Saturday, June 22, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | മെയ് 22 | ബുധൻ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | മെയ് 22 | ബുധൻ ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവും അദ്ദേഹത്തെ പിന്തുടര്‍ന്നുവന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരും ജാതി സംവരണത്തിന് എതിരായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ നിന്ന് ബഹുമാനം ലഭിച്ചിരുന്നില്ലെന്നും ബിജെപി നയിക്കുന്ന എന്‍ഡിഎ ഭരണത്തിന്‍ കീഴില്‍ മാത്രമേ ഈ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് വോട്ട് ജിഹാദ് നടത്തുന്നവരെ മാത്രം പിന്തുണയ്ക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി തനിക്ക് പിന്‍ഗാമികളില്ലെന്നും തന്റെ പിന്‍ഗാമികള്‍ ജനങ്ങളാണെന്നും പറഞ്ഞു.

🔹സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളില്‍ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാല്‍ പിഴയിനത്തില്‍ ഈടാക്കി. കര്‍ശന പരിശോധനയുടേയും നടപടിയുടേയും ഫലമാണിത്. 37,763 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തതായി മന്ത്രി അറിയിച്ചു.

🔹സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മഴ ശക്തമായ സാഹചര്യത്തിലും മണ്‍സൂണ്‍ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിക്കും. ആശുപത്രികള്‍ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

🔹സംസ്ഥാനത്തെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.ഡി സതീശന്‍ കത്ത് നല്‍കി. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18 ശതമാനം ജി.എസ്.ടി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നഴ്‌സിങ് പ്രവേശനം പ്രതിസന്ധിയിലായതിന്റെ പ്രധാന കാരണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആരോപിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ജി.എസ്.ടി പിരിക്കേണ്ടതില്ലെന്ന ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടി.

🔹അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ ഉയരണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. തമിഴ്‌നാട്ടില്‍ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ രമ്യയെന്ന യുവതി ജീവനൊടുക്കിയ സംഭവം ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ആര്യയുടെ പ്രതികരണം.

🔹പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍, ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി . ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംയുക്ത അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തിലും ഉടന്‍ തീരുമാനം ഉണ്ടാകും.

🔹തിരുവനന്തപുരം ജില്ലയിലുണ്ടായ കനത്ത മഴയില്‍ വൈദ്യുതി പോസ്റ്റുകള്‍ക്കും ലൈനുകള്‍ക്കും നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി. തിരുവല്ലം, വിഴിഞ്ഞം, കോട്ടുകാല്‍, കല്ലിയൂര്‍, പൂഴിക്കുന്ന്, കമുകിന്‍തോട്, കാഞ്ഞിരംകുളം, പാറശ്ശാല, ഉച്ചക്കട എന്നീ സെക്ഷന്‍ പരിധികളില്‍ മരങ്ങള്‍ ലൈനുകള്‍ക്ക് മുകളിലേക്ക് കടപുഴകി വീണും മരച്ചില്ലകള്‍ ലൈനില്‍ പതിച്ചും വൈദ്യുതി വിതരണ ശൃംഖലയ്ക്ക് കനത്ത നാശനഷ്ടമുണ്ടായതായി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

🔹എയ്ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപികയെ പിടിഎ അംഗവും, സ്‌കൂളിലെ അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചതായി വനിതാ കമ്മീഷനില്‍ പരാതി. ഈ സ്‌കൂളില്‍ തൊഴിലിടങ്ങളിലെ പരാതികള്‍ പരിഹരിക്കാനുള്ള ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമായി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിരക്ഷ ലഭ്യമാക്കുന്നതിന് ‘പോഷ്’ ആക്ട് അനുശാസിച്ചിട്ടുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ച് പരാതി കേട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.

🔹ബോംബുണ്ടാക്കുന്നവര്‍ക്ക് സ്മാരകം പണിത് അത് പാര്‍ട്ടി സെക്രട്ടറി തന്നെ ഉദ്ഘാടനം ചെയ്യുന്ന കലികാലമാണിതെന്നും ജനങ്ങള്‍ ഇതുപോലെ നരകയാതന അനുഭവിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ കുചേലന്മാരാകുകയും മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിയും അദാനികളാകുകയും ചെയ്തതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ 8 വര്‍ഷത്തെ ഭരണത്തിന്റെ ആകെത്തുകയെന്ന് കെ സുധാകരന്‍ പറഞ്ഞു.

🔹കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കടയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മഴ പെയ്തപ്പോള്‍ കയറി നിന്ന കടയുടെ ഇരുമ്പ് തൂണില്‍ നിന്ന് ഷോക്കേറ്റാണ് മുഹമ്മദ് റിജാസ് എന്ന 19കാരന്‍ മരിച്ചത്. ദൃശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

🔹തിരുവനന്തപുരത്തു മൂന്നൂ ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നഗരത്തിന്റെ ചില മേഖലകളിലുണ്ടായിട്ടുള്ള വെള്ളക്കെട്ട് രണ്ടു ദിവസത്തിനകം ഒഴിവാക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം നിര്‍മാണം പുരോഗമിക്കുന്ന റോഡുകള്‍ ജൂണ്‍ 15നുള്ളില്‍ സഞ്ചാരയോഗ്യമാക്കുമെന്നും യോഗത്തില്‍ തീരുമാനമായി. 10 റോഡുകളിലാണ് നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും, ജോലികള്‍ വേഗത്തിലാക്കി സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

🔹ഇരുപത് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയെ അറസ്റ്റു ചെയ്ത് ഡല്‍ഹി പോലീസ്. 2004- ല്‍ രമേശ് ചന്ദ് ഗുപ എന്ന ഡല്‍ഹി വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിപാഹി ലാലിനെയാണ് പോലീസ് തിങ്കളാഴ്ച പിടികൂടിയത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഗുര്‍ദയാല്‍ എന്ന് പേരു മാറ്റി ചോലെ ബട്ടൂരെ വിറ്റ് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

🔹പുണെയില്‍ ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറായ പതിനേഴുകാരന് 15 ദിവസത്തെ ശിക്ഷ മാത്രം ലഭിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മദ്യപിച്ചു വാഹനമോടിക്കുന്ന കേസുകളില്‍ കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔹പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ പുലി കുടുങ്ങി. ഏകദേശം നാലുമാസം പ്രായമുള്ള പെണ്‍പുലിയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയില്‍ കുടുങ്ങിയത്. രാവിലെ ഏഴ് മണിയോടെയാണ് വിവരം വീട്ടുകാരടക്കം അറിയുന്നത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിച്ചത് അനുസരിച്ച് അവര്‍ സ്ഥലത്തെത്തി.പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്നും കടുത്ത ആശങ്കയാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കമ്പിവേലിയില്‍ കുടുങ്ങിയ അവസ്ഥയില്‍ തന്നെ തുടരുകയാണ് പുലി. ഒന്നു കുതറിയാന്‍ കുടുക്കില്‍ നിന്നും രക്ഷപ്പെടാനും കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. പുലിയെ മയക്കുവെടിവെച്ച് തിരികെ കാട്ടിലേക്ക് വിടാനാണ് തീരുമാനം.

🔹പാലക്കാട് കോണിക്കഴി മുണ്ടോളിയില്‍ കാല്‍ തെറ്റി ക്വാറിയില്‍ വീണ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു. ചെഞ്ചുരുളി സ്വദേശികളായ മേഘജ്,അഭയ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10.30ഓടെയാണ് സംഭവം. സംസാരിച്ച് നടക്കുന്നതിനിടെ മേഘജ് കാല്‍ തെറ്റി ക്വാറിയിലേക്ക് വീഴുകയായിരുന്നു.

🔹അനാവശ്യ ചിലവ് ഒഴിവാക്കുന്നതിന് മുന്‍ ഭര്‍ത്താവ് താമസിക്കുന്ന വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് തമിഴ്‌നാട് ഊര്‍ജവകുപ്പ് സെക്രട്ടറി ബീല വെങ്കിടേശന്‍. തമിഴ്‌നാട് സ്‌പെഷ്യല്‍ മുന്‍ ഡിജിപി രാജേഷ് ദാസ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ബീല അധികാര ദുര്‍വിനിയോഗം ചെയ്‌തെന്നാണ് ദാസ് പറയുന്നത്. അതേസമയം വീടിരിക്കുന്ന ഭൂമിയും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്നും രാജേഷ് അവിടെ താമസിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ മതിയായ സമയം നല്‍കിയിരുന്നുവെങ്കിലും മതിയായ രേഖകള്‍ സമര്‍പ്പിക്കാതെ വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തതെന്നും ബീല പറയുന്നു.

🔹മൂവാറ്റുപുഴ വാഴക്കുളത്ത് ബസ് സ്റ്റാഡിന് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സുഹൈല്‍ എന്ന് വിളിക്കുന്ന റൗഷാന്‍ അലിയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഇന്ന് രാവിലെയോടെയാണ് വാഴക്കുളം സെന്‍ട്രല്‍ ജംഗ്ഷനിലുള്ള ആയുര്‍വേദ ഡിസ്‌പെന്‍സറി സമീപം ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇയാള്‍ താമസിച്ചിരുന്ന ലൈന്‍ കെട്ടിടത്തിന്റെ പുറമേയുള്ള കഴുക്കോലിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. അഞ്ച് മാസം മുന്‍പ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായാണ് സുഹൈല്‍ കേരളത്തില്‍ എത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ ഇയാള്‍ക്ക് ഫോണ്‍ കോള്‍ വരികയും, ഫോണില്‍ സംസാരിച്ചുകൊണ്ട് പുറത്തേക്കിറങ്ങുകയും ചെയ്തിരുന്നതായി കൂടെ ഉണ്ടായിരുന്നവര്‍ പൊലീസിന് മൊഴി. ഇവര്‍ തന്നെയാണ് രാവിലെ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ വാഴക്കുളം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

🔹തൃശ്ശൂരില്‍ പൊലീസിന്റെ വന്‍ ലഹരി മരുന്നു വേട്ട. കാറില്‍ കടത്തിയ 330 ഗ്രാം എം.ഡി.എം.എ തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും ടൗണ്‍ വെസ്റ്റ് പൊലീസും ചേര്‍ന്ന് പിടികൂടി. ലഹരിക്കടത്തു നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ചില്ലറ വില്‍പന വിപണിയില്‍ 15 ലക്ഷം രൂപയോളം വില വരുന്ന 330 ഗ്രാം എംഡിഎംഎ ആണ് തൃശ്ശൂര്‍ പുഴക്കലില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.
കാറില്‍ രാസ ലഹരി കടത്തിയ കാസര്‍ഗോഡ് സ്വദേശി നജീബ്, ഗുരുവായൂര്‍ സ്വദേശി ജിനീഷ് എന്നിവര്‍ പിടിയിലായി. ബാംഗ്ലൂരില്‍ നിന്ന് ആണ് ഇരുവരും മയക്കുമരുന്ന് വാങ്ങിയത്. ചാവക്കാടും ഗുരുവായൂരും ഉള്‍പ്പെടെ തൃശ്ശൂരിന്റെ തീരദേശ മേഖലകളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. പ്രതികളില്‍ കാസര്‍ഗോഡ് സ്വദേശിയായ നജീബിന് മലേഷ്യയില്‍ ഹോട്ടല്‍ ബിസിനസ് ആയിരുന്നു.

🔹2024 രാജ്യാന്തര ബുക്കര്‍ പുരസ്‌കാരം ജെന്നി ഏര്‍പെന്‍ബെക്കിന്റെ കെയ്‌റോസിന്. ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് കെയ്‌റോസിന് പുരസ്‌കാരം ലഭിച്ചത്.
1980കളുടെ അവസാനത്തില്‍ കിഴക്കന്‍ ബെര്‍ലിനില്‍ നടക്കുന്ന ഒരു പ്രണയകഥയാണ് കെയ്‌റോസ് പറയുന്നത്. അമ്പത് വയസുള്ള വിവാഹിതനായ എഴുത്തുകാകരനും 19 വയസുകാരിയുമായുള്ള പ്രണയകഥയാണ് ജെന്നി രചിച്ചത്. അപ്രതീക്ഷിതമായി ഇവര്‍ കണ്ടുമുട്ടുന്നു ബെര്‍ലിന്‍ മതിലിന്റെ പതനം സംഭവിക്കുന്ന സാഹചര്യത്തില്‍ ഇരുവരുടെയും ബന്ധം കൂടുതല്‍ ദൃഡമാകുന്നു.
32 ഭാഷകളില്‍ നിന്നായി ലഭിച്ച 149 പുസ്തകങ്ങളില്‍ നിന്ന് 6 പുസ്തകങ്ങളായിരുന്നു ഈ വര്‍ഷത്തെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. സ്പാനിഷ്, ജര്‍മന്‍, സ്വീഡിഷ്, കൊറിയന്‍, ഡച്ച് എന്നീ അഞ്ച് വ്യത്യസ്ത ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്ത നോവലുകളായിരുന്നു ഇവ.

🔹ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ആകാശച്ചുഴിയില്‍ പെട്ട് ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിച്ചു. 229 പേരുമായി പറക്കവെ ആകാശച്ചുഴിയില്‍ പെട്ട വിമാനം 5 മിനിറ്റില്‍ 6000 അടി താഴ്ചയിലേക്കാണ് പതിച്ചത്. 30-ഓളം പേര്‍ക്ക് പരിക്കേറ്റു. ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു.

🔹ട്വിറ്റര്‍ പൂര്‍ണമായും എക്‌സിലേക്ക് മാറിയെന്ന് കമ്പനി തലവന്‍ എലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ലോഗോയും ബ്രാന്‍ഡിങ്ങും എക്‌സ് എന്നാക്കിയെങ്കിലും ഡൊമെയിന്‍ twitter.com എന്ന് തന്നെയാണ് തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ x.com എന്ന ഡൊമെയിനിലാണ് എക്‌സ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

🔹കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പതിനേഴാം ഐ.പി.എല്‍ സീസണിലെ ആദ്യ ഫൈനലിസ്റ്റ്. ഇന്നലെ നടന്ന ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 8 വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത ഫൈനലിനുള്ള യോഗ്യത നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈബദാരാബാദ് 19.3 ഓവറില്‍ 159ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹൈദരാബാദിന്റെ നടുവൊടിച്ചത്. മറുപടി ബാറ്റിംഗില്‍ 28 പന്തില്‍ 51 റണ്‍സെടുത്ത വെങ്കടേഷ് അയ്യറുടേയും 24 പന്തില്‍ 58 റണ്‍സെടുത്ത ശ്രേയസ് അയ്യറുടേയും മികവില്‍ 13.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു. അതേസമയം ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിന് തോല്‍പിക്കാനായാല്‍ ഫൈനലില്‍ വീണ്ടും കൊല്‍ക്കത്തയുമായി ഏറ്റുമുട്ടാനാകും.

🔹സുധീര്‍ ബാബു നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഹരോം ഹര’. സുധീര്‍ ബാബുവിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഹരോം ഹര പ്രദര്‍ശനത്തിനെത്തുക. സുധീര്‍ ബാബുവിന്റെ ഹരോം ഹര സിനിമയുടെ റിലീസ് നീണ്ടുപോയിരുന്നു. എന്തായാലും ഹരോം ഹര എന്ന സിനിമയുടെ ജൂണ്‍ 14ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സുധീര്‍ ബാബുവിന്റെ ഹരോം ഹര സിനിമയിലെ ഹരോം ഹരോം ഹര എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് നേരത്തെ പുറത്തുവിട്ടിരുന്നു. സംവിധായകന്‍ ജ്ഞാനസാഗര്‍ ദ്വാരകയാണ്. ഛായാഗ്രാഹണം അരുണ്‍ വിശ്വനാഥനാണ്. ചിത്രം ശ്രീ സുബ്രഹ്‌മണ്യേശ്വര സിനിമാസിന്റെ ബാനറില്‍ സുമന്ത് ജി നായ്ഡു നിര്‍മിക്കുമ്പോള്‍ രമേഷ് കുമാര്‍ ജി വിതരണം ചെയ്യുകയും ചേതന്‍ ഭരദ്വാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുകയും ചെയ്യുന്നു. മുംബൈ പൊലീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഹണ്ടിലൂടെയാണ് സുധീര്‍ ബാബു മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments