Sunday, September 15, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 06, 2024 ബുധൻ

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 06, 2024 ബുധൻ

തയ്യാറാക്കിയത്: കപിൽ ശങ്കർ

🔹ഫിലഡൽഫിയയിലെ ബസ്റ്റൽട്ടൺ സെക്ഷനിൽ വാട്ടർ ഡിപ്പാർട്ട്മെന്റ് ജീവനക്കാരായി വേഷമിട്ട് പ്രായമായവരെ കൊള്ളയടിക്കുന്ന രണ്ടുപേരെ നോർത്ത് ഈസ്റ്റ് പോലീസ് തിരയുന്നു. റിഫ്ലക്‌റ്റീവ് വെസ്റ്റ് ധരിച്ചെത്തി ജലവകുപ്പിൽ നിന്നാണെന്നും വെള്ളത്തിൽ ലെഡ് ഉണ്ടോയെന്ന് പരിശോധിക്കണമെന്നും പറഞ്ഞാണ് വീടുകൾ കൊള്ളയടിക്കുന്നത്. വാട്ടർ ഡിപ്പാർട്ട്‌മെൻ്റിലെ ജീവനക്കാരാണെന്ന് നടിച്ചവർ തിങ്കളാഴ്ച രാവിലെ മറ്റൊരു വീടിനെയേയും ലക്ഷ്യമിട്ടതായി നോർത്ത് ഈസ്റ്റ് പോലീസ് പറയുന്നു.

🔹ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്‌ഫോമുകൾ ചൊവ്വാഴ്ച സാങ്കേതിക പ്രശ്നം കാരണം താത്കാലികമായി പ്രവർത്തനം നിലച്ചു. രണ്ട് മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ചു. 500,000 ഫേസ്ബുക്ക് ഉപയോക്താക്കൾ ചൊവ്വാഴ്ച മിഡ്-മോണിംഗ് ഈസ്റ്റേൺ ടൈം വരെ സൈറ്റ് ലോഗിൻ ചെയ്യുന്നതിനോ ആക്‌സസ് ചെയ്യുന്നതിനോ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഔട്ടേജ് ട്രാക്കർ ഡൗൺഡിറ്റക്റ്റർ പറയുന്നു. ഇൻസ്റ്റാഗ്രാമുമായി ബന്ധപ്പെട്ട് ഏകദേശം 50,000 ഔട്ടേജ് റിപ്പോർട്ടുകളും Facebook Messenger-ന് വേണ്ടി മറ്റൊരു 10,000 റിപ്പോർട്ടുകളും നൽകിയിട്ടുണ്ട്,

🔹ലോംഗ് ഐലൻഡിലെ ബെത്‌പേജ് സ്റ്റേറ്റ് പാർക്കിൽ കഴിഞ്ഞയാഴ്ച ഒരു പുരുഷൻ്റെയും സ്ത്രീയുടെയും ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ന്യൂയോർക്കിലെ ബാബിലോണിലെ അമിറ്റിവില്ലിലുള്ള വീട്ടിലുള്ള രണ്ടുപേരെ സെർച്ച് വാറണ്ട് പുറപ്പെടുവിച്ചു അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടം കഴിഞ്ഞു റിസൾട്ട്‌ വന്ന ശേഷമേ കൂടുതൽ വെളിപ്പെടുത്തുകയുളെന്നു പോലീസ് അറിയിച്ചു. ശരീരഭാഗങ്ങളിൽ ഒരെണ്ണം 59 വയസ്സുള്ള സ്ത്രീയുടേതാണെന്നാണ് കരുതുന്നത്.

🔹ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി, 2006 ൽ അമേരിക്കയിലെ ആദ്യകാല പ്രവാസിയും സാഹിത്യകാരനും പത്രപ്രവർത്തനമായ ശ്രീ എബ്രഹാം തെക്കേമുറി (സണ്ണി ) പ്രസിഡണ്ടായി പ്രവർത്തനമാരംഭിച്ച ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് (ഐ.പി.സി.എൻ.റ്റി ) 2024-2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഈ വരുന്ന ഏപ്രിൽ 12-നു വെള്ളിയാഴ്ച ആറുമണിക്ക് ഷാരോൺ ഇവന്റ് ഹാൾ, ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ് ( സെയിന്റ് പോൾ മാർത്തോമാ ചർച്ച സമീപം) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

🔹കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെര്‍മിനല്‍ കൊല്‍ക്കത്തയില്‍ നിന്നും ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റര്‍ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായത്. ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ട്രെയിന്‍ ആലുവയിലേക്ക് ആദ്യ യാത്ര നടത്തി.

🔹അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സിന്റെ മുഖാമുഖം പരിപാടിയില്‍ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ വളരെ നല്ല പ്രസംഗം കാഴ്ച വെച്ചതിന് നന്ദി സര്‍ എന്ന് അവതാരക പറഞ്ഞു തീരുന്നതിനു മുന്‍പ് തന്നെ മുഖ്യമന്ത്രി മൈക്കിലൂടെ തന്നെ നീരസം പ്രകടിപ്പിച്ചു. ‘അല്ല, അമ്മാതിരി കമന്റ് വേണ്ട കേട്ടോ, നിങ്ങള് അടുത്തയാളെ വിളിച്ചാ മതി’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം.

🔹കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ എബ്രഹാം മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഹര്‍ത്താല്‍. അതിരപ്പിള്ളിയില്‍ കാട്ടാന ചവിട്ടിക്കൊന്ന വത്സലയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി മേഖലയില്‍ ഇന്ന് കടകള്‍ അടച്ചിട്ട് കരിദിനം ആചരിക്കുകയാണ്.

🔹മലപ്പുറം ആലുങ്ങലില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോള്‍ ബ്രേക്ക് ഇട്ടതിനെ തുടര്‍ന്നാണ് ഓട്ടോ മറിഞ്ഞത്. വന്യമൃഗശല്യം കൂടിവരുന്ന സാഹചര്യത്തിലാണ് ഈ ദാരുണമായ സംഭവം .

🔹പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് കോളേജ് ഹോസ്റ്റലില്‍ പുതിയ മാറ്റങ്ങള്‍. ഒരു അസിസ്റ്റന്റ് വാര്‍ഡന് ഹോസ്റ്റലിന്റെ മുഴുവന്‍ ചുമതലയും നല്‍കും, ഹോസ്റ്റലില്‍ സിസിടിവി ക്യാമറ സ്ഥാപിക്കും. മൂന്ന് നിലകള്‍ ഉള്ള ഹോസ്റ്റലില്‍ ഓരോ നിലയിലും ഓരോ ചുമതലക്കാര്‍ ഉണ്ടാവും. കൂടാതെ വര്‍ഷം തോറും ചുമതലക്കാരെ മാറ്റാനും തീരുമാനമായിട്ടുണ്ട്.

🔹വാഹന്‍ സോഫ്‌റ്റ്വെയറില്‍ എല്ലാ വാഹന ഉടമകളും ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍നമ്പറും, പേരും നിര്‍ബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്മെന്റ്. ഫോണ്‍ നമ്പറും പേരും അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ വാഹന സംബന്ധമായ സര്‍വ്വീസിനും, ടാക്സ് , പിഴ എന്നിവ അടയ്ക്കാനും സാധിക്കുകയുള്ളൂവെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി.

🔹ഓപ്പറേഷന്‍ ഓവര്‍ലോഡ്’ പരിപാടി വീണ്ടും ആരംഭിച്ച് വിജിലന്‍സ്. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടാന്‍ വേണ്ടി ‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’ മിന്നല്‍ പരിശോധനയിലൂടെ വിജിലന്‍സ് ആണ് നടത്തുന്നത്. രൂപമാറ്റം വരുത്തി വാഹനങ്ങള്‍ ഓവര്‍ ലോഡ് കയറ്റുന്നതും പ്രത്യേകം പരിശോധിക്കും. സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം.

🔹ശബരിമലയിലെ അരവണയില്‍ ചേര്‍ക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അരവണ വില്‍പന തടഞ്ഞുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതായിരുന്നില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അപ്പീല്‍ സുപ്രീംകോടതി അനുവദിക്കുകയും ചെയ്തു.

🔹തിരുവനന്തപുരം നെടുമുടിയില്‍ എസ്എസ്എല്‍സി പരീക്ഷാ ഡ്യട്ടിക്കെത്തിയ രണ്ട് അധ്യാപകരുടെ ഫോണുകള്‍ പിടിച്ചെടുത്തു. എസ്.എസ്.എല്‍.സി പരീക്ഷ ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകര്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാനും പരീക്ഷ ഏറ്റവും സുതാര്യമായി നടക്കാനും,പരീക്ഷാ ഹാളിനകത്ത് മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് തുടങ്ങിയ സാങ്കേതിക ഉപകരണങ്ങള്‍ക്ക് വിലക്കുണ്ട്. ഇത് ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്.

🔹വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍ മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ, സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി ശിക്ഷ അനുഭവിച്ചയാളാണ് സന്തോഷ് മാധവന്‍.

🔹മംഗളൂരുവില്‍ മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് നാല് ലക്ഷം രൂപ വീതവും, ചികിത്സയ്ക്കായി 20 ലക്ഷം രൂപയും അനുവദിച്ചതായി കര്‍ണാടക വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി. പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കും. പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് എറിഞ്ഞ മലപ്പുറം നിലമ്പൂര്‍ സ്വദേശി അബിന്‍ ഷിബി പൊലീസ് കസ്റ്റഡിയിലാണ്.

🔹രാജ്യത്തെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ പാത പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. ഹൂഗ്ലി നദിക്കടിയിലൂടെയാണ് ഈ വാട്ടര്‍ മെട്രോ പാത. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിന്റെ ഭാഗമായ ഹൗറ മൈദാന്‍- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടര്‍ വാട്ടര്‍ സര്‍വീസുള്ളത്. 16.6 കിലോമീറ്ററാണ് ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ദൈര്‍ഘ്യം.

🔹ആരോടും ചോദിക്കാതെ തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ വഴി അറിയാന്‍ സാധിക്കും എന്നതാണ് ഗൂഗിള്‍ മാപ്പിനെ കൂടുതല്‍ ജനകീയമാക്കിയത്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഗൂഗിള്‍ മാപ്പ് പരിഷ്‌കരിക്കുന്ന നടപടികളും പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ചെയ്ത് വരികയാണ്. ഇക്കൂട്ടത്തില്‍ പുതിയതായി കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ മാപ്പ്. നിലവില്‍ കെട്ടിടത്തിന്റെ പേര് നല്‍കി സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന നാവിഗേഷന്‍ അനുസരിച്ച് യാത്ര ചെയ്ത് എത്തുമ്പോള്‍ പലപ്പോഴും കെട്ടിടത്തിന്റെ മുന്‍വശത്ത് എത്തണമെന്നില്ല. കെട്ടിടം നില്‍ക്കുന്ന സ്ട്രീറ്റില്‍ നിന്ന് മാറി കെട്ടിടത്തിന്റെ ഏതെങ്കിലും വശത്തുള്ള മറ്റൊരു സ്ട്രീറ്റിലായിരിക്കും ചിലപ്പോഴെങ്കിലും എത്തിച്ചേരുക. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പരീക്ഷണ ഘട്ടത്തിലാണ് ഈ ഫീച്ചര്‍. കെട്ടിടം സെര്‍ച്ച് ചെയ്യുമ്പോള്‍ പുറത്തേയ്ക്ക് പോകുന്നതും പ്രവേശിക്കുന്നതുമായ കെട്ടിടത്തിന്റെ ഭാഗം കൃത്യമായി കാണിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഗൂഗിള്‍ പിക്‌സല്‍ 7എ സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ മാപ്സ് വേര്‍ഷന്‍ 11.17.0101 ല്‍ പുതിയ അപ്‌ഡേറ്റായി ഈ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു സ്ഥലത്തിന്റെ പ്രവേശന കവാടങ്ങള്‍ അത് മാപ്പില്‍ തെരഞ്ഞെടുത്ത ശേഷം വേണ്ടത്ര സൂം ഇന്‍ ചെയ്യുമ്പോള്‍ മാത്രമേ കാണിക്കൂ. ഒരു സ്ഥലത്തിന്റെ പ്രവേശന കവാടങ്ങള്‍ വൃത്താകൃതിയിലുള്ള വെളുത്ത വൃത്തങ്ങളായി ചിത്രീകരിച്ചിരിക്കുന്നു, അവയില്‍ പ്രവേശന ചിഹ്നമുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

🔹ഗീതാ ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട-സംവിധായകന്‍ പരശുറാം എന്നിവര്‍ ഒന്നിക്കുന്ന ഫാമിലി സ്റ്റാര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബകഥയായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. മൃണാള്‍ ഠാക്കൂര്‍ ആണ് നായിക. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകന്‍ പരശുറാം എന്നിവര്‍ക്കൊപ്പം സംഗീതസംവിധായകനായി ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിലുണ്ട്. 2022ല്‍ പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രം സര്‍ക്കാരുവാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനംചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍. കെ.യു. മോഹനന്‍ ആണ് ഛായാഗ്രഹണം. എ.എസ്. പ്രകാശ് ആര്‍ട്. ദില്‍ രാജുവാണ് നിര്‍മാണം.

🔹സിനിമ പ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ച മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ഒടിടിയിലേക്ക്. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. മാര്‍ച്ച് 15ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. സോണി ലിവ് തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററിലെത്തിയത്. ഹൊറര്‍ ത്രില്ലറായി എത്തിയ ചിത്രം തിയറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴും തിയറ്ററില്‍ നിറസദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചത്. കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ മിസ്റ്ററിയായി എത്തിയ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം ഒരുക്കിയത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments