Sunday, January 5, 2025
Homeപുസ്തകങ്ങൾമൂന്ന് പെണ്ണുങ്ങളുടെ കഥ (പുസ്തകപരിചയം) രചന: സതീജ വി ആർ, തയ്യാറാക്കിയത്: ദീപ...

മൂന്ന് പെണ്ണുങ്ങളുടെ കഥ (പുസ്തകപരിചയം) രചന: സതീജ വി ആർ, തയ്യാറാക്കിയത്: ദീപ ആർ അടൂർ

ദീപ ആർ അടൂർ

ഭൗതിക അവസ്ഥ കണക്കിലെടുക്കുമ്പോൾ ഭൂമിയിൽ എല്ലാ സൃഷ്ടികൾക്കും രണ്ടവസ്ഥകളുണ്ട്. സ്ത്രൈണതയും പൌരുഷവും. ജീവിതത്തില്‍ ചില കാര്യങ്ങളില്‍ മാത്രമാണ് സ്ത്രീ, പുരുഷന്‍ എന്ന നിലയിലുള്ള തരം തിരിവ് വേണ്ടിവരുന്നത്. അതിലപ്പുറം ജീവിതത്തിന്‍റെ ഒരു മേഖലകളിലും ഈ തരം തിരിവിന്‍റെ ആവശ്യമില്ല.
ശ്രീമതി. സതീജ വി. ആർ ന്റെ 11 കഥകൾ അടങ്ങിയ പ്രഥമ കഥാ സമാഹാരമാണ് ‘മൂന്നു പെണ്ണുങ്ങളുടെ കഥ’. പേര് സൂചിപ്പിക്കുന്നതുപോലെ ശക്തരായ സ്ത്രീകളുടെ കഥകൾ പറയുന്ന പുസ്തകം. കാരയ്ക്ക രുചിയുള്ള കഥകൾ എന്ന്  വിശേഷിപ്പിക്കാവുന്ന കഥകൾ. പെണ്ണവസ്ഥയുടെ വിവിധ കാഴ്ചകൾ ഓരോ കഥയിലും തെളിഞ്ഞു കാണാം. ചില കഥകളിൽ നിസ്സഹായരായിപ്പോകുന്ന സ്ത്രീകളെയും നമുക്ക് കാണാൻ കഴിയും.

മൂന്ന് തലമുറയിൽപ്പെട്ട ശക്തരായ മൂന്ന് സ്ത്രീ കഥാപാത്രങ്ങളെ വരച്ചു കാട്ടുന്ന മൂന്ന് പെണ്ണുങ്ങളുടെ കഥയാണ് ആദ്യത്തേത്. വിട്ടുകൊടുക്കലിന്റെയും സഹനത്തിന്റെയും പ്രതീകമായ സാവിത്രി കുഞ്ഞമ്മയും സമൂഹത്തിലെ ആൺ മേൽക്കോയ്മയ്ക്ക് പ്രവൃത്തി കൊണ്ട് പ്രതികരിക്കുന്ന നാട്ടുകാരുടെ കണ്ണിൽ പത്രാസ്കാരിയായ അംബാട്ടിക്കുഞ്ഞമ്മയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. തന്റെ മകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കാൻ തുനിഞ്ഞിറങ്ങുന്ന അമ്മയാണ് അംബാട്ടിക്കുഞ്ഞമ്മ. താൻ വിശ്വസിച്ച ചാത്തച്ചാരുടെ മനസ് അപ്പോഴും പെണ്ണ് എന്ന ശരീരത്തിലേക്ക് മാത്രം ഒതുങ്ങിയതായാണ് കഥയുടെ അന്ത്യത്തിൽ കാണുന്നത്. പെണ്മനസ്സുകൾ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാൻ വെമ്പൽ കൊള്ളുമ്പോഴും ആൺ മനസ്സുകളിൽ അവർ എന്നും കാമം തീർക്കാനുള്ള ഉപകരണം മാത്രമാണോ എന്നൊരു ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് കഥ അവസാനിക്കുന്നത്. സാവിത്രി കുഞ്ഞമ്മയും അംബാട്ടികുഞ്ഞമ്മയും ആർജവവും വ്യക്തിത്വവുമുള്ള സ്ത്രീ കഥാപാത്രങ്ങളായാണ് വായനക്കാരന്റെ മുന്നിൽ നില്കുന്നത്.

കളഞ്ഞു പോയവൾ എന്ന കഥയിൽ നഷ്ടപ്പെട്ടു പോയ മകളെ കണ്ടെത്താനുള്ള അന്വേഷണമാണ്. ഇടനെഞ്ചിൽ മറുകുള്ള പെങ്കുട്ട്യോൾക് സന്യാസയോഗം എന്നുള്ള പ്രവചനം തെറ്റിച്ചുകൊണ്ട് അവളെ കണ്ടുകിട്ടിയത് വേശ്യാലയത്തിൽ നിന്നുമാണ്. മറുക് മാഞ്ഞുപോയെങ്കിലും ‘ജിപ്സി’ എന്ന വാക്ക് തെറ്റായി ‘ജിസ്പി’ എന്ന് ഉച്ചരിച്ചതിലൂടെ അവൾതന്നെയാണ് മകൾ എന്ന് ഉറപ്പിക്കുന്നു.

പ്രകൃതിയിൽ ചില മരങ്ങൾ ഒറ്റയാകുന്നതുപോലെ ചില മനുഷ്യരും ഒറ്റപ്പെട്ടു പോകാറുണ്ട്. ജീവിതത്തിലെ ചില സാഹചര്യങ്ങളാണ് അവരെ ഒറ്റപ്പെടലിലേക്ക് നയിക്കുന്നത്. ഒന്നിച്ചു നിൽക്കുമ്പോഴും അവർ മനസ്സിൽ എങ്കിലും ഒറ്റയ്ക്കാണ്. തിരിച്ചു വരുമ്പോഴേക്കും ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചു കഴിഞ്ഞിരിക്കാം. ഒറ്റമരത്തിലെ സോണിയയേപ്പോലെ.

സമൂഹത്തിലെ ഉന്നതർ ബലാത്സംഗം ചെയ്ത പെൺകുട്ടിക്ക് മാത്രം അവളുടെ ജീവിതം നഷ്ടമായി. വേർതിരിച്ച് അറിയാൻ പറ്റാത്ത ശരീര ദുർഗന്ധങ്ങൾ മാത്രമാണ് അവൾക്ക് തെളിവായി പറയാൻ ഉള്ളത്. കോടതി മുറി തെളിവുകൾ ആവശ്യപ്പെടുമ്പോൾ അവൾക്ക് പറയാൻ ഉള്ളത് ശരീരം പേറുന്ന ദുർഗന്ധങ്ങളെക്കുറിച്ചായിരുന്നു.

രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയാണ് മഹാരാജാസിലെ അഭി. കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഉന്നതർ ഉള്ളപ്പോൾ നീതിയും ന്യായവും തൂക്കിലേറുന്നു. കൊലപാതകിയെ കടൽ കടത്തി സുരക്ഷിതനാക്കുന്ന ഉന്നതർ ഉള്ളപ്പോൾ നീതി തേടുന്നവർക്കെന്തു വില?

വിശപ്പ് അകറ്റാനും കുഞ്ഞിനെ വളർത്താനും വേണ്ടിയാണ് ‘പവിഴമല്ലി ചോട്ടിലെ കുതിര’യിലെ അമ്മക്ക് ശരീരം വിൽക്കേണ്ടി വരുന്നത്
. ‘പഴകിതേഞ്ഞ ഒരു പശുക്കഥ’ യിലെ മോഹനും അശോകനും, ‘ദൈവവഴിയി’ലെ അച്ചനും കപ്യാരും ട്രീസയും, ‘ആത്മായനങ്ങളി’ലെ ലീലയും കൗശലും, ‘ഉറുമ്പുകൾ ബാക്കിയാക്കിയതി’ലെ മുത്തുലക്ഷ്മിയും..

ഇങ്ങനെ ഓരോ കഥാപാത്രങ്ങളും വായനക്കാരന് മറക്കാൻ പറ്റാത്ത വിധം ശക്തമായവ തന്നെയാണ്. ചുറ്റും നടക്കുന്ന സംഭവങ്ങളോടുള്ള പ്രതിഷേധവും എഴുത്തിൽ കാണാം. ഓരോ മനുഷ്യബന്ധങ്ങളെയും അതേപോലെ നിരീക്ഷിച്ചു തന്നെയാണ് കഥകൾ ഓരോന്നും ശ്രീമതി. സതീജ മെനഞ്ഞെടുത്തിട്ടുള്ളത്. പുസ്തകം കൂടുതൽ വായന നേടട്ടെ.

തയ്യാറാക്കിയത്: ദീപ ആർ അടൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments