Logo Below Image
Thursday, July 10, 2025
Logo Below Image
Homeഅമേരിക്കദേവക്കൂത്ത് (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

ദേവക്കൂത്ത് (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

ഉത്സവകാലങ്ങളിൽ ക്ഷേത്രങ്ങളിൽ നടത്തുന്ന ആചാരപരമായ മിക്ക കലാരൂപങ്ങളിന്നും അന്യമാകാതെ നിലനിൽക്കുന്നു.

വടക്കൻ കേരളത്തിൽ പുരാതന കാലം മുതൽക്കേ നിലനിന്നുപോരുന്ന അനേകം അനുഷ്ഠാന കലാരൂപങ്ങളിൽ ഒന്നാണ് തെയ്യം. നൃത്തവും സംഗീതവും ഒരുപോലെ ഇഴചേരുന്ന തെയ്യം കൂട്ടുകുടുംബങ്ങളുടെ കാവുകളിലോ ഗ്രാമ ക്ഷേത്രങ്ങളിലോ ആണ് നടക്കുന്നത്. ദേവീ ദേവന്മാരേയും, നാഗങ്ങളേയും, ഭൂതങ്ങളേയും, യക്ഷ ഗന്ധർവ്വന്മാരേയും കോലസ്വരൂപമാക്കി ആചാരനുഷ്ഠാനങ്ങളോടെ കെട്ടിയാടിച്ച് ആരാധിക്കുന്ന വേഷം. മനുഷ്യൻ ദൈവമായി മാറുന്ന, കീഴാളൻ മേലാളനായി മാറുന്ന ഗ്രാമീണ കല.

ഉത്തരമലബാറിലെ ദേവീക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് തെക്കുമ്പാട് പെരുംകുലോം ക്ഷേത്രവും തെക്കുംമ്പാട് തായക്കാവും. പണ്ടുകാലത്ത് വനാന്തരത്തിൽ അകപ്പെട്ടുകിടക്കുന്ന തെക്കുമ്പാട് ദ്വീപ് അധീനപ്പെടുത്താൻ വന്ന കോലത്തിരിയുടെ പടയാളികൾ, വനത്തിൽ താവളം ഉറപ്പിച്ച് ദ്വീപ് കൈവശപ്പെടുത്തിയെ ന്നാണ് ചരിത്രം പറയുന്നത്. അക്കാലത്ത് വനത്തിൽ വച്ച് ആരാധന നടത്തിയ പ്രദേശമാണ് പിൽക്കാലത്ത് പ്രസിദ്ധമായ തായക്കാവിലമ്മയുടെ കാവായിട്ട് ഉയർന്നു വന്നതെന്നാണ്.

ഉത്തര മലബാറിലെ പ്രസിദ്ധമായ ചുഴലി ഭഗവതിയെ പ്രധാന ദേവതയായി ആരാധിച്ചുവരുന്ന കണ്ണൂരിലെ തെക്കുംമ്പാട് പെരുംകൂലോം തായക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഒരേസമയം കൂത്തിനോടും തെയ്യത്തോടും സാദൃശ്യമുള്ള, സ്ത്രീകൾ കെട്ടിയാടുന്ന കേരളത്തിലെ ഏക അനുഷ്ഠാനമാണ് ദേവക്കൂത്ത്.

കളിയാട്ടത്തിന്റെ ഭാഗമായാണ് കേരളത്തിൽ സ്ത്രീകൾ കെട്ടിയാടുന്ന
ദേവക്കൂത്ത് അരങ്ങിലെത്തിയത്. വണ്ണാൻ മലയസമുദായത്തിലെ പുരുഷന്മാരാണ് തെയ്യങ്ങൾ കെട്ടിയാടാറ്. അതുകൊണ്ടുതന്നെ തെയ്യങ്ങളുടെ ചരിത്രത്തിൽ മലയ സമുദായത്തിലെ ഒരു സ്ത്രീ കെട്ടിയാടുന്ന ദേവക്കൂത്ത് ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.

ഭഗവതി തെയ്യങ്ങൾ പോലും പുരുഷന്മാർ കെട്ടുന്ന നാട്ടിൽ മലയ സമുദായത്തിലെ ആചാരക്കാരിയായ ഒരു സ്ത്രീ അവതരിപ്പിക്കുന്ന ദേവക്കൂത്ത് തെക്കുംമ്പാട് ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇത്‌ ക്ഷേത്രത്തിന്റെ പ്രശസ്തിയും പ്രാധാന്യവും വർധിപ്പിക്കുന്നു.

പെണ്ണുടലിലാടുന്ന ഭഗവതിയാണ് കണ്ണൂർ ചെറുകുന്നിൽ കെട്ടിയാടുന്ന ഏക പെൺ ദൈവം. ആണ്ടിൽ ഒരു കുറിയാണ് മറ്റു തെയ്യങ്ങൾ ആടുന്നതെങ്കിൽ രണ്ടു കൊല്ലത്തിൽ ഒരിക്കലാണ് ദേവക്കൂത്ത് നടക്കുക. മന്ത്ര തന്ത്ര കർമ്മപരമായ അനുഷ്ഠാനത്തിൽ വ്യത്യാസമുള്ള ദേവക്കൂത്തിൽ വാക്കുരിയാടലും വഴിപാടുകളുമില്ല. പകരം നാരദ സ്തുതി നാടിന്റെ തമ്പുരാനായ കോലസ്വരൂപത്തിന്റെ നാടിന് സമ്പത്തും അഭിവൃദ്ധിയും വർദ്ധിപ്പിക്കുക എന്നത് ചൊല്ലുകയാണ് ദേവക്കൂത്തിൽ. തികച്ചും സാധാരണ തെയ്യങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു അനുഷ്ഠാനമാണ് ഇത്. ഏഴു ദിവസം നീണ്ടുനിൽക്കുന്ന കളിയാട്ടത്തിന്റെ നാലാം ദിവസമാണ് ദേവക്കൂത്ത് കെട്ടിയാടുന്നത്. ചടുലമായ താളങ്ങൾ, വാദ്യങ്ങൾ ഇല്ലാതെ സ്ത്രീകൾ പാടുന്ന തോറ്റം പാട്ടുകൾക്ക് അനുസരിച്ച് ചുവടുവെക്കുകയാണ് ദേവക്കൂത്തിൽ ചെയ്യുന്നത്.

ദേവക്കൂത്ത് അനുഷ്ഠാനത്തിന് പിന്നിൽ രസകരമായ ഒരു ഐതിഹ്യം ഉണ്ട്. മുമ്പ് തെക്കുംമ്പാട് എന്നത് പ്രകൃതിരമണീയമായ ഒരു ദ്വീപായിരുന്നു. ധാരാളം പുഴകളും പൂക്കളും ചിത്രശലഭങ്ങളും ഇടതൂർന്നു നിൽക്കുന്ന വനങ്ങളും നിറഞ്ഞ പ്രദേശമായതിനാൽ ദേവലോകത്ത് നിന്ന് അപ്സരസുകൾ കാഴ്ചകൾ കാണാൻ എത്തുമായിരുന്നു. അങ്ങനെയിരിക്കെ പൂങ്കാവനത്തിൽ പുഷ്പങ്ങൾ ശേഖരിക്കാൻ വന്ന അപ്സരസുകളിൽ ഒന്നാണ് ഈ ദേവസ്ത്രീ. എവിടെയും കിട്ടാത്ത പുഷ്പങ്ങൾ അവിടെ കിട്ടുമായിരുന്നു. പൂക്കളുടെ ഭംഗിയും സുഗന്ധവും ആസ്വദിച്ചു പൂങ്കാവനത്തിൽ നടന്ന അപ്സരസ്സുകൾ ദേവലോകത്ത് തിരികെ പോവുകയും പൂക്കൾ പറിക്കുന്നതിനിടയിൽ തോഴിമാരിൽ നിന്ന് അകന്ന് ഈ ദേവസ്ത്രി ഒറ്റപ്പെട്ടു പോവുകയും ചെയ്യുന്നു. ഒറ്റയ്ക്കായെന്ന് തിരിച്ചറിഞ്ഞ് ശബ്ദമുണ്ടാക്കുകയും അമ്പലവാസികളും കാവൽക്കാർ എല്ലാം ഓടിയെത്തുകയും കാര്യങ്ങളൊക്കെ അവതരിപ്പിച്ചപ്പോൾ രണ്ടുദിവസം പച്ചോല കുടിൽ ഉണ്ടാക്കി അതിൽ താമസിപ്പിച്ചു. ദേവസ്ത്രീ നാരദമുനിയെ ധ്യാനിക്കുകയും മൂന്നാം ദിവസം നാരദ മഹർഷി പ്രത്യക്ഷപ്പെട്ട് സ്വർഗ്ഗലോക ത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് ഐതിഹ്യം.

സ്വർഗ്ഗലോകത്തിൽ നിന്നും ദ്വീപിൽ വന്നുപെട്ട ദേവാംഗനയുടെ കഥ ദേവക്കൂത്തായി ആടാൻ ഭാഗ്യം ലഭിച്ചത് പഴയങ്ങാടി മാടായിലെ അംബുജാക്ഷി അമ്മയ്ക്കാണ്. 2012 മുതൽ ഇവരാണ് ദേവക്കൂത്ത് കെട്ടിയാടുന്നത്. സ്ത്രീ കെട്ടിയാടുന്ന ഏക അനുഷ്ഠാനം എന്ന നിലയിൽ ദേവക്കൂത്തിന് ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. കൂടാതെ ഈ അനുഷ്ഠാനകലാരൂപം കാണാൻ വിദേശത്തുനിന്നുപോലും ആളുകൾ എത്തുന്നുണ്ട്.

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

2 COMMENTS

  1. ദേവക്കൂത്ത് ആദ്യമായ് കേൾക്കുന്നു നല്ല അറിവ്

Leave a Reply to Jisha Dileep Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