വരയരങ്ങുകളിൽ ഇരുകൈകളും ഒരേസമയം ഉപയോഗിച്ച് വെറും പത്ത് മിനിറ്റിനുള്ളിൽ 100 ൽ പരം പ്രശസ്തരുടെ ചിത്രങ്ങൾ വരയ്ക്കുന്ന സൂപ്പർ സ്പീഡി കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജിക്ക് ‘ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ’ എന്ന നിലയിൽ ‘യു. എസ്. എ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് ‘ ലഭിച്ചു .
ഇതിന് മുൻപ് മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ഇവന്റുകളിലുൾപ്പെടെ നിരവധി ലോകറെക്കോർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള ഡോ. ജിതേഷ്ജി 3000 ത്തിലേറെ പ്രശസ്തവ്യക്തികളെ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന ‘സൂപ്പർ മെമ്മറൈസർ പെർഫോമിംഗ് ചിത്രകാരൻ’ എന്ന നിലയിലും അന്താരാഷ്ട്ര ഖ്യാതിയും റെക്കോർഡും നേടിയ മലയാളിയാണ്.
2008 ലെ അഞ്ചുമിനിറ്റിനുള്ളിൽ 50 പ്രശസ്തവ്യക്തികളുടെ ചിത്രങ്ങൾ എന്ന തന്റെ തന്നെ വേഗവര ലോക റെക്കോർഡാണ് പത്തുമിനിറ്റിനുള്ളിൽ 100 ലേറെ വ്യക്തികളെ വരച്ച് ജിതേഷ്ജി തിരുത്തിക്കുറിച്ചത്. ഇരുപതിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ച് അദ്ദേഹം തന്റെ മിന്നൽ വേഗവരയുടെ മാസ്മരിക പ്രകടനം അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയിട്ടുണ്ട്.
ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ് ‘ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും ഈ അതിവേഗചിത്രകാരൻ ശ്രദ്ധേയനാണ്. 200 ലക്ഷത്തിലേറെ ( 20 മില്യനിലേറെ) പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ വേഗവരയിലൂടെ നേടിയ ആദ്യചിത്രകാരനും ജിതേഷ്ജിയാണെന്നതും മറ്റൊരു റെക്കോർഡ് നേട്ടമായി.
യു. എസിലെ ലോസ് ആഞ്ചലസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ റാങ്കർ ഡോട്ട് കോം ലോകശ്രദ്ധ നേടിയ പത്ത് ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ജിതേഷ്ജിയെ ആദരിച്ചിട്ടുമുണ്ട്.
അമേരിക്കൻ പ്രസിഡന്റുമാരായ എബ്രഹാം ലിങ്കൺ, ജോർജ് വാഷിംഗ്ടൺ, വില്യം ഹോവാർഡ് താഫ്റ്റ്, ജോർജ്ജ് ഡബ്ലിയു ബുഷ്, ബറാക്ക് ഒബാമ, ഡോണൾഡ് ജെ ട്രംപ് തുടങ്ങി ഒരു ഡസനിലേറെ അമേരിക്കൻ പ്രസിഡന്റുമാരും മൈക്കൾ ജാക്സൻ, ചാർളി ചാപ്ലിൻ, ചെ ഗുവെര, ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, സ്വാമി വിവേകാനന്ദ, അഡോൾഫ് ഹിറ്റ്ലർ, മദർ തെരേസ തുടങ്ങി നൂറിൽപരം ലോകപ്രശസ്തവ്യക്തികളെയും ഇരുകൈകളും ഉപയോഗിച്ച് വെറും പത്തുമിനിറ്റിനുള്ളിൽ ജൂറിക്കുമുന്നിൽ വരച്ചുതീർത്താണ് വരവേഗവിസ്മയത്തിൽ തന്റെ തന്നെ മുൻ ലോകറെക്കോർഡ് തിരുത്തികുറിച്ചത്. 300 ലേറെ വർഷങ്ങളുടെയും 366 ദിവസങ്ങളുടെ പ്രസക്തിയും പ്രത്യേകതകളും ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങളും ഓർമ്മയിൽ നിന്ന് പറയുന്ന ഇദ്ദേഹം ‘ ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ എന്ന വിശേഷണത്തിനുടമയാണ്. ‘ഹരിതാശ്രമം ‘ പാരിസ്ഥിതിക ഗുരുകുലം സ്ഥാപകനായ ഇദ്ദേഹം പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറ് വാർഡിലാണ് സ്ഥിരതാമസം. ഭാര്യ : ഉണ്ണിമായ. മക്കൾ : ശിവാനിയും നിരഞ്ജനും.