Sunday, December 8, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 17 | ബുധൻ

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 17 | ബുധൻ

കപിൽ ശങ്കർ

🔹ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏപ്രില്‍ 19ന് തിരഞ്ഞെടുപ്പ് നടക്കുന്ന 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക. തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റുകളിലും ഏപ്രില്‍ 19 നാണ് തിരഞ്ഞെടുപ്പ്.

🔹സുഗന്ധഗിരിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിജിലന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നതെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും മരംമുറിയില്‍ വാച്ചര്‍ മുതല്‍ ഡി.എഫ്.ഒ. വരെയുള്ളവര്‍ക്ക് പങ്കെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

🔹സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ്് സ്ഥാനാര്‍ത്ഥി മുകേഷിനു വേണ്ടി എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനും കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി. എന്‍കെപി ബ്രിഗേഡ്സ് എന്ന ഫേസ്ബുക്ക് പേജിനെതിരെയാണ് പരാതി.

🔹കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലിക്കെത്തിയ 100 ജീവനക്കാര്‍ക്കെതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സര്‍വീസില്‍ നിന്നും നീക്കി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് വിവിധ യൂണിറ്റുകളില്‍ പരിശോധന നടന്നത്.

🔹ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. നിലവില്‍ വോട്ടിങ് മെഷീനുകള്‍ എആര്‍ഒ കസ്റ്റഡിയില്‍ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു.

🔹തൃശൂര്‍ പൂരത്തിന് ആനകളെ നിയന്ത്രിക്കാന്‍ 80 അംഗ ആര്‍ആര്‍ടി സംഘം നിര്‍ബന്ധമാണെന്നും വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് പുറമെ വനം വകുപ്പിന്റെ ഡോക്ടര്‍മാര്‍ വീണ്ടും ആനകളെ പരിശോധിക്കുമെന്നും പുതിയ ഉത്തരവ്. വനംവകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കടുത്ത നിയമങ്ങളാണെന്നും ഇത് തൃശൂര്‍ പൂരം നടത്തിപ്പിന് പ്രതിസന്ധിയാകുമെന്നും ആന ഉടമകള്‍ വ്യക്തമാക്കി. ഉത്തരവിലെ നിബന്ധനകള്‍ അപ്രായോഗിമെന്നാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ക്ക് പൂരം പ്രതിസന്ധിയിലാക്കുന്ന ഒരു നടപടികളും ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വനംവകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്.

🔹തൃശൂര്‍ പൂരത്തോടനുബന്ധിച്ച്, ഏപ്രില്‍ 19ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും, കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.

🔹സംസ്ഥാനത്ത് ഇന്നും 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ താപനില 40 ഡിഗ്രി വരെ ഉയരും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🔹ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവുവും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. കാങ്കീര്‍ ജില്ലയില്‍ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വന മേഖലയിലേക്ക് ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും ചേര്‍ന്ന് ഓപ്പറേഷന്‍ നടത്തുകയായിരുന്നുവെന്ന് സുരക്ഷാ സേന വിവരിച്ചു.

🔹ഓണ്‍ലൈന്‍ ഭക്ഷണ വിതരണരംഗത്തെ മുന്‍നിരക്കാരായ സെമാറ്റോ ഇനി വലിയ ഓര്‍ഡറുകളും ഏറ്റെടുക്കും. കമ്പനി സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍ എക്‌സില്‍ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ചെറുതും വലുതുമായ നിരവധി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല. സൊമാറ്റോയുടെ പുതിയ നീക്കം വലിയ ഓര്‍ഡറുകള്‍ ചെയ്യുന്നവര്‍ക്ക് പ്രയോജനം ചെയ്യും. 50 പേര്‍ക്ക് വരെയുള്ള ഭക്ഷണമാണ് ഇത്തരത്തില്‍ സൊമാറ്റോ വിതരണം ചെയ്യുക. ഈ ഓര്‍ഡറുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ പുതിയ വൈദ്യുത വാഹനവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും ഗോയല്‍ ട്വീറ്റ് ചെയ്തു. പുതിയ സര്‍വീസ് എന്നുമുതല്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നേരത്തെയും സൊമാറ്റോ വലിയ ഓര്‍ഡറുകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വ്യത്യസ്ത ഏജന്റുമാര്‍ വഴിയായിരുന്നു ഈ ഓര്‍ഡറുകള്‍ വിതരണം ചെയ്തിരുന്നത്. ഉപയോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നില്ല തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്ന് ഗോയല്‍ പറഞ്ഞു. കൂടുതല്‍ മികച്ച സേവനം നല്‍കുന്നതിനായിട്ടാണ് ഇത്തരത്തില്‍ പുതിയ വാഹനത്തില്‍ വിതരണം ആരംഭിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. പുതിയ വാഹനവും അതിലെ സംവിധാനങ്ങളും പണിപ്പുരയിലാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിതരണത്തിന് എത്തിക്കാമെന്നാണ് പ്രതീക്ഷയെന്നും സൊമാറ്റോ വ്യക്തമാക്കി. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ചൂടും തണുപ്പും ക്രമീകരിക്കാനുള്ള സംവിധാനവും പുതിയ വാഹനത്തിലുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

🔹ശ്രീനഗറിലെ ഝലം നദിയില്‍ ഉണ്ടായ ബോട്ട് അപകടത്തില്‍ 6 പേര്‍ മരിച്ചു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയോടൊപ്പം കരസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബോട്ടില്‍ 20 പേര്‍ ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴ കാരണം ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

🔹യുഎഇയില്‍ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാവിലെയും യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. ഇന്ന് വരെ യുഎഇയില്‍ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് ഒരു മലയാളി മരണപ്പെട്ടു. അടൂര്‍ കടമ്പനാട് സ്വദേശി സുനില്‍കുമാര്‍ ആണ് ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണ് മരിച്ചത്.

🔹ചേര്‍ത്തല: വ്യാജപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) കുഴഞ്ഞുവീണ് മരിച്ചു.
ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനായി വരിനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ട്രഷറി ജീവനക്കാര്‍ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: മാനസ്, നിമിഷ.

🔹ഇറാന്‍, ഇസ്രായേല്‍ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യരുതെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ഇന്ത്യൻ എംബസികളില്‍ രജിസ്റ്റർ ചെയ്യാനും നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രസ്തുത രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്‍മാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും യാത്രകള്‍ പരമാവധി പരിമിതപ്പെടെടുത്തുവാനും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

🔹പരീക്ഷയ്ക്ക് പഠിക്കുക അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ, അല്പം ബുദ്ധിമുട്ടിയില്ലെങ്കിൽ വിജയിക്കാനാവില്ലല്ലോ? എന്നാൽ, എളുപ്പവഴി നോക്കുന്നവരും കുറവല്ല. അടുത്തിരിക്കുന്നവരോട് ചോദിച്ചെഴുതുക, കോപ്പിയടിക്കുക അങ്ങനെ പോകുമത്. എന്നാലും, അധ്യാപകന് കൈക്കൂലി കൊടുക്കുക എന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ?
അധ്യാപകന് വിദ്യാർത്ഥി കൈക്കൂലി നൽകിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത് സകലതിലും ഇന്ന് കൈക്കൂലിയാണ്. എന്നാലും, പരീക്ഷയിൽ ജയിപ്പിക്കാൻ അധ്യാപകന് കൈക്കൂലി കൊടുക്കുക എന്നത് ചിന്തിക്കാൻ അല്പം പ്രയാസമാണ് അല്ലേ? അതും 200 രൂപയാണ് അധ്യാപകന് വിദ്യാർത്ഥി തന്നെ ജയിപ്പിക്കാൻ കൈക്കൂലി കൊടുത്തിരിക്കുന്നത്. ഈ സംഭവം അധ്യാപകൻ വിവരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
ഒരു വിദ്യാർത്ഥി അധ്യാപകന് കൈക്കൂലി കൊടുത്തുകൊണ്ട് പരീക്ഷയിൽ ജയിക്കാൻ നോക്കുന്നു എന്ന് വീഡിയോയുടെ കാപ്ഷനിൽ സൂചിപ്പിച്ചിട്ടുണ്ട്. വീഡിയോയിൽ അധ്യാപകൻ പരീക്ഷാപേപ്പർ നോക്കുന്നത് കാണാം. ‘ഈ വിദ്യാർത്ഥി ഒറ്റ ചോദ്യത്തിനും ഉത്തരം നല്കിയിട്ടില്ല, പകരം ചോദ്യം അങ്ങനെ തന്നെ പകർത്തി വച്ചിരിക്കുകയാണ്, അതിനാൽ മാർക്കൊന്നും നൽകാൻ കഴിയില്ല’ എന്നും അധ്യാപകൻ പറയുന്നുണ്ട്.
‘എൻ്റെ കോപ്പി ഞാൻ ഗുരുവിന് നൽകിക്കഴിഞ്ഞു, അദ്ദേഹം ആ​ഗ്രഹിച്ചാൽ ഞാൻ പാസാകും’ എന്നും ഉത്തരക്കടലാസിൽ എഴുതിയിട്ടുണ്ട്. അതിന്റെ അടുത്തായി പേപ്പറിന്റെ മടക്കിൽ ഒരു 200 രൂപ വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ആ 200 രൂപയുടെ നോട്ടും അധ്യാപകൻ കാണിച്ചു തരുന്നുണ്ട്.

🔹വിഷു റിലീസായി എത്തിയ ‘ആവേശം’ പ്രതീക്ഷകള്‍ തെറ്റിക്കാതെ ബോക്‌സ് ഓഫീസില്‍ ഹിറ്റാകുന്നു. ഫഹദ് ഫാസില്‍ ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ അമ്പത് കോടി ക്ലബ്ബിലേക്കു കുതിക്കുന്നു. ചിത്രത്തിന്റെ നിലവിലെ ആഗോള കളക്ഷന്‍ 48 കോടിയാണ്. തുടര്‍ച്ചായി അഞ്ച് ദിവസവും മൂന്ന് കോടിക്കു മുകളില്‍ കളക്ഷനാണ് കേരളത്തില്‍ നിന്നു മാത്രം നേടിയത്. ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റിലീസ് ചെയ്ത ദിവസം ചിത്രം കേരളത്തില്‍ നിന്നും 3.5 കോടി വാരി. ആഗോള കളക്ഷന്‍ ദിവസത്തില്‍ പത്ത് കോടിയെന്ന നിലയ്ക്കാണ് കണക്കുകള്‍ പോകുന്നത്. ഞായറാഴ്ച മാത്രം ആഗോള കലക്ഷന്‍ 11 കോടിയായിരുന്നു. തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിച്ചത്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിൽ എത്തുന്നുണ്ട്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments