Sunday, July 21, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ജൂൺ 23 | ഞായർ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ജൂൺ 23 | ഞായർ ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹രാജ്യത്ത് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. രാത്രി വൈകിയാണ് തീരുമാനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പരീക്ഷയില്‍ ക്രമക്കേട് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🔹കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പണം അനുവദിക്കണമെന്ന് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

🔹പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നാല് നേതാക്കളെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയ, മുന്‍ ഉദുമ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

🔹ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലതുകര കനാല്‍ പുനരുദ്ധാരണത്തിലെ അഴിമതിക്കേസിലെ 44 പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി. മൂന്നുവര്‍ഷം തടവും രണ്ട് ലക്ഷം വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുതല്‍ കരാറുകാരന്‍ വരെയുള്ളവരെയാണ് ശിക്ഷിച്ചത്. രണ്ടുപതിറ്റാണ്ട് മുമ്പു നടന്ന അഴിമതിക്കേസില്‍ 51 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആറുപേര്‍ വിചാരണ ഘട്ടത്തില്‍ മരിച്ചു. ഒരാളെ കുറ്റവിമുക്തനാക്കി.

🔹രാജ്യത്ത് ഉഷ്ണ തരംഗത്തെ തുടര്‍ന്ന് തക്കാളി വില കുതിക്കുന്നു. നേരത്തെ കിലോയ്ക്ക് 35 രൂപയ്ക്ക് വിറ്റിരുന്ന തക്കാളി ഇപ്പോള്‍ 80 രൂപയിലേക്കാണ് കുതിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ തക്കാളി വില ഉടന്‍ 100 രൂപയിലെത്തുമെന്നാണ് പ്രവചനം.

🔹ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ അര്‍ദ്ധരാത്രി മുതല്‍ മില്‍മയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിനിറങ്ങുന്നു. മില്‍മ മാനേജ്മെന്റിന് വിഷയത്തില്‍ നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്നാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.

🔹ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി പൂര്‍ണമാവുന്നതിന് മുന്‍പ് പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ പ്രതിഷേധവുമായി കോളവിരുദ്ധ സമര സമിതി. നഷ്ടപരിഹാരത്തില്‍ തീരുമാനമാകാതെ കോള കമ്പനിയുടെ ഭൂമി ഏറ്റെടുത്ത് മറ്റ് കമ്പനികള്‍ക്ക് കൈമാറുന്നത് ജനവിരുദ്ധമാണെന്നാണ് പരാതി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം.

🔹ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭാ അദ്ധ്യക്ഷനായി സാമുവല്‍ മാര്‍ തെയോഫിലോസ് ചുമതലയേറ്റു. ദില്ലി ഭദ്രാസനാധിപന്‍ ജോണ്‍ മാര്‍ ഐറേനിയസ് മുഖ്യ കാര്‍മികത്വം വഹിച്ച ചടങ്ങില്‍ വിവിധ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്ഥാന ചിഹ്നങ്ങള്‍ കൈമാറി തിയോഫിലോസിനെ സഭ അധ്യക്ഷനായി വാഴിച്ചു. സമൂഹ നന്മയ്ക്കായി അത്തനേഷ്യസ് യോഹാന്‍ കാണിച്ചു തന്ന മാതൃക താനും പിന്തുടരുമെന്ന് തിയോഫിലോസ് പറഞ്ഞു.

🔹പാസ്പോര്‍ട്ട് ഓഫീസുകളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള മിക്ക മാനദണ്ഡങ്ങളിലും മുന്നിലെത്തിയ കൊച്ചി റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസിന് രാജ്യത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഓഫീസിനുള്ള പുരസ്‌കാരം. ഇന്നലെ ദില്ലി വിദേശകാര്യ വകുപ്പില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങില്‍ നിന്നും കൊച്ചി റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ മിഥുന്‍ ടി ആര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

🔹ഗുരുവായൂര്‍ ക്ഷേത്രം ശ്രീകോവിലിനുള്ളില്‍ നിന്നും പൂജിച്ചു പുറത്തെത്തിച്ച നേദ്യങ്ങളില്‍ പവര്‍ ബാങ്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പുണ്യാഹം നടത്തി. പൂജാ യോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതിനായിരുന്നു പുണ്യാഹം. ക്ഷേത്രത്തിനകത്തേക്ക് മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണം കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്നിരിക്കെയാണ് ഈ കനത്ത സുരക്ഷാ വീഴ്ച്ച.

🔹ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള. ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്ക്കൊപ്പം ലഭിച്ച ചട്ണിയിലാണ് ചത്ത തവളയെ കണ്ടത്. സംഭവത്തില്‍ കരാറുകാരനെതിരേ റെയില്‍വേയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തിട്ടുണ്ട്.

🔹55 പേര്‍ മരിച്ച തമിഴ്നാട് കിള്ളിക്കുറിച്ചി മദ്യദുരന്തത്തിലെ പ്രധാന പ്രതിയെന്ന് കരുതുന്ന ചിന്നദുരൈ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യദുരന്തമുണ്ടായ കരുണപുരത്ത് ഇയാളാണ് വിഷ മദ്യം വിതരണം ചെയ്തതെന്നാണ് പൊലീസ് നിഗമനം.

🔹പ്ലാറ്റ്‌ഫോം ടിക്കറ്റ്, റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം എന്നീ സേവനങ്ങളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കി. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍നടന്ന 53-ാം ജി.എസ്.ടി. കൗണ്‍സില്‍ മീറ്റിങ്ങിന് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന 20,000 രൂപവരെയുള്ള ഹോസ്റ്റല്‍ നിരക്കുകള്‍ക്കും ജി.എസ്.ടി. ഒഴിവാക്കി.

🔹നടന്‍ ദളപതി വിജയിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കാന്‍ ശ്രമിച്ച കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. ചെന്നൈയിലെ നീലംഗരൈയിലാണ് സംഭവം. അടുത്തിടെ വിജയ് ആരംഭിച്ച തമിഴക വെട്രി കഴകത്തിന്റെ നേതൃത്തില്‍ നടന്ന ആഘോഷ പരിപാടിക്കിടെ ആയിരുന്നു അപകടം. കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.

🔹അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നല്‍കിയ മുഖ്യ പുരോഹിതന്‍ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് (86) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.

🔹യുഎസ് കോളേജുകളില്‍ നിന്ന് ബിരുദം നേടുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ മാതൃ രാജ്യങ്ങളിലേക്ക് മടങ്ങാതെ യുഎസില്‍ തന്നെ തുടരാന്‍ ഓട്ടോമാറ്റിക് ഗ്രീന്‍ കാര്‍ഡ് നല്‍കുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ വന്ന് ബിരുദം നേടിയ ശേഷം ഇന്ത്യയിലേക്കും ചൈനയിലേക്കും മടങ്ങുന്നവര്‍ അവരുടെ രാജ്യത്ത് സംരംഭങ്ങള്‍ തുടങ്ങി കോടീശ്വരന്മാരാകുകയും ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുകയാണെന്ന് ട്രംപ് പറഞ്ഞു. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, കണക്ക് മേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ബിരുദം നേടുന്നവര്‍ക്ക് ഈ രാജ്യത്ത് തുടരാന്‍ കഴിയണമെന്നും ട്രംപ് പറഞ്ഞു.

🔹27കാരിയായ ആദിവാസി യുവതിയെ ഉപദ്രവിച്ച നാലു പേരെ പിടികൂടി തെലങ്കാന പൊലീസ്. സംസ്ഥാനത്തെ നാഗര്‍കുര്‍നൂള്‍ ജില്ലയിലാണ് സംഭവം. ചെഞ്ചു ആദിവാസി യുവതിയെ പാടത്ത് പണിക്കെത്തിയില്ലെന്ന കാരണത്താല്‍ ഒരാഴ്ചയോളം ഉപദ്രവിച്ചത്.സ്വന്തം സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും ഉള്‍പ്പെടെയാണ് യുവതിയെ മര്‍ദ്ദിച്ചത്. ഗ്രാമവാസികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് യുവതിയെ മോചിപ്പിച്ചത്. ഇപ്പോള്‍ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികളിലൊരാളുടെ കൃഷിയിടത്തില്‍ ജോലി ചെയ്യാന്‍ എത്തിയില്ലെന്ന് ആരോപിച്ച് വടികൊണ്ട് യുവതിയെ തല്ലിചതയ്ക്കുകയും ഉപദ്രവിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. മാത്രമല്ല ഇവര്‍ക്ക് സഹോദരിയുമായി ചില കുടുംബപ്രശ്‌നങ്ങളും നിലനിന്നിരുന്നു.സ്വകാര്യ ഭാഗങ്ങളിലും തുടയിലും യുവതിക്ക് പൊള്ളലേറ്റിട്ടുണ്ട്. കൂടാതെ കണ്ണിലും ശരീരത്തിലും മുളകുപൊടി തേച്ചിട്ടുമുണ്ട്. സംഭവം അറിഞ്ഞ് എക്‌സൈസ് മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു പെണ്‍കുട്ടിയെ വിളിക്കുകയും രണ്ടുലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

🔹പത്തനംതിട്ട റാന്നി തീയാടിക്കലിൽ അച്ഛനെ മർദ്ദിച്ച മകൻ അറസ്റ്റിൽ. 43 കാരൻ ജോൺസനാണ് അറസ്റ്റിലായത്. 76 വയസ്സുളള പിതാവ് പാപ്പച്ചൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

🔹ട്രെയിനിൽ മണ്ണ് നിറച്ച പവർ ബാങ്ക് വിൽക്കുന്ന വ്യാപാരിയെ കൈയോടെ പിടിച്ച് യാത്രക്കാരൻ. ഒരു യാത്രക്കാരൻ എക്‌സിൽ പങ്കുവച്ച വീഡിയോയിലാണ് മണ്ണ് നിറച്ച പവർ ബാങ്ക് വിൽക്കുന്നത് വൈറലായിരിക്കുന്നത്. പവർ ബാങ്ക് വാങ്ങാനായി വിൽപ്പനക്കാർ യാത്രക്കാരെ സമീപിക്കുമ്പോൾ തന്നെ ഒരാൾ ഇത് ഒറിജിനൽ ആണോ എന്ന് ചോദിക്കുന്നുണ്ട്. ഉടൻ തന്നെ വ്യാപാരി അതെ എന്ന് മറുപടിയും നൽകുന്നു. 500 മുതൽ 550 രൂപ വരെ വില പറഞ്ഞ വ്യാപാരി 300 രൂപയ്ക്ക് യാത്രക്കാരന് അത് നൽകുകയും ചെയ്യുന്നു. തുടർന്ന് അപ്രതീക്ഷിതമായാണ് യാത്രക്കാരൻ പവർ ബാങ്ക് തുറന്ന് നോക്കുന്നത്. തുറന്നപ്പോൾ പവർ ബാങ്കിനുള്ളിൽ നിറയെ മണ്ണ് നിറച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. ഇത് വ്യാജമാണെന്നും ആരും കബളിപ്പിക്കപ്പെടരുതെന്നും യാത്രക്കാരൻ പറയുന്നുണ്ട്. വാങ്ങും മുൻപ് പവർ ബാങ്കിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ മാറ്റി തരാമെന്നും വ്യാപാരി പറയുന്നുണ്ട്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇത് എനിക്കും സംഭവിച്ചിട്ടുണ്ടെന്നും ചിലർ പ്രതികരിച്ചു.

🔹പലസ്തീനിലെ റഫയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും കൊണ്ട് ക്യാമ്പുകള്‍ നിറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. മെഡിറ്ററേനിയന്‍ തീരത്തെ ഗ്രാമപ്രദേശമായ മുവാസിയിലെ സമീപമുള്ള സ്ഥലങ്ങളില്‍ ഇസ്രായേല്‍ മുമ്പ് ബോംബാക്രമണം നടത്തിയിരുന്നു.

🔹ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 50 റണ്‍സിന്റെ വിജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 27 പന്തില്‍ 50 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 8 വിക്കറ്റ് നഷട്ത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ ജയത്തോടെ സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ നാലു പോയന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ അവസാന മത്സരം.

🔹‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന വിജയ് ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫാമിലി ടൈമിന്റെ മനോഹര മെലഡി ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. സ്നേഹയാണ് ഗാനരംഗത്ത് വിജയിയുടെ പെയര്‍ ആയി എത്തിയിരിക്കുന്നത്. ‘ചിന്ന ചിന്ന കങ്കള്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയും രാജാ ഭവതാരിണിയും വിജയിയും ചേര്‍ന്നാണ്. അടുത്തിടെ ആയിരുന്നു ഭവതാരിണിയുടെ വിയോഗം. ഗോട്ടിന്റെ നിര്‍മ്മാതാക്കള്‍ ഭവതാരിണിയുടെ ശബ്ദം പ്രത്യേക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഈ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കബിലനാണ് ഗാനം എഴുതിയിരിക്കുന്നത്. ഏപ്രില്‍ 14 ന് ദളപതി വിജയ് ആലപിച്ച ആദ്യ സിംഗിള്‍ ‘വിസില്‍ പോഡു’ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്സ് ടീം ഹോളിവുഡ് പടം അവതാര്‍ അടക്കം ചെയ്ത സംഘമാണ് എന്നാണ് പുതിയ വിവരം. നിരവധി വിഎഫ്എക്‌സ് സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടെന്നാണ് സൂചന. നേരത്തെ തന്നെ വിജയിയെ ഡീ ഏജ് ചെയ്യുന്ന പ്രക്രിയയ്ക്ക് തന്നെ കോടികള്‍ ചിലവാക്കിയതായി വിവരം പുറത്തുവന്നിരുന്നു. വിജയിക്ക് പുറമേ മീനാക്ഷി ചൗധരി, ജയറാം, സ്നേഹ, ലൈല, പ്രശാന്ത്, യോഗിബാബു, വിടിവി ഗണേഷ്, അജ്മല്‍ അമീര്‍, മൈക്ക് മോഹന്‍, വൈഭവ്, പ്രേംഗി, അജയ് രാജ്, അരവിന്ദ് ആകാശ് തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ വര്‍ഷം സെപ്തംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് അപ്രതീക്ഷിതമായി ചെറിയ പെരുന്നാള്‍ ദിനത്തില്‍ വിജയ് തന്നെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി അറിയിച്ചിരുന്നു. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് വിവരം.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments