്തിന്റെ ഉത്തുംഗ ശൃംഗത്തിലായിരുന്നു പുളിങ്കുന്ന്. കുട്ടനാട്ടിൽ ഏറ്റവും കൂടുതൽ സ്പെഷ്യൽ ബോട്ടുകൾ പുളിങ്കുന്നിലായിരുന്നു. പുളിങ്കുന്നിലെ എല്ലാ പ്രമാണി കുടുംബത്തിലും ബോട്ടുകളുണ്ടായിരുന്നു. അക്കാലത്തു് ബോട്ടുകൾ ഉണ്ടാവുകയെന്നത് സമ്പന്നതയുടെ ചിഹ്നമായിരുന്നു. മങ്കൊമ്പ് ദേവീ ക്ഷേത്രോത്സവം, പുളിങ്കുന്ന് വലിയ പള്ളി എട്ടുനോമ്പ് പെരുന്നാൾ, കായൽപുറം പള്ളി തിരുന്നാൾ എന്നിവ നാനാജാതി മതസ്ഥരെ പുളിങ്കുന്നിലേക്ക് ആകർഷിച്ചിരുന്നു.
എന്നാൽ ആലപ്പുഴ -ചങ്ങനാശേരി റോഡിന്റെ വികസനമാണ് പുളിങ്കുന്നിന്റെ പിന്നോട്ടടിക്ക് പ്രധാന ഹേതുവായത് . യാത്രാ പ്രാധാന്യം നോക്കി സർക്കാരും നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഫലമായി പുളിങ്കുന്നിന്റെ താലൂക്ക് ആസ്ഥാന പദവി തന്നെ നഷ്ടമായി എന്ന് നാട്ടുക്കാർ പറയുന്നു.
🌻 പുളിങ്കുന്ന് ജലോത്സവം
പുളിങ്കുന്നിനെ പറ്റി പറയുമ്പോൾ പുളിങ്കുന്ന് ജലോത്സവത്തെ പറ്റി പറയാതെ നിർവാഹമില്ല.
കുട്ടനാട്ടിലെ പുളിങ്കുന്നാറ്റില്‍ അതായത് പമ്പയാറ്റില്‍ തന്നെയാണ് ഈ ജലോത്സവം നടക്കുന്നത്. എല്ലാവര്‍ഷവും ആഗസ്റ്റിലെ അവസാന ശനിയാഴ്ചയാണ് പുളിങ്കുന്ന് വള്ളംകളി നടക്കുന്നത്. 1985 ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ കുട്ടനാട് സന്ദര്‍ശനത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ആണ്ടുതോറും ഈ ജലമേള സംഘടിപ്പിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ കഷ്ടപ്പെടുന്ന കുട്ടനാട്ടുകാരുടെ ദുരിത പൂര്‍ണ്ണമായ ജീവിതം നേരിട്ടു കണ്ടു ബോധ്യപ്പെടുന്നതിനാണ് രാജീവ്ഗാന്ധി സന്ദര്‍ശനം നടത്തിയത്. പുളിങ്കുന്നിലായിരുന്നു അദ്ദേഹത്തിന് സ്വീകരണം ഏര്‍പ്പെടുത്തിയത്. നിരവധി കളി വള്ളങ്ങളും മോട്ടോര്‍ ബോട്ടുകളും അന്ന് രാജീവ് ഗാന്ധിക്ക് സ്വീകരണം നല്‍കാന്‍ എത്തിയിരുന്നു.
1991 ല്‍ അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ എക്കാലവും സ്മരിക്കാന്‍ പുളിങ്കുന്നാറ്റില്‍ വള്ളംകളി ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ സംഭാവന ചെയ്ത രാജീവ് ഗാന്ധിയുടെ പേരിലുളള ട്രോഫിക്കായാണ് ചുണ്ടന്‍വള്ളങ്ങളുടെ വാശിയേറിയ മത്സരം ഇവിടെ നടക്കുന്നത്. 2012 വരെ സ്ഥിരമായി നടന്ന പുളിങ്കുന്ന് വള്ളംകളി ചില വര്‍ഷങ്ങളില്‍ തടസ്സപ്പെട്ടു.
പുളിങ്കുന്നിൽ ആരംഭിച്ച രാജീവ് ഗാന്ധി ട്രോഫി വള്ളം കളി എന്നിവ പുളിങ്കുന്നിന്റെ യശസ്സ് വർധിപ്പിക്കാൻ സഹായിച്ചു.
