കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്ത മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസിന്റെ കൊച്ചിയിലെ വീട്ടിൽ മഹാരാഷ്ട്ര പൊലീസ് റെയ്ഡ്. ഇയാളുടെ വീട്ടിൽ നിന്നും പെൻഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും മഹാരാഷ്ട്ര എ ടി എസ് പിടിച്ചെടുത്തു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബ സൈദീഖിനെ നാഗ്പുര്‍ പൊലീസ് മെയ് 10-ന് അറസ്റ്റ് ചെയ്തിരുന്നു.
മഹാരാഷ്ട്ര പൊലീസ് റിജാസിനെതിരെയുള്ള കൊച്ചിയിലെ കേസിലെ വിശദാംശങ്ങളും ശേഖരിച്ചു. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിജാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേരള സര്‍വകലാശാലയില്‍ പഠിച്ച റിജാസ് കേരളം ആസ്ഥാനമായുള്ള വാര്‍ത്താ പ്ലാറ്റ്ഫോമായ മക്തൂബിലും കൗണ്ടര്‍ കറന്റ്സിലും എഴുതുന്നയാളാണ്. കഴിഞ്ഞ പത്തുദിവസത്തിനിടെ റിജാസിനെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ എഫ്‌ഐആറാണിതെന്നും പൊലീസ് പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയിലെ അംഗമാണ് റിജാസ് എന്നാണ് എഫ്ഐആറില്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ റിജാസിനെ മെയ് 13 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനില്‍ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും കുട്ടികളെ കൊല്ലുന്നത് നീതി നല്‍കുമോയെന്നും റിജാസ് പറഞ്ഞതായും എഫ്ഐആറില്‍ പറഞ്ഞിരുന്നത്. ഏപ്രില്‍ 29 ന് കൊച്ചിയില്‍ നടന്ന കശ്മീര്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അദ്ദേഹത്തിനും മറ്റ് ചിലര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടെന്ന് ആരോപിച്ച് വീടുകള്‍ പൊളിച്ചു മാറ്റിയതിനെതിരെ നടത്തിയ പ്രതിഷേധത്തിലും ഇയാള്‍ പങ്കെടുത്തിരുന്നു. 2023-ല്‍ കളമശേരി സ്‌ഫോടനം റിപ്പോര്‍ട്ടു ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.