ആലപ്പുഴ:തെക്കേക്കര ചൂരല്ലൂർ സ്വദേശി തടത്തിൽ തെക്കതിൽ ശ്രീധരനെ തലയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മകന്‍ ശ്രീലാൽ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 23ന് പുലർച്ചെ 5.40ഓടെ ആയിരുന്നു സംഭവം.
നൂറനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു മോഷണക്കേസിൽ ശ്രീലാൽ ഉൾപ്പെടുകയും ഈ കേസിൽ ജാമ്യം എടുക്കുന്നതിന് കോടതിയിൽ നിന്ന് ശ്രീലാലിന് നോട്ടീസ് ലഭിക്കുകയും ചെയ്തിരുന്നു. ജാമ്യം ലഭിക്കുന്നതിന് ജാമ്യക്കാരായി ചെല്ലണമെന്നും വക്കീൽ ഫീസിനുള്ള പൈസ നൽകമെന്നും ആവശ്യപ്പെട്ട് കുറച്ച് ദിവസങ്ങളായി ശ്രീലാൽ മാതാപിതാക്കളായ ശ്രീധരനോടും ശാന്തമ്മയോടും വഴക്കുണ്ടാക്കിയിരുന്നു.
തുടർന്ന് 23ന് രാവിലെ ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് വന്ന അമ്മ ശാന്തമ്മയോട് ശ്രീലാൽ ഈ ആവശ്യം ഉന്നയിച്ചു.
ശാന്തമ്മ പറ്റില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പ്രതി ശാന്തമ്മയെ ഉപദ്രവിക്കുകയായിരുന്നു. നിലവിളി കേട്ട് എത്തിയ ശ്രീധരന്റെ തലയ്ക്ക് അടിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഇരുവരുടേയും നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് യുവാവിൽ നിന്ന് ഇവരെ രക്ഷിച്ചത്.
തുടർന്ന് ഒളിവിൽ പോയ ഇയാളെ കുറത്തികാട് പൊലീസ് ഇൻസ്പെക്ടർ മോഹിത് പി.കെ, സബ് ഇൻസ്പെക്ടർ ഉദയകുമാർ, സിവിൽ പൊലീസ് ഓഫിസര്‍, ശ്യാംകുമാര്‍, ഷെമീർ എന്നിവരടങ്ങുന്ന സംഘം ചൂരല്ലൂർ ഭാഗത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.