ഹായ് കുട്ടീസ്!!
ഈ ആഴ്ച നമുക്ക് A) തീപ്പെട്ടി ചിത്രം കണ്ടൊരു വിശദീകരണം B) പദ ലളിതം(വാക്കുകളെ കുറിച്ചൊരു വിശദീകരണം )
C) സ്ഥലനാമ കഥകൾ. പിന്നെ, കുറച്ചു D) കടംകഥകളും,
കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ കുട്ടീസ് ഒഴിവു സമയങ്ങളിൽ അവ വരച്ചു നോക്കണെ ..
എന്ന് സ്വന്തം
ശങ്കരിയാന്റി.
A) തീപ്പെട്ടി ചിത്രം (18)
ശ്രി കൃഷ്ണൻ
ഭഗവാൻ ശ്രീകൃഷണന്റെ ചിത്രമുള്ള തീപ്പെട്ടി ചേർക്കുന്നു.
ഹിന്ദു ദൈവ ത്രിത്വത്തിന്റെ ദൈവശക്തിയായ വിഷ്ണുവിന്റെ ഏറ്റവും ശക്തമായ അവതാരങ്ങളിലൊന്നാണ് ശ്രി കൃഷ്ണൻ. ഭാരതത്തിലും പാശ്ചാത്യ പണ്ഡിതൻമാരിലും ഇപ്പോൾ B.C 3200-നും 3100-നും ഇടക്ക് ഭഗവാൻ കൃഷ്ണൻ ഭൂമിയിൽ ജീവിച്ചിരുന്ന കാലഘട്ടമായി സ്വീകരിച്ചിട്ടുണ്ട്. സംസ്കൃത നാമ വിശേഷണ പദമായ കൃഷ്ണ എന്ന വാക്കിന്റെ അർഥം ‘ഇരുട്ട്’ എന്നാണ്, ഭൗതിക ബന്ധങ്ങളാൽ അന്ധരായവർക്ക് അദൃശ്യവും അജ്ഞാതവുമായി നിലനിൽക്കുന്ന പരമോന്നത ബോധത്തെ സൂചിപ്പിക്കുന്നു. കൃഷ്ണനെ നീല നിറത്തിലും, മഞ്ഞ വസ്ത്രങ്ങൾ ധരിച്ചും ചിത്രീകരിച്ചിരിക്കുന്നു. നീല നിറം ആകാശത്തോടും മഞ്ഞനിറം ഭൂമിയുമായും ബന്ധപ്പെട്ടിരിക്കുന്നു.
വിഷ്ണു സഹസ്ര നാമത്തിൽ അൻപത്തിയേഴാമത്തെ പര്യായമായി കൃഷ്ണൻ എന്ന പദം ചേർത്തിട്ടുണ്ട്. കറുത്ത നിറത്തോട് കൂടിയ മൂർത്തികളെയെല്ലാം കൃഷ്ണൻ എന്ന പേരിൽ സൂചിപ്പിക്കാം. മഹാഭാരതം ഉദ്യോഗപർവ്വത്തിൽ ‘കൃഷ്’ എന്നും ‘ണ’ എന്നുമുള്ള മൂലങ്ങളായി കൃഷ്ണൻ എന്ന പദത്തെ വിഭജിച്ചിരിക്കുന്നു. ‘കൃഷ്’ എന്ന പദമൂലത്താൽ ‘ഉഴുവുക’ എന്നു പ്രക്രിയയെയും, ‘ണ’ എന്നതിനാൽ ‘പരമാനന്ദം’ എന്നതിനെയും സൂചിപ്പിക്കുന്നു. ഇതിൻ പ്രകാരം കൃഷ്ണൻ എന്ന പദത്താൽ എല്ലാവരെയും ആകർഷിക്കുന്നവൻ എന്ന അർഥത്തെ കുറിക്കുന്നു.
B) പദ ലളിതം
രാജാവ്
ഇന്ന് നമുക്ക് രാജാവിനെക്കുറിച്ച് ചിന്തിച്ചാലോ ?.ആരാണ് രാജാവ്?.രാജ്യം ഭരിക്കുന്നവൻ രാജാവെന്നാണല്ലോ വയ്പ്പ്.എന്നാൽ ഇത് ശരിയോ?.രാജ് എന്ന പദത്തിന് ശോഭിക്കുകയെന്നാണർത്ഥം.അപ്പോൾ ശോഭിക്കുന്നവൻ രാജാവ്. ഏറ്റെടുക്കുന്ന ജോലി ഗുണകരമായി ചെയ്തു വിജയിക്കുന്നവൻ അതിൽ രാജാവാണ്. രാജാവിനെ രാജ്യം ഭരിക്കുന്നവനായി ചുരുക്കി കാണണോ..?
C) സ്ഥലനാമ കഥകൾ
കുട്ടീസ്
ഈ ആഴ്ചയിലും ചില സ്ഥലങ്ങൾക്ക് എങ്ങനെ ആ പേര് വന്നു എന്ന് കൗതുകത്തോടെ വായിച്ചറിഞ്ഞോളൂ
എഴുകോൺ
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെട്ട പഞ്ചായത്താണ് എഴുകോൺ . പുതുശ്ശേരി കോൺ, ആറു പറ കോൺ, വെട്ടിലി കോൺ, പൂന്തൽ കോൺ, പോച്ചം കോൺ, കളയാൻ കോൺ, വെള്ളാoകോൺ തുടങ്ങിയ ഏഴ് സ്ഥലങ്ങൾ ചേർന്നാണ് ഈ സ്ഥലം രൂപപ്പെട്ടത്. ഇതിൽ പല കോണുകളും ഇന്ന് കുടുംബ പേരുകളായി ചുരുങ്ങിയിരിക്കുന്നു. ഇതിൽ ഏറ്റവും വലിയ കോൺപുതുശ്ശേരിേ കോൺ ആണ്.
D) കടങ്കഥകൾ (29)
1)തലയില്ലാക്കോഴി മല കയറി കൂകി.
തോക്ക്
2)തിന്നില്ല കുടിയ്ക്കില്ല, തല്ലാതെ മിണ്ടില്ല.
ചെണ്ട
3)തിരിതിരി തിരിതിരിയമ്മതിരി തിരിതിരി തിരിതിരി മോളുതിരി.
തിരികല്ല്
4)തുടച്ചാലും തുടച്ചാലും ചേറുപോകാത്ത കണ്ണാടി.
ചന്ദ്രൻ
5)തുമ്പിക്കൈയില്ലാത്ത ആന.
കുഴിയാന
6)തെക്ക് നിന്ന് വന്ന കാളയ്ക്ക് പള്ളയ്ക്കൊരു കൊമ്പ്.
കിണ്ടി
7)തേങ്ങാപ്പൂളൊരു തേങ്ങാമുറിയായ്.
ചന്ദ്രൻ
8)തേൻകുടത്തിലൊറ്റക്കണ്ണൻ.
ചക്കക്കുരു
9)തൊട്ടാൽ ചൊറിയൻ തിന്നാൻ രസികൻ.
ചേന
10)തൊട്ടാൽ പിണങ്ങും ചങ്ങാതി.
തൊട്ടാവാടി
Nice Article
Good
Superb