Wednesday, January 8, 2025
Homeഅമേരിക്ക' ആഘോഷിക്കൂ-- ഓരോ നിമിഷവും ' (രാജു മൈലപ്രാ എഴുതിയ നർമ്മ ലേഖനം)

‘ ആഘോഷിക്കൂ– ഓരോ നിമിഷവും ‘ (രാജു മൈലപ്രാ എഴുതിയ നർമ്മ ലേഖനം)

രാജു മൈലപ്രാ

‘ സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ
സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ ‘ ഇത് കവിവചനം.

തൊഴിലാളികളെക്കാൾ ഏറെ മുതലാളിമാരാണെങ്കിലും, അമേരിക്കയിൽ ഇന്ന് മലയാളി സംഘടനകളുടെ പെരുമഴക്കാലം..

അമേരിക്കൻ മലയാളി സംഘടനകളുടെ ആരംഭം ക്രിസ്ത്യൻ ആരാധന ഗ്രൂപ്പുകളിൽ നിന്നുമാണ് തുടങ്ങിയതെന്ന് അനുമാനിക്കാം. ‘ രണ്ടോ മൂന്നോ പേരു മാത്രം എൻറെ നാമത്തിൽ കൂടിയാലും അവരുടെ മദ്ധ്യേ ഞാൻ ഉണ്ട് ‘ എന്ന ദൈവവചനം അനുസരിച്ചായിരുന്നു അന്നത്തെ കൂടിവരവ്. കാലം കഴിഞ്ഞതോടുകൂടി വിശ്വാസികളുടെ എണ്ണം കൂടി. ഉള്ളിൽ കുടിയിരുന്ന വിഭാഗീയത പതിയെ തലപൊക്കി. കത്തോലിക്കരും യാക്കോബായക്കാരും, ഓർത്തഡോക്സ്കാരും, മർത്തോമ്മാക്കാരും, പെന്തക്കോസ്തുകാരുമെല്ലാം ക്രിസ്തുവിനെ കീറിമുറിച്ച് അവരവരുടെ പള്ളികളിൽ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു. ഇന്ന് എത്രയെത്ര സഭാ വിഭാഗങ്ങൾ ? എത്രയെത്ര ആരാധനാലയങ്ങൾ ?

അതിന് പിന്നാലെ ജാതിമതഭേദമന്യേ എല്ലാവർക്കും ഒരുമിച്ച് ഒരു കുടക്കീഴിൽ അണിനിരക്കാൻ ഉള്ള വേദിയായി ഓരോ മുക്കിലും മൂലയിലും പുതിയ സാംസ്കാരിക സംഘടനകൾ രൂപംകൊണ്ടു. ആദ്യകാലങ്ങളിൽ വെറും കേരള സമാജം, മലയാളി അസോസിയേഷൻ, എന്നീ രണ്ടു പേരുകൾ മാത്രമാണ് നിലവിലുണ്ടായിരുന്നത്. പിൽക്കാലത്ത് ഭാവനാ സമ്പന്നരുടെ ഭാവനയിൽ വിരിഞ്ഞ പുതുമയുള്ള പല പേരുകൾ രംഗത്തുവന്നു. കല, മാപ്പ്, കോപ്പ്, പമ്പ, തൂമ്പാ, ലിംകാ, ഓർമ്മ, മറവി, ഒരുമ, ഉമ്മ, തങ്ക, മങ്ക, മാം, ഡാഡ്, മീനാ, നൈനാ, പിയാനോ, കാഞ്ച്, കൊഞ്ച്… അങ്ങനെ എന്തെല്ലാം വെറൈറ്റികൾ !

സംഘടനകളുടെ എണ്ണം പെരുകിയപ്പോൾ സംഘടനകളുടെ സംഘടനയായ ‘ഫൊക്കാനാ’ എന്ന അംബ്രലാ ഓർഗനൈസേഷൻ രൂപംകൊണ്ടു. നേതാക്കന്മാരുടെ എണ്ണം പെരുകിയപ്പോൾ അവർക്കെല്ലാം കൂടി ഒരു കുടക്കീഴിൽ നനയാതെ നിൽക്കുവാൻ നിവർത്തിയില്ലാതായി. അങ്ങനെ ‘ഫോമാ’ എന്ന പേരിൽ മറ്റൊരു കുടക്കമ്പനി കൂടി തുടങ്ങി. തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. പെപ്സി കോളയും, കൊക്കോ കോളയും പോൽ ! പോപ്പി കുടയും, ജോൺസൻ കുടയും പോൽ !
ഒരു ആശയം- ഒരേ ലക്ഷ്യം- അമേരിക്കൻ മലയാളികൾക്ക് ഈ രണ്ടു സംഘടനകൾകൊണ്ടും നാളിതുവരെ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. അമേരിക്കൻ മലയാളികളുടെ ഭാരം മുഴുവൻ തങ്ങളുടെ തലയിലാണെന്ന ഭാവത്തിൽ, ഭാരവാഹികൾ മലബന്ധം പിടിച്ചവരെപ്പോലെ നടക്കുന്നു- എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ !

ഇതിനിടെ സ്വയം പ്രഖ്യാപിത സാഹിത്യകാരന്മാരെല്ലാം കൂടി, അവരവരുടേതായ കൂടിച്ചേരലിന് വേണ്ടി ഒരു അസോസിയേഷൻ ഉണ്ടാക്കി- സാഹിത്യത്തിലെ നൂതന പ്രവണതകളെക്കുറിച്ച് ഗഹനമായ ചർച്ചകൾക്ക് വേദിയൊരുക്കി, അമേരിക്കയിൽ രണ്ട് അക്ഷരം എഴുതുന്നവരെ എല്ലാം, പടിക്ക് പുറത്തു നിർത്തി, നാട്ടിൽ നിന്നുള്ള സാഹിത്യകാരന്മാരെ ക്ഷണിച്ചുവരുത്തി, അവർ പറയുന്നതെല്ലാം വേദവാക്യമായി ശിരസ്സാ വഹിച്ചുകൊണ്ടുനടക്കുന്നു. അമേരിക്കൻ മലയാളി എങ്ങനെ എഴുതണം എന്നുള്ള ഒരു ‘ഗൈഡ് ലൈൻ’ നൽകിയിട്ടാണ് ഈ പുംഗവന്മാർ തിരികെ പോകുന്നത്. പലതവണ വായിച്ചാലും, ആർക്കും ഒന്നും മനസ്സിലാവാത്ത വാക്കുകൾ കൂട്ടിച്ചേർത്ത് ‘കവിത’ എന്ന പേരിൽ പലരും പടച്ചുവിടുന്നു.

ഈ സംഘടനകളുടെയെല്ലാം നേതാക്കന്മാരെയും, സാഹിത്യകാരന്മാരെയുമെല്ലാം അറിയണമെങ്കിൽ വാർത്താമാധ്യമങ്ങൾ വേണ്ടേ ? പത്രത്തിൽ പടവും വാർത്തയും അടിച്ചു വരണം. അതിനുമുണ്ടായി പരിഹാരം- ‘ പ്രസ് ക്ലബ് ‘ എന്നൊരു പുതിയ ആശയം. തുടക്കത്തിൽ ഒരു പ്രസ് ക്ലബ് മാത്രമേ ഉണ്ടായിരുന്നുള്ളൂ- അമേരിക്കയിലെ മിക്കവാറും എല്ലാ സ്റ്റേറ്റുകളിലും പ്രസ് ക്ലബ്ബുകൾ ഉണ്ട്. ഇവർക്കെല്ലാം കൂടി വീതിച്ചു നൽകാൻ പറ്റിയ വാർത്താ ബാഹുല്യം ഒന്നും ഇവിടില്ല. ഒരു സംഭവത്തെക്കുറിച്ച് രണ്ടുവരി റിപ്പോർട്ട് തയ്യാറാക്കാൻ കഴിവില്ലാത്തവരാണ് ഇത്തരം പ്രസ് ക്ലബ്ബുകളുടെ തലപ്പത്ത് എന്നുള്ളത് രസാവഹമാണ്.

“വായനക്കാരേക്കാൾ ഏറെ സാഹിത്യകാരന്മാരും, വാർത്തകളെക്കാൾ ഏറെ പത്രപ്രവർത്തകരുമുള്ള മലയാളി സമൂഹം ” അമേരിക്കൻ മലയാളികൾക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു വിശേഷണമാണ്.

