തിരുവനന്തപുരം: കൊല്ലം – എറണാകുളം റൂട്ടിൽ മെമു ട്രെയിൻ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൻ്റെ മറ്റൊരു ആവശ്യംകൂടി പരിഗണിച്ച് ഇന്ത്യൻ റെയിൽവേ.
കൊച്ചുവേളി – താമ്പരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. ഒക്ടോബർ 11 വെള്ളിയാഴ്ച മുതൽ താമ്പരത്ത് നിന്നും പുനലൂർ, കൊല്ലം വഴിയാണ് കൊച്ചുവേളിയിലേക്ക് വീക്കിലി ട്രെയിൻ ഓടിത്തുടങ്ങുക. നേരത്തെ റെയിൽവേ മന്ത്രി അനുവദിക്കാമെന്ന് ഉറപ്പ് നൽകിയ മൂന്ന് ട്രെയിനുകളിൽ രണ്ടാമത്തേതാണിത്. എറണാകുളം – ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു.
വെള്ളിയാഴ്ചകളിൽ വൈകുന്നേരം 7:30ന് താമ്പരത്തു നിന്നും യാത്ര തിരിക്കുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 11:30ന് കൊച്ചുവേളിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സ്പെഷ്യൽ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
മടക്കയാത്ര ഞായറാഴ്ചകളിൽ വൈകുന്നേരം 3:25ന് കൊച്ചുവേളിയിൽ നിന്നും ആരംഭിച്ച് തിങ്കളാഴ്ച രാവിലെ 7:35 ന് താമ്പരത്ത് എത്തിച്ചേരും.കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കേരളത്തിൽ ആറ് സ്റ്റോപ്പുകളാണുള്ളത്. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല എന്നിവയാണ് സ്റ്റോപ്പുകൾ. ദക്ഷിണ റെയിൽവേയാണ് പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
താമ്പരത്തു നിന്നും പുനലൂർ കൊല്ലം വഴി കൊച്ചുവേളിയിലേക്ക് വീക്കിലി ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് റെയിൽവേ മന്ത്രിയോടും റെയിൽവേ ബോർഡ് ചെയർമാനോടും ആവശ്യപ്പെട്ടിരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
നിലവിൽ റേക്കുകൾ ലഭ്യമല്ലെന്നും ഇപ്പോൾ ഓടുന്ന ഏതെങ്കിലും സ്പെഷ്യൽ സർവീസുകൾ അവസാനിക്കുന്ന മുറക്ക് റേക്ക് ലഭ്യമാക്കി താമ്പരം പുനലൂർ കൊല്ലം കൊച്ചുവേളി റൂട്ടിൽ വീക്കിലി ട്രെയിൻ നൽകാമെന്ന് റെയിൽവേ മന്ത്രി ഉറപ്പ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കൊല്ലം എറണാകുളം റൂട്ടിലെ യാത്രാദുരിതത്തിന് പരിഹാരമായി പാസഞ്ചർ ട്രെയിനും ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താമ്പരം – കൊച്ചുവേളി സ്പെഷ്യലും കേരളത്തിലേക്ക് എത്തുന്നത്.
കൊല്ലം – എറണാകുളം റൂട്ടിലെ അനിയന്ത്രിതമായ തിരക്ക് പരിഹരിക്കണമെന്നാവ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള എംപിമാർ റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്‍റെയും അടിയന്തര ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാലരുവിക്കും വേണാടിനും ഇടയിൽ കോട്ടയം വഴി എറണാകുളത്തേക്ക് സ്പെഷ്യൽ മെമു സർവീസ് താൽക്കാലികമായി അനുവദിച്ചിരിക്കുന്നത്.
നിലവിൽ ദക്ഷിണ റെയിൽവേയുടെ വിവിധ ഡിവിഷനുകളിൽ നിന്നും കടമെടുത്ത റേക്കുകൾ ഉപയോഗിച്ചാണ് സ്പെഷ്യൽ സർവീസ് നടത്തുക. റെയിൽവേ ബോർഡിൽ നിന്നും മുഴുവൻ സമയ റേക്കുകൾ ലഭ്യമാകുന്നതോടുകൂടി കൊല്ലം – എറണാകുളം സ്പെഷ്യൽ സർവീസ് അവസാനിപ്പിച്ച് പുനലൂർ – കോട്ടയം – എറണാകുളം റൂട്ടിൽ മെമു സർവീസ് ആരംഭിക്കും.