എറണാകുളം: എറണാകുളം കുട്ടമ്പുഴയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കർഷകനായ പിണവൂർക്കുടി സ്വദേശി ചക്കനാനിക്കൽ പ്രകാശനാണ് കുഴഞ്ഞുവീണ് മരിച്ചത്. പ്രകാശന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്തിപ്പോഴും കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട കുട്ടമ്പുഴ ഉരുളൻ തണ്ണിക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കൃഷിയിടത്തിൽ ആനയിറങ്ങിയതറിഞ്ഞ് ആളുകൾക്കൊപ്പം തുരത്താനിറങ്ങിയതായിരുന്നു പിണവൂർക്കുടി ആദിവാസി കോളനിയിലെ പ്രകാശൻ. ഇതിനിടെ ആന ആക്രമിക്കാൻ മുതിരുന്നത് കണ്ട് തിരിഞ്ഞോടി.
ഭയന്നോടുന്നതിനിടെ പ്രകാശൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തിപ്പോഴും തുടരുന്ന കാട്ടാന വ്യാപകമായി കൃഷിനാശവും വരുത്തിയിട്ടുണ്ട്.
ഉരുളൻതണ്ണിയിൽ എൽദോസിനെ കാട്ടാന കൊലപ്പെടുത്തിയതിനുശേഷം സോളാർ തൂക്കുവേലിയും കിടങ്ങുമൊക്കെ വനംവകുപ്പ് ഉറപ്പുനൽകിയിരുന്നു. എന്നാൽ കാട്ടാനശല്യം രൂക്ഷമായ പലയിടത്തും ഇപ്പോഴും സൗരോർജ്ജ വേലി നിർമ്മാണം പൂർത്തിയായിട്ടില്ല. കിടങ്ങുകളുടെ നിർമ്മാണം ഒരുഭാഗത്ത് പുരോഗമിക്കുമ്പോഴും കാട്ടാനകൾ വ്യാപകമായി കൃഷിയിടത്തിലിറങ്ങുന്നുണ്ട്.