കോൺഗ്രസ് പ്രകടനപത്രികയെ(Congress election manifesto) മുസ്ലീം ലീഗിൻ്റെ(Muslim league) പ്രകടനപത്രികയുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ(PM Modi) പരാതി. തിരഞ്ഞെടുപ്പ് കമ്മീഷനിൽ(Election commission) കോൺഗ്രസാണ് പരാതി നൽകിയത്. ഏപ്രിൽ 6 ന് രാജസ്ഥാനിലെ അജ്മീറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് പരാതി. കോൺഗ്രസ് പ്രകടനപത്രികയെ “നുണകളുടെ കെട്ടുകൾ” എന്നും രേഖയുടെ ഓരോ പേജും “ഇന്ത്യയെ കഷണങ്ങളാക്കാനുള്ള ശ്രമമാണ്” എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഇതാണ് പാർട്ടിയെ പ്രകോപിപ്പിച്ചത്.
“മുസ്ലീം ലീഗിൻ്റെ മുദ്ര പതിപ്പിച്ച ഈ പ്രകടന പത്രികയിൽ അവശേഷിക്കുന്നതെല്ലാം ഇടതുപക്ഷക്കാർ ഏറ്റെടുത്തു. ഇന്ന് കോൺഗ്രസിന് തത്വങ്ങളോ നയങ്ങളോ ഇല്ല. കോൺഗ്രസ് എല്ലാം കരാറിൽ നൽകിയതായും പാർട്ടിയെ മുഴുവൻ ഔട്ട്‌സോഴ്‌സ് ചെയ്തതായും തോന്നുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യക്കാർക്കെതിരെ ബ്രിട്ടീഷുകാരെയും മുസ്ലീം ലീഗിനെയും പിന്തുണച്ചത് അവരുടെ പ്രത്യയശാസ്ത്രപരമായ പൂർവ്വികർ ആണെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബിജെപിക്കെതിരെ ആഞ്ഞടിച്ചു.
‘മോദി-ഷായുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പൂർവ്വികർ സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യക്കാർക്കെതിരെ ബ്രിട്ടീഷുകാരെയും മുസ്ലീം ലീഗിനെയും പിന്തുണച്ചിരുന്നു’ എന്ന് എക്‌സിലെ ഒരു പോസ്റ്റിൽ ഖാർഗെ പറഞ്ഞു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി ആക്രമണം കടുപ്പിക്കുകയാണ്. കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് അഴിമതി രാജ്യത്തിൻ്റെ ഐഡൻ്റിറ്റിയായി മാറിയിരുന്നു. അഴിമതിയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ടവരാണ്. കാരണം ഇതിൽ പാവപ്പെട്ടവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് ഡൽഹിയിൽ നിന്ന് ഒരു രൂപ വന്നിരുന്നെങ്കിൽ 15 പൈസ മാത്രമാണ് ഗ്രാമങ്ങളിൽ എത്തിയിരുന്നത്. 85 ഇല്ലാതാക്കിയത് എങ്ങനെയെന്ന് കോൺഗ്രസ് പറയണം. കൊള്ളയടിക്കുന്ന കോൺഗ്രസിൻ്റെ മുഴുവൻ സംവിധാനവും അവസാനിപ്പിച്ചുവെന്നും മോദി പറഞ്ഞു. ഛത്തീസ്ഗഡിലെ ബസ്തറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സൗജന്യ റേഷൻ പദ്ധതി അടുത്ത 5 വർഷത്തേക്ക് തുടരുമെന്നും അങ്ങനെ പാവപ്പെട്ടവൻ്റെ പണം സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
— – – – – –