നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ അതില്‍ തീരുമാനം എടുക്കണമെന്ന് ആദ്യമായാണ് ഇക്കാര്യത്തില്‍ സുപ്രീം കോടതി സമയപരിധി നിശ്ചയിക്കുന്നത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ രാഷ്ട്രപതിക്ക് ബില്ലുകളില്‍ ‘അബ്‌സല്യൂട്ട് വീറ്റോ’ അല്ലെങ്കില്‍ ‘പോക്കറ്റ് വീറ്റോ’ പ്രയോഗിക്കാനുള്ള അനുവാദമില്ല. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ വൈകുന്നതിന് കാരണം അറിയിച്ചില്ലെങ്കില്‍ സത്യസന്ധമായ തീരുമാനങ്ങളില്ലെന്ന അനുമാനത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും കോടതി പറഞ്ഞു.
സംസ്ഥാന ഗവര്‍ണര്‍മാര്‍ അയക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201ാം അനുച്ഛേദത്തില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ അതില്‍ സമയപരിധി നിശ്ചയിച്ചിരുന്നില്ല.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ക്ക് അടയിരിക്കാന്‍ കഴിയില്ലെന്ന് ഏപ്രില്‍ എട്ടിന് സുപ്രീം കോടതി വിധിച്ചിരുന്നു. കൂടാതെ ഒന്ന് മുതല്‍ മൂന്ന് മാസം വരെ സമയപരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു.
ജസ്റ്റിസുമായ ജെബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുച്ചത്. ”ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ഗവര്‍ണര്‍ക്ക് ചുമതലകള്‍ നിര്‍വഹിക്കുന്നതിന് വ്യക്തമായ നിര്‍ദ്ദിഷ്ട സമയപരിധിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നിര്‍ദ്ദിഷ്ട സമയപരിധി ഇല്ലെങ്കിലും ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന ബില്ലുകളില്‍ നടപടിയെടുക്കാതിരിക്കാനും അതുവഴി കാലതാമസം വരുത്താനും അടിസ്ഥാനപരമായി സംസ്ഥാനത്തെ നിയമനിര്‍മാണ സംവിധാനം തടസ്സപ്പെടുത്താനും ഗവര്‍ണറെ അനുവദിക്കുന്ന തരത്തില്‍ 200ാം അനുച്ഛേദം വായിക്കാന്‍ കഴിയില്ല,” ബെഞ്ച് വ്യക്തമാക്കി.
200ാം അനുച്ഛേദത്തിന്റെ ഭരണഘടനാ പ്രാധാന്യവും രാജ്യത്തിന്റെ ഫെഡറല്‍ രാഷ്ട്രീയത്തില്‍ അത് വഹിക്കുന്ന പങ്കും കണക്കിലെടുത്ത് സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളുടെ വിധി തീരുമാനിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് ഒന്ന് മുതല്‍ മൂന്ന് മാസം വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു.
ഈ സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ഗവര്‍ണമാരുടെ നിഷ്‌ക്രിയത്വം കോടതികളില്‍ അവലോകനത്തിന് വിധേയമാക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.
കേരളം, പഞ്ചാബ്, തെലങ്കാന, പശ്ചിമബംഗാള്‍ തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അതത് സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍മാര്‍ അംഗീകാരം നല്‍കുന്നതിൽ കാലതാമസമുണ്ടാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനാല്‍ ഈ വിധിക്ക് വളരെയധികം പ്രധാന്യമുണ്ട്