Sunday, May 26, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഏപ്രിൽ 04, 2024 വ്യാഴം

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഏപ്രിൽ 04, 2024 വ്യാഴം

കപിൽ ശങ്കർ

🔹വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും, വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്നും ഒപ്പമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി. രാഷ്ട്രീയം പറയാതെ ഇടത് ഐക്യമുന്നണികളിലെ പ്രവര്‍ത്തകരെ കുടുംബാംഗങ്ങള്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു വയനാട്ടില്‍ എത്തിയ രാഹുലിന്റെ പ്രസംഗം. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു.

🔹കേരളത്തിലാണ് ഇന്ത്യയില്‍ ഏറ്റവും കുറവ് ദരിദ്രരുള്ളതെന്നും ഇടതു ഭരണമാണ് അതിന് കാരണം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 2025ല്‍ കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ പരമ ദരിദ്രരായി ആരും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി രാജ്യം ഭരിക്കാന്‍ തുടങ്ങിയതോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി.

🔹കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ അര മീറ്റര്‍ മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കന്‍ഡില്‍ 20 സെ.മീ നും 40 സെ.മീ നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും മല്‍സ്യബന്ധന യാനങ്ങളുടേയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അറിയിപ്പില്‍ നിര്‍ദേശിക്കുന്നുണ്ട്.

🔹അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇറ്റാനഗറിലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഗോഹട്ടിലെത്തിച്ചിരുന്നു. കോട്ടയം സ്വദേശി നവീൻ, ഭാര്യ തിരുവനന്തപുരം സ്വദേശി ദേവി, വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ബ്ലാക് മാജിക്കിൽ ആകൃഷ്ടരായാണ് അരുണാചലിലെ സിറോ താഴ്വരയിലെത്തി ആത്മഹത്യ ചെയ്തതെന്നാണ് സംശയം. രണ്ട് സ്ത്രീകളെയും ഞരമ്പ് അറുത്ത് കൊലപ്പെടുത്തിയ ശേഷം നവീൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.

🔹റിസോര്‍ട്ടില്‍ അസം സ്വദേശിനിയായ ശുചീകരണത്തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍കണ്ടെത്തി. സംഭവത്തില്‍ അസംസ്വദേശിയെ പോലീസ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റുചെയ്തു. ഹസീറ കാത്തൂണ്‍ (43) ആണ് നെടുമുടി പഞ്ചായത്ത് 12-ാം വാര്‍ഡ് വൈശ്യംഭാഗത്തെ റിസോര്‍ട്ടില്‍ കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തായ സാഹ അലിയാണ് പിടിയിലായത്. സംഭവത്തിനുശേഷം മുങ്ങിയ പ്രതിക്കായി നെടുമുടി പോലീസ് വൈകിട്ടോടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാത്രിയോടെയാണ് ഇയാള്‍ പിടിയിലായത്.

🔹മാന്നാർ പാവുക്കര തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. ഓഫീസ് കുത്തി തുറന്ന് 35,000 രൂപയോളം മോഷ്ടിച്ചു. തിങ്കളാഴ്ച രാത്രി എട്ടു മണിക്കും ചൊവ്വാഴ്ച പുലർച്ചയ്ക്കുമിടയിലാണ് മോഷണം നടന്നത്. മാന്നാർ പൊലിസ് അന്വേഷണം തുടങ്ങി. രാവിലെ 10 മണിയോടെ ഓഫീസ് തുറക്കാനെത്തിയ ക്ഷേത്ര ഭാരവാഹിയാണ് ഓഫീസ് മുറി കുത്തി തുറന്ന നിലയിൽ കണ്ടെത്തിയത്

🔹തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി 17 വയസുകാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു, നാല് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു.

