കൊച്ചി: മലയാളം സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധേയനായ ഇന്‍ഫ്യൂവെന്‍സറാണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബിലെ ഫിറോസ് ചുട്ടിപ്പാറയുടെ വ്യത്യസ്ത പരീക്ഷണങ്ങള്‍ വൈറലാകാറുണ്ട്. എന്നാല്‍ പുതിയ വീഡിയോ വലിയ വിമര്‍ശനമാണ് നേടുന്നത്. കാരണം മലയാളിക്ക് അത്ര പരിചിതമല്ലാത്ത പാചക രീതികളാണ് ഫിറോസ് ഇത്തവണ പരിചയപ്പെടുത്തുന്നത്.
വിയറ്റ്നാമില്‍ സന്ദര്‍ശിക്കുന്ന ഫിറോസ് അവിടെ വച്ച് ജീവനുള്ള രണ്ട് പമ്പുകളെ കറിവയ്ക്കാനായി വാങ്ങുന്നയിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനെ പാചകം ചെയ്യാന്‍ വൃത്തിയാക്കുന്നതും മറ്റും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഈ പാമ്പ് പാചകത്തിന് പ്രദേശവാസിയായ സ്ത്രീയും ഫിറോസിന് സഹായം ചെയ്യുന്നുണ്ട്. വിയറ്റ്നാം തനത് രീതിയിലാണ് പാമ്പുകളെ കറിവയ്ക്കുന്നത് എന്ന് ഫിറോസ് പറയുന്നുണ്ട്. കറി തയ്യാറാക്കിയ ശേഷം കറി ഫിറോസ് വിളമ്പുന്നതും കാണിക്കുന്നുണ്ട്.
പതിനൊന്നു മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം ആറുലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. കമന്‍റ് ബോക്സില്‍ അടക്കം ഫിറോസിന് അനുകൂലമായും പ്രതികൂലമായും ഏറെ കമന്‍റുകള്‍ നിറയുന്നുണ്ട്. “ചേരയെ തിന്നുന്ന നാട്ടിൽ ചെന്നിട്ടു അതിന്റെ നാടുകഷ്ണം തന്നെ നാട്ടുകാരെ തീറ്റിപ്പിച്ച ഫിറോസ്” എന്നാണ് ഒരു കമന്‍റ്. എന്നാല്‍ ഇത് അറപ്പുണ്ടാക്കുന്ന കാര്യമാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.
ഫിറോസ് ഇത് കഴിക്കുന്നതായി കാണിക്കുന്നില്ലല്ലോ എന്നതാണ് ചിലരുടെ പരാതി. പക്ഷെ ഒരു നാട്ടിലെ ഭക്ഷണ രീതി പരിചയപ്പെടുത്തുകയാണ് ഫിറോസ് ചെയ്തത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. മുതല, മാന്‍, ഒട്ടകം എന്നിങ്ങനെ നിരവധി വ്യത്യസ്ത പാചകങ്ങള്‍ വിദേശത്തുവച്ച് ചെയ്തിട്ടുള്ള ഫിറോസിന്‍റെ നല്ല “വറുത്തരച്ച പാമ്പ് കറി” എന്ന വീഡിയോയ്ക്കും പ്രതികരണങ്ങള്‍ വ്യത്യസ്തമാണ്.