കണ്ണൂർ: സഹകരണ ബാങ്കിലെ പണയ സ്വർണവുമായി ജീവനക്കാരൻ മുങ്ങിയെന്ന് പരാതി. കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്‍റെ കച്ചേരിപ്പടവ് ശാഖയിലാണ് സംഭവം.
ബാങ്ക് സെക്രട്ടറി അനീഷ് മാത്യുവിന്‍റെ പരാതിയി സിപിഎം ബാങ്കിലെ ജീവനക്കാരനും ബ്രാഞ്ച് സെക്രട്ടറിയുമായ സുധീർ തോമസിനെതിരെ ഇരട്ടി പൊലീസ് കേസെടുത്തു. സുധീർ തോമസിന്‍റെ ഭാര്യയുടേതടക്കം 60 ലക്ഷം രൂപയുടെ സ്വർണ്ണം മോഷണം പോയതായാണ് വിവരം.
ബാങ്കിലെ താത്കാലിക കാഷ്യറാണ് സുധീർ തോമസ്. ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ബാങ്കിൽ പണയം വെച്ച 18 പായ്ക്കറ്റ് സ്വർണ്ണാഭരണങ്ങൾ കവരുകയും പകരം മുക്കുപണ്ടം വെയ്ക്കുകയും ചെയ്തുവെന്നാണ് പരാതി. സുധീർ തോമസിന്‍റെ ഭാര്യയുടേതടക്കം സ്വർണ്ണം ഇങ്ങനെ കവർന്നതായാണ് വിവരം.
വെള്ളിയാഴ്ച ബാങ്ക് തുറക്കാനെത്തിയ മാനേജർ സുധീർ തോമസിന്‍റെ ബാഗും മൊബൈൽ ഫോണും ഒരു ലിസ്റ്റും ഓഫീസിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം മോഷണം പോയതായി കണ്ടെത്തിയത്.
മറ്റൊരാൾക്ക് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നഷ്ടപ്പെട്ട സ്വർണ്ണത്തിൽ ഭൂരിഭാഗവും ഒരാൾ പണയം വെച്ച ആഭരണങ്ങളാണ്. പണയ സ്വർണത്തിന് പകരം മുക്കുപണ്ടം വെച്ചത് മറ്റൊരാൾക്ക് വേണ്ടിയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുണ്ട്.
തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സുധീർ തോമസിന് വേണ്ടിയുള്ള അന്വേഷണവും തുടരുകയാണെന്ന് ഇരട്ടി പൊലീസ് അറിയിച്ചു.