🔹ഔദ്യോഗിക കൃത്യനിര്‍വഹണത്തിടെയാണ് ടിടിഇ കെ.വിനോദ് ദാരുണമായി കൊല്ലപ്പെട്ടതെന്നും, കൊലയാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ട്രെയിന്‍ യാത്രയില്‍ ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലെന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവം. സുരക്ഷ ഒരുക്കേണ്ട റെയില്‍വെ പൊലീസിനും കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഴ്ചയില്‍ തലയ്ക്കേറ്റ ഗുരുതര പരിക്കും കാലുകള്‍ അറ്റുപോയതും മരണകാരണമായി എന്ന് ടിടിഇ വിനോദിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശ്ശൂര്‍ വെളപ്പായയില്‍ ഇന്നലെയാണ് അന്യസംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ടിടിഇ വിനോദ് ടിക്കറ്റ് ചോദിച്ചതിനുള്ള പക കൊണ്ടാണ്, ഒഡിഷ സ്വദേശി രജനീകാന്ത അദ്ദേഹത്തെ ട്രെയിനില്‍ നിന്നും തള്ളിയിട്ടത്. ടിടിഇ വിനോദിന്റെ മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിലെത്തിച്ചപ്പോള്‍ അവസാനമായി വിനോദിനെ ഒന്ന് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും നിരവധിപ്പേര്‍ വീട്ടിലേക്ക് എത്തിയിരുന്നു. അന്തിമോപചാരത്തിന് ശേഷം മൃതദേഹം ഏലൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

🔹കോട്ടയം വൈക്കം ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. ഉത്സവത്തിനെത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് രണ്ടാം പാപ്പാന്‍ ചങ്ങനാശ്ശേരി സ്വദേശി സാമിച്ചനെ (25) തള്ളിയിട്ട ശേഷം ചവിട്ടിയത്. വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.

🔹സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും മലയോര മേഖലയില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഉയര്‍ന്ന താപനില തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

🔹തൃശ്ശൂര്‍ പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ വെടിക്കെട്ട് പ്രദര്‍ശനത്തിനുള്ള അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി . വെടിക്കെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ പള്ളിയും അനുബന്ധകെട്ടിടങ്ങളും വീടുകളും സ്‌കൂളുകളും നഴ്‌സിങ് സ്‌കൂളുകളും കച്ചവടസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നതിനാല്‍ വെടിക്കെട്ട് അനുവദിക്കാന്‍ കഴിയില്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. വേണ്ടത്ര സൗകര്യവും സുരക്ഷിതവുമല്ലാത്ത സ്ഥലത്ത് ജനങ്ങള്‍ തിക്കും തിരക്കും കൂട്ടാന്‍ സാധ്യത കൂടുതലാണെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു.

🔹ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. ഇരിങ്ങാലക്കുട മുര്‍ഖനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ യുവാക്കള്‍ സംഘം തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടയില്‍ കത്തിക്കുത്തേറ്റ അരിമ്പൂര്‍ സ്വദേശി ചുള്ളിപറമ്പില്‍ അക്ഷയ് (25) ആണ് മരിച്ചത്. കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റ ഏഴു പേരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔹പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ് രാജ്യസഭയില്‍നിന്ന് വിരമിച്ചു. 33 വര്‍ഷം നീണ്ട പാര്‍ലമെന്റ് ജീവിതത്തിനാണ് ഇതോടെ തിരശീല വീണത്.

🔹 മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട മുരുകന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ കൊളംബോയിലേക്ക് തിരിച്ചുപോയി. ആറുപേരെ 2022 നവംബറില്‍ സുപ്രീം കോടതി മോചിപ്പിച്ചിരുന്നു. ജയില്‍ മോചിതരായ ശേഷം തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പില്‍ നിന്ന് മൂന്ന് പേരെയും പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ രാവിലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

🔹തെലങ്കാനയിലെ സംഗറെഡ്ഡിയിലെ എസ്.ബി. ഓര്‍ഗാനിക്സ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. തീപ്പിടിത്തത്തെ തുടര്‍ന്ന് ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിലാണ് അഞ്ചുപേര്‍ മരിച്ചതെന്നാണ് വിവരം.

🔹കഴിഞ്ഞ നാലു വര്‍ഷത്തെ കണക്ക് പ്രകാരം ഇന്ത്യന്‍ റെയില്‍വേയുടെ അധികലാഭം 5800 കോടി രൂപ. മുതിര്‍ന്ന പൌരന്മാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിച്ചതോടെയാണ് അധിക ലാഭം ലഭിച്ചത്. കൊവിഡ് കാലത്താണ് റെയില്‍വേ മന്ത്രാലയം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കുകളിലെ ഇളവുകള്‍ പിന്‍വലിച്ചത്.

🔹മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ തയ്യല്‍ക്കടയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് കടക്ക് മുകളില്‍ താമസക്കാരായിരുന്ന ഏഴുപേരും മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

🔹വയനാട് മൂന്നാനക്കുഴിയില്‍ കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ കടുവയെ രക്ഷപ്പെടുത്തി. മയക്കുവെടി വച്ച് മയക്കി വലയിലാക്കി പുറത്തെത്തിക്കുകയായിരുന്നു. കിണറ്റിലെ മോട്ടോര്‍ പ്രവര്‍ത്തിക്കാതിരുന്നതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വനം വകുപ്പിനെ വിവരമറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുകയായിരുന്നു.

🔹കോട്ടയം പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് വളര്‍ത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആയിരുന്ന ബി ആര്‍ ജയന്‍, പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ അജയ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. താല്‍ക്കാലിക ജീവനക്കാരനായിരുന്ന അജേഷാണ് സ്റ്റേഷന്‍ വളപ്പില്‍ കഞ്ചാവ് വളര്‍ത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം അറിഞ്ഞതിനു ശേഷം റേഞ്ച് ഓഫിസറായിരുന്ന ജയന്‍ തനിക്കെതിരെ പരാതി നല്‍കിയവരെ കുടുക്കാന്‍ ഈ സംഭവം ഉപയോഗിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

🔹കള്ള് ഷാപ്പുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡിന്റെ ഭാഗമായി കുട്ടനാട്ടില്‍ പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജര്‍ ബിനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാതെയാണ് ഇയാള്‍ കള്ള് വില്‍പന നടത്തിയിരുന്നത്. ഇന്നലെ രാത്രിയാണ് ബിനേഷിനെ അറസ്റ്റ് ചെയ്തത്.

🔹ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 106 റണ്‍സിന്റെ വമ്പന്‍ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത 39 പന്തില്‍ 85 റണ്‍സെടുത്ത സുനില്‍ നരെയ്ന്റേയും 27 പന്തില്‍ 54 റണ്‍സെടുത്ത ആംഗ്കൃഷ് രഘുവന്‍ഷിയുടേയും 19 പന്തില്‍ 41 റണ്‍സെടുത്ത ആന്ദ്രേ റസ്സലിന്റേയും 8 പന്തില്‍ 26 റണ്‍സെടുത്ത റിങ്കു സിംഗിന്റേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 17.2 ഓവറില്‍ 166 റണ്‍സിന് എല്ലാവരും പുറത്തായി.

🔹കോടി രൂപ മുടക്കി 100 കോടി ക്ലബ്ബിലടക്കം ഇടം നേടിയ ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 12ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സിനിമയ്ക്കു ലഭിച്ചത്. തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാളം മൊഴിമാറ്റ ചിത്രമെന്ന പുലിമുരുകന്റെ നേട്ടം പ്രേമലു കടത്തിവെട്ടി. 12 കോടിയാണ് പുലിമുരുകന്‍ നേടിയത് എന്നാല്‍ പ്രേമലു 16 കോടിയോളമാണ് കലക്ഷന്‍ നേടിയത്. തമിഴ്നാട്ടില്‍ 6 കോടിയോളമാണ് ഇതിനകം ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ മാത്രം 62 കോടിയോളം രൂപ ചിത്രം കലക്ട് ചെയ്തു. 135 കോടിയാണ് ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയത്. നസ്ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments