ചെന്നൈ: തമിഴ്നാട്ടിൽ മഴക്കെടുതി തുടരുന്നു. തിരുവണ്ണാമലയിൽ മഹാദീപം തെളിക്കുന്ന മലയിലുണ്ടായ ഉരുൾപൊട്ടലിൽ 5 കുട്ടികളടക്കം 7 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രാജ്കുമാർ, മീന, കുട്ടികളായ ഗൗതം, വിനിയ, മഹാ, ദേവിക, വിനോദിനി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഒന്നിനു വൈകിട്ടോടെ ഉണ്ടായ ഉരുൾപൊട്ടലിൽ കല്ലുകളും കൂറ്റൻ പാറകളും പതിച്ച് വീടുകളും ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും ഒലിച്ചുപോയിരുന്നു. മലയടിവാരത്തുള്ള 4 വീടുകൾ ഒറ്റപ്പെട്ട നിലയിലായി. ഈ മേഖലയിൽ നിന്നുള്ളവരെ ക്യാമ്പുകളിലേക്കു മാറ്റി. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളാണു തിരച്ചിലിനു നേതൃത്വം നൽകുന്നത്. ഇതിനിടെ, കൃഷ്ണഗിരിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ റോഡിൽ പാർക്കു ചെയ്തിരുന്ന ബസുകൾ ഒഴുകിപ്പോയി.
മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശക്തമായ മഴയെത്തുടര്‍ന്ന് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഏകദേശം 200-ഓളം വരുന്ന രക്ഷാപ്രവര്‍ത്തകര്‍ യന്ത്രസഹായമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. പിന്നീട് യന്ത്രങ്ങള്‍ കൊണ്ടുവരികയും വലിയ പാറക്കല്ലുകള്‍ പൊട്ടിച്ച് അടര്‍ത്തി മാറ്റുകയുമായിരുന്നു. ഇതോടെ തിരച്ചില്‍ വേഗത്തിലായി. ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് കനത്ത മഴയാണ് പ്രദേശത്ത് പെയ്തത്.
ചെന്നൈ നഗരം തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽനിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നും സംസ്ഥാനത്തെ 16 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ദേശീയ പാതകളിൽ പലയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും വഴിതിരിച്ചു വിട്ടതുമൂലം എട്ടു മണിക്കൂർ വരെ വൈകുന്നുണ്ട്. ചില സർവീസുകൾ റദ്ദാക്കി. സംസ്ഥാനത്ത് വിവിധ സംഭവങ്ങളിലായി ഇന്ന് 16 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
പുതുച്ചേരിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 48.4 സെ.മീ മഴയാണ് പെയ്തത്. മഴക്കെടുതിയിൽ ആറു പേർ മരിച്ചു. ജനവാസകേന്ദ്രങ്ങളിൽ വെള്ളം കയറി. വൈദ്യുതി തടസ്സപ്പെട്ടത് ജനജീവിതത്തെ ബാധിച്ചു.