🌻 പുളിങ്കുന്ന് വലിയ പള്ളിയുടെ ചരിത്രം
എ.ഡി. 1450 കാലഘട്ടത്തിലാണ് പുളിങ്കുന്നിലെ ആദ്യ ക്രൈസ്തവ ദേവാലയം സ്ഥാപിതമായത്. പുളിങ്കുന്നിലും പരിസരപ്രദേശങ്ങളിലും ക്രൈസ്തവരുടെ എണ്ണം വർധിച്ചപ്പോൾ ഇവിടെയും ഒരു ദേവാലയം സ്ഥാപിക്കുവാൻ അന്നത്തെ ക്രൈസ്തവരുടെ നേതാവായിരുന്ന ചക്കാല ഈപ്പൻ തരകന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചു. അന്ന് ഈ പ്രദേശങ്ങളുടെ (കോട്ടനെട്ടായം) നാടുവാഴിയായിരുന്ന വടക്കുംകൂർ കോയിക്കൽ തമ്പുരാനെ കണ്ട് ചക്കാല ഈപ്പൻ തരകൻ തങ്ങളുടെ ആവശ്യം അറിയിച്ചു. ഇപ്പോൾ പുളിങ്കുന്ന് വലിയപള്ളി ഇരിക്കുന്ന സ്ഥലം നാടുവാഴി പള്ളി വയ്ക്കുന്നതിന് അനുവദിക്കുകയും അവിടെ താമസിച്ചിരുന്ന പള്ളിയോടം വലിക്കുന്ന അരയന്മാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ദേശവാഴിയുടെ വകയായി മങ്കൊമ്പ് ചെറിയ മഠത്തിൽ നിന്നിരുന്ന വള്ളപ്പുര പൊളിച്ച് പുളിങ്കുന്നിൽ പള്ളിയായി സ്ഥാപിച്ച് ആരാധന സൗകര്യം ഏർപ്പെടുത്തി.
🌻ക്രിസ്ത്യാനികളുടെ ശക്തി കേന്ദ്രം
എ.ഡി.1500 ന് ശേഷം അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജാവ് പുളിങ്കുന്ന് പ്രദേശം കീഴടക്കി തന്റെ രാജ്യത്തോട് ചേർത്തു. കുട്ടനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും ചെമ്പകശ്ശേരി രാജാവിൻറെ അധീനതയിലായി. കൃഷി, കച്ചവടം മുതലായവ വഴി ചെമ്പകശ്ശേരി രാജ്യം സമ്പൽസമൃദ്ധവും ഐശ്വര്യ പൂർണവും സാംസ്കാരികസമ്പന്നവുമായതോടുകൂടി മറ്റു പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകൾ ഇവിടെ കുടിയേറി പാർക്കുവാൻ തുടങ്ങി.
ചെമ്പകശ്ശേരി രാജാക്കന്മാരുടെ ഭരണകാലത്ത് ധാരാളം ക്രൈസ്തവരും മറ്റു പ്രദേശങ്ങളിൽ നിന്ന് കുട്ടനാട്ടിൽ കുടിയേറിപ്പാർത്ത് കൃഷി മുതലായ തൊഴിലുകൾ ചെയ്തു വന്നു. ഈ കാലഘട്ടത്തിൽ പുളിങ്കുന്നിൽ ധാരാളം ക്രൈസ്തവ കുടുംബങ്ങൾ പുതുതായി വന്ന് താമസം ആരംഭിച്ചു. ഇപ്പോൾ പുളിങ്കുന്ന് കൊവേന്ത പള്ളി ഇരിക്കുന്ന സ്ഥലം മുതൽ വലിയപള്ളി വരെയും വലിയപള്ളി മുതൽ കിഴക്കേ തലയ്ക്കൽ കുരിശുപള്ളി ഇരിക്കുന്നിടം വരെയും ആറ്റിറമ്പിൽ നിരവധി ക്രൈസ്തവ കുടുംബങ്ങൾ താമസിച്ചു. ഇതോടെ പുളിങ്കുന്ന് സുറിയാനി ക്രിസ്ത്യാനികളുടെ ഒരു ശക്തികേന്ദ്രമായി വളർന്നു.
🌻പഴയ പള്ളി പൊളിച്ചു പണിയുന്നു
പുളിങ്കുന്നിലും പരിസരപ്രദേശങ്ങളിലുമുളള ക്രൈസ്തവർ ഒത്തുചേർന്ന് പഴയ പള്ളി പൊളിച്ചു പണിഞ്ഞു. അന്ന് കേരളത്തിൽ പോർച്യുഗീസുകാരെ ഭയന്ന് വേഷം മാറി നടന്നിരുന്ന കേരളത്തിലെ അവസാനത്തെ കൽദായ മെത്രാനെ പുളിങ്കുന്നിലെ ക്രൈസ്തവ കുടുംബങ്ങൾ ചേർന്ന് പുളിങ്കുന്നിൽ കൊണ്ടുവരുകയും പുളിങ്കുന്നിൽ പള്ളിക്ക് അടിസ്ഥാനം ഇടുകയും ചെയ്തു. 1557 ഫെബ്രുവരി 4 ന് “പ്രോഎക്സിലെത്തി പ്രേഎമിനേൻഡ്യാ ” എന്ന തിരുവെഴുത്തിലൂടെ പോൾ നാലാമൻ മാർപ്പാപ്പ കൊച്ചി രൂപത സ്ഥാപിക്കുകയും ഈ പ്രദേശങ്ങൾ മുഴുവൻ ഈ രൂപതയുടെ കീഴിൽ ആക്കുകയും ചെയ്തു.
പുളിങ്കുന്നിലെ പുതിയ പള്ളി പണി പൂർത്തിയായപ്പോൾ കൊച്ചി രൂപത മെത്രാനിൽ നിന്നും ചെമ്പകശ്ശേരി രാജാവിന്റെയും പുളിങ്കുന്നിലെ ക്രൈസ്തവരുടെയും അഭ്യർത്ഥനപ്രകാരം അംഗീകാരം വാങ്ങി പുതിയ ദേവാലയം വെഞ്ചരിക്കുകയും ചെയ്തു. കൊച്ചിയിലെ അന്നത്തെ മെത്രാന്റെയും പുളിങ്കുന്നിലെ ദൈവജനത്തിന്റെയും പ്രത്യേക താൽപര്യപ്രകാരം ദൈവമാതാവായ കന്യകാമറിയത്തിന്റെ നാമത്തിൽ പള്ളി പ്രതിഷ്ഠിച്ചു.
🌻തിരുന്നാൾ
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളായ സെപ്റ്റംബർ 8 പുളിങ്കുന്ന് പള്ളിയിലെ പ്രധാന തിരുനാളായി ആഘോഷിക്കുന്നു. ആയിരക്കണക്കിനു വരുന്ന ദർശനസമൂഹാഗംങ്ങളുടെ മേൽനോട്ടത്തിലാണ് പ്രധാനതിരുനാൾ നടത്തുന്നത്. അതിനുവേണ്ടി ദർശന സമൂഹം ചേർന്ന് പ്രസുദേന്തിയെയും അവരുടെ തലവനായ ശീന്തിക്കോനേയും തെരഞ്ഞെടുക്കുന്നു.
🌻പുതിയ ബ്രഹ്മാണ്ഡ ദേവാലയം നിർമ്മിക്കുന്നു
എ.ഡി. 1750 ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ചെമ്പകശ്ശേരി രാജ്യം കീഴടക്കി തിരുവിതാംകൂറിൽ ചേർത്തു. ഇതോടെ തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കുടുംബങ്ങൾ അരി ഉത്പാദനമേഖലയായ കുട്ടനാട്ടിലേക്ക് കുടിയേറി. ഈ സമയത്ത് കുടിയേറിയവരാണ് പുളിങ്കുന്നിൽ ഇപ്പോഴുള്ള ക്രൈസ്തവരിൽ ഭൂരിപക്ഷം കുടുംബങ്ങളും.
ഇപ്പൊൾ പുളിങ്കുന്നിൽ കാണുന്ന കലാവിരുതുള്ള ബ്രഹ്മാണ്ഡ ദേവാലയം പുളിങ്കുന്നിന്റെ നെറുകയിൽ പമ്പയാറിൻ്റെ തീരത്തായി എ.ഡി. 1885 ൽ പണി കഴിപ്പിച്ചിട്ടുള്ളതാണ്. ഇന്ന് കാണുന്ന രീതിയിൽ എട്ടുപട്ടത്തോടുകൂടിയ പള്ളി പണിയുവാൻ നേതൃത്വം നൽകിയത് പുളിങ്കുന്ന് ഇടവകക്കാരൻ ആയിരുന്ന ശ്രാമ്പിക്കൽ ഗീവർഗ്ഗീസ് കത്തനാർ ആണ്. പള്ളിയുടെ ശിലാസ്ഥാപനവും ആദ്യ കല്ല് വെഞ്ചരിപ്പും ഈ ഇടവകക്കാരൻ ആയിരുന്ന വെളിയനാട് തോപ്പിൽ ഗീവർഗ്ഗീസ് അച്ചനാണ് നിർവഹിച്ചത്.
പഴയ പള്ളിയുടെ അടിത്തറയിൽ തന്നെയാണ് പുതിയ പള്ളി പണിതത്. ഇപ്പൊൾ കാണുന്ന ഹൈക്കല പഴയ ഹൈക്കല തന്നെയാണ്. പതിനാറ് വർഷത്തോളം വികാരിയായി പള്ളി പണിക്ക് നേതൃത്വം നൽകിയ ശ്രാമ്പിക്കൽ അച്ചന് ശേഷം ബഹുമാനപ്പെട്ട സക്കറിയാസ് വാച്ചാപറമ്പിൽ അച്ചൻ വികാരിയായി, അദ്ദേഹം നേതൃത്വം നൽകിയാണ് ഇപ്പൊൾ കാണുന്ന പള്ളിയുടെ മുഖവാരപ്പണി നടത്തിയത്.പള്ളി പണിയുടെ കാലഘട്ടത്തിൽ മെത്രാനച്ചന്റെ സെക്രട്ടറി ആയിരുന്ന പുളിങ്കുന്ന് പുരയ്ക്കൽ തോമാ കത്തനാരും പണികൾക്ക് നല്ല സഹായം നൽകിയിരുന്നു. തോമ്മാ കത്തനാർ വരപ്പിച്ച് നൽകിയ സ്കെച്ചും പ്ലാനും അനുസരിച്ചാണ് പള്ളി പണിതിട്ടുള്ളത്.
ചരിത്രവും പൈതൃകവും നിറഞ്ഞ തീർഥാടന കേന്ദ്രമാണ് പുളിങ്കുന്ന് പള്ളി.
പല കാലഘട്ടങ്ങളിലായി ഈ ഇടവകയിൽ നിന്നും പിരിഞ്ഞ് സ്വതന്ത്ര ഇടവകകളായ 20 പള്ളികൾ പുളിങ്കുന്ന് ഫൊറോനയുടെ കീഴിൽ പ്രവർത്തിക്കുന്നു. അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ഈ പള്ളി നാല് തവണ പുതുക്കി പണിതു. റോമൻ – കേരളീയ വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്ന ഈ ദേവാലയത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പല വസ്തുക്കളും രേഖകളും സൂക്ഷിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഇരുമ്പിന്‍റെ പിരിയൻ ഗോവണി, തടിയിൽ നിർമിച്ച കുമ്പസാര കൂടുകൾ, അൾത്താരയിലെ കൊത്തുപണികൾ എന്നിവയെല്ലാം ഈ പള്ളിയുടെ പ്രത്യേകതയാണ്.
🌻 തീർത്ഥാടന ടൂറിസം
2019ലെ പ്രളയകാലത്ത് പ്രദേശവാസികളുടെ അഭയകേന്ദ്രമായിരുന്നു പുളിങ്കുന്ന് പള്ളി. പ്രദേശവാസികളുടെ അഭയകേന്ദ്രമായിരുന്നു പുളിങ്കുന്ന് പള്ളി. സിമ്പു – തൃഷ പ്രണയ ജോഡികൾ തകർത്തഭിനയിച്ച് 2010ൽ പുറത്തിറങ്ങിയ തമിഴ് ഹിറ്റ് ചിത്രം ‘വിണ്ണൈ താണ്ടി വരുവായ’ ഉൾപ്പടെ പല സിനിമകളിലും പള്ളി പ്രധാനഭാഗമായതോടെ വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചതായി പറയുന്നു. കാലപ്പഴക്കവും ഭൂമിശാസ്ത്രപരമായ ഘടനയും മൂലം പള്ളി താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി പള്ളി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇടവക അധികൃതർ.സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന തീർഥാടന ടൂറിസം പദ്ധതിക്ക് അനുയോജ്യമായ ഇടങ്ങളിൽ ഒന്നാണ് ഈ ദേവാലയം.
ക്രിസ്തീയ പൈതൃകവും കുട്ടനാടിന്‍റെ പെരുമയും സമന്വയിക്കുന്ന ഇടമാണിത് വിശുദ്ധ ചാവറയച്ചൻ സേവനം ചെയ്ത ഇടവക കൂടിയായ പുളിങ്കുന്ന് സെന്‍റ് മേരീസ് ദേവാലയം സന്ദർശിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ലൗലി ബാബു തെക്കെത്തല ✍️
(കടപ്പാട്: ഗൂഗിൾ )