❤️ഗീത
80കളിലെ വസന്തങ്ങളിൽ ഇന്ന് നമ്മുടെ നായിക ഗീതയാണ്. അതെ! ചിരിച്ചുകൊണ്ട് കരയുകയും കരഞ്ഞുകൊണ്ട് ചിരിക്കുകയും ചെയ്യുന്ന നായിക.
1962 ജൂലൈ 14നായിരുന്നു ‘കാദംബി’ എന്ന ഗീതയുടെ ജനനം. ഒരു കന്നട ബ്രാഹ്മണ കുടുംബത്തിലാണ് ഗീത ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ബാംഗ്ലൂരിലായിരുന്നു.
ചെന്നൈയിലെ T- നഗറിൽ ഗേൾസ് ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സ്കൂളിൽ വെച്ച് എടുത്ത ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ അവിചാരിതമായി കാണാനിടയായ കെ. ബാലചന്ദർ എന്ന സംവിധായകൻ, തന്റെ ചിത്രമായ ‘ഭൈരവി’യിൽ രജനീകാന്തിന്റെ സഹോദരിയായി അഭിനയിക്കാൻ ഗീതയെ ക്ഷണിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നാലു സിനിമകളിൽ അഭിനയിക്കാൻ സാധിച്ചത്, സിനിമ ഒരു കരിയർ ആയി തിരഞ്ഞെടുക്കാൻ കാരണമായി തീർന്നു.
1980ൽ ഗർജ്ജനത്തിൽ ജയന്റെ സഹോദരി യായ രേഖ എന്ന കഥാപാത്രം അഭിനയിച്ചുകൊണ്ടാണ് മലയാള ചലച്ചിത്ര ലോകത്തിലേക്ക് ഗീത കടന്നുവരുന്നത്. എന്നാൽ ജയന്റെ മരണത്തോടെ നിന്നുപോയ ചിത്രം രജനീകാന്തിനെ വെച്ച് പൂർത്തിയാക്കിയെങ്കിലും ആ നടന്റെ കരിയറിലെ ദുരന്തമായി തീർന്നു ആ ചിത്രം.
അപ്രതീക്ഷിതമായി ലഭിച്ച സൗഭാഗ്യം! അതായിരുന്നു പഞ്ചാഗ്നിയിലെ ഇന്ദിര എന്ന കഥാപാത്രം. എം ടി – ഹരിഹരൻ ടീം ഒരുക്കിയ, അജിത എന്ന പെൺ പോരാളിയുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന പഞ്ചാഗ്നിയിൽ ഇന്ദിരയായി അഭിനയിക്കാൻ അവസരം ലഭിച്ചത് ഗീതക്കായിരുന്നു. വിപ്ലവത്തിന്റെ വഴികളിലൂടെ, ചോരയുടെ ചാലുകൾ കീറി സഞ്ചരിച്ച് തടവറയിലേക്ക് എത്തുന്ന ഇന്ദിരയ്ക്ക്, ശരീരഭാഷയുടെ പ്രൗഢികൊണ്ടും കണ്ണുകളിലെ അഗ്നികൊണ്ടും പെൺ ശക്തിയുടെ വിപ്ലവ പരിവേഷം ഗീത നൽകി. വിതുമ്പുന്ന ചുണ്ടുകൾ കൊണ്ടും ജ്വലിക്കുന്ന കണ്ണുകൾ കൊണ്ടും ചുവക്കുന്ന കവിളുകൾ കൊണ്ടും പഞ്ചാഗ്നിയിലെ ഇന്ദിരയെ ഗീത പൊലിപ്പിച്ചു നിർത്തി. അങ്ങനെ മലയാളത്തിലെ എക്കാലത്തെയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായ പഞ്ചാഗ്നിയിലെ ഇന്ദിരയെ ഗീത അനശ്വരമാക്കി. അതുപോലെ തന്നെ ലാൽസലാമിൽ സേതുലക്ഷ്മിയായി സാക്ഷാൽ ഗൗരിയമ്മയെ അവതരിപ്പിച്ച ഗീത ആ കഥാപാത്രത്തിന്റെ മാറ്റ് കുറയാതെ കാത്തു.
കേരളത്തിലെ എല്ലാ ജയിലുകളിലും കിടന്നിട്ടുള്ള നായിക എന്ന ഖ്യാതി ഗീതക്ക് മാത്രം സ്വന്തമായിട്ടുള്ളതാണ്. ഇത്രയേറെ ജയിൽവാസം അനുഭവിക്കുന്ന കഥാപാത്രങ്ങൾ ചെയ്ത വേറെ നായികമാരുണ്ടാവില്ല.
മലയാളിക്ക് എന്നും, തറവാടിയായ നായർ സ്ത്രീയായി ഗീതയെ കാണാനായിരുന്നു ഇഷ്ടം. മലയാളം അറിയില്ലെങ്കിലും ഓരോ ഡയലോഗിനും ചേർന്ന ഭാവങ്ങൾ മറ്റാരെക്കാളും പക്വതയോടെ നൽകാൻ ഗീതക്ക് കഴിഞ്ഞിട്ടുണ്ട്. ഷീല മുതൽ ശോഭന വരെയുള്ള നടിമാരിൽ നിന്നും ഏറെ മികച്ചു നിന്നു ഗീതയുടെ അഭിനയ പാടവം. നായകൻ ആര് എന്ന് തേടാതെ സ്വന്തം കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ്, അത് തെരഞ്ഞെടുക്കാനുള്ള കഴിവായിരുന്നു ഗീതയുടെ വിജയ രഹസ്യം. മുഖത്തെ സർവാംഗങ്ങളും അഭിനയത്തിൽ പ്രയോജനപ്പെടുത്തിയ നടിയായിരുന്നു അവർ.
“താമരക്കണ്ണനുറങ്ങേണം” എന്ന താരാട്ട് പാട്ടിനോട് കിടപിടിക്കുന്ന വേറെ ഏത് പാട്ടാണ് ഉള്ളത്?
ക്ഷമിച്ചു എന്നൊരു വാക്കിലെ ശ്രീദേവിയും, സുഖമോ ദേവിയിലെ താരയും, ആവനാഴിയിലെ സീതയും, രാരീരത്തിലെ രാധ ടീച്ചറും, സായംസന്ധ്യയിലെ ഉമയും, അമൃതംഗമയയിലെ ഭാനുവും, ഋതുഭേദത്തിലെ ദേവുവും, ശ്രുതിയിലെ സുഭദ്രയും, വൈശാലിയിലെ മാലിനിയും, ഒരു വടക്കൻ വീരഗാഥയിലെ കുഞ്ഞിയും, നായർ സാബിലെ സീതയും സാവിത്രിയും, ചക്കിക്കൊത്ത ചങ്കരനിലെ ശൈലജയും സ്ത്രീ ജീവിതത്തിന്റെ ഭിന്ന ഭാവങ്ങൾ വെള്ളിത്തിരയിൽ വരച്ചിടാൻ ഗീതയോളം മികച്ച നടി വേറെ ഇല്ലായിരുന്നു എന്നു തന്നെ പറയാം.
കൂടാതെ ലാൽസലാം, അയ്യർ ദി ഗ്രേറ്റ്, ഇന്ദ്രജാലം, കുറുപ്പിന്റെ കണക്ക് പുസ്തകം, രാധാമാധവം,പൂക്കാലം വരവായി, അരങ്ങ്,ആധാരം,തലസ്ഥാനം,പ്രിയപ്പെട്ട കുക്കു, ഭൂമിഗീതം, പൈതൃകം,ഘോഷയാത്ര, ഒരു കടംകഥ, നന്ദിനി ഓപ്പോൾ, മാഫിയ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായികയുടെ പ്രസക്തി തെളിയിച്ച ഗീത, കേരളത്തിലെ വീട്ടമ്മമാരുടെ റോൾ മോഡൽ ആയിരുന്നു ഒരുകാലത്ത്.
കോമഡി, റൊമാൻസ്, ആക്ഷൻ, ദുഃഖപുത്രി, ബോൾഡ് വേഷങ്ങൾ എന്നുവേണ്ട അഭിനയത്തിന്റെ എല്ലാ തലങ്ങളും അഭിനയിച്ചു ഫലിപ്പിച്ച നടിയായിട്ടും അർഹിക്കുന്ന പുരസ്കാരങ്ങൾ ഒന്നും മലയാളക്കരയിൽ ഗീതയെ തേടി എത്തിയില്ല.
പഞ്ചാഗ്നിയിലെ അഭിനയത്തിന് ദേശീയ പുരസ്കാരം പ്രവചിച്ച പ്രേക്ഷകർ നിരാശരായി. നഖക്ഷതങ്ങൾ മോനിഷയ്ക്ക് ദേശീയ പുരസ്കാരവും, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ ശാരിക്ക് കേരള സംസ്ഥാന പുരസ്കാരവും നേടിക്കൊടുത്തപ്പോൾ ഗീത മാത്രം തഴയപ്പെടുകയായിരുന്നു. ശക്തമായ പെൺ കഥാപാത്രങ്ങൾ ഉള്ള റോളുകൾ അധികവും അഭിനയിച്ചു തകർത്തെങ്കിലും കേവലം ഒരു സഹനടിയായി ഗീതയെ തിരഞ്ഞെടുക്കാൻ ആയിരുന്നു അക്കാലത്തെ ജൂറി മെമ്പർമാർക്ക് താല്പര്യം.
കേളടി കണ്മണി, ദളപതി, പുതു പുതു അർത്ഥങ്ങൾ, അഴകൻ തുടങ്ങിയ തമിഴ് ചിത്രങ്ങൾ ഗീതക്ക് അർഹിക്കുന്ന പ്രശസ്തി നേടിക്കൊടുത്തില്ല. എന്നാൽ ‘കൈയളവ് മനസ്സ്’ എന്ന തമിഴ് സീരിയൽ ആ കുറവെല്ലാം നികത്തി. അതോടെ ‘കൈയളവ് ഗീത’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി അവർ. കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ തെന്നിന്ത്യൻ ഭാഷകളിൽ 200 ഓളം ചിത്രങ്ങളിൽ അഭിനയിച്ച ഗീത ചലിച്ചിത്രരംഗത്ത് ഇന്നും സജീവമാണ്.
1997ൽ ട്രിച്ചിക്കാരനായ വാസൻ എന്ന ചാർട്ടഡ് അക്കൗണ്ടന്റിനെ വിവാഹം കഴിച്ച് അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ താമസമാക്കിയ ഗീതക്ക് സിനിമാഭിനയം തന്നെയാണ് ഇപ്പോഴും ഇഷ്ടം.
ഇനിയും കൂടുതൽക്കൂടുതൽ മികച്ച അവസരങ്ങൾ അവരെ തേടിയെത്തട്ടെ എന്ന്ആശംസിക്കുന്നു.❤️