തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ടാണ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. ജൂൺ നാലുമുതൽ ഇൻഷുറൻസ് പാക്കേജ് പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സെക്രട്ടേറിയറ്റ് പിആർ ചേമ്പറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച കരാറിൽ കെഎസ്ആർടിസിയും എസ്ബിഐയും ഒപ്പുവെച്ചു. അക്കൗണ്ട് തല ഇൻഷുറൻസ് പരിരക്ഷയ്ക്ക് പ്രീമിയം ജീവനക്കാർ അടയ്ക്കേണ്ടതില്ല. 22,095 സ്ഥിരം ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കെഎസ്ആർടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റിയതിന്റെ ഭാഗമായിട്ടാണ് ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഇൻഷുറൻസ് പാക്കേജ്
വ്യക്തിഗത അപകടത്തിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപ ലഭിക്കും.
എയർ ആക്‌സിഡൻറ്റിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് ഒരു കോടി അറുപത് ലക്ഷം രൂപ ലഭിക്കും.
അപകടത്തിൽ സ്ഥിരമായ പൂർണ വൈകല്യം സംഭവിച്ചാൽ ഒരു കോടി രൂപ വരെ ലഭിക്കും.
സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയും ലഭിക്കും.
25,000 രൂപയ്ക്ക് മുകളിൽ ശമ്പളം ഉള്ള ജീവനക്കാരുടെ സാധാരണ മരണത്തിനു കുടുംബത്തിന് സഹായമായി ആറു ലക്ഷം രൂപ ലഭിക്കും. അപകട മരണം സംഭവിച്ചവരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായമായി 10 ലക്ഷം രൂപ വരെ ലഭിക്കും, പെൺകുട്ടികളുടെ വിവാഹത്തിന് ഒരു കുട്ടിയ്ക്ക് 5 ലക്ഷം രൂപ എന്ന രീതിയിൽ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും.
അപകട ചികിത്സയ്ക്കുള്ള ചെലവിനും മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനും ഇൻഷുറൻസ് പദ്ധതിയിലൂടെ സഹായം ലഭിക്കും.
പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ താൽപര്യപ്രകാരം രണ്ട് ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ചികിത്സാ ചെലവ് ലഭിക്കുന്ന മെഡിക്കൽ ഇൻഷുറൻസിലേക്ക് വാർഷിക പ്രീമിയം നൽകി ചേരാനും അവസരമുണ്ട്. 75 വയസ്സുവരെ ഇത് പുതുക്കാം. ജീവനക്കാർക്ക് വളരെ ആശ്വാസകരമായ പദ്ധതിയാണിതെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
കെഎസ്ആർടിസിയിൽ കഴിഞ്ഞ ഒന്നര വർഷത്തിൽ 56 പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കി. മുഴുവൻ ജീവനക്കാർക്കും കാൻസർ പരിശാധന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. കടുത്ത ജോലികൾ ചെയ്യാൻ കഴിയാത്ത രീതിയിൽ ആരോഗ്യപ്രശ്‌നമുള്ള ജീവനക്കാരെ മെഡിക്കൽ ബോർഡിന്റെ കൂടി നിർദേശപ്രകാരം കാറ്റഗറി മാറ്റം നൽകി ഓഫീസ് ഡൂട്ടിയിലേക്ക് മാറ്റി വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.