Sunday, December 8, 2024
Homeകേരളംസെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറി കടന്ന് രാകേഷ് കൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്ത ‘കളം@24’...

സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറി കടന്ന് രാകേഷ് കൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്ത ‘കളം@24’ എന്ന ചിത്രത്തിനു അഭിനന്ദനങ്ങളുമായി മന്ത്രി സജി ചെറിയാൻ

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറി കടന്ന് തന്റെ സ്വപ്നമായ സിനിമയുമായി എത്തുകയാണ് രാകേഷ് കൃഷ്ണൻ കുരമ്പാല. ശാരീരിക വെല്ലുവിളികളെ തെല്ലും വകവെക്കാതെ തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ പുറകെ പോയ രാകേഷിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് മന്ത്രി സജി ചെറിയാൻ.

രാകേഷ് കൃഷ്ണന്റെ ‘കളം@24’ എന്ന ചിത്രം നാളെയാണ് തിയേറ്ററുകളിൽ എത്തുന്നത്. ഈ കൊച്ചു സിനിമ എല്ലാവരും തിയേറ്ററിൽ പോയി കാണണമെന്നാണ് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. ചിത്രത്തിനും രാകേഷിനും സാംസ്കാരിക വകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടെന്നാണ് മന്ത്രി അറിയിച്ചത്.

മന്ത്രി സജി ചെറിയാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്;

ഇത് രാകേഷ് കൃഷ്ണൻ കുരമ്പാല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്നെ കാണാൻ വന്നപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. രാകേഷ് സെറിബ്രൽ പാൾസി രോഗബാധിതനാണ്. ശാരീരികവെല്ലുവിളിയെ തെല്ലും വകവെക്കാതെ തന്റെ സ്വപ്നത്തിന് പിന്നാലെ പോയ രാകേഷിന്റെ സിനിമ എന്ന ആ സ്വപ്നം നാളെ പൂവണിയുകയാണ്. തന്റെ ജീവിതത്തിൽ വന്ന എല്ലാ പ്രതിസന്ധികളെയും നേരിട്ട് ഈ അസുഖത്തോടും പോരാടി അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത ഒരു സിനിമ കളം@24 എന്ന പേരിൽ നാളെ പുറത്തിറങ്ങുകയാണ്.

ലോകസിനിമയിൽ തന്നെ സെറിബ്രൽ പാൾസിയെ മറികടന്ന് കൊണ്ട് സിനിമയെടുത്ത മറ്റാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. രാകേഷിന്റെ ഇന്റർവ്യൂകൾ ചിലപ്പോൾ നിങ്ങളിൽ കുറച്ച് പേരെങ്കിലും കണ്ടുകാണും. ആ ചെറുപ്പക്കാരൻ പിന്നിട്ട സഹനവഴികൾ ചിരിച്ചുകൊണ്ട് പറയുമ്പോൾ നമുക്ക് കണ്ണ് നിറയും. ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ വന്നപ്പോൾ ബസ്സ്റ്റാൻഡിൽ ഷർട്ട്‌ ഊരി പിച്ച എടുത്ത കാര്യം വരെ രാകേഷ് പങ്കുവെച്ചിട്ടുണ്ട്. സിനിമയോടുള്ള രാകേഷിന്റെ തീവ്രമായ സ്നേഹം പടം റിലീസ് ചെയ്യുന്നതിൽ വരെ എത്തിയിട്ടുണ്ട്.

ഞാൻ ഈ സിനിമയുടെ പ്രമോഷന് പത്രസമ്മേളനത്തിൽ രാകേഷിനൊപ്പം പങ്കെടുത്തിരുന്നു. നിർഭാഗ്യവശാൽ നമ്മുടെ മുൻനിര മാധ്യമങ്ങൾ ഒന്നും അതിന് വലിയ പരിഗണന നൽകിയില്ല. ഇവിടെ വരെയേ രാകേഷിന് ഓടാൻ പറ്റുകയുള്ളൂ, ഇനിയങ്ങോട്ട് ആ ബാറ്റൺ രാകേഷ് സിനിമാപ്രേമികൾക്ക് കൈമാറുകയാണ്.
ഈ കൊച്ചു സിനിമ ആകെ കുറച്ചു തിയേറ്ററുകളിൽ മാത്രമേയുള്ളൂ.

നിങ്ങളിൽ സാധിക്കുന്നവരെല്ലാം അടുത്തുള്ള തിയേറ്ററിൽ പോയി രാകേഷിന്റെ സിനിമ കാണണം. കണ്ടാൽ സോഷ്യൽ മീഡിയയിലോ സുഹൃത്തുക്കളോടോ അഭിപ്രായം പങ്കുവെക്കണം. പിന്തുണയ്ക്കണം. രാകേഷ് അത് അർഹിക്കുന്നുണ്ട്. കൊച്ചനുജനും സിനിമയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments