ഓണം വരവാകുമ്പോൾ നാടെങ്ങും പൂക്കളവും തുമ്പ പൂവും ഏതൊരു മലയാളിയുടെയും മനസ്സുണർത്തുന്ന ആനന്ദമേകുന്ന ഓർമ്മകൾ.
ഇന്നും ആ ഓർമ്മകൾക്ക് പുത്തനുണർവേകിക്കൊണ്ട് പൂക്കളവും പുത്തൻ വസ്ത്രങ്ങളും സദ്യയും ഊഞ്ഞാലും ഒരുക്കാൻ ഓരോ മലയാളിയും തിടുക്കം കാണിക്കുന്നു. കാലമെത്ര കഴിഞ്ഞാലും പുതുമയേകും ആഘോങ്ങളിൽ പ്രധാനപ്പെട്ട ഒരു ആഘോഷം തന്നെയാണ് ഓണം.
അത്തം പിറക്കുന്നതോടെ ആരംഭിക്കുന്ന ഓണം പത്താം ദിവസമായ തിരുവോണം വരെ ആഘോഷിക്കുന്നു. ചിങ്ങ മാസത്തിൽ വിരുന്നെത്തുന്ന ഓണം കേരളത്തിലേക്കുള്ള മാവേലിമന്നനെ വരവേൽക്കാനും, ഭൂമിദേവിയോട് സമൃദ്ധമായ വിളവെടുപ്പിന് ഉള്ള നന്ദി പ്രകടിപ്പിക്കാനും കൂടിയാണ് ആഘോഷിക്കുന്നത്. മലയാളികളുടെ ദേശീയ ഉത്സവമായി ഓണം ആഘോഷിക്കുന്നുണ്ടെങ്കിലും അത് കാർഷികോത്സവം കൂടിയാണ്.
അത്തം ഒന്നിന് രാവിലെ പൂക്കളമിടാൻ അതിന് തലേദിവസം തന്നെ കൂട്ടുകാരോടൊത്ത് ആവശ്യമുള്ള പൂക്കൾ വീടിനു ചുറ്റും ഉള്ള പറമ്പുകളിൽ നിന്നും ശേഖരിക്കും. അത്തം ഒന്നിന് രാവിലെ എഴുന്നേറ്റ് പൂക്കളം ഒരുക്കാനുള്ള തിരക്കായിരിക്കും. അതുപോലെ അത്തം പത്ത് വരെ ഓരോ ദിവസവും വൈകിട്ട് കൂട്ടുകാരോടൊത്ത് പൂക്കൾ ഒരുക്കുകയും, ഒന്നാം ദിവസം ഒരു തരം രണ്ടാം ദിവസം രണ്ട് തരം, മൂന്നാം ദിവസം മൂന്നു തരം അങ്ങനെ പത്താം ദിവസം 10തരത്തിലുള്ള
പൂക്കളാൽ മനോഹരമായ പൂക്കളം ഒരുക്കുന്നു. ചില ദിവസങ്ങളിൽ പൂക്കളം ഒരുക്കുമ്പോൾ ശീപോതിയും നിരത്തി വെക്കാറുണ്ട്. മഹാലക്ഷ്മിയുടെ സാന്നിധ്യമുണ്ട് എന്നതിന്റെ പ്രത്യേകതയാണിത്.
പക്ഷേ ഇപ്പോൾ ഓണക്കാലം സമൃദ്ധമാക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പൂക്കൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. നാടൻ പൂക്കളിൽ പലതും തൊടിയിൽ നിന്ന് ഇന്ന് അപ്രത്യക്ഷമാവുകയാണ്.
തിരുവോണനാളിൽ അതിരാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് ഓണക്കോടി ഇട്ട് പൂക്കളും ഒരുക്കും. പിന്നെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി തൊഴുതു വരും. ഏതാണ്ട് ആറുമണിയൊക്കെ ആകുമ്പോൾ അങ്ങ് ദൂരെ നിന്നും മണി കിലുക്കുന്ന ശബ്ദം കേൾക്കാം. ആ ശബ്ദം അടുത്തടുത്ത് വരുമ്പോൾ ഉത്സാഹത്തോടെ ഓണപ്പൊട്ടൻ വരുന്നതും നോക്കി കാത്ത് നിൽപ്പാണ്. ഓണപ്പൊട്ടൻ വരുന്നതോടെ നിലവിളക്ക് കൊളുത്തി വയ്ക്കുകയും ദക്ഷിണ കൊടുക്കാനുള്ള അരിയും പൈസയും കൊണ്ടുവയ്ക്കും. മണി കിലുക്കിക്കൊണ്ട് മുറ്റത്തെത്തുന്ന ഓണപ്പൊട്ടൻ പൂക്കളത്തിലേക്ക് നോക്കിക്കൊണ്ട് തന്റെ തോൾ സഞ്ചിയിൽ നിന്ന് കുറച്ച് അരിയും പൂക്കളും പൂക്കളത്തിലേക്കും, ചുറ്റും നിൽക്കുന്ന എല്ലാവരിലേക്കും അനുഗ്രഹിച്ചുകൊണ്ട് വിതറും. തുടർന്ന് ദക്ഷിണ കൊടുക്കുകയും ഒന്നോ രണ്ടോ മിനിറ്റ് എല്ലാവരെയും നോക്കിക്കൊണ്ട് മണി കിലുക്കി ഓണപ്പൊട്ടൻ യാത്രയാവും. ഈയൊരു കാഴ്ച കാണാൻ അടുത്തവർഷം വരെ കാത്തിരിക്കണമല്ലോ എന്ന സങ്കടമാകും ബാക്കി.
പിന്നെ കൂട്ടുകാരോടൊത്ത് അയൽ വീട്ടിലെ പൂക്കളം കാണാൻ പോകും. പിന്നീടുള്ള പ്രധാനപ്പെട്ട കാര്യം വീട്ടിലുള്ള എല്ലാവരും ഒരുമിച്ചിരുന്ന് തൂശനിലയിലുള്ള വിഭവസമൃദ്ധമായ ഭക്ഷണമാണ്. കൂട്ടത്തിൽ രണ്ടു മൂന്നുതരം പായസം ഉണ്ടെങ്കിലും പ്രഥമൻ ആണ് പ്രധാനം. പിന്നീട് കൂട്ടുകാരോടൊത്ത് പല പല വിശേഷങ്ങൾ പറയുകയും, ഊഞ്ഞാലയാടുകയും ചെയ്യും. അങ്ങനെ ഏറെ സന്തോഷത്തിന് വിരാമമിട്ട് ഒരു ഓണം കൂടി പടിയിറങ്ങുന്നു.
നാട്ടിലാണെങ്കിലും അല്ലെങ്കിലും നമ്മുടെ സംസ്കാരം ചേർത്തുപിടിക്കുന്ന ഓണവും, വിഷുവും അങ്ങനെയുള്ള എല്ലാ ആഘോഷങ്ങളും ആഘോഷിക്കാറുണ്ട്. അതിലേറെ സന്തോഷം മറ്റൊന്നില്ല.
10 ദിവസം നീണ്ടുനിൽക്കുന്ന ഗൃഹാതുരത്വമുണർത്തുന്ന ഓണാഘോഷത്തിന് നമ്മുടെ കേരളീയരുടെ ഇടയിൽ എന്നും മതപരമായ വലിയ പ്രാധാന്യമുണ്ട്.
മലയാളികൾ എന്നും സമൃദ്ധിയുടെ പൊന്നിൻ ചിങ്ങത്തിൽ വിരുന്നെത്തി ഹരിതാഭമായ സ്മരണകളോടെ വരവേൽക്കുന്ന ഓണത്തെ സ്നേഹത്തോടെ സന്തോഷത്തോടെ കാത്തിരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.
എല്ലാവർക്കും ഒത്തിരി സ്നേഹത്തോടെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണാശംസകൾ നേരുന്നു🙏
ഈ അവസരത്തിലും ഒരു രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട് അനാഥരാക്കപ്പെട്ട സഹോദരങ്ങളെയും സഹോദരികളെയും വേദനയോടെ ഓർക്കുന്നതോടൊപ്പംy ആത്മവിശ്വാസവും പ്രതീക്ഷയും കൈവിടാതെ മുന്നോട്ടുള്ള യാത്രയിൽ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