സ്മൃതികളിലെ ഓണമേ
നീയെന്നുമെന്നിൽ
ചേതോഹരാംഗിയായ്
നർത്തനമാടുന്നു
പൂക്കളമൊരുക്കുന്നു, പൂവിളി ഉയരുന്നു
പൂത്തുമ്പി പാറിപ്പറക്കുന്നു മനസ്സിൽ!
പുലരിയിൽ പൂക്കൾ തേടിയിറങ്ങിയ
പിഞ്ചു കിടാങ്ങൾ ഞങ്ങൾ ,
തൊടിയിലും പാടത്തും ഉല്ലാസത്താൽ
നടന്ന ദിനങ്ങൾ സ്മൃതികളിൽ
നിറയുമ്പോൾ എന്തു രസം !
തുമ്പയും തുളസിയും മൂക്കുറ്റിയും
പിന്നെ ആമ്പലും കോളാമ്പി പൂക്കളും
ചേർന്ന് വട്ടത്തിൽ ഒരുക്കുന്ന
അത്തപ്പൂക്കളമെന്നും ചിത്തത്തിൽ
വിരിയുന്നു എന്റെ ഓർമ്മതൻ
പൂക്കളം !
ഓണനിലാവ് തെളിയുന്നു വാനിൽ,
പ്രണയ നിലാവ് തെളിയുന്നു
ഹൃത്തിൽ .
ഓണക്കോടിയുടുക്കുന്നു മങ്കമാർ,
ഒരുമയോട് ഒരുക്കുന്ന ഓണ സദ്യതൻ
മണം ഓർമ്മയിൽ തെളിയുന്നു !
തൂശനിലയിൽ വിളമ്പിയ
കുത്തരിച്ചോറും
എരിശ്ശേരി പുളിശ്ശേരി ഓലനും
സാമ്പാറും ,
നെയ്യും പരിപ്പും പപ്പടം പായസം ഉപ്പേരി
രുചിക്കൂട്ടുകൾ തൻ മണം
വഞ്ചിപ്പാട്ടിൻ ഈണത്തിനൊപ്പം
കൈകൊട്ടിക്കളിയുടെ താളമേളം ,
മാവേലിത്തമ്പുരാനേ വരവേറ്റീടാൻ
മാലോകരൊന്നായ് മോദത്തോടെ
ഒരുങ്ങിയെൻ സ്മൃതികളിൽ !