ഈ സാംസ്കാരിക, സാമുദായിക സംഘടനകൾക്കെല്ലാം  ദേശീയ കൺവെൻഷനുകളുണ്ട് – ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ അമേരിക്കൻ മലയാളികളുടെ കൺവൻഷൻ പ്രളയകാലം ആണ്. മലയാളികൾ കൂട്ടംകൂട്ടമായി ഒരു ദിക്കിൽ നിന്നും മറ്റൊരു ദിക്കിലേക്ക് പറന്നുപോയി, ആത്മനിർവൃതിയടഞ്ഞു മടങ്ങുന്ന കാഴ്ച- നമ്മുടെ മഹത്തായ സംസ്കാരം വരും തലമുറകൾക്ക് പകർന്നു കൊടുക്കുവാനുള്ള മഹത്തായ ഒരു ഉദ്യമം- [നമ്മുടെ കുട്ടികൾ മലയാളം വാർത്താ ചാനലുകൾ കാണാത്തത് ഭാഗ്യം]

കൺവൻഷനുകളിൽ ഏറ്റവുമധികം ആനന്ദ നിർവൃതി അനുഭവിക്കുന്നത് തൈകിളവികളാണ്. അനേക നാളത്തെ കഠിനാധ്വാനത്തിന്റെ ഫലമായി സമ്പാദിച്ചു കൂട്ടിയ വിലകൂടിയ സാരികളും, ആഭരണങ്ങളും പ്രദർശിപ്പിക്കുവാൻ പറ്റിയ അവസരം. പ്രായാധിക്യം മറയ്ക്കുവാൻ തലമുടി കറുപ്പിച്ചും. ചുണ്ട് ചുവപ്പിച്ചും നടന്നു നീങ്ങുന്ന ആ തക്കിടമുണ്ടം താറാവുകളെ കാണുമ്പോൾ എന്നെപ്പോലെയുള്ള തൈക്കിളവന്മാർക്ക് കണ്ണിനൊരു കുളിർമ്മയാണ്-
“എൻറെ തങ്കമ്മേ ! ഒരു മുപ്പതു കൊല്ലം മുമ്പു നിന്നെ കണ്ടിരുന്നെങ്കിൽ കൊത്തിക്കൊണ്ട് ഞാനങ്ങു പറന്നേനെ ! എന്ന് മനസ്സിൽ മന്ത്രിക്കും.

തൈക്കിളവന്മാർക്കും കൺവൻഷൻ ആസ്വദിക്കണമെന്നുള്ള ആഗ്രഹം ഉണ്ട്. പക്ഷേ, പണ്ടത്തെ കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട് രണ്ടു ‘സ്‌മോൾ’ അടിച്ചു കഴിയുമ്പോഴേക്കും ആള് ഫ്യൂസായി ഏതെങ്കിലും മുറിയിൽ കിടന്ന് ഉറങ്ങിക്കൊള്ളും. തന്നെ ദൈവം സൃഷ്ടിച്ച് ഈ ഭൂമിയിലേക്ക് വിട്ടിരിക്കുന്നത് കള്ളു കുടിക്കാൻ വേണ്ടി മാത്രമാണെന്നാണ് പലരുടെയും ധാരണ. ആ ദൗത്യം അവർ ആത്മാർത്ഥതയോടു കൂടി നടപ്പാക്കുന്നു- ലിവറില്ലാതെയും ജീവിക്കാമെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണു അമേരിക്കൻ മലയാളി മദ്യപാനികൾ !

ദോഷം പറയരുതല്ലോ ! വല്ലപ്പോഴുമൊരിക്കൽ ഇങ്ങനെ ഒരുമിച്ചൊന്നു കൂടുന്നത് സന്തോഷമുള്ള കാര്യമാണ്. പഴയ ബന്ധങ്ങൾ പുതുക്കുവാനും, പുതിയ ബന്ധങ്ങൾ സ്ഥാപിക്കുവാനും ! അതുകൊണ്ട് അമേരിക്കൻ മലയാളികളെ.. വരുവിൻ ആനന്ദിപ്പിൻ –

ആഘോഷിക്കൂ.. ഓരോ നിമിഷവും !

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments